മിന്നു കെട്ടിയ അന്ന് മുതൽ ഉള്ളംകൈയിലാണ് ആനിയെ കൊണ്ടു നടക്കുന്നത്.

Uncategorized

രചന: Rohini Amy

എണീക്കടാ എബി………. നാണമില്ലേ നിനക്കിങ്ങനെ മൂട്ടിൽ വെയിലടിക്കും വരെ കിടന്നുറങ്ങാൻ……..

ആൻസി അവന്റെ ബ്ലാങ്കറ്റ് എടുത്തു മാറ്റി……..കർട്ടൻ എല്ലാം വകഞ്ഞു മാറ്റി ജനാല തുറന്നിട്ടു……….

എബി കണ്ണു ചിമ്മി തുറന്നു…….. മുഖം പില്ലോയിൽ മറച്ചു വെച്ചു…..

എന്റെ അമ്മീ…… ഞാനെത്ര വട്ടം പറഞ്ഞിരിക്കുന്നു പുതപ്പ് എടുത്തു മാറ്റിക്കോ……. പക്ഷേ ഇതെന്തിനാ ഈ സൂര്യനെ അകത്തോട്ടു വിളിച്ചു കയറ്റുന്നത്……… എന്തോ വെട്ടവാ……. അതിന്റെ കൂടെയാ ഫാനും ഓഫ്‌ ചെയ്യും………

ഇരുട്ടിൽ കഴിയാൻ നീയതിന് സാത്താന്റെ സന്തതി അല്ലല്ലോ……… എന്റെ സന്തതി അല്ലേ……… എണീക്കടാ….. അല്ലെങ്കിൽ ഇനി വെള്ളം കോരിയൊഴിക്കും ഞാൻ……… മടിയൻ……… നിനക്കിന്നു കോളേജിൽ ഒന്നും പോകണ്ടേ…………

ഓഹ്…… ഇന്ന് പോകാൻ തോന്നുന്നില്ല അമ്മീ…….. ഒരു മൂഡില്ല……… എബി തല കുത്തി കിടന്നു പറഞ്ഞു……….

അതെന്താ ഇന്ന് കോളേജിലെ പെൺകുട്ടികൾ കൂട്ടത്തോടെ ലീവ് എടുത്തോ……….

എന്റെ അമ്മീ ……… അതിരാവിലെ ഈ വളിച്ച കോമഡി പറയാതെ ഒരു ചായ തരുവോ…….

ആലോചിക്കട്ടെ ഞാൻ ……….

അല്ല…… ആനിക്കൊച്ചിന്റെ ഇച്ചായൻ എന്തിയെ……. രാവിലെ എന്താ ഈ വഴിക്കൊക്കെ……. അല്ലെങ്കിൽ ഇങ്ങോട്ടു ഈ നേരത്തൊന്നും കാണുന്നതേ അല്ലല്ലോ……..

നീ പോടാ……. ഇച്ചായൻ നിന്നെ പോലെ മടിയനല്ല…… അങ്ങേര് പനിച്ചു കിടന്നാൽ പോലും ജോഗിങ്ന് പോകും……. അതുകൊണ്ടാ ഈ പ്രായത്തിലും ഇങ്ങനെ……. മമ്മൂട്ടി പോലും തോൽവി സമ്മതിച്ചു മാറി നിൽക്കും ……. ആ മനുഷ്യനെ കണ്ടാൽ പറയുവോ ഇങ്ങനെ രണ്ടു തടിമാടന്മാർ ഉണ്ടെന്നും…….. അപ്പൂപ്പൻ ആണെന്നും……..

എന്റെ കർത്താവെ…… ഇച്ചായനെ തൊട്ടപ്പോൾ ആനിക്കൊച്ചിനു പൊള്ളി……..

ടാ…….. എന്റിച്ചായൻ നിന്റെ ആരായിട്ടു വരും……. മര്യാദക്ക് ബഹുമാനത്തോടെ അപ്പാന്നു വിളിച്ചോ എബി…….. തമാശ കൂടുന്നു നിന്റെ………. കൂട്ടുകാരെ പോലെ തോളിൽ കയ്യിട്ടു നടക്കുന്നത് കൊണ്ടല്ലേ നീയിങ്ങനെ…….. ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു അമ്മ പറഞ്ഞു……. കുടഞ്ഞു വിരിക്കുന്ന കൂടെ എന്നെ കുടഞ്ഞു താഴെ ഇടാനും മറന്നില്ല…….

അമ്മക്ക് ദേഷ്യം വന്നു തുടങ്ങിയെന്ന് എബിക്ക് മനസ്സിലായി……… അല്ലെങ്കിലും അപ്പായെ ഒന്നു കളിയാക്കാൻ കൂടി അമ്മ സമ്മതിക്കില്ല……. പെട്ടെന്ന് വിഷമം വരും…….. പക്ഷേ അപ്പാ അങ്ങനെ അല്ല……. എല്ലാം ചിരിയോടെ കേട്ടിരിക്കും……. ഒരു സാധു…….. ആനിക്കൊച്ചിന്റെ സ്വന്തം ആൽബിച്ചായൻ……

അമ്മീ……. പിറകെ പോയി കെട്ടിപ്പിടിച്ചു…… തോളിൽ മുഖം ചേർത്തു വെച്ചു……….. ഇങ്ങനെ ദേഷ്യപ്പെടല്ലേ……… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ……. ഇനി ഇച്ചായാന്ന് അപ്പായെ വിളിക്കില്ല…… പോരേ……..

മ്മ്…….. ഒന്നുകിൽ നീ മമ്മീ ന്നു വിളിക്ക് അല്ലെങ്കിൽ നീ അമ്മാന്ന് വിളിക്ക്……. ഇതു രണ്ടുമല്ലാതെ അമ്മീ ന്ന് എന്തിനാ വിളിക്കുന്നെ………. പ്രായം ആയിക്കഴിയുമ്പോൾ നിർത്തുമെന്ന് വിചാരിച്ചു കുഞ്ഞിലേ ശാസിച്ചില്ല…….. ഇതിപ്പോ നിന്നെ കൂട്ടുകാർ കളിയാക്കില്ലേ എബി……..

