സ്വന്തം ആയിട്ട് ആരെങ്കിലും ഒക്കെ ഉണ്ടങ്കിൽ കണ്ടറിഞ്ഞു സ്നേഹിക്കണം.

Uncategorized

രചന: കണ്ണൻ സാജു

“വികലാംഗയെ കെട്ടിയ അവസ്ഥ ആയല്ലോ അളിയാ! പഴയ പോലൊന്നു പോവണ്ടേ ??? പുതിയ ഐറ്റംസ് കുറെ വന്നിട്ടുണ്ട്.. റോണി കഴിഞ്ഞ ആഴ്ച്ച പോയി വന്നതേ ഉളളൂ ”

ഒന്ന് ചിരിച്ചെങ്കിലും അവന്റെ വാക്കുകൾ നന്നേ അനസിന്റെ ഉള്ളിൽ കൊണ്ടിരുന്നു… പക്ഷെ മറുത്തൊന്നും പറയാൻ തോന്നിയില്ല.. കാരണം ഇതിനു മുന്നേ താനാണ് അവനോടു അങ്ങോടു ആവശ്യപ്പെട്ടതും അവൻ കൊണ്ടു പോയതും എന്ന് അനസിന് നല്ല ബോധ്യമുണ്ടായിരുന്നു.

“നിനക്കെന്നെ പറ്റ്യേ…??? അവനു വേറെ സെറ്റപ്പുകളൊക്കെ കാണുന്നെ.. അല്ലേ ഇങ്ങനെ അടങ്ങി ഇരിക്കുവോ? അവളെ ആദ്യത്തെ ഓപ്പറേഷന് കൊണ്ടു പോയപ്പോ ഇവനിവിടെ കിടന്നു കാട്ടി കൂട്ടിയതൊക്കെ നീ ഇത്ര വേഗം മറന്നോ? ”

ഗിരീഷ് അത് ഏറ്റു പിടിച്ചതോടെ അനസിന് വീർപ്പുമുട്ടി തുടങ്ങിയിരുന്നു…

“ഞാൻ പോവാട.. നിങ്ങളിരിന്നു കഴിക്ക് ”

“ഏഹ്!!! രണ്ട് പെഗ്ല്ലേ അടിച്ചൂളൂ ??? ഞങ്ങളെങ്ങനെ പറഞ്ഞോണ്ടാണോ? ”

ഗിരീഷ് ഞെട്ടലോടെ ചോദിച്ചു…

എന്ത് പറയണം എന്നറിയാതെ അനസ് ഇരുന്നിടത്തു തന്നെ ഇരുന്നു

“എടാ.. ഞങ്ങള് നിന്നെ ഒന്ന് ചില്ലാക്കാൻ പറഞ്ഞതല്ലേ… ഞങ്ങടെ ഭാര്യമാർക്ക് എന്തേലും കുഴപ്പം ഉണ്ടായിട്ടാണോ ഇടയ്ക്കിടെ ഞങ്ങള് സെറ്റപ്പിന് പോവാറ്? ഏഹ്?… അപ്പോ ക്യാൻസറും പിടിച്ചു മൂന്ന് തവണ ഓപ്പറെക്ഷനും കഴിഞ്ഞു കിടക്കുന്ന നിന്റെ ഭാര്യക്കൊപ്പം നീ എത്ര ബുദ്ധിമുട്ടണ്ടാവും എന്നെനിക്കറിയാം ”

ഫിറോസ് അവനെ അനുനയിപ്പിച്ചു…

” അതല്ലടാ… എന്തോ.. ഞാനാ കാര്യങ്ങൾ ഒക്കെ മറന്നു.. ”

” മറന്നെന്നോ? ”

” അത് വിട്… വല്ലപ്പോഴും ഒക്കെ നടക്കാറുള്ളു … ഒരു കുഞ്ഞിനേ എങ്കിലും കിട്ടിയിരുന്നേൽ… മൂന്ന് തവണ പ്രേഗ്നെണ്ട് ആയപ്പോഴും കുഞ്ഞു വളരുന്ന ഒപ്പം മുഴയും വളരും.. ഒടുവിൽ കൊച്ചുങ്ങളും ഏഴും ഒമ്പതും മാസങ്ങളിൽ പൊവോം ചെയ്തു… അതോടെ ഒരു തരം പേടിയും ആസ്വസ്ഥതയും… ഒന്നും തോന്നാറില്ല ”

” ഹാ.. അതല്ലേ ഞങ്ങള് പറഞ്ഞെ.. നിന്റെ ആ ആസ്വസ്ഥതകൾ ഒക്കെ മാറ്റി എടുക്കാൻ ആണ് നമുക്ക് പോവാന്നു പറഞ്ഞെ ” അതും പറഞ്ഞു ഗിരീഷ് ഒന്നൂടെ ഒഴിച്ചു.

