നാത്തൂനോട് അല്പം സ്നേഹക്കൂടുതൽ കാണിക്കുന്നത് കൊണ്ട് അനുജന്റെ ഭാര്യയ്ക്ക് കാര്യമായ പരിഭവം ഉണ്ടാകേണ്ടതില്ല.

Uncategorized

രചന: Shamna NM

എനിക്കും നാത്തൂനും ഇടയിലേക്ക് അനുജന്റെ ഭാര്യ കടന്നു വന്ന കാലം… അവളെ കാണുമ്പോഴൊക്കെ ചിറകുകൾ വിരിച്ചു തുടങ്ങിയൊരു മഞ്ഞക്കുഞ്ഞിതുമ്പിയെ പോലെ തോന്നും, എനിക്ക്! ഒരു വസന്തം മുഴുക്കെ പറന്നുല്ലസിക്കേണ്ട ശലഭത്തെ പിടിച്ച് കുപ്പിയിൽ അടച്ചു കളയുന്നതെന്തിനാണാവോ… സ്വന്തമായി ഒരു അനുജത്തി ഇല്ലാതിരുന്നതിനാൽ അവൾ വന്നു കയറിയതിൽ പിന്നെ എന്റെ ഹൃദയം തുരുതുരെ വാത്സല്യം ചുരത്തിത്തുടങ്ങി…

എന്നാൽ അതുവരെ ഇണപിരിയാത്ത തോഴിയെ പോലെ കൂടെ നടന്ന നാത്തൂന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.. പഴയതു പോലുള്ള കളിചിരികൾ ഇല്ല. ഒരേ കാറ്റഗറിയിൽ പെട്ട ഒരുത്തിയെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായെന്ന് അവൾക്ക് തോന്നുമോ? ഞാൻ ആകെ ആശങ്കയിലായി

ബന്ധങ്ങളെ കേടുപാടില്ലാതെ കൊണ്ട് നടക്കുന്നതിൽ പണ്ടേ ഞാനൊരു ഭൂലോക തോൽവിയാണ്! ആളുകളോട് എല്ലാഴ്പ്പോഴും ഒരുപോലെ പെരുമാറാൻ എനിക്ക് ഒരിക്കലും കഴിയാറില്ല അതുകൊണ്ട് തന്നെ വിധിവശാൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചുരുക്കം ചിലരുമായി മാത്രമേ എന്റെ ബന്ധങ്ങൾ നില നിൽക്കാറുണ്ടായിരുന്നുള്ളൂ “ന്നാലും മ്മള് ഇത്രേം കൊല്ലം എങ്ങനെ ഒന്നിച്ചു ജീവിച്ചെന്നാ…? അതും മൂന്നാലുകൊല്ലം പ്രേമിച്ചതിനു ശേഷം!” ഓരോ വിവാഹ വാർഷികത്തിനും ഞാൻ കെട്ടിയോനോട് ചോദിക്കും “എനിക്ക് നിന്നെ വേണ്ടിയിരുന്നോണ്ട് മാത്രം” ഉത്തരം ഉടനെ വരും!!! ആ, അങ്ങനെ ഒഴിവാക്കാനാകാത്ത എന്തൊക്കെയോ കാരണങ്ങളാൽ എന്നെ കൂടെ ചേർത്തുപിടിച്ചു കൊണ്ടേയിരുന്ന കുറേ മനുഷ്യരില്ലായിരുന്നുവെങ്കിൽ ഏതോ ഏകാന്തദ്വീപിൽ എന്റെ തന്നെ തടവുകാരിയായി പോകുമായിരുന്നു, ഞാൻ…

സ്വാഭാവികമായും നാത്തൂനോട് അല്പം സ്നേഹക്കൂടുതൽ കാണിക്കുന്നത് കൊണ്ട് അനുജന്റെ ഭാര്യയ്ക്ക് കാര്യമായ പരിഭവം ഉണ്ടാകേണ്ടതില്ല കെട്ട്യോന്റെ സ്വന്തം ചോര എന്നത് സ്വല്പം കൂടിയ പരിഗണന അർഹിക്കുന്നുമുണ്ട് എന്നാലോ പുതിയ കുട്ടിയെ കൂടുതൽ പരിഗണിച്ചും സ്നേഹിച്ചും പതിയെ വേര് കിളിർപ്പിച്ചെടുക്കേണ്ടതുമുണ്ട് അതിനാൽ ഞാൻ കൂടുതൽ ശ്രദ്ധ പുതിയ പെണ്ണിന് തന്നെ നൽകി