അതിനു ഞാൻ അവരുടെ അമ്മയെയാണോ അമ്മീന്ന് വിളിക്കുന്നെ…….. എന്റെ അമ്മയെയല്ലേ…… അമ്മിക്ക് ഇഷ്ടമില്ലെങ്കിൽ പറ…… ഞാൻ വിളിക്കാതിരിക്കാം…… എന്റെ അമ്മ എനിക്ക് സ്പെഷ്യൽ ആണ്……. അങ്ങനെ വിളിക്കുമ്പോൾ അമ്മ എന്നെ നോക്കുന്നത് പ്രത്യേക ഒരു വാത്സല്യത്തോടെയാ…… അതെനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്……. മമ്മീന്ന് വിളിക്കാൻ മൂത്ത ഒരു സന്തതി ഇല്ലയോ………

അതെയതെ…….. സോപ്പിടാൻ നിന്നെ കഴിഞ്ഞേയുള്ളൂ വേറാരും…….. ഇന്നെത്രയാ പോക്കറ്റ് മണി വേണ്ടത്……… നീ വിളിക്കുന്നത് കേട്ട് ആ ചെറുതും ഇപ്പോളെന്നെ അമ്മീന്നാ വിളിക്കുന്നെ……… അത് പക്ഷേ കേൾക്കാൻ ഒരു സുഖമുണ്ട്…………

മക്കളെക്കാൾ ഇഷ്ടം തോന്നുവോ അമ്മീ ചെറുമക്കളോട്…….

ആൻസി എബിയെ ഒന്ന് സൂക്ഷിച്ചു നോക്കി……. അവന്റെ കണ്ണിലെ ചെറിയൊരു നനവ് പറയാതെ പറഞ്ഞു…….. അമ്മയിപ്പോൾ അവനെക്കാൾ ശ്രദ്ധിക്കുന്നത് വാവാച്ചിയെ ആണെന്ന്………… ശരിയാണ്…….. വാവാച്ചി വന്നതിനു ശേഷം എബിയെ പണ്ടത്തെ പോലെ കൊഞ്ചിക്കാറില്ല……… അവനും വരാറില്ല…….. മടിയിൽ കിടക്കാനോ….. സാരിത്തുമ്പിൽ പിടിച്ചു നടക്കാനോ ഒന്നും……… അവനെ പിടിച്ചു അടുത്തിരുത്തി……….

അങ്ങനെ തോന്നിയോ എന്റെ മോന്…….. എനിക്ക് നിങ്ങൾ രണ്ടാളും കഴിഞ്ഞല്ലേ ഉളളൂ കൊച്ചുമക്കൾ…….. രണ്ടും രണ്ടു വാത്സല്യമാണ്……. ചിലപ്പോൾ നിന്നെക്കാൾ അമ്മ സ്നേഹം കൊടുക്കുക നിന്റെ കുഞ്ഞിനാവും…….. മക്കളുടെ മക്കൾ……. അതൊരു പുണ്യമല്ലേ…….. ഭാഗ്യവും…… നിനക്കുള്ള സ്നേഹം എന്നും അവിടെ ഉണ്ടാവും……. ആര് വന്നാലും പോയാലും…….

എബിയുടെ നെറുകയിൽ ഒരുമ്മ കൊടുത്തു… മുടി ഒതുക്കി വെച്ചു……… ആരൊക്കെ ഉണ്ടെങ്കിലും അമ്മയുടെ കുഞ്ഞാവ നീയല്ലേടാ കുശുമ്പാ ………. കവിളിൽ പിടിച്ചു വലിച്ചു ചോദിച്ചു ……അതു മതിയായിരുന്നു അവന്റെ മുഖമൊന്നു തെളിയാൻ………. ചെറിയ നുണക്കുഴി കാണിച്ചു ചിരിക്കുമ്പോൾ ഓർമ്മ വന്നത് കുഞ്ഞ് എബിയെയാണ്…….. ഇച്ചായന്റെ തനിപ്പകർപ്പ്……. ആ നുണക്കുഴി ഉൾപ്പെടെ……

കുളിച്ചു കുട്ടപ്പനായിട്ടു വാ……. അമ്മ ചായ തരാം……… എബി തലയാട്ടി ബാത്‌റൂമിലേക്ക് പോയി……….. ഹോ…. എന്താ അനുസരണ കർത്താവെ ……. എത്ര നേരത്തേക്കോ എന്തോ…….. ആൻസി അവന്റെ പോക്ക് കണ്ടു മനസ്സിൽ പറഞ്ഞു ചിരിച്ചു……….. ഇന്നലെ കുടിച്ചു വെച്ച ചായ കപ്പ്‌ എടുത്തു പോയി…….

കിച്ചണിലേക്ക് നടന്ന അൻസിയുടെ കാലുകൾ മെൽവിന്റെ റൂമിന് മുന്നിൽ വന്നപ്പോൾ അറിയാതെ നിന്നു……… അകത്തു മെൽവിനും ലിയയും സംസാരിക്കുന്നുണ്ട്…….. സംസാരവിഷയം ആൻസിക്കൊച്ചും അവളുടെ ഇച്ചായനും ആണെന്ന് കേട്ടതുകൊണ്ടാണ് അറിയാതെ നിന്നുപോയത്……….. കേട്ടതൊക്കെയും ഹൃദയം നിന്നു പോകുന്ന വാക്കുകൾ…….. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്തതും………. കണ്ണുനീരിന്റെ ഒഴുക്കിനെ പിടിച്ചു നിർത്താനായില്ല………. വാക്കുകൾ അതിരു വിട്ടു പോകുന്നുവെന്ന് തോന്നിയപ്പോൾ ആൻസി കയ്യിലിരുന്ന കപ്പ്‌ നിലത്തേക്ക് വലിച്ചെറിഞ്ഞു……… പെട്ടെന്ന് റൂം നിശബ്ദമായി………മെൽവിൻ പുറത്തേക്ക് വരും മുന്നേ ആൻസി സ്വന്തം മുറിയിലേക്ക് പോയി…….. കിടന്നു ………. കേട്ടതെല്ലാം ഒന്നുകൂടി മനസ്സിൽ ഇട്ടോടിച്ചു നോക്കി……

