ആ സ്വപ്നത്തിൽ അവൾ ആരെയോ തിരയുക ആയിരുന്നു…

Uncategorized

രചന: Veena S

🖤 ആദ്യത്തെ കണ്മണി 🖤

“ഇത്രകണ്ടു ബോധം ഇല്ലാതെ ആയോ കലേടത്തി നിങ്ങൾക്ക്? ഈ മച്ചി പെണ്ണിന്റെ ദൃഷ്ടി പതിഞ്ഞാൽ ഈ പൊന്നു കുഞ്ഞിന്റെ ആയുസ് കുറയും എന്ന് നിങ്ങൾക്ക് ഞാൻ പറയാതെ അറിയില്ലേ?മച്ചികളുടെ സാമീപ്യം പോലും കുഞ്ഞിന് ദോഷമാണ്…” കലയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവരുടെ അമ്മായി ദേഷ്യത്തിൽ അത് പറയുമ്പോൾ ആതിര തറഞ്ഞു നിന്നു പോയി..ഒപ്പം അവിടെ കൂടി നിന്നവരുടെ മുറുമുറുപ്പ് കൂടിയായപ്പോൾ അവൾ അവിടുത്തെ അടുക്കള വാതിലിലൂടെ കണ്ണുകൾ സാരീ തുമ്പു കൊണ്ട് തുടച്ചു കൊണ്ട് വീട്ടിലേക്കു ഒരു ഓട്ടം ആയിരുന്നു..

അവിടെ ചെന്നു ആതിര വീടിന്റെ പടികൾ കയറുമ്പോൾ വിഷ്ണു ഷർട്ടിന്റെ കൈകൾ തെറുത്തു കൊണ്ട് നൂലുകെട്ട് ചടങ്ങിന് ഇറങ്ങാൻ തുടങ്ങുക ആയിരുന്നു..അയാളെ കണ്ടതും അവൾ പെട്ടെന്ന് നിന്നു..

“ഇതെന്താ ആദി നീ ഇത്രയും പെട്ടെന്ന് ഇങ്ങു പോരുന്നോ.. ഭഗവാനെ ചടങ്ങ് കഴിഞ്ഞോ??” വിഷ്ണു വാച്ചിലേക്ക് നോക്കി കൊണ്ട് അവളോട് ചോദിച്ചു..അപ്പോൾ ആണ് അയാൾ അവളുടെ മുഖം ശ്രെദ്ധിച്ചത്.. കരഞ്ഞു കലങ്ങിയ കണ്ണുകൾ… ചെന്നിയിൽ നിന്ന് ഊർന്ന് വീഴുന്ന വിയർപ്പു തുള്ളികൾ…ഉയർന്നു പൊങ്ങുന്ന ശ്വാസഗതിയും എല്ലാം കൂടി ചേർത്തു വായിച്ചപ്പോൾ അയാൾക്ക് കാര്യം മനസിലായി…

വിഷ്ണു നടന്നു ചെന്നു ആദിയെ നെഞ്ചോട് ചേർത്തു… അപ്പോളേക്കും ആ നെഞ്ചിൽ വീണു അവൾ പൊട്ടി കരഞ്ഞു പോയി..

“മടുത്തു വിഷ്ണുവേട്ട..എന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു..ഒരു കടൽ എപ്പോളും എന്റെ കണ്ണുകളിൽ ആർത്തിരമ്പുന്നുണ്ട്.. ഭയമാണ് വിഷ്ണുവേട്ട കഴിഞ്ഞ പത്തു വർഷമായി നാട്ടുകാരും വീട്ടുകാരും വക സഹതാപ പ്രകടനവും കുത്തി നോവിക്കലും.. രണ്ടിൽ ആർക്കും പ്രശ്നം ഇല്ലന്ന് ഡോക്ടർ പറഞ്ഞിട്ടും നാട്ടുകാരുടെ ഇപ്പോഴും തുടരുന്ന വിചാരണയും ശിക്ഷ വിധിക്കലും കേട്ട് ഉരുകുകയാണ് ഞാൻ..

ഒരു കല്യാണത്തിനോ നല്ല ചടങ്ങുകൾക്കോ വിലക്കപ്പെട്ടവൾ ആയി, കാരണം ഞാൻ മച്ചി ആണല്ലോ?എങ്ങനെയാണ് ഏട്ടാ ഞാൻ മച്ചി ആകുന്നത് നമുക്ക് ഒരു കുഞ്ഞു ജനിച്ചത് അല്ലേ? പക്ഷേ ഭഗവാൻ അതിനെ 8ആം മാസത്തിൽ എന്റെ വയറ്റിൽ വച്ചു തന്നെ കൊന്നു കളഞ്ഞില്ലേ അവനെ..

നമ്മുടെ സ്വപ്നം ആയിരുന്നില്ലേ വിഷ്ണുവേട്ട ആ കുഞ്ഞു.. നമ്മുടെ ആദ്യത്തെ കണ്മണി.. അവനു വേണ്ടി വാങ്ങിയ കുഞ്ഞു ഉടുപ്പുകളും തൊട്ടിലും കിലുക്കാം പെട്ടിയും ഒക്കെ ഇപ്പോളും നമ്മുടെ മുറിയിലെ അലമാരയിൽ ഭദ്രമായി ഇരുപ്പുണ്ട്.. നമുക്ക് നമുക്ക് ഇനിയും ഒരു കുഞ്ഞു വന്നാൽ അത് അവനു കൊടുക്കാലോ വിഷ്ണുവേട്ട…

വിഷ്ണുവേട്ടന് അറിയോ.. ഓരോ കുഞ്ഞിനേയും കാണുമ്പോൾ വാത്സല്യത്തോടെ കൊഞ്ചിക്കാൻ എന്റെ നെഞ്ച് തുടിക്കും..എന്റെ മാറു ചുരത്തും പോലെ തോന്നും..ഒന്നെടുക്കാൻ.. ഒരുമ്മ കൊടുക്കാൻ…. പക്ഷേ ആ നിമിഷം എന്റെ മനസ്സിൽ ആ വാക്ക് അലയടിക്കും മച്ചി…!!അത് പേടിച്ചു എല്ലാം ഞാൻ മനസിലൊതുക്കും..” ആദി എങ്ങലടിച്ചു കൊണ്ട് വിഷ്ണുവിനോട് ആയി പറഞ്ഞു….

“ഒപ്പം ഉള്ളവന്മാർ ഒക്കെ അവരുടെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നതും അവരുടെ കുസൃതികൾ പറയുന്നതും ഒക്കെ കേൾക്കുമ്പോൾ എനിക്കും തോന്നാറുണ്ടടോ എന്റെ മനസും വെമ്പൽ കൂട്ടാറുണ്ടടോ എന്റെ നെഞ്ചിൽ കിടത്തി താരാട്ടു പാടി ഉറക്കാനും എന്റെ പുറത്തു കയറ്റി ആന കളിപ്പിക്കാനും കുളിപ്പിച്ച് ഒരുക്കാനും ഒരു കുഞ്ഞു ഉണ്ടായിരുന്നു എങ്കിൽ എന്ന്..തരുമെടോ നമുക്ക് രണ്ടാൾക്കും നമ്മുടെ വിഷമം മാറ്റാൻ സങ്കടം നീക്കാൻ ഒരു പോന്നോമനയേ.. നമുക്ക് അധികം പ്രായം ആയിട്ടൊന്നും ഇല്ലല്ലോ.. പിന്നെ നമ്മുടെ ട്രീറ്റ്മെന്റ് നടക്കുക അല്ലേ.. ദൈവം നമ്മളെ കൈവിടില്ലടോ…” വിഷ്ണു അവളെ സമാധാനിപ്പിക്കാൻ പറയാറുള്ള പതിവ് പല്ലവി തന്നെ പറഞ്ഞു…

“ഇത്തരം ആശ്വാസ വാക്കുകൾ കൊണ്ട് മനസിന്റെ വേദന കുറയ്ക്കാൻ കഴിയുമോ വിഷ്ണുവേട്ട.. ആൾക്കൂട്ടത്തിൽ ഒറ്റപെട്ടു പോയ വേശ്യായേക്കാൾ ഭയാനകം ആണ് ഒരു മച്ചിയുടെ അവസ്ഥ എന്ന് എനിക്ക് ഇപ്പോൾ ബോധ്യമായി…” ആദി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

“ദൈവം നമ്മുടെ സങ്കടം കാണുന്നുണ്ടാകില്ലേടോ??”വിഷ്ണു സങ്കടത്തോടെ ചോദിച്ചു…

“അറിയില്ല വിഷ്ണുവേട്ട… കേറാത്ത അമ്പലങ്ങൾ ഇല്ല നടത്താത്ത വഴിപാടുകളും.. പള്ളിയിൽ കയറി കർത്താവിനോട് പ്രാർത്ഥിച്ചു ഇല്ലേ? പള്ളിയിലെ നേർച്ച വഞ്ചിയിൽ നാണയം ഇട്ടു അള്ളാഹുവിനോട് പ്രാർത്ഥിച്ചു ഇല്ലേ?? എല്ലാ ദൈവങ്ങളും നമ്മുടെ നേരെ കണ്ണടച്ച് പിടിച്ചിരിക്കുവാ… ഒരിക്കൽ.. ഒരിക്കലെങ്കിലും ഒന്ന് തുറന്നു നമ്മളെ അനുഗ്രഹിച്ചിരുന്നു എങ്കിൽ…..” അത്രയും പറഞ്ഞു ആദി പടിയിലേക്ക് തളർന്നു ഇരുന്നു പോയി…

“താൻ എണീറ്റെ പോയി അകത്തു മുറിയിൽ കിടക്കു.. വന്നേ…” വിഷ്ണു അവളെ എണീപ്പിക്കാൻ ശ്രെമം നടത്തി…

“വേണ്ട ഏട്ടാ..കിടക്കാൻ മാത്രം ക്ഷീണം എന്റെ ശരീരത്തിന് ഇല്ല.. തളർച്ച മനസിനല്ലേ..ഞാൻ ഇവിടെ ഒന്ന് ഇരുന്നോട്ടെ…ഏട്ടൻ പോയിട്ട് വാ സമയം പോകുന്നു ” ആദി അവിടെ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു..അവളെ തനിച്ചു ആക്കി പോകാൻ വിഷ്ണുവിന്റെ മനസ് അനുവദിച്ചില്ല..തന്റെ ഭാര്യ അപമാനിക്കപ്പെട്ട ആ ചടങ്ങിന് പോകണ്ട എന്ന് മനസ്സിൽ ഉറപ്പിച്ചു അവളെയും കൂട്ടി മുറിയിലേക്ക് പോയി അയാൾ… അയാളുടെ നെഞ്ചിൽ തല വച്ചു ആദി കിടന്നു..അവളുടെ മുടിയിഴകളിൽ തഴുകി വിഷ്ണുവും…

അവളുടെ ഓർമകൾ തങ്ങളുടെ കല്യാണ ദിവസത്തെ കുറിച്ച് ആയിരുന്നു.. നാട്ടിൽ ഒരു സ്വകാര്യ ബാങ്കിൽ അക്കൗണ്ടന്റ് ആയിരുന്നു വിഷ്ണു.. കാണാൻ സുമുഖൻ സൽസ്വഭാവി വീട്ടുകാർ തിരക്കി അറിഞ്ഞപ്പോൾ കുടിയും വലിയും ഒന്നുമില്ല ഒപ്പം നല്ല തറവാടും.. ജാതകം നോക്കിയപ്പോൾ അത്യാവശ്യം നല്ല പൊരുത്തവും ഉണ്ട്.. എല്ലാവർക്കും വിഷ്ണുവിനെ ബോധിച്ചു ആദിക്കും..പിന്നെ പെട്ടെന്ന് ആയിരുന്നു കല്യാണം…

കല്യാണം കഴിഞ്ഞു ആദ്യ നാളുകളിൽ എല്ലാവരെയും പോലെ സന്തോഷം ആയിരുന്നു അവർക്കും.. എന്നാൽ പോകെ പോകെ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യം തുടങ്ങി വിശേഷം ഒന്നുമായില്ലേ എന്ന്… ആ ചോദ്യത്തിന് അന്ത്യം ആയതു കൃത്യം ഒരു വർഷം ആയപ്പോൾ ആദി ഒന്ന് തല കറങ്ങി വീണപ്പോൾ ആണ്…!

അവൾ അമ്മ ആകാൻ പോകുന്നു എന്ന് അറിഞ്ഞു വിഷ്ണുവിന്റെ അമ്മ അടക്കം എല്ലാവർക്കും സന്തോഷം ആയിരുന്നു.. കാരണം അവരെ ഇടയ്ക്ക് ആ ഒരു വിഷമം അലട്ടിയിരുന്നു.. ഏഴാം മാസം വരെ പ്രശ്നം ഒന്നുമില്ലാതെ പോയപ്പോൾ എട്ടാം മാസം ആയപ്പോൾ ഒരു വയറു വേദന വന്നു.. അങ്ങനെ ആദിയെ പെട്ടെന്ന് ഹോസ്പിറ്റലിൽ ആക്കി.. അത് പ്രസവ വേദന ആയിരുന്നു.. സ്കാനിംഗ് നടത്തിയപ്പോൾ കുഞ്ഞിന് അനക്കം ഇല്ലെന്ന് കണ്ടു.. വേഗം സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു..കാരണം താമസിക്കും തോറും ആദിയുടെ കണ്ടീഷൻ മോശമായി കൊണ്ടേ ഇരുന്നു… അവസാനം സിസേറിയൻ കഴിഞ്ഞു കുഞ്ഞിനെ എടുത്തപ്പോൾ അത് മരിച്ചു കഴിഞ്ഞിരുന്നു…!! അന്ന് മുതൽ ഉള്ള വേദനയാണ്… കാത്തിരിപ്പാണ്… ആക്ഷേപങ്ങളും കുത്ത് വാക്കുകളുമാണ്.. നീണ്ട പത്തു വർഷങ്ങൾ….!!

“ടോ തനിക്കു ഡേറ്റ് തെറ്റിയിട്ട് ഇപ്പോൾ എത്ര ദിവസം ആയി..” അവളെ തട്ടി വിളിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു…

“രണ്ടു ദിവസം…”ഓർമയിൽ നിന്ന് പിന്തിരിഞ്ഞു ആദി വിരസതയോടെ പറഞ്ഞു..

“എങ്കിൽ ഞാൻ പോയി ഒരു കിറ്റ് വാങ്ങട്ടെ.. നമുക്ക് നോക്കിയാലോ ” വിഷ്ണു അവളെ നെഞ്ചിൽ നിന്ന് പിടിച്ചു എണീപ്പിച്ചു കൊണ്ട് ചോദിച്ചു..

“വേണോ ഏട്ടാ… കുറച്ചു ദിവസം കൂടി നോക്കാം..ചിലപ്പോൾ മരുന്നിന്റെ ഒക്കെ എഫക്ട് കൊണ്ട് മുന്നത്തെ പോലെ ലേറ്റ് ആകുന്നത് ആണേൽ..” അവൾ പ്രതീക്ഷ ഇല്ലാതെ പറഞ്ഞു..

“താൻ ഇവിടെ ഇരിക്കു.. ഞാൻ ആ മെഡിക്കൽ ഷോപ്പിൽ പോയിട്ട് ഇപ്പോൾ വരാം.. അമ്മയൊക്കെ വരുന്നതിന് മുൻപ് നമുക് നോക്കാം.. എന്നിട്ട് വേണം ചില തീരുമാനങ്ങൾ എടുക്കാൻ…” എന്തോ ഉറപ്പിച്ച മട്ടിൽ അത് പറഞ്ഞു വിഷ്ണു പുറത്തേക്ക് ബൈക്കും എടുത്തു ഇറങ്ങി…

ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പുറത്തു വിഷ്ണുവിന്റെ ബൈക്കിന്റെ ശബ്ദം കേട്ടു ആദി പുറത്തേക്ക് വന്നു.. വിഷ്ണു ഇറങ്ങി കയ്യിൽ കരുതിയ കവർ ആദിയുടെ കൈകളിൽ വച്ചു കൊടുത്തു.. ആ മുഖത്തു അപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു പ്രതീക്ഷയുടെ.. എന്നാൽ ആദിയുടെ മുഖത്തു നിഴലിച്ചത് ആശങ്ക മാത്രം ആയിരുന്നു…

മുറിയിലെ ബാത്‌റൂമിൽ കയറി ആദി.. ആ നിമിഷം ശ്വാസം അടക്കി പിടിച്ചു സകല ദൈവങ്ങളെയും വിളിച്ചു പുറത്തു കാത്തു നിൽക്കുക ആയിരുന്നു വിഷ്ണു..ബാത്റൂമിന്റെ വാതിൽ തുറന്നു വന്ന ആദിയുടെ മുഖത്തു സന്തോഷം ഒന്നുമില്ല എന്ന് കണ്ടപ്പോൾ വിഷ്ണുവിന് മനസിലായി ഇത്തവണയും റിസൾട്ട്‌ നെഗറ്റീവ് ആണെന്ന്..എങ്കിലും അയാൾ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

“സാരമില്ലടോ പൊട്ടെ.. താൻ പറയുമ്പോലെ പ്രസവിച്ചാലെ അമ്മ ആകു..??ജന്മം കൊടുത്താലേ അച്ഛൻ ആകു??അങ്ങനെ ഒന്നുമില്ലല്ലോ…ഇനിയിപ്പോൾ നമുക്ക് ഒരു കുഞ്ഞു ഉണ്ടായാലും ഇല്ലേലും നിനക്ക് ഞാനും എനിക്കു നീയും ഉണ്ടല്ലോ…അത് മതി…” അവളുടെ നെറുകയിൽ അത് പറഞ്ഞു വിഷ്ണു ചുംബനം നൽകുമ്പോൾ ആദി പതിയെ പറഞ്ഞു…

“വിഷ്ണുവേട്ട… റിസൾട്ട്‌ ഞാൻ പറഞ്ഞില്ല… ദേ നോക്കെ വിഷ്ണുവേട്ടന് ഒരു കുഞ്ഞിനെ തരാൻ ഈ ആദിക്കും പറ്റും… നമ്മൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നു…” അത്‌ പറഞ്ഞു പ്രെഗ്നൻസി കാർഡ് വിഷ്ണുവിന്റെ നേരെ നീട്ടി ഒരു കുസൃതി ചിരിയോടെ പറഞ്ഞു ആദി… പറഞ്ഞത് എത്രത്തോളം കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആണെന്ന് വിഷ്ണു അവളെ തുരുതുരെ ചുംബിച്ചപ്പോൾ തന്നെ ആദിക്ക് മനസിലായി…

പെട്ടെന്ന് ആണ് എവിടെ നിന്നോ അവൾക്ക് ഒക്കാനം വന്നത്.. അവൾ വേഗം വിഷ്ണുവിനെ തള്ളി മാറ്റി വീടിന്റെ വരാന്തയിൽ താങ്ങി പുറത്തേക്ക് ശർദിച്ചു.. അത് കണ്ടു കൊണ്ടാണ് വിഷ്ണുവിന്റെ അമ്മ തങ്കം കയറി വന്നത്..

“അശ്രീകരം.. രാവിലെ കണ്ണിൽ കണ്ടത് വലിച്ചു കയറ്റി മുറ്റം മൊത്തം വൃത്തികേട് ആക്കിക്കോണം.. മച്ചി…” അവരുടെ വാക്കുകളിലെ വെറുപ്പും അവജ്ഞയും കേട്ട് കൊണ്ടാണ് മുറിയിൽ നിന്ന് വിഷ്ണു ഇറങ്ങി വന്നത്…

“ശരിയാണ് അമ്മേ അവൾ രാവിലെ കഴിച്ച ചോറിനും രസത്തിനും ഒപ്പം ഇത്രയും നാളും മറ്റൊന്ന് കൂടി അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.. മച്ചി എന്നുള്ള ആ വിളി…ദേ ഇപ്പോൾ രസകൂട്ടുകള്‍ക്കൊപ്പം മച്ചി എന്ന പദത്തെയും ഒരു വര്‍ദ്ദിച്ച ഓക്കാനത്തോടെ അവള്‍ ചര്‍ദ്ദിച്ചു വെളിയില്‍ കളഞ്ഞിരിക്കുന്നു… ഒന്നൂടി വ്യക്തമായി പറഞ്ഞാൽ അവൾ അമ്മ ആകാൻ പോകുന്നു എന്ന്…”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ തങ്കം തറഞ്ഞു നിന്ന് പോയി..ചടങ്ങു കഴിഞ്ഞു വീട്ടിലേക്ക് വന്ന തന്റെ പെണ്മക്കളോട് ആദി ഗർഭിണി ആണെന്നുള്ള കാര്യം അവർ പറഞ്ഞു.. പുറമെ സന്തോഷം നടിച്ചു എങ്കിലും അവരുടെ ഉള്ളിൽ കുശുമ്പും കുന്നായ്മയും മാത്രം ആയിരുന്നു.. കാരണം തങ്ങളിലേക്ക് വന്നു ചേരേണ്ട സഹോദരന്റെ സ്വത്തു വകകൾക്ക് ഇതാ പുതിയ ഒരു അവകാശി വന്നിരിക്കുന്നു… എങ്ങനെ എങ്കിലും അതിനെ നശിപ്പിച്ചു കളയണം എന്നൊരു ഗൂഢ ചിന്ത അമ്മയിലും പെണ്മക്കളിലും ഒരു പോലെ ഉണ്ടായി.. പക്ഷേ അത് മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണ് വിഷ്ണു അന്ന് തന്നെ അവരോട് യാത്ര പറഞ്ഞു ആദിയെയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചത്..

കുറെയേറെ വിഷ്ണുവിന്റെ അമ്മ അവരെ ഒപ്പം നിർത്താൻ വേണ്ടി ശ്രെമിച്ചു നോക്കി എങ്കിലും പെട്ടെന്ന് ഉണ്ടായ അവരുടെ സ്നേഹത്തിന്റെ ദുരുദ്ദേശം വിഷ്ണു വെട്ടി തുറന്നു ചോദിച്ചതോട് കൂടി അവരുടെ വാ മൂടി കെട്ടിയ അവസ്ഥ ആയി..

അവളുടെ വീട്ടിലേക്കു എന്ന് പറഞ്ഞു ഇറങ്ങിയത് ആണെങ്കിലും വിഷ്ണുവിന്റെ സുഹൃത്തു അനിലിന്റെ ഒഴിഞ്ഞു കിടന്ന വീട്ടിലേക്ക് ആയിരുന്നു അവർ പോയത്..വാടക ഒന്നുമില്ലാതെ അവിടെ വിഷ്ണുവിന് ഇഷ്ട്ടമുള്ള കാലം വരെ താമസിക്കാൻ അനിൽ അനുവാദം കൊടുത്തു… കാരണം ചികിത്സയുടെ പേരിൽ തന്നെ വിഷ്ണുവിന്റെ സമ്പാദ്യം എല്ലാ തീർന്നു കഴിഞ്ഞിരുന്നു എന്ന് അനിലിന് അറിയാം ആയിരുന്നു..

എല്ലാം ആ വീട്ടിൽ തന്നെ ഉണ്ടായത് കൊണ്ട് പലചരക്കു സാധനം അത്യാവശ്യം ചില പാത്രങ്ങളും മാത്രം വാങ്ങി അന്ന് തന്നെ അവർ രണ്ടാളും അവിടെ താമസമാക്കി… അവരുടെ മാത്രം ലോകം അന്ന് അവിടെ തുടങ്ങുക ആയിരുന്നു.. ഇനിയുള്ള മാസങ്ങളിൽ അങ്ങോട്ട് ആദിക്ക് ടെൻഷനും വിഷമങ്ങളും ഉണ്ടാകരുത് എന്ന് കരുതി ഇനിയും ഒരു കുഞ്ഞു ജീവൻ നഷ്ടം ആകരുത് എന്ന് കരുതി തന്നെ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം വിഷ്ണു എടുത്തത്…

അത്താഴം കഴിഞ്ഞു അവർ നേരത്തെ കിടന്നു പിറ്റേന്ന് ആശുപത്രിയിൽ പോകേണ്ടത് കൊണ്ട്…വിഷ്ണുവിന്റെ നെഞ്ചിൽ തലവച്ചു ഉറങ്ങിയ തണുപ്പുള്ള ആ രാത്രി ആദി ഒരു സ്വപ്നം കണ്ടു..

ഇരുട്ടത്തു ഒരു കുന്നിന്റെ മുകളിൽ നിൽക്കുകയാണ് ആദി..പെട്ടെന്ന് അവിടെ ദൈവത്തെ പോലെയുള്ള ഒരാൾ പ്രത്യക്ഷപെട്ടു… അയാൾ ആകാശത്തു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളിൽ നിന്ന് ഒരു നക്ഷത്രത്തെ കൈ നീട്ടി പറിച്ചു എടുത്തു.. എന്നിട്ട് അത് ആദിയുടെ ദേഹത്തേക്ക് എറിഞ്ഞു കൊടുത്തു..അത്‌ അവളുടെ വയറ്റിൽ പറ്റി പിടിച്ചു കിടന്നു തിളങ്ങി… പിന്നെ വേഗം അപ്രത്യക്ഷമായി… അവൾ മുന്നിലേക്ക് നോക്കുമ്പോൾ അയാളും അവിടെ നിന്ന് മാഞ്ഞു പോയിരുന്നു…

പിറ്റേന്ന് നേരം വെളുത്തപ്പോൾ ആദി താൻ കണ്ട ഈ വിചിത്രമായ സ്വപ്നം വിഷ്ണുവിനോട് പറഞ്ഞു… അതിന് അയാൾ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു..

“നമ്മുടെ പ്രാർത്ഥന കേട്ട് ദൈവം തന്നെ പ്രശ്നത്തിൽ ആയി കാണും.. പുള്ളിക്ക് തന്നെ നാണക്കേട് തോന്നി ആകും ആകാശത്തു നിന്ന് ഒരു നക്ഷത്രത്തെ പറിച്ചു നിന്റെ ഈ കുഞ്ഞു വയറ്റിൽ ഒളിപ്പിച്ചു വയ്കാം എന്ന് കരുതിയത്…” അത് പറഞ്ഞു വിഷ്ണു അവളുടെ വയറ്റിൽ അമർത്തി ചുംബിച്ചു…

ആശുപത്രിയിൽ ചെന്നു സ്കാനിംഗ് നടത്തിയപ്പോൾ അല്ലേ രണ്ടാളും ശരിക്കും ഞെട്ടിയത്..ദൈവം ഒരു നക്ഷത്രത്തെ ആദിയുടെ വയറ്റിൽ നിക്ഷേപിച്ചപ്പോൾ പുള്ളിക്ക് ചെറുതായ് ഒന്ന് കണക്ക് പിഴച്ചു… ഇതിപ്പോൾ ഒന്നല്ല മൂന്നു പേരാണ് ആദിയുടെ വയറ്റിൽ ഉള്ളത് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ രണ്ടു പേരുടെയും മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..നല്ലത് പോലെ ശ്രെദ്ധിക്കണം എന്ന് പ്രത്യേകം ഡോക്ടർ പറഞ്ഞു ഏൽപ്പിച്ചിരുന്നു..

അത്‌ കൊണ്ട് തന്നെ ആദിയുടെ അമ്മ അന്ന് മുതൽ അവർക്കൊപ്പം നിൽക്കാൻ തുടങ്ങി..മാസങ്ങൾ പോകെ പോകെ ആദിയുടെ ആലസ്യവും ക്ഷീണവും കൂടി വന്നു കൊണ്ടേ ഇരുന്നു..വയറിനു ക്രമാതീതമായ വളർച്ചയും…

ഏഴാം മാസത്തിലെ ചടങ്ങുകൾ വിഷ്ണുവിന്റെ വീട്ടിൽ വച്ചു തന്നെ നടത്തണമെന്നു അയാളുടെ അമ്മ വന്നു ആദിയോട് കേണ് പറഞ്ഞപ്പോൾ അവൾ വിഷ്ണുവിനെ കൂട്ടി ആ വീട്ടിലേക്ക് പോയി..അവളെ വിളിച്ചു കൊണ്ട് പോകാനും ഏഴു കൂട്ടം പലഹാരങ്ങൾ നിറച്ച പൊതികളുമായി ആദിയുടെ വീട്ടുകാർ വന്നു… ചടങ്ങുകൾ കഴിഞ്ഞു ഇറങ്ങാൻ നേരം ആദിയുടെയും വിഷ്ണുവിന്റെയും കണ്ണുകൾ നിറഞ്ഞു ഒഴുകി…കാരണം ഇനി മുതൽ ആദി അവളുടെ വീട്ടിൽ ആയത് കൊണ്ട് തന്നെ.. എങ്കിലും എന്നും വന്നു കാണാം എന്നുള്ള ഉറപ്പിൽ അവൾ യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി..

അവിടുന്നു പോയി ആറു ദിവസം കഴിഞ്ഞു രാത്രി ആയപ്പോൾ വിഷ്ണുവിന്റെ ഫോണിലേക്ക് ഒരു ഫോൺ ആദിയുടെ വീട്ടിൽ നിന്ന് വരുന്നത് ആദിയെ പെയിൻ കൂടി ആശുപത്രിയിൽ കൊണ്ട് പോകാൻ പോകുക ആണ് വേഗം ആശുപത്രിയിൽ എത്താൻ ആയി പറഞ്ഞു ആദിയുടെ അച്ഛൻ ഫോൺ വച്ചു…

വിഷ്ണുവിന്റെ ബൈക്ക് ആ ഇരുട്ടിനേയും ഒപ്പം ഉണ്ടായിരുന്ന ചാറ്റൽ മഴയെയും വകഞ്ഞു മാറ്റി വേഗത്തിൽ കുതിച്ചു… അവൻ ചെന്നു കയറുമ്പോൾ ലേബർ റൂമിൽ ആദിയുടെ ആ വലിയ വയറിനു മുകളിൽ കത്തി വയ്ക്കാൻ ഉള്ള ശ്രെമം തുടങ്ങാൻ പോകുക ആയിരുന്നു ഡോക്ടഴ്‌സ്… അവനെ കണ്ടതും ആദിയുടെ മുഖത്തെ ആശങ്ക സന്തോഷം ആയി മാറി… അവളുടെ കൈകളിൽ പിടിച്ചു ഒന്നുമില്ല ധൈര്യമായി ഇരിക്കണം എന്ന് പറഞ്ഞു വിഷ്ണു.. പിന്നെ അവളുടെ നെറുകയിലും ആ വലിയ വയറിലും മൃദുവായി ചുംബിച്ചു.. അപ്പോളേക്കും അവനോട് പുറത്തു കാത്തു നിൽക്കാൻ പറഞ്ഞു ലേബർ റൂമിന്റെ വാതിലുകൾ അടഞ്ഞു….

ആദി അപ്പോളേക്കും ഒരു വലിയ സ്വപ്നത്തിലേക്ക് വഴുതി വീണു… ആ സ്വപ്നത്തിൽ അവൾ ആരെയോ തിരയുക ആയിരുന്നു…ആ തിരച്ചിലിനൊടുവിൽ അവൾ ഒരു മരച്ചുവട്ടിൽ മൂന്നു കുഞ്ഞുങ്ങളെ കണ്ടു.. രണ്ടു പെൺകുട്ടികളും ഒരു ആൺകുഞ്ഞും.. അവർ നിർത്താതെ കരയുന്നു…പെട്ടെന്ന് അവൾ അറിയാതെ അവളുടെ മാറിടം അവർക്ക് വേണ്ടി നിറഞ്ഞു ഒഴുകി…..

ഒരു നേരിയ വെള്ളത്തുണി വലിച്ചു അവളുടെ മുഖം മറയ്ക്കുമ്പോൾ വിഷ്ണുവിന്റെയും ആദിയുടെ അച്ഛന്റെയും അമ്മയുടെയും കൈകളിൽ ഇരുന്നു രണ്ടു ആൺ കുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞും അമ്മിഞ്ഞയ്ക്ക് വേണ്ടി കരഞ്ഞു കൊണ്ടേ ഇരുന്നു… ആദിയുടെ ആദ്യത്തെ കണ്മണികൾ..!!ആ കരച്ചിൽ കേൾക്കാതെ വിഷ്ണുവിന് കൊടുത്ത വാക്ക് പാലിച്ചു കൊണ്ട് അവൾ ആ കുന്നിൻ മുകളിൽ അപ്പോളും ആരെയോ തിരഞ്ഞു നടക്കുക ആയിരുന്നു…

(അവസാനിച്ചു )

രചന: Veena S

Leave a Reply

Your email address will not be published. Required fields are marked *