“ഇങ്ങനെ എപ്പോഴും അടുക്കളേൽ ചുറ്റിപ്പറ്റി നിൽക്കണംന്നൊന്നും ല്ല്യ നീ മുറീലോട്ട് പൊക്കോ” തട്ടത്തിനുള്ളിൽ നിന്ന് മുടിയിഴകൾ പുറത്തേക്ക് എത്തിനോക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഭയപ്പെട്ടു കൊണ്ട് പുയ്യോട്ടിപ്പെണ്ണ് പമ്മിപ്പമ്മി നിൽക്കുമ്പോൾ ഞാൻ ചിരിച്ചു കൊണ്ട് പറയും “എപ്പോം മുറീക്കേറി ഇരുന്നാല് ഉമ്മ എന്ത് വിചാരിക്കും…” ആ കുഞ്ഞുമുഖത്തെ ഉണ്ടക്കണ്ണുകൾ ഒന്നുകൂടെ ഭയം കൊണ്ട് തുറിക്കും “ഇപ്പോഴേ അന്റെ പുയ്യാപ്ല അന്നേം കാത്തു മുറീൽ ഉണ്ടാകൂ കുറേ കഴിഞ്ഞാൽ പകലൊന്നും ഈ പ്രദേശത്തു കണ്ടൂന്ന് വരില്ല…”അടക്കാനാകാത്തൊരു ചിരിയിൽ ഞാൻ കുതിരും “ഉമ്മാ, ഈ പെണ്ണ് ഉമ്മാന്റെ പുത്യ മരുമോളേം വെടക്കാക്കും” അതുകേട്ടു വരുന്ന നാത്തൂൻ എന്നെ ചൊടിപ്പിക്കാനായി ഉറക്കെ വിളിച്ചു കൂവും അവളുടെ വാക്കുകളിലെ കുറുമ്പ് ഗ്രഹിക്കാനാകാതെ ഓടിയെത്തുന്ന ഉമ്മ അതോടു കൂടി ഇല്ലാത്ത വല്ല പണിയും ഉണ്ടാക്കി പുതിയ പെണ്ണിന് കൈമാറും ഇനിയൊരു അബദ്ധം എനിക്ക് പറ്റില്ലെന്ന ഭാവത്തിൽ എന്നെയൊന്നു പാളി നോക്കി ദൃഢനിശ്ചയം ചെയ്യും! ‘ഓ, എന്നെക്കൊണ്ട് ഇതൊക്കെയേ പറ്റൂ’ എന്ന് പറയാതെപറഞ്ഞ് നാത്തൂൻ ഊറിചിരിച്ചു കൊണ്ട് ഉടനെ സ്ഥലം കാലിയാക്കും

“ഇത്ത ഭയങ്കര സ്ട്രോങ്ങ്‌ ആണല്ലേ…” നാത്തൂൻ അടുത്തില്ലാത്ത സമയം നോക്കി അനുജന്റെ ഭാര്യ വല്ലായ്മയോടെ തിരക്കും അവളുടെ കവിളിലേക്ക് വീണുകിടക്കുന്ന ചുരുളന്മുടിയിഴകൾ കാറ്റിൽ ഇളകിയാടുകയല്ല, മറിച്ച് ഉൾത്തടത്തിലെ ഭീതിയാൽ വിറയ്ക്കുകയാണെന്ന് തോന്നിപ്പോകും അപ്പോഴൊക്കെയും എന്തുകൊണ്ടാണ് നാത്തൂൻ ഞങ്ങളോടിരുവരോടും രണ്ടുതരത്തിൽ പെരുമാറുന്നതെന്നോർത്ത് ഞാൻ അമ്പരക്കുകയായിരിക്കും