താൻ ഈ വീട്ടിലേക്കു ഇച്ചായന്റെ സ്വന്തമായി വരുമ്പോൾ വെറും പത്തൊൻപത് വയസ്സേ ഉണ്ടായിരുന്നുള്ളു……… രണ്ടു രണ്ടു വയസ്സിനു വ്യത്യാസത്തിൽ മൂന്നു പെണ്മക്കൾ ആയിരുന്നു വീട്ടിൽ…….. അതുകൊണ്ട് തന്നെ അപ്പച്ചനെ എതിർക്കാൻ തോന്നിയില്ല…….. ഇച്ചായന്‌ അന്ന് ഇരുപത്തിയഞ്ചു വയസ്സ്……… ഒരേയൊരു മോൻ…….. കുറച്ചു താമസിച്ചു ഉണ്ടായ മകൻ…… ഇവിടുത്തെ അപ്പച്ചന് രണ്ട് അറ്റാക്ക് കഴിഞ്ഞപ്പോൾ തോന്നിയ ഒരാഗ്രഹം ആയിരുന്നു മകന്റെ വിവാഹം………

മിന്നു കെട്ടിയ അന്ന് മുതൽ ഉള്ളംകൈയിലാണ് ആനിയെ കൊണ്ടു നടക്കുന്നത്……… ആൻസി വീട്ടിൽ വന്നപ്പോൾ മുതൽ അപ്പച്ചനും അമ്മച്ചിയും കൂടുതൽ സന്തോഷിക്കാൻ തുടങ്ങി……… മകളായി തന്നെയാണ് കണ്ടത്….. തിരിച്ചു ആനിയും………

പെട്ടെന്ന് ഒരു നാൾ പ്രതീക്ഷിക്കാതെ അപ്പച്ചൻ ഞങ്ങളെ വിട്ടു പോയി………. അമ്മച്ചിയേയും ഇച്ചായനെയും പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ആനി ഒരുപാട് കഷ്ടപ്പെട്ടു……. ദിവസത്തിന്റെ പകുതിയും അമ്മച്ചിക്കൊപ്പം…… അപ്പച്ചൻ എന്ന ഒരാൾ അമ്മച്ചിക്ക് ആരായിരുന്നുവെന്ന് ആനി മനസ്സിലാക്കുകയായിരുന്നു………. പൊന്നുപോലെ നോക്കി അമ്മച്ചിയെ ആനി…… കുറവൊന്നും വരുത്താതെ…… മെൽവിൻ എന്റെ വയറ്റിൽ ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ അമ്മച്ചിയുടെ പോയ സന്തോഷം തിരിച്ചു വന്നു……. അവന് വയറ്റിൽ വെച്ചു തന്നെ അമ്മച്ചി ഇട്ട പേരാണ് മെൽവിൻ എന്ന്………. ഇച്ചായൻ സ്വയം മറന്നു തുടങ്ങിയ കുറുമ്പും കുസൃതിയും തിരികെ വന്നു…….. ഓരോരോ ഇഷ്ടങ്ങൾ കണ്ടറിഞ്ഞും കേട്ടറിഞ്ഞും എല്ലാം നടത്തി തന്നു…….. പ്രസവത്തിനു വീട്ടിലേക്കു കൊണ്ടുപോകുന്ന കാര്യം വന്നപ്പോൾ അമ്മച്ചിയുടെയും മകന്റെയും മുഖത്തെ സൂര്യൻ അസ്തമിച്ചു………. താൻ പോകില്ലെന്ന് നേരത്തെ തീരുമാനിച്ച കാര്യമാണ്….. ഈ അമ്മച്ചിയേയും മകനെയും വിട്ടു പോകുന്ന കാര്യം ചിന്തിക്കാൻ കൂടി സാധ്യമായിരുന്നില്ല ആനിക്ക്……… മാത്രമല്ല ആനിക്കൊച്ചെന്നുള്ള വിളി കേട്ട് ആ നെഞ്ചിലെ ചൂടും പറ്റി കിടക്കുന്ന സുഖം ജനിച്ചു വളർന്ന വീടാണെങ്കിലും ശരി…… കിട്ടില്ല…… മാത്രമല്ല എന്നെപ്പോലെ തന്നെ കുഞ്ഞിനും അവന്റെ അപ്പയുടെ കൂടെ കഴിയാൻ തന്നെയാ ഇഷ്ടമെന്ന് കാലും കയ്യും വയറിൽ അടയാളമായി കാട്ടി പറഞ്ഞു………

പ്രസവശുശ്രുഷ എടുത്തതും അമ്മച്ചി തന്നെ……. എന്നെ കുളിപ്പിച്ച് മുടിയിൽ പുക കൊള്ളിക്കുന്നത് ഉൾപ്പെടെ എല്ലാം……… അമ്മച്ചിയുടെ കാലിൽ കുഞ്ഞിനെ കിടത്തി കുളിപ്പിക്കുമ്പോൾ ഇരുവശത്തുമായി ഞാനും ഇച്ചായനും നോക്കി ഇരിക്കും….. ഒരുതരം കൗതുകത്തോടെ………

മെൽവിന് അഞ്ചു വയസ്സാകുമ്പോൾ ആണ് അമ്മച്ചിയുടെ മരണം……. ഒരു രാത്രി ഉറങ്ങി എഴുന്നേറ്റില്ല…….. ഇച്ചായൻ കരഞ്ഞില്ല…….. അമ്മച്ചി ഭാഗ്യവതി ആണെന്ന് പറഞ്ഞു…….. ഇന്നലെ തന്റെ കയ്യിൽ ചേർത്ത് പിടിച്ചു അമ്മച്ചി പറഞ്ഞതാണ് മോനെ (ആൽബിച്ചായനെ) നന്നായി നോക്കണമെന്നും……….. എനിക്ക് ആനി മോൾ ഉള്ളിടത്തോളം കാലം അവനെക്കുറിച്ചോർത്തു സങ്കടം ഇല്ലെന്നും………. ഇങ്ങനെ പെട്ടെന്ന് ഞങ്ങളെ വിട്ടുപോകാൻ ആയിരുന്നോ അങ്ങനെ ഒരു പറച്ചിൽ…….. ആനിയുടെ വിഷമം എല്ലാം ഇച്ചായൻ നെഞ്ചിൽ ഏറ്റു വാങ്ങി……… കണ്ടു നിന്നവർ പോലും സംശയിച്ചു അമ്മച്ചിയുടെ കുഞ്ഞ് ഇച്ചായനോ അതോ ഞാനോ എന്നോർത്ത്………