” നീ ഈ ഫോട്ടോ ഒന്ന് നോക്കിയേ അനസേ ” ഫിറോസ് ഫോണിൽ ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു ” 40K ഒരു രാത്രി ”

അനസ് അവനെ ഒന്ന് നോക്കി….

” എന്താടാ പിടിച്ചില്ലേ? ” ഗിരീഷ് അനസിനെ ഗൗരവത്തോടെ നോക്കി ചോദിച്ചു.

” പിടിക്കായ്ക ഒന്നും ഇല്ല… പോവാം ”

അനസിന്റെ മറുപടി കേട്ടതോടെ ഇരുവർക്കും സന്തോഷം കൂടി.

വീട്.

” നിങ്ങക്ക് ചൊറു വേണ്ടേ? ” വന്ന വഴി കട്ടിലിൽ കയറി കിടന്ന അനസിനോട് റസിയ ചോദിച്ചു.

” വേണ്ട ! ”

ഒന്നും മിണ്ടാതെ അവൾ ലൈറ്റ് ഓഫ് ചെയ്തു അടുത്തു വന്നു കിടന്നു.പ്രതീക്ഷയോടെ അവൾ അനസിനെ നോക്കി…

” ഇന്ന് നല്ല തലവേദന ആയിരുന്നു ” അവന്റെ ശ്രദ്ധ തനിക്കു നേരെ തിരിക്കാനായി അവൾ മെല്ലെ പറഞ്ഞു.

” മരുന്ന് സമയത്തു കഴിക്കുന്നില്ലേ നീ ”

” ഉം ”

ഒരുപാടു സ്നേഹത്തോടെ തന്നെ അവനിലേക്ക് വലിച്ചടിപ്പിച്ചിരുന്ന ആ നിമിഷങ്ങൾ റസിയ ഓർമിച്ചു… അതെ മുറി.. അതെ കട്ടിൽ… പതിനഞ്ചു വർഷങ്ങൾ തങ്ങൾ തമ്മിലുള്ള അകലം ഒരുപാട് വർദ്ധിപ്പിച്ചു… തന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന് അവൾ ഉള്ളുകൊണ്ട് ആഗ്രഹിച്ചു… ഓപ്പറേഷൻ കഴിഞ്ഞു ഇതുവരെ വടിച്ചു കളഞ്ഞ തലയിൽ മുടി വന്നിട്ടില്ല.. മൂന്നാം തവണയാണ് തലച്ചോറിൽ വില്ലനായി അവൻ വന്നതും ഓപ്പറേഷൻ ചെയ്യുന്നതും.. പക്ഷെ ഇപ്പൊ പഴയ പോലെ ഇക്കാനെ താങ്ങാനുള്ള ശക്തി അവൾക്കില്ല.. അതറിയാവുന്നതു കൊണ്ടാവാം അവനും അതിനു ശ്രമിക്കാറില്ല…

അവൾ ഉറങ്ങിയില്ലെന്നു അനസിന് മനസ്സിലായി… അവൾക്കു അങ്ങനെ ഉറങ്ങാനും കഴിയുന്നില്ലെന്നു അനസിന് അറിയാമായിരുന്നു… തിരിഞ്ഞു നോക്കണം എന്നുണ്ടങ്കിലും മനസ്സിൽ നിറയെ ഫിറോസിന്റെ മൊബൈലിൽ കണ്ട സുന്ദരി ആയിരുന്നു.

” നാളെ മൂന്നാറു വരെ പോണം ” അങ്ങനെ തന്നെ കിടന്നു കൊണ്ടു അവൻ പറഞ്ഞു

” എന്തെ പെട്ടന്ന്? ”

” ഫിറോസിന്റെ കൂടെ പോവുന്നതാ.. അവിടെ ഒരു പ്ലോട്ട് നോക്കണം ”

” ഉം ”

” നാളെ വരുവോ? ”

” ഇല്ല ”

” ഉമ്മാനോട് നിന്റടുത്തു വന്നു നിക്കാൻ പറയാം ”

” ഉം ”

മൗനം തളം കെട്ടി നിന്നു…

” ഇനി ഒരു കുഞ്ഞു നമുക്കുണ്ടാവില്ലായിരിക്കും അല്ലേ? ”

ആ ചോദ്യം അനസിനെ വല്ലാതെ വേദനിപ്പിച്ചു… ഒരമ്മയുടെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു.