ആ വീട്ടിൽ ഞാൻ പുതിയ പെണ്ണായി വന്നുകയറിയ കാലത്ത് എന്റെ പ്ലേറ്റിലോട്ട് കറിയിലെ ഏറ്റവും മുഴുത്ത മീൻകഷ്ണങ്ങൾ നോക്കി പെറുക്കിയിട്ടു തരാറുള്ള… കല്യാണത്തിനും മറ്റും കെട്ട്യോൾക്ക് പുത്തൻവസ്ത്രങ്ങൾ വാങ്ങിച്ചു കൊടുക്കാതെ മുങ്ങാൻ നോക്കുന്ന ആങ്ങളെയെ കു ത്തിപ്പിടിച്ചു കൊണ്ട് നാത്തൂന് കാശു തരപ്പെടുത്തി നൽകാറുള്ള… ‘മുറിയിൽ ഫോണും കുത്തി അടയിരിക്കാതെ ഓളേം കൂട്ടി പുറത്ത് പോടാ ‘എന്നുപറഞ്ഞ് എല്ലാ ഞായറാഴ്ചകളിലും ആങ്ങളയെ ഉപദ്രവിക്കാറുള്ള അതേ പെണ്ണാണിപ്പോൾ അതിവിചിത്രമായി ‘തനി കുശുമ്പി നാത്തൂൻ’ആയിട്ട് പുതിയ നാത്തൂന് മുൻപിൽ രൂപാന്തരപ്പെട്ടിരിക്കുന്നത്… ശ്ശോ, ഇനിയിപ്പോ ഒരിക്കൽ പറ്റിയ തെറ്റ് ആവർത്തിക്കില്ലെന്ന് ഉമ്മയെ പോലെ അവളും… ഏയ്‌, അങ്ങനെ ഒന്നും ആയിരിക്കില്ല ഞാനുടനെ സ്വയം തിരുത്തും!

ദിവസങ്ങൾ പതിയെ കടന്നുപോയി… പുതിയ പെണ്ണിന്റെ വാട്ടം കുറഞ്ഞു വരികയും പറിച്ചു നടപ്പെട്ടിടത്തു വേരുകളാഴ്ത്തി തളിർത്തു തുടങ്ങുകയും ചെയ്തു. ഏതാണ്ട് ഒരു മണിക്കൂറിലേറെ എടുത്ത് അവൾ അതിസൂക്ഷ്മതയോട് കൂടി ഒന്നോ രണ്ടോ സവാള നുറുക്കിയെടുക്കുന്നതും പല രാജ്യങ്ങളുടെ ഭൂപടം തീർത്തുകൊണ്ട് ചപ്പാത്തിപ്പലകയിൽ ഒട്ടുന്ന മാവ് ചുരണ്ടിയെടുക്കുന്നതും നോക്കി നിൽക്കെ ചുണ്ടിൽ വിടരാൻ അനുവദിക്കാതെ കരളിലുറപ്പിക്കുന്ന പൊട്ടിച്ചിരിക്കൊപ്പം ഉള്ളിലൊരു വാത്സല്യച്ചുഴലി ഉയരും

“ഷാ… യ്യ് എങ്ങനാടീ ഓളെ കളി കാണുമ്പോ ചിരിക്കാതെ പിടിച്ചു നിൽക്കുന്നത്?!”നാത്തൂൻ എന്നെ ഒറ്റയ്ക്ക് കിട്ടുമ്പോൾ അദ്‌ഭുതത്തോടു കൂടി ചോദിക്കും വളരെ ഒതുക്കിപ്പിടിച്ചൊരു ചിരി മതി, അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങുന്നൊരു കുരുന്നിനെ അക്ഷരവിരോധിയാക്കാൻ എന്നുപറഞ്ഞാൽ അവൾക്ക് മനസ്സിലാകുമോ?! സാധ്യതയില്ല… എത്ര കുറഞ്ഞ അളവിലായാലും തമാശരൂപേണയായാലും പരിഹാസം പരിഹാസം തന്നെയാണ് ഒരുപാടൊരുപാട് ആഴത്തിൽ മുറിവേൽക്കപ്പെടാൻ അത് ധാരാളം…