പോകെപ്പോകെ ഇച്ചായൻ അമ്മച്ചിയുടെ സ്ഥാനവും എനിക്ക് തന്നു…….. സ്നേഹത്തോടെ ശാസിക്കാനും കൊഞ്ചലോടെ കെറുവിക്കാനും ഇച്ചായന്‌ ഞാൻ മാത്രമായി…… ഇച്ചായൻ എന്നിലേക്ക് മാത്രമൊതുങ്ങി………. ഇതിനിടയിൽ എബിയും ഉണ്ടായി…….. സ്വർഗ്ഗമായിരുന്നു ഈ വീട്……… ഞാനും ഇച്ചായനും മക്കളും…………. കൂടെ മെൽബിന് ലിയയെ കൂട്ട് കിട്ടുമ്പോൾ ഒരുപാട് സന്തോഷിച്ചു…….. വാവാച്ചി കൂടെ ഉണ്ടായപ്പോൾ ഇരട്ടി സന്തോഷം ആയി………..വീടാകെ നിറഞ്ഞത് പോലെ…….

നെറ്റിയിൽ വെച്ചിരുന്ന കൈ എടുത്തു മാറ്റുന്നതറിഞ്ഞു കണ്ണു തുറന്നു ………. ഒരു ചെറു ചിരിയോടെ ഇച്ചായൻ അരികിൽ ഇരിക്കുന്നു……. കേട്ടതും ചിന്തിച്ചു കൂട്ടിയതുമെല്ലാം മറന്നു ഉള്ളിലൊരു കുളിർമഴ പെയ്യിക്കാൻ മാത്രം സുഖമുണ്ടായിരുന്നു ആ ചിരിക്ക്……… ഈ ചിരിയിൽ മയങ്ങി അങ്ങനിരിക്കുമ്പോൾ ആ പത്തൊൻപതുകാരി ആയപോലെ……….

എന്നാപറ്റി എന്റെ ആനിക്കൊച്ചേ……. ഈ നേരത്തൊരു കിടത്തം പതിവില്ലാത്തതാണല്ലോ……… വയ്യായോ………

ചെറിയൊരു ആധിയോടെ ഇച്ചായൻ അങ്ങനെ ചോദിച്ചപ്പോൾ ഉത്തരം മുട്ടിപ്പോയി……….. ഒന്നുമില്ലെന്ന് തല വെട്ടിച്ചു കാണിച്ചു…… പിന്നെ രണ്ടു കയ്യും നീട്ടി തന്നിലേക്ക് വരാൻ കാണിച്ചു………. വിയർത്തു നനഞ്ഞ ബനിയൻ കാണിച്ചു…… അതൊന്നും കുഴപ്പമില്ല…….. വീണ്ടും വരാൻ കണ്ണുകൊണ്ടു പറഞ്ഞു……… ആൽബി ആനിയുടെ കവിളിലേക്ക് കവിൾ ചേർത്തു………..ആനി ചേർത്ത് പിടിച്ചു….. ഇച്ചായന്റെ വിയർപ്പിൽ ശരീരം നനയുന്നത് ആനി അറിഞ്ഞു……… ഉണ്ടായിരുന്ന കുറച്ചു വിഷമം ആ തലോടലിൽ വഴി മാറുന്നതറിഞ്ഞു അവൾ………. തന്റെ കണ്ണുകളിലേക്ക് എന്താ പറ്റിയതെന്നുള്ള ചോദ്യമെറിഞ്ഞു………. ഒന്നുമില്ല എന്നു പറഞ്ഞു ഒന്നുകൂടി മുഖം ആ നെഞ്ചിൽ ഒളിപ്പിച്ചപ്പോഴേക്കും എന്നെ പിടിച്ചെഴുന്നേല്പിച്ചു കഴിഞ്ഞിരുന്നു………

ടവൽ തോളിൽ ഇട്ടു ഇച്ചായനെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിടുമ്പോഴും കണ്ടു സംശയത്തോടെ തന്നെ നോക്കുന്ന കണ്ണുകളെ……… ഒരു ചെറു ചിരിയോടെ ആ സംശയത്തെ കഴുത്തു ഞെരിച്ചങ്ങു കൊന്നു കളഞ്ഞു ഞാൻ………

എന്നും കഴിക്കാനിരിക്കുന്നത് ഒരുമിച്ച് ആണ്…… മക്കളും കൊച്ചുമകളുമായി……… ചിരിച്ചു സംസാരിച്ചും…… വാവാച്ചി എന്നും ഇച്ചായന്റെ മടിയിൽ ഇരുന്നാണ് കഴിക്കാറ്……. ഇന്ന് ഇച്ചായൻ വിളിച്ചിട്ടും അവൾ വന്നില്ല…… മെൽബിന്റെ മടിയിൽ അടങ്ങി ഒതുങ്ങി ഇരിക്കുന്നു……… എബി ആണെങ്കിൽ വാ തോരാതെ കോളേജിലെ കാര്യങ്ങൾ പറയുന്നുണ്ട്…….. അതുകൊണ്ട് ഇച്ചായൻ ചിരിയോടെ അതിലങ്ങു ലയിച്ചിരിക്കുവാണ്……. ബാക്കിയൊന്നും ശ്രദ്ധിക്കാതെ……. അതിനിടയിലും ആനിയുടെ മനസ് മാത്രം പുകഞ്ഞുകൊണ്ടേയിരുന്നു……..