അവൻ മെല്ലെ തിരിഞ്ഞു അവളെ നോക്കി. കണ്ണുകൾ കലങ്ങി നിറഞ്ഞിരിക്കുന്നു…

” എന്തിനാ റസിയ ആവശ്യം ഇല്ലാത്തെ ഒക്കെ ചിന്തിക്കുന്നേ? ”

” ഏയ്‌ ഒന്നുല്ല! ” അവൾ കണ്ണുകൾ തുടച്ചു..

അനസ് എഴുന്നേറ്റു കട്ടിലിൽ ഇരുന്നു.. ” ഇപ്പൊ എന്തിനാ നീ കരയുന്നെ? കരഞ്ഞ പ്രശ്നങ്ങൾ എല്ലാം തീരുവോ? ”

” ഇക്കാ.. ഇങ്ങക്ക് വേറൊന്നു കെട്ടിക്കൂടെ? ”

” നിന്നോടു ഞാൻ പല തവണ പറഞ്ഞു ആവശ്യം ഇല്ലാത്ത വർത്താനം പറഞ്ഞു എന്നെ പ്രാന്ത് പിടിപ്പിക്കരുതെന്നു ” അനസിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.

” എന്നാലും നിങ്ങക്കും ആഗ്രഹം ഇണ്ടാവില്ലേ… എന്നെക്കൊണ്ട് ഒരിക്കലും അതിനു പറ്റൂന്നും തോന്നുന്നില്ല.. ഇപ്പൊ മുപ്പത്തഞ്ചു കഴിഞ്ഞു.. ഇനി ഒട്ടും.. ” കണ്ണുകൾ നിറഞ്ഞൊഴുകി…

അനസ് അവളുടെ തോളിൽ പിടിച്ചു ” അതിനു ഞാൻ നിന്നോടു വല്ലതും പറഞ്ഞോ റസിയ? വേറെ കെട്ടണെൽ അളിയൻ കെട്ടിക്കോ പെങ്ങളെ ഞങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞിട്ടും ഞാൻ എപ്പോഴേലും നിന്നെ ആർക്കെങ്കിലും വിട്ടു കൊടുത്തിട്ടുണ്ടോ? ”

റസിയ മൗനമായി ഇരുന്നു..

അവൻ ഒന്ന് കൂടി അവൾക്കരുകിലേക്കു ചേർന്ന് ഇരുന്നു…

” എന്താണ് മോളേ… ആവശ്യം ഇല്ലാത്തെ ഒന്നും ചിന്തിച്ചു കൂട്ടാതെ കിടക്കാൻ നോക്ക്. ”

” പുറത്ത് കാണിക്കുന്നില്ലെങ്കിലും ഉള്ളിൽ ഉണ്ടന്ന് എനിക്കറിയാം… ഞാൻ ഒരു കാര്യം പറഞ്ഞ ഇക്ക ദേഷ്യപ്പെടരുത്.. അങ്ങനെ വേണോന്നു തോന്നിയാൽ ഏതു പെണ്ണിന്റടുത്തായാലും ഇക്ക പൊയ്ക്കോ. ഞാൻ അറിയാതിരുന്ന മതി.. അറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല ” അവൾ നിയന്ത്രണം വിട്ടു കരഞ്ഞു…

അനസിന്റെ ഉള്ളിൽ ഇടിമിന്നൽ പോലെ പലതും മിന്നിക്കട്ടുകൊണ്ടിരുന്നു… ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവൻ കണ്ണുകൾ അടച്ചു മൗനമായി ഇരുന്നു…

” അനസ്.. ഇനി ഒരിക്കൽ കൂടി ഗർഭം ധരിച്ചാൽ റസിയയുടെ ജീവൻ അപകടത്തിൽ ആവും… കുഞ്ഞിന് വളർച്ച ഉണ്ടാകുന്ന അനുസരിച്ചു ട്യൂമറും വളരും.. ഒരുപക്ഷെ അങ്ങനെ വന്നാൽ കുഞ്ഞു മാത്രമല്ല അമ്മയും നഷ്ടപ്പെട്ടേക്കാം.. സോ അതിനുള്ള സാദ്ധ്യതകൾ ഒഴിവാക്കുന്നതാവും നല്ലത് ” ഡോക്ടറിന്റെ ആ വാക്കുകൾ അവൻ ഓർമിച്ചു…

” ഇക്ക മരിക്കുവാണേൽ എനിക്ക് നിങ്ങടെ മടിയിൽ കിടന്നു മരിക്കണം ” അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് റസിയ പറഞ്ഞു.

