ജീവിതത്തിലേക്ക് ഒരിക്കൽ കൂടി വസന്തം വിരുന്നുവന്നു…

Uncategorized

രചന: സജി മാനന്തവാടി

പളുങ്കുപാത്രം.

“എടീ ഈ പ്രാവശ്യം ഒന്ന് ക്ഷമിക്കെടി . ഇനി ഞാൻ കുടിക്കില്ല ഭഗവതിയാണെ സത്യം.”

“എനിക്കൊന്നും കേൾക്കണ്ട . കല്യാണ സമയത്ത് നിങ്ങളും നിങ്ങളുടെ വീട്ടുക്കാരും പറഞ്ഞ ഒരു വാക്കുണ്ട്. പയ്യൻ കുടിക്കില്ല വലിക്കില്ല. ഞങ്ങളെക്കാൾ തറവാട്ട് മഹിമയുമില്ല, കാശുമില്ല എന്നിട്ടും ഞാൻ കഴുത്ത് നീട്ടി തന്നത് നിങ്ങളുടെ സ്വഭാവം നല്ലതാണല്ലോ എന്ന് വിചാരിച്ച് മാത്രമാണ്. ”

” കൂട്ടുക്കാർ നിർബന്ധിച്ചപ്പോൾ ഞാൻ ഒരു കമ്പനിക്ക് വേണ്ടി ഒരു പെഗ് കഴിച്ചു ഇനി അത് ആവർത്തിക്കില്ലെന്ന് പറഞ്ഞില്ലേ? പിന്നെ നീയെന്തിനാ ചെവിയിൽ കയറിയ മൂട്ടയെ പോലെ ശല്യപ്പെടുത്തുന്നത് ?”

“ഇപ്പോ ഇതായോ ഇത്ര വല്യ ശല്യം ? കുടിക്കില്ലെന്ന് വാക്കുതന്നവന് കൂട്ടുക്കാരൊടൊപ്പം കൂടുമ്പോൾ എങ്ങിനെയാണ് കുടിക്കാൻ തോന്നുന്നത് ? ഇങ്ങനെ പോയാൽ കൂട്ടുക്കാർ പറഞ്ഞാൽ നിങ്ങൾ എന്നെയും വിൽക്കുമല്ലോ?”

അനിൽ ചെകിട്ടത്തടിച്ചു കൊണ്ട് അലറി,

” നീയെന്താടീ പറഞ്ഞെ ? ഞാൻ നിന്നെ വിൽക്കുമെന്നോ? നാക്കിന് എല്ലില്ലായെന്ന് കരുതി എന്തുംപറയാമെന്നായോ ?”

സത്യത്തിൽ ചെവിയിയിൽ പൊന്നീച്ച പറന്നു. ഞാനിവിടെ രാവിലെ മുതൽ വൈകുന്നേരം വരെ അനിലിനെ കാത്തിരിക്കുകയാണെന്ന് അവനെന്താ ഓർക്കാത്തത്? പോരാത്തതിന് സുഖമില്ലാതിരിക്കുന്ന ദിവസവും . ആ രാത്രി വീട്ടിൽ ആരും ഭക്ഷണം കഴിച്ചില്ല. ഒരു വാക്കു പോലും മിണ്ടിയില്ല. എന്നെ അടിച്ചതിൽ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. ഇത്രക്കാലത്തിനുള്ളിൽ അമ്മയോ അച്ഛനോ ആരും തന്നെ അടിച്ചിട്ടില്ല. അടിക്കൊള്ളേണ്ട സാഹചര്യവും സൃഷ്ടിക്കാറുമില്ല. ഗാർഹിക പീഢനത്തിൽ ഇത്തരം പ്രവർത്തികൾ വരുമെന്ന് കൂട്ടുക്കാരി സുമക്ക് പലവട്ടം ഉപദേശം കൊടുത്തിട്ടുള്ളവളാണ് താൻ .

പക്ഷെ ഇപ്പോൾ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഞാൻ എന്റെ വീട്ടിലും അനിൽ ജോലി സ്ഥലത്തെ ക്വാർട്ടേഴ്സിലും. അനിൽ അടിച്ചുവെന്ന് അമ്മയോട് മാത്രമെ പറഞ്ഞിരുന്നുള്ളു. പക്ഷെ അമ്മ അച്ഛനോടും ആങ്ങളമാരോടും പറഞ്ഞു. പിറ്റെ ദിവസം ഒരു വണ്ടി നിറയെ ആളുകളെ കണ്ടാണ് ഞങ്ങൾ ഉറക്കമെഴുന്നേറ്റത് . അനിൽ എന്തെങ്കിലും പറയുന്നതിന് മുമ്പ് ആങ്ങളമാരുടെ കൈകൾ അനിലിന്റെ രണ്ട് ചെകിട്ടത്തും ആഞ്ഞുപതിച്ചു. അവൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

“ഈ തെണ്ടിയെ ഞാനൊരു പാഠം പഠിപ്പിക്കുന്നുണ്ട്. ഇവൻ പെങ്ങളെ തല്ലാനായോ? നാളെ തന്നെ ഇവനെതിരെ കേസു കൊടുക്കണം. അവന്റെ ജോലി തെറിപ്പിക്കണം. എങ്കിലെ ഇവനൊക്കെ പഠിക്കു. ചേച്ചിയുടെ സാധനങ്ങളോക്കെ എടുത്തോ ഇവന്റെ കൂടെയുള്ള പൊറുതി ഇന്നത്തോടെ മതി. ” –

അനിയൻ പ്രവീൺ പറയുമ്പോൾ എതിർത്ത് പറയാൻ തോന്നിയില്ല. താൻ ആ പടിയിറങ്ങി പോരുമ്പോൾ വീർത്ത മുഖവുമായി അനിൽ നോക്കി നിൽക്കുന്നത് വളരെ വ്യക്തമായി കണ്ടിരുന്നു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. വിവാഹമോചനത്തിന് തയ്യാറായിക്കോള്ളാൻ അച്ഛൻ പറഞ്ഞെങ്കിലും ഞാൻ തയ്യാറായിരുന്നില്ല. കുറച്ച് ദിവസം കഴിയുമ്പോൾ അനിൽ വിളിക്കാൻ വരുമെന്നാണ് കരുതിയത്. ഒരു ഫോൺ കോളെങ്കിലും പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. അനിലിനെ കണ്ടിട്ട് മാസങ്ങൾ കഴിഞ്ഞു .

ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്ത്മിച്ചത് അനിയന്റെ വിവാഹത്തോടെയായിരുന്നു. വീട്ടിലെ അടിച്ചു തളിക്കാരിയാകാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല.

” അച്ഛാ എനിക്ക് പഠിക്കണം. അതും ഹോസ്റ്റലിൽ നിന്ന് പഠിക്കണം. എന്റെ ഭാരമൊഴിവാക്കാൻ പതിനെട്ട് വയസു പൂർത്തിയാവാൻ നിങ്ങൾ കാത്തിരിക്കുകയായിരുന്നല്ലോ. ഞാൻ പല തവണ പറഞ്ഞതല്ലേ എനിക്ക് കല്യാണം വേണ്ടെന്ന് . നിങ്ങൾക്കായിരുന്നല്ലോ നിർബന്ധം . നിങ്ങൾ പഠിക്കാൻ പോകാൻ എന്നെ വിടുന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്നിട്ട് അതിന് കാരണക്കാർ എന്റെ അച്ഛനും പൊന്നാങ്ങളാ മാരുമാണെന്ന് എഴുതി വെക്കും ”

” നിനക്ക് പഠിക്കാൻ പോകണം അത്രയല്ലേയുള്ളു. അതിന് ആത്മഹത്യ ചെയ്യെണ്ട കാര്യമില്ലല്ലോ. ഞാൻ തന്നെ നിന്റെ അമ്മയോട് നിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്ന് പറഞ്ഞിരുന്നു. പെൺകുട്ടികളെ കല്യാണം കഴിച്ച് വിട്ട് ശല്യമൊഴിവാക്കാൻ ചെയ്തതല്ല. നിന്റെ പുറകെയൊരുത്തൻ നിന്നെ കെട്ടണമെന്ന് പറഞ്ഞ് ശല്യം ചെയ്തിരുന്നില്ലേ ? അവനെ പോലെയൊരു മനോരോഗിയിൽ നിന്ന് രക്ഷിക്കാനാ ഞാൻ കല്യാണത്തിന് സമ്മതിച്ചത്. ഏതായാലും നിന്റെ വിവാഹത്തോടെ അവൻ നിന്നെ വിട്ട് മറ്റൊരു കുട്ടിയുടെ പുറകെ പോയി എന്നിട്ടോ കഴിഞ്ഞ ദിവസം അവളേയും കൊന്ന് അവൻ ആത്മഹത്യ ചെയ്തു. മോള് നാളെ തന്നെ ഡിഗ്രിക്കുള്ള അപേക്ഷ കൊടുത്തേക്ക് ”

“ഞാൻ ഡിഗ്രിക്ക് ചേരുന്നില്ല എനിക്ക് നഴ്സിങ്ങിന് ചേർന്നാൽ മതി. ”

” എന്നാ മോളെ BSc നഴ്സിങ്ങിന് LBS വഴി അപേക്ഷിച്ചാൽ മതി. Plus two വിന് ഫുൾ മാർക്കുള്ളതുകൊണ്ട് കിട്ടാതിരിക്കില്ല. ”

ജീവിതത്തിലേക്ക് ഒരിക്കൽ കൂടി വസന്തം വിരുന്നുവന്നു. രോഗികൾക്ക് പലപ്പോഴും മകളായും അനിയത്തിയായും അമ്മയായും മാറി. താൻ വിവാഹിതയാണെന്ന് വളരെ കുറച്ച് പേർക്കു മാത്രമേ അറിയാമായിരുന്നുള്ളു.

അപ്പോഴും അനിൽ മനസ്സിന്റെ ശ്രീകോവിലിൽ ഒരു മൂർത്തിയായി നിലനിന്നിരുന്നു. എന്നിരുന്നാലും പിന്നീട് ഒരിക്കൽ പോലും അനിലിനെ കാണാത്തത് അത്ഭുതപ്പെടുത്തി. അച്ഛനെയും അമ്മയേയും ഇടക്ക് വിഡിയോ കോൾ വഴി വിളിച്ച് സുഖ വിവരങ്ങൾ ചോദിക്കും പണം ആവശ്യമുണ്ടോയെന്ന് ചോദിക്കും. എങ്കിലും വീട്ടിൽ പോകണമെന്ന് തോന്നാറില്ല. ആശുപത്രിയും ഹോസ്റ്റലും ആ വൃത്തപരിധിക്കുള്ളിലായി ജീവിതം . അതിൽ സന്തോഷം കണ്ടെത്തുകയായിരുന്നു. ആരോരുമില്ലാത്തവർ സർക്കാർ ആശുപത്രിയിൽ ശരണം പ്രാപിക്കുമ്പോൾ പലപ്പോഴും അവരുടെ അടുത്ത ബന്ധുവാണ് താനെന്ന് പറയാൻ ഒട്ടും വിഷമം തോന്നിയിട്ടില്ല. അവർ സന്തോഷത്തോടെ പോകുമ്പോൾ കണ്ണുനിറയാറുണ്ട്. എന്തിനാണ് ഞാൻ കരയുന്നത് ശരിക്കും ഞാൻ ചിരിക്കുകയല്ലേ വേണ്ടത് ? രോഗികൾ സുഖപ്പെടുമ്പോഴല്ലേ അവരെ ചികിത്സിക്കുന്ന വർ ചിരിക്കേണ്ടത് ? പക്ഷെ കുറച്ച് ദിവസം അവരെ ശ്രശ്രൂഷിക്കുമ്പോൾ അവരൊക്കെ തന്റെ ആരോ ആണെന്ന് തോന്നാറുണ്ട്. പലർക്കും വേണ്ടത് ഒരാശ്വാസ വാക്ക് മാത്രമായിരിക്കും.

ഒരു ദിവസം വയറുവേദനയുമായി വന്ന അനിലിനെ കണ്ടത്. അന്ന് പേ വാർഡിലായിരുന്നു ഡ്യുട്ടി . ഒരു സന്യാസിയെ പോലെ വെളുത്ത്നീണ്ട താടിയുമായി വന്ന രോഗിയെ കണ്ടപ്പോൾ തന്നെ അത് അനിലാണെന്ന് മനസ്സിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല. നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ ഉരുൾ പൊട്ടലിലെന്നവണ്ണം താഴേക്ക് കുതിച്ചൊഴുകി.

“സിസ്റ്ററെ എന്നെയൊന്നു കൊന്നു തരാമോ ? എനിക്കിവേദന സഹിക്കാൻ പറ്റുന്നില്ല. അല്ലെങ്കിലും ഞാനിനി ജീവിച്ചിട്ടെന്ത് പ്രയോജനം ?”

അനിലിന്റെ മൂർദ്ധാവിൽ വിരലോടിക്കുമ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു

” സിസ്റ്റർ എന്റെ ശ്രുതിയാണോ ? സിസ്റ്ററെ അവൾ പോയതിന് ശേഷം എന്റെ ജീവിതം അപശ്രുതിയാണ് ”

ഉത്തരം പറഞ്ഞില്ല.

അയാളെ കുറിച്ചറിയാൻ തിടുക്കമായി. അയാൾ വിവാഹിതനാണോ ? കുട്ടികളുണ്ടോ ? ഭാര്യ സുന്ദരിയാണോ?”

അനിലിന് തന്നെ മനസ്സിലായില്ലെന്ന് അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു. നഴ്സിന്റെ യൂണിഫോമും മാസ്കും ഒരു ഒരനുഗ്രഹമാണെന്ന് തോന്നി. പിന്നീട് അനിലിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. അയാൾ പിന്നിട് വിവാഹം കഴിച്ചില്ലെന്നും ഒരു സ്വാത്വീകനെ പോലെ ജീവിതം നയിക്കുകയാണെന്നും അയാളുടെ വൃക്ക രണ്ടും തകറായിരിക്കുകയണെന്നും ഉടനെ കിഡിനി ട്രാൻസ്പ്ലാന്റേഷൻ നടത്തിയില്ലെങ്കിൽ അയാൾ മരിക്കുമെന്നും അറിഞ്ഞു.

വേണമെങ്കിൽ തന്റെ കിഡ്നി അനിലിന് യോജിക്കുമെങ്കിൽ കൊടുത്ത് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം. അല്ലെങ്കിൽ അയാൾ മരണത്തിന് കീഴടങ്ങുന്നത് കണ്ടു നിൽക്കാം. അനിലിനോടുള്ള ദേഷ്യം എന്നോ വിട പറഞ്ഞു പോയതാണ്. ഇനി അനിലിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണം. തന്റെ വൃക്ക പകുത്തു നൽകുമ്പോൾ അനിലിനെ പഴയ ആരോഗ്യത്തിലേക്ക് മാത്രമല്ല ജീവിതത്തിലേക്കും കൂടി മടക്കിക്കൊണ്ടു വരികയായിരുന്നു.

“ദാമ്പത്യം ഒരു പളുങ്ക് പാത്രമാണ്. പൊട്ടിക്കാൻ എളുപ്പം. പൊട്ടാത്തിരിക്കാൻ രണ്ടു പേരും നോക്കണം അല്ലേ ശ്രുതി ? എനിക്ക് തെറ്റുപറ്റി. ഞാനൊരിക്കലും നിന്നെ തല്ലാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കില്ലേ ?”

അനിലിന്റെ നെഞ്ചിൽ തല ചായിച്ച് പറഞ്ഞു “എന്റെ ഭാഗത്തും തെറ്റുണ്ടായി. ഇനി അതെല്ലാം മറക്കാം. ചിലതൊക്കെ മറക്കാനാണ് നമ്മുക്ക് മറവി ഈശ്വൻ നൽക്കിയത്. ”

ഇത് കേട്ടപ്പോൾ അനിലിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. അപ്പോൾ മാനത്ത് അമ്പിളിക്കല തേങ്ങപ്പൂളുപോലെ അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

രചന: സജി മാനന്തവാടി

Leave a Reply

Your email address will not be published. Required fields are marked *