ദിവസങ്ങൾ ഓരോന്നും കഴിയും തോറും ഇച്ചായനും എന്തൊക്കെയോ മനസ്സിലാവാൻ തുടങ്ങി……… ഒരു ദിവസം പറഞ്ഞു…….. വാവാച്ചി ഇപ്പോൾ അടുത്തേക്ക് വരാറില്ലെന്ന്……… വന്നാലും ലിയയുടെ വിളിയിൽ കുഞ്ഞ് പേടിച്ചു തിരിച്ചു പോകും……… മെൽബിനും അധികമൊന്നും മിണ്ടാറില്ല……. അപ്പായോട് ഒരകലം ഉള്ളതുപോലെ………..

അങ്ങനെ ഒന്നുമില്ല ഇച്ചായാ…….. തോന്നലാണ്…….. എപ്പോഴും കാണുന്നത് കൊണ്ടാണ്……..ഇനി വാവാച്ചിയെ കൊഞ്ചിക്കാന് അത്രയും കൊതിയാണെങ്കിൽ ഞാനാണ് വാവാച്ചി എന്നു വിചാരിച്ചു എന്നെ കൊഞ്ചിച്ചോ………… ആനി മടിയിലിരുന്ന് കൊഞ്ചി……

അയ്യടീ……….. ആൽബി ഒന്നു ചിരിച്ചു ആനിയുടെ തോളിലേക്ക് മുഖം ചേർത്തു………. രണ്ടിലൊന്ന് തീരുമാനിക്കണം ഇന്ന്…….. എന്റെ ഇച്ചായൻ വിഷമിക്കാൻ പാടില്ല……. അതിനു കാരണക്കാരൻ മകനായാലും മകളായാലും ഞാൻ സമ്മതിക്കില്ല……… ആൽബിയുടെ മുടിയിൽ വിരലോടിക്കുമ്പോൾ ആനി ഓർത്തു………….

അപ്പായെ വാവച്ചിയെ താഴെ നിർത്താനാ പറഞ്ഞത്…………

ലിയയുടെ ഉച്ചത്തിലുള്ള ശബ്ദം കെട്ടിട്ടാണ് ആനി അടുക്കളയിൽ നിന്നും വന്നത്………..

വാവാച്ചി ഇച്ചായന്റെ കയ്യിലുണ്ട്……. അവളുടെ ഒരു കയ്യിൽ ലിയ പിടിച്ചു വലിക്കുന്നുണ്ട്…….. കുഞ്ഞിന്റെ മറ്റേ കൈ ഇച്ചായന്റെ കഴുത്തിൽ വട്ടം ചുറ്റി പിടിച്ചിട്ടുമുണ്ട്……. അവൾ കരയാനും തുടങ്ങി…….. മെൽബിനും എബിയും മുറിയിൽ നിന്നും ഇറങ്ങി വരുന്നുണ്ട്……..

എന്താ ലിയമോളേ ഇത്……… അവളെന്റെ കയ്യിലല്ലേ ഇരിക്കുന്നത്……. എന്തിനാ ഇങ്ങനെ അവളോട്‌ ദേഷ്യപ്പെടുന്നത്…….. എന്താ നിന്റെ പ്രശ്നം………

അതുകൊണ്ട് തന്നെയാണ് പറഞ്ഞത്…… അവളെ താഴെ നിർത്താൻ……. ലിയ ദേഷ്യത്തോടെ പറഞ്ഞു……..

ലിയ അപ്പായോട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ മക്കൾ കുറച്ചൊരു പേടിയോടെ അമ്മയെ നോക്കി……. പ്രശ്നം വഷളാകുന്നത് കണ്ടപ്പോൾ ആനി ഇടപെട്ടു………. അല്ലെങ്കിലും ആൽബിയെ ഒന്നും പറയാൻ ആരെയും സമ്മതിക്കാറില്ല ആനി…….

കുഞ്ഞിനെ താഴെ നിർത്തു ഇച്ചായാ……… അവളെ നിങ്ങൾ എടുക്കാൻ പാടില്ല……. തൊടാൻ പോലും പാടില്ല……. ആ കുഞ്ഞിനെ നിങ്ങൾ എന്തെങ്കിലും ചെയ്യുമൊന്ന് പേടിയുണ്ട് അവളുടെ പപ്പയ്ക്കും മമ്മിക്കും……… ആൽബിയുടെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞത് ആനിയാണ്…………

എന്ത്……. ഞാനെന്ത് ചെയ്യാൻ ഈ കുഞ്ഞിനെ………. ആൽബി മുഖം ചുളിച്ചു ചോദിച്ചു……..

അത് പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ഇച്ചായാ…….. നിങ്ങളുടെ മുഖത്തെ ഭാവം മാറിയില്ലേ…. അത് തന്നെയാണ് അതിനുള്ള ഉത്തരവും……..

ആനീ……… ദേഷ്യത്തിൽ വിളിക്കുന്നതിനൊപ്പം വാവച്ചിയെ നിലത്തേക്ക് നിർത്തി……….. അടുത്തേക്ക് ചെന്നു ആനിയുടെ കയ്യിൽ പിടിച്ചു ചോദിച്ചു……….

നീയെന്തൊക്കെയാ ആനിക്കൊച്ചേ ഈ പറയുന്നത്……. എന്താ പറയുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ………എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്………. ഇടറിയ ശബ്ദത്തിൽ ആൽബി ചോദിച്ചു……

പാടില്ല ഇച്ചായാ……… ഈ പ്രായത്തിൽ ഭാര്യയെ ചേർത്തു പിടിക്കാനോ ……. ഒന്നു ചുംബിക്കാനോ പാടില്ല……… അങ്ങനെ ചെയ്യുന്ന ഒരാളുടെ അടുത്തേക്ക് മോളെ പറഞ്ഞു വിടാൻ അവളുടെ മാതാപിതാക്കൾക്ക് പേടിയുണ്ട്……. കാരണം ഒന്ന് ചേർത്തു പിടിച്ചാലോ ഒന്ന് ഉമ്മ വെച്ചാലോ അത് കാമം കൊണ്ട് മാത്രമാണെന്നാണ് അവരുടെ ചിന്ത……

വീണ്ടും എന്തോ പറയാൻ വന്ന ആനിക്ക് ആൽബിയുടെ കണ്ണു നിറഞ്ഞു വരുന്നത് സഹിക്കാൻ പറ്റിയില്ല………

ഇച്ചായൻ എന്തിനാ വിഷമിക്കുന്നത്……… അതും ഞാനുള്ളപ്പോൾ…….. മകളായും അമ്മയായും ഭാര്യയായും മാത്രമല്ല ഇനി കൊച്ചുമകളുടെ റോളിലും ഞാനുണ്ടാകും……… പോരേ അത്…………

തലയും കുനിച്ചു നിൽക്കുന്ന മെൽവിന്റെ അടുത്തേക്ക് ആനി ചെന്നു…….

നിന്നെ ആദ്യമായി കയ്യിൽ ഏറ്റുവാങ്ങുമ്പോഴും ഇതുപോലെ കണ്ണു നിറഞ്ഞിരുന്നു നിന്റെ അപ്പയുടെ……… വാത്സല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ കണ്ണുനീരിൽ……. ഇന്നും നിന്നെ നോക്കുമ്പോൾ അതേ വാത്സല്യം ഉണ്ട് അതിനിരട്ടിയുടെ ഇരട്ടി നിന്റെ മോളോടും……… പക്ഷേ നീ വളർന്നപ്പോൾ നിന്റെ ഹൃദയം ചുരുങ്ങി…….. അതാണ് പലതും തെറ്റായി കാണുന്നത്……..

ഗർഭിണി ആണെന്നറിഞ്ഞപ്പോൾ നീ നിന്റെ ഭാര്യയെ ചേർത്തു പിടിച്ചു ഉമ്മ കൊടുത്തപ്പോൾ ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു ഇവിടെ……. നിന്റെ അനിയൻ ഉൾപ്പെടെ…… അന്ന് തോന്നാത്തത് ഇന്നെങ്ങനെ തോന്നി നിങ്ങൾക്ക്……. ഓഹ്…….. അപ്പായുടെയും അമ്മയുടെയും പ്രായം…….. ഈ പ്രായത്തിൽ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല…. അല്ലേ……. തെറ്റാണ്………. വല്യ തെറ്റ്………

അന്ന് കാമം മൂത്തു ചേർത്തു പിടിച്ചതല്ല അമ്മയെ അപ്പാ……… വയറുവേദന തുടങ്ങിയിട്ട് ദിവസങ്ങളായി……. നിങ്ങളോട് ആരോടും പറയാതെ വെച്ചത്………. മക്കൾ വിഷമിക്കണ്ടന്ന് കരുതി…… ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ വല്ലാതെ തളർന്നു പോയി അപ്പാ …….. ബയോപ്സി ടെസ്റ്റ്‌ റിസൾട്ട്‌ വന്നതിനു ശേഷം ഒരുറപ്പ് പറയാമെന്നു പറഞ്ഞു……… റിസൾട്ട്‌ വന്നപ്പോൾ ഒന്നുമുണ്ടായിരുന്നില്ല……….. അതറിഞ്ഞപ്പോൾ നിങ്ങളുടെ അപ്പാ ഒന്നു ചേർത്തു പിടിച്ചു……. സന്തോഷം കൊണ്ട്……… ആശ്വാസം കൊണ്ട്…… അതിനു എന്തിനാ ഞാൻ ലജ്ജിക്കുന്നത്……. അങ്ങനെ അദ്ദേഹം ചെയ്തില്ലെങ്കിലാണ് ഞാൻ നാണിക്കേണ്ടത്…… അതിനു നീയും ഭാര്യയും കൊടുത്ത അർത്ഥം നന്നായി മോനെ………..

അമ്മേ….. ഞാൻ……. മെൽബിൻ ആനിയുടെ അടുത്തേക്ക് വന്നു……..

വേണ്ടാ……… ആനി കൈവെച്ചു തടഞ്ഞു…….. വേണ്ടാ……..എന്നെ തൊടരുത്……. ചിലപ്പോൾ കണ്ടു നിൽക്കുന്നവർ ഈ ബന്ധവും തെറ്റായി വ്യാഖ്യാനിച്ചേക്കാം…….. മകന് തോന്നി….. അപ്പോൾപിന്നെ മറ്റുള്ളവർക്ക് തോന്നാതിരിക്കുമോ…….

മെൽബിൻ നീട്ടിപ്പിടിച്ച കൈകൾ പിൻവലിച്ചു കണ്ണു തുടച്ചു……… ലിയയെ ഒന്ന് ദേഷ്യത്തിൽ നോക്കി……. അവളും കണ്ണു തുടയ്ക്കുന്നുണ്ട് …….. ഒന്നും മിണ്ടാതെ എല്ലാം നോക്കികണ്ടുകൊണ്ട് എബിയും……..

എന്തിനാ ഇച്ചായാ ഇങ്ങനെ തലയും കുനിച്ചു പിടിച്ചു നിൽക്കുന്നത്…….. നിങ്ങൾ തെറ്റ് ചെയ്തോ……. ഇല്ലല്ലോ……. ആൽബിയുടെ മുഖം പിടിച്ചുയർത്തി ആനി ചോദിച്ചു……..

ഞാൻ ഇച്ചായൻ പോയതിനു ശേഷമേ പോകൂ……. പേടിക്കേണ്ട കേട്ടോ…….. അഥവാ ഈ ആനിക്കൊച്ചിനു ജീവനില്ലന്നു തോന്നിയാൽ ഒരു കുപ്പി വിഷത്തിലോ ചെറിയൊരു കയറിലോ തീർത്തിട്ട് എന്റെ ദേഹം മണ്ണോടു ചേരും മുന്നേ വന്നേക്കണം……. ഞാനില്ലാതെ ജീവിക്കാൻ ശ്രമിക്കരുത്…… ആവില്ല നിങ്ങളെക്കൊണ്ടതിന്…….. കേട്ടല്ലോ …….. കവിളിൽ തലോടി ഒരുമ്മ കൊടുത്തു………. കണ്ണുനീർ തുടച്ചു കൊടുത്തു……….

കൈയ്യും പിടിച്ചു അടുക്കളയിലേക്ക് നടക്കും വഴി ഒന്നുകൂടി തിരിഞ്ഞു നിന്നു ആനി പറഞ്ഞു………

ഇത് ഇച്ചായൻ ജനിച്ചു വളർന്ന വീടാണ്……..അപ്പച്ചൻ ഉണ്ടാക്കിയ വീട്…….. ഇതിപ്പോൾ എന്റെ പേരിലാണ് ഉള്ളത്….. ഈ വീട്ടിലെ മരുമകളായി വന്നു സ്വന്തം മോൾ ആയപ്പോൾ എന്റെ പേരിലേക്ക് എഴുതി തന്ന എന്റെ വീട്………. എന്റെ ഇച്ചായനെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഞാൻ ഇവിടെ സ്വീകരിക്കാറില്ല…….. അതിപ്പോൾ മകൻ ആയാലും മകൾ ആയാലും ഇനിയിപ്പോൾ കൊച്ചുമകൾ ആയാൽ പോലും…….. നിങ്ങൾക്ക് തീരുമാനിക്കാം……. നിന്നോടും കൂടെയാണ്………. എല്ലാം കണ്ടും കേട്ടും നിന്ന എബിയോടും പറഞ്ഞു ആനി നടന്നു……..

അപ്പാ……… വാവാച്ചി വന്നു ആൽബിയുടെ കയ്യിൽ തൂങ്ങി………. കൈ വിടുവിക്കാൻ തോന്നിയില്ല……. പക്ഷേ മുൻപുണ്ടായിരുന്ന ഒരു മുറുക്കം ആ കൈകൾക്ക് ഇല്ലായിരുന്നുവെന്ന് കണ്ടുനിന്നവർക്ക് മനസ്സിലായി……. അപ്പായുടെ നോട്ടം എതിരിടാനുള്ള ശക്തി ലിയക്കും മെൽവിനും ഉണ്ടായിരുന്നില്ല…….

കഷ്ടം തന്നെ മെൽബിച്ചായാ……….. നമ്മളെ രണ്ടാളെയും പൊന്നു പോലെ വളർത്തിയ ആളാണ് ഇപ്പോൾ തലയും കുനിച്ചു പോയത്…….

ഇച്ചേച്ചീ…… നിങ്ങളുടെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും സ്നേഹിക്കാറില്ലേ……… സ്നേഹം പ്രകടിപ്പിക്കുന്നത് രണ്ടു ധ്രുവങ്ങളിൽ നിന്നാണോ…….. ഇവിടെ ഞങ്ങൾ ഇങ്ങനെയാണ്………. കെട്ടിപ്പിടിച്ചു ഉമ്മയും കൊടുക്കും…….. സ്നേഹത്തിന് ഇവിടെ ആരും നിയന്ത്രണം വെക്കാറില്ല……… അതെല്ലാം വേറെ രീതിയിൽ കാണുന്നത് നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ലാത്തത് കൊണ്ടാണ്……… ഇപ്പോൾ നിങ്ങൾ രണ്ടാളും വേദനിപ്പിച്ചു വിട്ടത് ഈ വീടിന്റെ രണ്ടു നെടുംതൂണുകളെയാണ്…… എബി അപ്പായുടെ അടുത്തേക്ക് പോയി……..

ആനിക്കൊച്ചേ……….

മ്മ്…….. ആൽബിയുടെ തോളിൽ ചാരിയിരുന്ന് ആനി വിളി കേട്ടു……..

നീ പറഞ്ഞത് കുറച്ചു കൂടിപ്പോയി……… ഒന്നുമല്ലെങ്കിലും നമ്മുടെ മക്കൾ അല്ലേ അവർ……..

ഒട്ടും കൂടിയില്ല ഇച്ചായാ …….. ഞാൻ അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല…….. പ്രശ്നം വഷളാവുകയേ ഉളളൂ……… കുറച്ചു ദിവസമായി ഞാൻ സഹിക്കുന്നു……… എന്നോടായിരുന്നെങ്കിൽ ഞാനെന്നേ ക്ഷമിച്ചു പൊറുത്തേനെ……. ഇതെന്റെ ഇച്ചായന്റെ സ്വഭാവശുദ്ധിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്………. സഹിക്കാൻ പറ്റുന്നില്ല…….അതുകൊണ്ടാ…….. വിഷമിക്കണ്ട കേട്ടോ…….

സാരമില്ല……. പോട്ടേ……. എന്റെ ആനിക്കൊച്ചുള്ളപ്പോൾ ഞാനെന്തിനാ വിഷമിക്കുന്നെ…….. ആൽബി ആനിയുടെ നെറുകയിൽ തലോടി……..

മ്മ്…… ഇനി ഇതു കണ്ടിട്ട് ഇവൻ എന്താണോ ചിന്തിക്കുക……. അടുത്തിരുന്നു വാവാച്ചിയുടെ കൂടെ അവളുടെ ബിസ്ക്കറ്റ് തിന്നുകൊണ്ടിരിക്കുന്ന എബിയെ നോക്കി ആനി പറഞ്ഞു………

എന്റെ ആനിക്കൊച്ചേ…….. ഞാനീ സ്നേഹം ജനിച്ചപ്പോൾ മുതൽ കാണുന്നതല്ലേ…….. നിങ്ങൾ ഒന്ന് വഴക്ക് കൂടുന്നത് പോലും ഞാൻ കണ്ടിട്ടില്ല ഇന്നേ വരെ……. എനിക്കും എന്റെ അമ്മിയെപ്പോലെ ഒരു പെണ്ണിനെ മതി……… ഇച്ചായനെ സ്നേഹം കൊണ്ട് വരുതിക്ക് വരുത്തുന്ന ഒരു പെണ്ണ്……… ഞാനത് തീരുമാനിച്ചതാ……….

അതിനു നിന്നെയാരാ ഇപ്പോൾ കെട്ടിക്കുന്നേ…… പഠിച്ചൊരു ജോലി വാങ്ങി വാ…… എന്നിട്ട് തീരുമാനിക്കാം………. ആനി പറഞ്ഞു……..

മ്മ്…… നൈസ് ആയിട്ട് കെട്ടാൻ പ്രായമായെന്ന് ഓർമിപ്പിച്ചതാ അവൻ എന്റെ ആനിയേ …..

എന്താണ് ബാബുവേട്ടാ ഇങ്ങള് ഇങ്ങനെ……. ഒരു സ്നേഹവും ഇല്ലാണ്ട്……….. എബി അപ്പായുടെ മടിയിലേക്ക് കയറിയിരുന്നു കഴുത്തിൽ കൈ ചുറ്റി……. താടി പിടിച്ചു ചോദിച്ചു……..

ഇനി എന്നെ സ്നേഹിക്കു രണ്ടാളും കുറച്ചു നേരം ……. അമ്മയുടെ കൈ പിടിച്ചു മുടിയിലും വെപ്പിച്ചു…………

വേണ്ടാ……. എന്റെ അപ്പായാ……. പോടാ……… അത്രയും നേരം മര്യാദക്ക് ഇരുന്ന വാവാച്ചി ദേഷ്യത്തിൽ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു……. മുഖത്തു മാന്തി…….. താഴേക്ക് വലിച്ചിട്ടു ആൽബിയുടെ മടിയിൽ കയറി ഇരുന്നു സ്വന്തം ആധിപത്യം സ്ഥാപിച്ചു……….

ഇറങ്ങി പോടീ……. ഇതെന്റെ അപ്പായാ……. നിന്റെ അപ്പന്റെ അടുത്ത് പോടീ കുട്ടിപ്പിശാശേ ……. എബി ദേഷ്യത്തിൽ പറഞ്ഞു…….

വാവച്ചിയുടെ ചുണ്ടൊക്കെ ചുളിഞ്ഞു……. ആൽബിയെ നോക്കി…….. കരയാൻ പാകത്തിനായി………. വിരൽ ചൂണ്ടി എബിയോട് പറഞ്ഞു……… എന്റെ ബിക്കറ്റ്‌ തന്നേ…….. ടോഫി തന്നേ……. ജ്യൂസ്‌……….

എബി വാവച്ചിയുടെ വാ പൊത്തി…….. വെളുക്കനെ ഒന്നു ചിരിച്ചു കാണിച്ചു അപ്പയെയും അമ്മിയെയും………

നിനക്ക് നാണമില്ലെടാ……… കുഞ്ഞിന്റെ സാധനങ്ങൾ എടുത്തു കഴിക്കാൻ……. വേണമെങ്കിൽ വാങ്ങി കഴിച്ചു കൂടെ…….. ആനി മൂക്കത്തു വിരൽ വെച്ചു ചോദിച്ചു…….

ഇവളോട് വഴക്ക് ഉണ്ടാക്കി തട്ടിപ്പറിച്ചു തിന്നുന്ന സുഖം ഒന്നു വേറെയാണ് അമ്മീ…………. വാവാച്ചിയെ………. കൊച്ചാപ്പയുടെ മോളൂട്ടിയെ ഇങ്ങു വന്നേ……….. എബി കൈനീട്ടി………

പോടാ………. ഞാൻ വരൂല്ല………. ആൽബിയുടെ നെഞ്ചിലേക്ക് ചാരിയിരുന്നു പറഞ്ഞു…….

അവരുടെ ചിരിയിലേക്ക് പങ്കു ചേരാൻ മടിച്ചു മെൽവിനും ലിയയും വാതിൽക്കൽ നിന്നു……. ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്തു നല്ല വിഷമം ഉണ്ട് രണ്ടാളുടെയും മുഖത്തു…………. ആനി ലിയയെ കൈകാട്ടി വിളിച്ചു…….. കേൾക്കാൻ നോക്കിയിരുന്നതുപോലെ അവളോടി ആനിയുടെ അടുത്തിരുന്നു കയ്യെടുത്തു തലോടി……… അപ്പയുടെ കവിളിൽ ഉമ്മ കൊടുത്തു പറഞ്ഞു…….. സോറി അപ്പായെ……. തെറ്റായിരുന്നു……… എന്നോട് ക്ഷമിക്കില്ലേ…….

ആൽബി അവളുടെ കവിളിൽ തലോടി……… അരികിൽ മെൽവിനെ പിടിച്ചിരുത്തി…… രണ്ടു ആണ്മക്കളുടെയും നടുവിൽ ചിരിയോടെ ഇരിക്കുന്ന ഇച്ചായനെ ആനി നോക്കി……. മനസ്സിൽ ആ ചിരി പതിപ്പിച്ചു വെച്ചു…….. മായാത്ത വിധം………..

നമ്മുടെ അപ്പാ നല്ലതാണോ പപ്പാ…….. വാവാച്ചി മെൽവിനോട് ചോദിച്ചു……….

മ്മ്….. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അപ്പാ…….. നല്ല ഭർത്താവ്……….. നല്ല വല്യപ്പച്ചൻ……… മെൽവിൻ അവൾക്കുള്ള മറുപടി കൊടുത്തു………

ആന്നോ ഇച്ചായന്റെ ആനിക്കൊച്ചേ……… കുഞ്ഞുവായിലെ അവളുടെ പറച്ചിൽ കേട്ട് എല്ലാവരും ഒരേപോലെ ചിരിച്ചു………

ടീ……. ഇനി നീയും കൂടിയേ ബാക്കി ഉള്ളായിരുന്നു അങ്ങനെ വിളിക്കാൻ……..അവരുടെ ചിരിയിലേക്ക് ചേർന്നു ആനി പറഞ്ഞു……..

ലൈക്ക് കമന്റ് ചെയ്യണേ..

രചന: Rohini Amy

Leave a Reply

Your email address will not be published. Required fields are marked *