ഒരു ചെറുതിര അവളുടെ കാലുകളെ തഴുകി കടന്നുപോയി…

Uncategorized

രചന: Saji Mananthavady

റൂമിൽ കയറി റസിയ വാതിൽ അടച്ചു . അത് നന്നായി അടച്ചു വെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് അവൾ കട്ടിലിൽ ഇരുന്നത്. അപ്പോഴും കടൽ ആർത്തിരമ്പുന്നത് അവളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. അവൾ ഒന്നുകൂടി കാതോർത്തു കടലിന്റെ ഇരമ്പമാണോ തന്റെ മനസ്സിന്റെ തോന്നലാണോ അവൾ ശങ്കിച്ചു. കടൽ ആർത്ത് ചിരിക്കുകയാണോ അതോ ഏങ്ങലടിച്ച് കരയുകയാണോ ? അവൾ വീണ്ടും കാത് കൂർപ്പിച്ചു. നീന്തൽ അറിയില്ലെങ്കിലും അവളുടെ സന്തത സഹചാരിയായിരുന്നു കടൽ. റസിയ തന്റെ സുഖവും ദുഃഖവും പങ്കുവെച്ചിരുന്ന കളി കൂട്ടുക്കാരൻ .ഇടക്ക് തന്റെ കാലുകളിൽ ചുംബനകൾ നൽക്കി മടങ്ങി പോകുന്ന കൂട്ടുക്കാരൻ. ചിലപ്പോൾ ആർത്തിരമ്പി പൊട്ടിച്ചിരിക്കുന്ന കൂട്ടുക്കാരൻ . ഇന്നവന് ഇത്തിരി ദേഷ്യം കൂടുതലാണെന്ന് തോന്നുന്നു. അവന് എന്തൊക്കെയോ തന്നോട് പറയണമെന്ന് തോന്നുന്നത് പോലെ .തനിക്കും അവനോട് ഒരു പാട് പറയാനുണ്ട്. അവൾ തന്റെ ഭൂതകാലത്തിലേക്ക് ഒന്നു കണ്ണോടിച്ചു.

റസാക്ക് അവളുടെ കട്ടിലിൽ ഇരിക്കുന്നത് പോലെ റസിയക്ക് തോന്നി.

” ഇക്കാ ഇന്ന് നേരത്തെ വരുവോ ?”

” എന്താ ഇന്ന് ഞാൻ നേരത്തെ വരണമെന്നൊരു പൂതി ?”

“ഇക്ക ഇന്നും മറന്നു ഈ ദിവസത്തിന്റെ പ്രത്യേകത. ”

അവളുടെ മടിയിൽ തലവെച്ച് അവൻ ചോദിച്ചു

” എന്ത് പ്രത്യേകത ? ”

അവൾ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു, ” ഇക്കാന്റെ ബർത്ത്ഡേ ” അവളെ വാരിപ്പുണർന്നു കൊണ്ട് അവൻ പറഞ്ഞു,

” താങ്ക്സ് , ഈ ദിവസം നമ്മുക്ക് എങ്ങിനെയാ ചിലവഴിക്കേണ്ടത് ? പുറത്ത് പോയി ഭക്ഷണം കഴിക്കാം പറ്റിയാൽ സിനിമക്കും പോകാം . താനെന്തു പറയുന്നു ?”

“അതൊന്നും വേണ്ട. ഉമ്മ സമ്മതിക്കൂല . ഇക്ക നേരത്തെ വന്നാൽ മതി. ”

” എന്നാ ഇന്ന് നിന്റെ നോമ്പ് മുറിക്കാം. എന്താ?”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു “മ്”

റസാഖ് കുളിച്ചൊരുങ്ങി അത്തർ പൂശി നാസ്ത കഴിച്ച് ബുള്ളറ്റിൽ കയറി പോകുന്ന അവനെ അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു .

” ഇജ്ജെന്താ ഓനെ ആദ്യാട്ട് കാണുമ്പോലെ നോക്കി നിക്കണെ? ”

കടൽ കുത്തിയ മുഖമായി നോക്കുന്ന റസാഖിന്റെ ഉമ്മയുടെ ചോദ്യമാണ് അവളുടെ പുറത്തേക്കുള്ള നോട്ടം അവസാനിപ്പിച്ചത്.

“സ്വന്തം കെട്ടിയോനെ പോലും ഇത്തിരി നേരം നോക്കാൻ സമ്മതിക്കാത്ത കുരിപ്പ്. ”

അവൾ പിറുപിറുത്തു .

കുറച്ച് നേരം കഴിഞ്ഞതും ഒരാൾ വന്ന് ഉപ്പയോട് എന്തോ സ്വകാര്യം പറയുന്നത് കേട്ടു.

“എന്റെ റബ്ബേ ”

എന്നുമാത്രം പറഞ്ഞ് തലയിലെ തുണി കൊണ്ട് മുഖം പൊത്തി അയാളുടെ കൂടെ പോകുന്നത് ജാലക വാതിലിലൂടെ റസിയ കണ്ടു.

കുറച്ച് നേരം കഴിഞ്ഞതും ആളുകൾ ഒരോരുത്തരായി വീട്ടിലേക്ക് വന്നു കൊണ്ടിരുന്നു. എല്ലാവരുടെയും മുഖത്ത് ദു:ഖത്തിന്റെ ഒരു നേർത്ത പടലം കാണാമായിരുന്നു. ഉമ്മറത്ത് വന്നപ്പോൾ അമ്മോൻ പറഞ്ഞു

” മോള് അകത്ത് പോ”

അല്പനേരം കഴിഞ്ഞതും ഉമ്മയുടെ കരച്ചിൽ ഉയർന്നു കേട്ടു.

അപ്പോൾ മാത്രമാണ് റസാഖ് മയ്യത്തായത് താനറിയുന്നത്. ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി. ആരോ തന്നെ താങ്ങി . എങ്കിലും ബോധം വരുമ്പോൾ താൻ ആശുപത്രി കിടക്കയിലായിരുന്നു. റാസാഖിന്റെ മുഖം അവസാനമായി ഒന്നു കാണാൻ കൂടി കഴിഞ്ഞില്ല.

പിന്നിട് തന്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും ശുഭകരമായിരുന്നില്ല. റസാഖില്ലാത്ത ആ വീട്ടിൽ റസിയയുടെ സ്ഥാനം വെറും വീട്ടുവേലക്കാരിക്ക് തുല്യമായി. അതുവരെ കാണാത്ത പലതും റസാഖിന്റെ ഉപ്പയിൽ നിന്ന് കണ്ടതുകൊണ്ടായിരിക്കും റസിയയെ അവളുടെ വീട്ടിൽ കൊണ്ടാക്കണമെന്ന് ഉമ്മ വാശി പിടിച്ചത്. അപ്പോഴും റസാഖിന്റെ ഓർമ്മകൾ പേറുന്ന വീട് വിട്ടുപോകാൻ അവൾ ഒരുക്കമല്ലായിരുന്നു.

” അനക്ക് റസാഖിന്റെ ഉപ്പാന്റെ രണ്ടാം ബിടരായി ഇബടെ കഴിയണോ ?”

അവൾക്ക് ഉത്തരമില്ലായിരുന്നു. സ്വന്തം വീട്ടിലും സ്ഥിതി മെച്ചമായിരുന്നില്ല. അനുജന്റെ കെട്ടിയോൾക്ക് തന്നെ കാണുന്നത് പോലും വെറുപ്പായിരുന്നു. അവളുടെ കെട്ടിയോന്റെ പണം ചിലവഴിക്കാൻ വന്ന ഒരു അസത്ത് അതുമാത്രമായിരുന്നു താൻ. ആ സമയത്താണ് അകന്ന ബന്ധത്തിലുള്ള സിനാൻ ഒരു ആലോചനയുമായി വന്നത്. പെരുത്ത് കാശുള്ള വീട് . ഒരു ചെക്കനും ഒരു പെണ്ണും മാത്രമുള്ള കുടുംബം . സ്വത്ത് മുഴുവൻ ചെക്കന്റെ പേർക്ക് എഴുതിവെച്ചിട്ടുമുണ്ട്. ഒരേ ഒരു കുഴപ്പം മാത്രം ചെക്കനൊരു മാനസീകമായി വെല്ലുവിളി നേരിടുന്നയാളാണ്.

” ഇട്ടു മൂടാൻ സ്വത്തുണ്ടെലും ഓനെ ഞമ്മക്ക് മാണ്ട . ”

റസിയ ശാഠ്യം പിടിച്ചു.

പക്ഷെ വീട്ടുക്കാരുടെ കണ്ണ് മുഹമ്മദ് ഹാജിയുടെ സ്വത്തിലായിരുന്നു.

” എന്തൊക്കെ പറഞ്ഞാലും നീയൊരു രണ്ടാം കെട്ടാ അത് ജ്ജ് മറക്കണ്ട .”

വീട്ടുക്കാരുടെ നിർബന്ധം സഹിക്കാൻ വയ്യാതായപ്പോൾ ചെക്കനെ കാണാൻ അവൾ തയ്യാറായി.

അനസ് അതായിരുന്നു അവന്റെ പേര്. നല്ല വെളുത്ത കുറ്റിപ്പന പോലെയുള്ളവൻ. ആദ്യമായി പെണ്ണിനെ കാണുന്ന ഋഷ്യശ്യം ഗനെ പോലെ അവൻ അവളെ അടിമുടി നോക്കി നിന്നു. അവന്റെ നോട്ടം അവൾക്ക് ഒട്ടും ഇഷ്ടമായില്ല. പക്ഷെ അവൻ വന്ന ഓഡി കാറും മറ്റ് കാര്യങ്ങളും മാത്രമാണ് വീട്ടുക്കാർ കണ്ടത്.റസിയുടെ ദീനരോദനം ഒരു വനരോദനം മാത്രമായി.

നിക്കാഹ് വളരെ പെട്ടെന്നായിരുന്നു. വീട്ടുക്കാർക്ക് നല്ലൊരു തുക സമ്മാനിക്കാനും അനസിന്റെ ഉപ്പ മറന്നില്ല.

കൊട്ടാരം പോലെയുള്ള വീടും മറ്റ് സൗകര്യങ്ങളും റസിയ ആദ്യമായി കാണുകയായിരുന്നു.

പക്ഷെ പകൽ മങ്ങിയതും അവളുടെ ഹൃദയവും മങ്ങി. അകാരണമായി ഒരു ഭയം ഒരു വേട്ടനായ പോലെ പിന്തുടർന്നു.

രാത്രിയിൽ അവൻ കയറി വന്നു. ഒരുപാട് സുഗന്ധ ലേപനങ്ങൾ പൂശിയാണ് അവൻ മണിയറയിലേക്ക് വന്നതെങ്കില്ലും അവൾക്ക് ആ മണം മനം പിരട്ടലാണ് ഉളവാക്കിയത്. അവൻ അവളെ നോക്കി ചിരിച്ചു. അവൾ അറക്കാൻ കൊണ്ടുവന്ന ആടിനെ പോലെ ആ വിശാലമായ കട്ടിലിന്റെ അരികിലേക്ക് നീങ്ങിയിരുന്നു. പിന്നീട് അവൾ പ്രതികരിക്കും മുമ്പ് അവൻ അവളെ കീഴ്പ്പെടുത്തി. വികൃതി പയ്യന്റെ കൈയിലെ കിളിക്കുഞ്ഞായി അവൾ . റസിയ കരഞ്ഞെങ്കിലും മൂന്നാം നിലയിൽ നിന്നുള്ള ആ കരച്ചിൽ ആരും കേട്ടതായി ഭാവിച്ചില്ല. അവനുണ്ടാക്കിയ നഖക്ഷതങ്ങളും മുറിവുകളെക്കാളും അവളെ വേദനിച്ചത് അവളുടെ മനസ്സിനേറ്റ മുറിവുകളായിരുന്നു. ഒരു സുഖമില്ലാത്ത ആളുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് അവൾക്ക് തോന്നി.

” അനക്കൊരു കുഞ്ഞുണ്ടായാൽ ഓന് അന്നോട് പെരുത്തിഷ്ടാകും.”

അതായിരുന്നു ഉമ്മയുടെ അഭിപ്രായം.

” അവനിൽ തനിക്കൊരു കുഞ്ഞുണ്ടായാൽ അതും ഒരു ആ കുട്ടിയും അയാളെ പോലെയാവില്ലെന്ന് എന്താണുറപ്പ് .”

അവൾ ചിന്തിച്ചു.

ഒരു മാസത്തെ നിരന്തര രാത്രിക്കാല പീഡനത്തിന് ശേഷം ഒരു ദിവസത്തേക്ക് അവളുടെ വീട്ടിൽ പോകാൻ അവൾക്ക് അനുവാദം ലഭിച്ചു.വധശിക്ഷക്ക് വിധിക്കപ്പെട്ടവന് പരോൾ കിട്ടിയത് പോലെ അവൾ സന്തോഷവതിയായി.

ഓഡികാറിൽ വീട്ടിലെത്തിയ അവളെ കാണാൻ അയൽക്കാരെല്ലാവരും എത്തിയിരുന്നു. അവർക്കെല്ലാം ഒരു ചിരി സമ്മാനിച്ച് അവൾ തന്റെ മുറിയിലേക്ക് പോയി. വീട്ടുക്കാരുടെ ചോദ്യങ്ങൾക്കും അവൾക്കും മറുപടി പറഞ്ഞില്ല. അത്താഴം കഴിക്കാൻ അവളെ നിർബന്ധിച്ചെങ്കിലും അവൾക്ക് വിശപ്പില്ലെന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി.

എല്ലാവരും ഉറക്കം പിടിച്ചപ്പോൾ അവൾ വാതിൽ തുറന്ന് കടൽ ലക്ഷ്യമാക്കി നടന്നു.

ഒരു ചെറുതിര അവളുടെ കാലുകളെ തഴുകി കടന്നുപോയി. റസാഖ് കടലിൽ നിന്ന് വിളിക്കുന്നത് പോലെ അവൾക്ക് തോന്നി . അവൾ കൈകൾ വിടർത്തി കടലിലേക്ക് നടന്നു. വീശിയടിച്ചുക്കൊണ്ടിരുന്ന തിരമാലകൾ പാറക്കെട്ടുകളിൽ തട്ടി പൊട്ടിച്ചിതറി. അമ്മയുടെ സാമിപ്യത്തിന് വേണ്ടി കേഴുന്ന കുഞ്ഞിനെ പോലെ തിരകൾ ഏങ്ങലടിച്ചു കൊണ്ടിരുന്നു. അപ്പോൾ ഒരു കുളിർ കാറ്റ് തീരത്തെ തഴുകി കടന്നുപോയി. അതിന് മരണത്തിന്റെ മണമുണ്ടായിരുന്നുവോ ?

രചന: Saji Mananthavady

Leave a Reply

Your email address will not be published. Required fields are marked *