അങ്ങനെയിരിക്കെ വീട്ടിൽ ഞങ്ങൾ മൂവർ മാത്രം ഉള്ളൊരു നട്ടുച്ചയിൽ മുറ്റത്തെ കുറുക്കൻമാവിൽ നിന്ന് പൊഴിഞ്ഞു വീണ മാമ്പഴം നാത്തൂൻ പങ്കുവയ്ക്കാൻ ഒരുങ്ങുകയാണ്… “ഇനിക്ക് മാങ്ങാണ്ടി…”അനുജന്റെ ഭാര്യ പൊടുന്നനെ വിളിച്ചു പറഞ്ഞു. നാത്തൂൻ ആകെ പ്രയാസത്തിലായി… കാരണം എന്റെ മാങ്ങായണ്ടിപ്രാന്തിനെ കുറിച്ച് ഒരു എകദേശ ധാരണയുണ്ടായിരുന്നതിനാൽ അതെപ്പോഴും എനിക്കായി മാറ്റി വയ്ക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു (അല്ലെങ്കിൽ കൂതറ നാത്തൂൻ അത് തട്ടിപ്പറിക്കുമെന്ന് അവൾക്കറിയാം!) യാന്ത്രികമായി അവളുടെ കരങ്ങൾ എന്റെ നേരെ നീണ്ടപ്പോൾ അനുജന്റെ ഭാര്യയുടെ മുഖം മങ്ങി ഞാനുടനെ തേന്മധുരമുള്ള മാങ്ങയണ്ടി അവൾക്ക് കൈമാറിയെങ്കിലും ആ മുഖം ഒട്ടും തെളിഞ്ഞില്ല “ഇത്താക്ക് ന്നെ ഇഷ്ടായില്ല്യ ല്ലേ…”അവൾ വേവലാതിയോട് കൂടി പൊടുന്നനെ നാത്തൂനോട് തിരക്കി അതാ കിടക്കുന്ന്…! അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ആഘാതത്തിൽ നാത്തൂൻ ആകെ വിളറിവെളുത്തുപോയി “ഞാ… ഞാൻ…”അവൾ വിക്കി. പിന്നെ വിതുമ്പാൻ വെമ്പുന്ന മുഖവുമായിരിക്കുന്ന പുതുപെണ്ണിന്റെ അരികിൽ മുട്ടുകുത്തിയിരുന്നു “അങ്ങനെ ഒന്നും ല്ല്യ..”അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു “പിന്നേയ്.. അന്നെ കൂടുതൽ ശ്രദ്ധിച്ചാൽ ഇവക്ക് വെഷമം ആയാലോന്ന് ഓർത്തിട്ടാ” എന്നെ ചൂണ്ടിക്കൊണ്ട് നാത്തൂൻ ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു… “പക്ഷേ ഓക്ക് ന്നെ വെഷമിപ്പിക്കരുത് ന്നൊന്നും ഇല്ല്യ… യ്യ് വന്നേ പിന്നെ ന്നോടിപ്പോ വല്യ ഇഷ്ടം ഒന്നും ല്ല്യ “അവളുടെ സ്വരത്തിലെ പരിഭവപ്പൊട്ടുകൾ എന്റെ കരളിൽ വന്നുതൊട്ടു… തൃപ്തിയായി… മൊത്തത്തിൽ ഒറ്റയടിക്ക് ഞാനൊരു കൊടുംഅപരാധിനിയായല്ലോ!!!

അതോടു കൂടി എനിക്ക് രണ്ടുകാര്യങ്ങൾ ബോധ്യപ്പെട്ടു ഒന്ന്‌, എനിക്ക് ബന്ധങ്ങൾ കൃത്യമായൊരു അനുപാതം സൂക്ഷിച്ചു കൊണ്ട് മുൻപോട്ട് കൊണ്ടുപോകാനുള്ള കഴിവ് ദൈവം തന്നിട്ടില്ല രണ്ട്, സ്നേഹം എല്ലാഴ്പ്പോഴും പൊസസീവ്നെസ്സുമായി കെട്ടുപിണഞ്ഞു കിടക്കും ഏതായാലും ഉള്ളിലുള്ള സംശയങ്ങൾ പരസ്പരം തുറന്നു പറഞ്ഞതോടെ ഞങ്ങൾ മൂവർക്കുമിടയിലെ നടവഴികളിൽ നിലയുറപ്പിച്ചിരുന്ന മഞ്ഞുമലകൾ ഉരുകിയൊലിച്ചു തീരുകയും പരസ്പരം അതിർത്തി പങ്കിടുന്ന ത്രികോണവശങ്ങളായി മാറാമെന്നൊരു അലിഖിത ഉടമ്പടിയിൽ ഞങ്ങൾ ഒപ്പുവയ്ക്കുകയുമുണ്ടായി…

രചന: Shamna NM

Leave a Reply

Your email address will not be published. Required fields are marked *