കണ്ണുകൾ തുറന്ന അനസ് അവളുടെ നെറ്റിയിൽ ചുംബിച്ചു….

” വാപ്പീ ” എന്നും വിളിച്ചു കൊണ്ടു നാല് വയസുള്ള പെൺകുട്ടി, തന്റെ പഴയ കാലം കൂട്ടുകാരനോട് മെഡിക്കൽ കോളേജിന് മുന്നിൽ ഇരുന്നു പറയുക ആയിരുന്ന അനസിന് അടുത്തേക്ക് ഓടി വന്നു.. അവളെ സ്നേഹത്തോടെ എടുത്തു മടിയിൽ വെച്ചു കൊണ്ടു അനസ് കൂട്ടുകാരനെ നോക്കി..

” ഈ കുട്ടി? ”

” എന്റെ ആണ് ”

” അപ്പൊ റസിയ? ”

അനസിന്റെ മുഖം വാടി…

” വേറെ കല്ല്യാണം കഴിച്ചോ നിങ്ങൾ? ” അയ്യാൾ അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു..

” എനിക്കതിനു കഴിയും എന്ന് തോന്നുന്നുണ്ടോ? ”

” പിന്നെ? ”

” പോവും മുന്നേ റസിയ തന്നിട്ട് പോയ സമ്മാനം ആണ് ”

കേട്ടു ഇരുന്ന അയ്യാളുടെ മുഖവും വാടി….

” ചിലരങ്ങനാ… നമ്മുട ജീവിതത്തിലേക്ക് കയറി വരും… നമ്മളെ സ്നേഹം കൊണ്ടു മൂടും.. ഒടുവിൽ അവരുടെ സ്നേഹം തിരിച്ചറിഞ്ഞു നമ്മളും അവരെ ജീവന് തുല്യം സ്നേഹിക്കാൻ തുടങ്ങുമ്പോഴേക്കും നമ്മളെ ഇട്ടു എന്നെന്നേക്കുമായി ഒരിക്കലും എത്തി പിടിക്കാൻ പറ്റാത്തൊരു ലോകത്തേക്ക് യാത്രയാവും ” അനസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

” അയ്യോ! വാപ്പി എന്തിനാ കരായണേ? ” അവൾ തന്റെ അച്ഛന്റെ കണ്ണുകൾ തുടച്ചു.

അവൻ അവളെ തലോടിക്കൊണ്ട് തുടർന്നു ” പോയവർക്കറിയില്ലല്ലോ ജീവിച്ചിരിക്കുന്നവരുടെ വിഷമം… വല്യ പാടടോ… ഒരുമിച്ചുണ്ടായിരുന്ന സ്ഥലം, വീട്, മുറി, നിമിഷങ്ങൾ ഈ ചങ്കിനാകാതിരുന്നു കുത്തി പറക്കാൻ തുടങ്ങും… സഹിക്കാൻ പറ്റില്ല… ”

” സോറി… ഞാൻ കാരണം.. ”

” ഏയ്‌!… താൻ ചോദിച്ചത് നന്നായി… ആരോടെങ്കിലും ഒക്കെ ഒന്ന് മനസ്സ് തുറക്കണം എന്ന് കരുതിയിട്ടുണ്ട്.. പറ്റിയിട്ടില്ല.. ഏതായാലും നന്നായി.. ”

ഇരുവരും മൗനം പാലിച്ചു.

അവളെയും പിടിച്ചു അനസ് എഴുന്നേറ്റു.. ” ഉപദേശം ഒന്നും ആയിട്ട് കാണണ്ട.. അനുഭവിക്കുനബവന്റെ വേദന ആയിട്ട് കണ്ടാ മതി.. സ്വന്തം ആയിട്ട് ആരെങ്കിലും ഒക്കെ ഉണ്ടങ്കിൽ കണ്ടറിഞ്ഞു സ്നേഹിക്കണം.. കാരണം അവരോടുള്ള ഇഷ്ടം മനസ്സിലാക്കി വരുമ്പോഴേക്കും ചിലപ്പോ അവരോ നമ്മളോ ഒന്നും ഉണ്ടായിന്നു വരില്ലെടോ ”

നിറ കണ്ണുകളോടെ അനസ് മകളുടെ കയ്യും പിടിച്ചു ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു.

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *