അല്ലെങ്കിലും തേക്കാൻ നിന്നെ കഴിഞ്ഞേ വേറെ പെണ്ണുള്ളു…

Uncategorized

രചന: Aneesh pt

നിങ്ങളെങ്ങോട്ട ഈ പാതിരാത്രിയിൽ ” ഈ ഷർട്ടും മുണ്ടും തേക്കണത് ?

നാളെ വെളുപ്പിന് ഗുരുവായൂർ പോകണം. ഇപ്പൊ തേച്ചു വെച്ചാൽ രാവിലെ വെറുതെ മെനക്കെടണ്ടല്ലോ എന്നുകരുതി.

നിങ്ങള് ‘ ഗുരുവായൂർ പോകുന്നെന്നോ.

പിന്നെ ഗുരുവായൂർ ഇങ്ങോട്ടു വരുമോ.

അപ്പൊ ഞാൻ വരണ്ടേ? എന്നോട് ഒരു വാക്ക് കൂടി മിണ്ടിയില്ലല്ലോ.

അവൾ മുഖം വീർപ്പിച്ചു.

നിന്നെ ഇനി മേലാൽ ഗുരുവായൂർ തൊഴാൻ കൊണ്ടുപോകില്ലെന്നു ഞാൻ തീരുമാനിച്ചു.

അത് നിങ്ങള് മാത്രം തീരുമാനിച്ചാൽ മതിയോ. എനിക്കും ഗുരുവായൂർ വരണം.

ആരെ കാണാൻ?. ഞാൻ വിട്ടുകൊടുത്തില്ല.

എന്റെ കണ്ണനെ കാണുവാൻ.

കഴിഞ്ഞ തവണ ഗുരുവായൂർ പോയപ്പോൾ കാട്ടികൂട്ടിയതൊന്നും ഞാൻ മറന്നട്ടില്ല?

എന്ത് കാട്ടിയെന്ന നിങ്ങളി പറയുന്നത്.

തൊഴാനായി ക്യുവിൽ നിക്കുമ്പോൾ ദേ “പൃഥ്വിരാജ് ‘വരുന്നെന്നും പറഞ്ഞു നീ ക്യുവിൽ നിന്നും ഇറങ്ങിയോടി. എന്നിട്ടവസാനം ഉള്ള ക്യുവിലെ സ്ഥാനവും പോയി, ഏറ്റവും അവസാനം പോയി നിക്കേണ്ടിയും വന്നു. അന്ന് ഞാൻ തീരുമാനിച്ചതാ നിന്നെ ഇനി മേലാൽ ഗുരുവായൂർ കൊണ്ടുപോകില്ലെന്നു.

അത് പിന്നെ ഏട്ടനറിയാലോ ഞാൻ വലിയ പൃഥ്വിരാജ് ‘ഫാനാണെന്ന്. പൃഥ്വിയെ കണ്ട എക്സൈറ്റ്മെന്റിൽ ഞാൻ ഇറങ്ങിയോടിയത് അല്ലെ.

അന്ന് വേറെ എത്ര പെണ്ണുങ്ങൾ ഉണ്ടാരുന്നേടി ആ ക്യുവിൽ, എന്നിട്ട് നീ അല്ലെ ദേ പൃഥ്വിരാജ് എന്നും പറഞ്ഞു ഇറങ്ങിയോടിയത്.

നിന്റെ ഓട്ടം കണ്ടു എല്ലാരും എന്നെ നോക്കിയാ ചിരിച്ചത് വിധു ‘ അന്നെൻറെ തൊലിയുരിഞ്ഞു പോയി .

അതെ നിങ്ങള് കൂടുതലൊന്നും പറയണ്ടാ. തൊലിയുരിഞ്ഞ കഥ പറയാനാണെ എനിക്കുമുണ്ട് പറയാൻ.

കഴിഞ്ഞേന്റെ മുൻപത്തെ തവണ ഗുരുവായൂർ പോയപ്പോൾ ക്യുവിൽ നിന്ന നിങ്ങൾ എനിക്കു തലകറങ്ങുന്നു ഞാൻ ഒരു ഉപ്പു സോഡാ കുടിച്ചിട്ടു വരാമെന്നും പറഞ്ഞു എന്നെ ക്യുവിൽ ഒറ്റയ്ക്ക് നിർത്തിയിട്ടു പോയത് ഓർക്കുന്നില്ലേ?

അതു പിന്നെ തല കറങ്ങിയിട്ടല്ലേ വിധു ‘

തലയല്ല നിങ്ങടെ മനസാണ് കറങ്ങിയത്.

ഉപ്പു സോഡാ കുടിക്കാൻ പോയ ആളു മണിക്കൂറു രണ്ടായിട്ടും മടങ്ങി വന്നില്ല. എന്നിട്ട് ഞാൻ വന്നു നോക്കുമ്പോൾ നിങ്ങള് മുന്നിലെ ക്യുവിൽ പോയി നിന്നിട്ടു അവളുമായി ശൃംഗരിച്ചു നിക്കുന്നു.

അതു പിന്നെ ഞാൻ ഉപ്പുസോഡ കുടിക്കാൻ പോയപ്പോൾ പഴയ ഒരു ക്ലാസ്സ്‌മേറ്റിനെ കണ്ട സന്തോഷത്തിൽ ‘”

രണ്ടു മണിക്കൂറായി ക്യുവിൽ നിൽക്കുന്ന എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം നിങ്ങൾ കൊണ്ടുവന്നു തന്നോ, എന്നിട്ടവൾക്കു കൊക്കോകോള മേടിച്ചു കൊടുക്കുന്നു.

അതു പിന്നെ വിധു ഞാൻ തലകറങ്ങി ഉപ്പു സോഡാ കുടിക്കാൻ പോയപ്പോൾ നിനക്കു തന്നെ ആണ് കോള മേടിച്ചത്.

എനിക്കപ്പോഴേ തോന്നി നിങ്ങളുടെ ഉപ്പുസോഡയും, തലകറക്കവും എല്ലാം ഒരു നാടകമായിരുന്നു.

കൂടുതലൊന്നും എനിക്കവളോടു പറയാൻ തോന്നിയില്ല. കണ്ട പെണ്ണ് പഴയ കാമുകിയാണെന്നു കൂടിയറിഞ്ഞാൽ രംഗം ഒന്നുകൂടി വഷളാകും.

എനിക്കുറങ്ങണം, നാളെ വെളുപ്പിനു പോകാനുള്ളതാ. ഞാനൊന്നു കലിപ്പിട്ടു.

എനിക്കു തേക്കണം ‘”

അവളൊരു സെറ്റുസാരിയും പൊക്കിക്കൊണ്ട് വന്നു.

ആ തേച്ചോ ‘” അല്ലെങ്കിലും തേക്കാൻ നിന്നെ കഴിഞ്ഞേ വേറെ പെണ്ണുള്ളു. ഞാൻ കിടന്നുകൊണ്ട് ഒന്ന് ആത്മഗതം.

എന്തൊരു ഉഷ്ണം ഒരു ഉപ്പിട്ടൊരു സോഡാ നാരങ്ങാവെള്ളം കിട്ടിയിരുന്നെങ്കിൽ. അവളും ആത്മഗതം.

സാരി തേച്ചു അവൾ ബെഡിൽ എന്റെ അരികത്തായി വന്നു മുട്ടി കിടന്നു.

ഇങ്ങനെ മുട്ടി കിടക്കാതെ കുറച്ചു നീങ്ങി കിടന്നോ.

നിങ്ങള് ഗുരുവായൂർക്കല്ലേ പോകുന്നത്. അല്ലാതെ ശബരിമലക്കല്ലല്ലോ.

ഇവൾ വിടാൻ ഭാവമില്ലല്ലോ. വെളുപ്പിനെ എഴുനേൽക്കാനുള്ളത് കൊണ്ടു ഞാൻ കണ്ണടച്ചു കിടന്നു.

ചെവി അടിച്ചു പോകുന്ന ഉച്ചത്തിൽ അലാറം കേട്ടു കൊണ്ടാണ് കണ്ണു തുറന്നത്. കയ്യെത്തിച്ചു അലാറം ഓഫാക്കി നോക്കുമ്പോൾ മണി അഞ്ചായിരിക്കുന്നു.

തൊട്ടപ്പുറത്തു അവൾ വെട്ടിയിട്ട ചക്ക പോലെ കിടക്കുന്നു. ഉറങ്ങട്ടെ ശവം, നേരം വൈകി എഴുന്നേറ്റാൽ ചിലപ്പോൾ അവളെന്റെ കൂടെ വരാൻ കൂട്ടാക്കില്ല. ഞാൻ ഒച്ചയുണ്ടാക്കാതെ പതിയെ മുറിയിൽ നിന്നും പുറത്തിറങ്ങി.

പതിവ് സൂര്യ നമസ്‌കാരത്തിനായി ഞാൻ മുറ്റത്തേക്കിറങ്ങി, ഇതെന്താ മണി അഞ്ചായിട്ടും നേരം വെളുക്കാത്താത്.

സൂര്യനമസ്കാരം കഴിഞ്ഞു അകത്തേക്കു കയറിയപ്പോൾ അവൾ തോർത്തും സോപ്പുമെടുത് കുളിക്കാനായി കയറി പോകുന്നത് കണ്ടു.

ശെടാ, ഇവളിതെപ്പോ എണിറ്റു. ഇനി ഒരു ഒന്നര മണിക്കൂറത്തേക്കു നോക്കേണ്ട. ഒരു കട്ടനും കൊണ്ടു ഞാൻ വീണ്ടും മുറ്റത്തേക്കിറങ്ങി.

ആകപ്പാടെ ഒരു മഴക്കോള് പോലെ ആണല്ലോ ഇന്നു, വെട്ടം തീരെയില്ല. ഞാൻ ആകാശത്തേക്ക് നോക്കി. മേഘാവൃതമായി ഇരുട്ടടച്ചു നിൽക്കുന്നു.

ദേ മനുഷ്യാ, മുകളിലേക്കു നോക്കി ചുമ്മാ കണ്ണു കളയണ്ടാ. ഇന്നേ സൂര്യ ഗ്രഹണം ആണ്.

അവൾ ഇറയത്തു നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു.

അതല്ലെടി നമ്മുടെ ആ മൂലക്കെ നിക്കുന്ന കപ്പങ്ങ മരത്തിലെ രണ്ടു കപ്പങ്ങ കാണാനില്ല.

ദൈവമേ ആ വവ്വാൽ വീണ്ടും അതു കടിച്ചു താഴെയിട്ടു കാണോ. അവൾ ചാടി മുറ്റത്തെത്തി.നീണ്ടു നിവർന്ന കപ്പങ്ങ മരത്തിലേക്ക് നോക്കി. പോവാണേ ഇനി നിന്റെ കണ്ണും കൂടി പോവട്ടെ, ഇതുപറഞ്ഞു ഞാൻ വേഗം കുളിക്കാനായി അകത്തേക്കു പോയി.

ഒരുക്കമെല്ലാം കഴിഞ്ഞപ്പോഴേക്കും മണി എട്ടായി..

നാളെയെങ്കിലും ഒന്നിറങ്ങോ.

ഒരു പൊട്ടു കൂടിയുള്ളു.

ഈ വട്ടു കേസിനെന്തിനാ ഇനി പൊട്ട്. ഒന്നാത്മഗതം ഇട്ടുകൊണ്ട് കാറിന്റെ ചാവിയുമായി പുറത്തേക്കിറങ്ങി.

കാറിലേക്ക് കേറവേ അപ്പുറത്തെ രഘു ഗേറ്റ് തള്ളി തുറന്നു ഓടി വരുന്നത് കണ്ടു.

ജയേട്ടാ ആ കാറൊന്നു തന്നെ, മ്മടെ ചന്ദ്രേട്ടനെ ദേ ആ വളവിൽ ഒരു ബൈക്കിടിച്ചു തെറിപ്പിച്ചു, പയ്യൻ ഇത്തിരി സ്പീഡ് ആയിരുന്നെ ചോര കുറച്ചു പോയി.

ഓടിവന്നു രഘു കാറിന്റെ താക്കോൽ എടുത്തു കാറുമായി പുറത്തേക്കു പോയി.

പൊട്ടുകുത്തി പുറത്തേക്കു വന്നവൾ രഘു കാറുമായി പോകുന്നത് കണ്ടു ദേഷ്യത്തോടെ എന്നെ നോക്കി.

ചന്ദ്രേട്ടൻ ആക്‌സിഡന്റ് ആയി രഘു ഹോസ്പിറ്റലിൽ കൊണ്ടുപോയതാ ഞാൻ എങ്ങും തൊടാതെ പറഞ്ഞു.

അല്ലെങ്കിലും ഏത് നല്ല കാര്യത്തിന് പോയാലും ഇങ്ങനെ വരൂ. അവൾ പിറുപിറുത്തു.

ഏതായാലും ഗുരുവായൂർ പോക്ക് മുടങ്ങി. ഇനി സൂര്യ ഗ്രഹണം എന്തായി എന്നറിയാൻ ഞാൻ ടിവിയൊന്നു വെച്ച് നോക്കി.

ടീവീ ഓൺ ചെയ്ത വഴി സൂര്യ ടിവിയിൽ ജ്യോതിഷം പരിപാടി.

സൂര്യ ഗ്രഹണം വന്നു പോകുന്നത് കൂടി തൃക്കേട്ട, മൂലം ‘എന്നി നാളുകാർക്ക് ഏത് കാര്യത്തിന് ഇറങ്ങി തിരിച്ചാലും ശുഭമായി ഭവിക്കും.

ഹാളിലിരുന്നു തൃക്കേട്ടയും, മൂലവും പരസ്പരം നോക്കി.

സൂര്യ ഗ്രഹണത്തിനു ശേഷം ചന്ദ്രൻ ഈ രണ്ടു നക്ഷത്രങ്ങിലേക്കും തെന്നി നീങ്ങുന്നത് ആയി കാണാം.

അപ്പോഴേക്കും രഘു കയറ്റിക്കൊണ്ടു പോയ ചന്ദ്രേട്ടനെ രണ്ടു കാലിലും പ്ലാസ്റ്ററിട്ടു അപ്പുറത്തു കൊണ്ടിറക്കുന്നുണ്ടായിരുന്നു.

രചന: Aneesh pt

Leave a Reply

Your email address will not be published. Required fields are marked *