അവൻ അവളുടെ കൈവിരലുകളെ തൊട്ടു കൊണ്ട് പതിയെ എഴുന്നേറ്റു. പക്ഷേ…

Uncategorized

രചന: Dhanya Shamjith

അലൻ…. അലൻ….. നീയിതെന്തെടുക്കുവാ..

തുടരെ തുടരെഡോറിൽ തട്ടി വിളിച്ചിട്ടും മറുപടിയില്ലാതായപ്പോൾ മരിയ ശബ്ദമുയർത്തി…

ഇവനിതെന്താണാവോ അതിനകത്ത് ചെയ്യുന്നേ, ഇപ്പോ തന്നെ നേരം വൈകി, ആളുകളൊക്കെ എത്തിക്കാണും…. സ്വയം പറഞ്ഞു കൊണ്ടവൾ അടഞ്ഞുകിടന്ന വാതിൽക്കൽ വീണ്ടുംതട്ടി…

അലൻ……. ഈ സമയം മുറിയ്കത്ത് അലന്റെ കാതോരം മൃദുവായ ശബ്ദം മുഴങ്ങി….

അലൻ………. അവൾ വിളിക്കുകയായിരുന്നു.

നീയിതെന്തുറക്കമാ, ദേ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താന്ന് മറന്നോ…. ഒന്നെണീറ്റേ…. അലൻ…..

അലയടിച്ചെത്തിയ കുളിർക്കാറ്റുപോലെയാ സ്വരം അവന്റെ ഉള്ളിൽ പതിഞ്ഞതും ചെറുപുഞ്ചിരിയോടെ അവൻ കണ്ണുകൾ തുറന്നു.

കണ്ണു ചിമ്മുന്ന രണ്ട് നക്ഷത്രങ്ങളുടെ തിളക്കമാണ് ആദ്യം കണ്ടത്…. കാല്പാദം വരെ മൂടിയിറങ്ങിയ വെളുത്ത ഗൗണിന്റെ വെൺമയേക്കാൾ തന്നെ നോക്കി ചിരിക്കുന്ന മുല്ലമൊട്ടുകൾക്കാണ് ഭംഗിയെന്ന് അവനു തോന്നി.

വെളുത്ത കൈയ്യുറയാൽ പൊതിഞ്ഞ കൈത്തലം അവനു നേരെനീട്ടി അവൾ പുഞ്ചിരിച്ചു….

വരൂ, അലൻ…..

“ഇനിയ”… മന്ത്രിച്ചു കൊണ്ട് അവൻ അവളുടെ കൈവിരലുകളെ തൊട്ടു കൊണ്ട് പതിയെ എഴുന്നേറ്റു. പക്ഷേ അവന്റെ വിരലുകൾ മുറിയ്ക്കുള്ളിലെ ശൂന്യതയിൽ പരതി നടന്നു പിടി വിട്ടു വീണ കുഞ്ഞെന്ന പോലെ.

ശക്തമായ പ്രഹരമേറ്റിട്ടെന്ന പോലെ പൊടുന്നുടനെ അലൻ ഇരുചെവികളും പൊത്തി നിലത്തേക്കിരുന്നു..

ഒരു കൂട്ടം കടന്നലുകൾ ശിരസ്സിനുള്ളിൽ മൂളിപ്പറക്കുന്ന പോലെ, അസഹൃമായ ശബ്ദത്തിന്റെ പ്രകമ്പനമെന്നവണ്ണം ഇരുവശത്തേക്കും തല വെട്ടിച്ചു കൊണ്ട് അവൻ ഉറക്കെ അലറി….

“നിയ”.. നീണ്ടു ചുരുണ്ട മുടിയും,, വെള്ളാരംക്കല്ലുകൾ പോലുള്ള കണ്ണുകളും, വിടരാൻ വെമ്പുന്നപൂമൊട്ടു പോലെ ചാമ്പയ്ക്കാനിറമുള്ള ചുണ്ടുകളും അവളുടെ മാത്രം പ്രത്യേകതയായിരുന്നു, അതു കൊണ്ടു തന്നെയാണ് ആ ഇരുനിറക്കാരി തന്റെ മനസ്സിന്റെയാഴങ്ങളിലേക്ക് പതിഞ്ഞതും. കൊച്ചേച്ചിയുടെ നിർബന്ധങ്ങളിൽ ഒന്നായ കുർബാന കൂടലുകളിൽ വെറുമൊരു ഡ്രൈവർ മാത്രമായിരുന്നു താൻ. അവിടെ വച്ചാണ് അവളെ ആദ്യം കാണുന്നത്.ആ കാഴ്ചപതിവായപ്പോൾ അതിനു വേണ്ടി മാത്രമായി താൻ പള്ളിമുറ്റത്തെ നിൽപ്പ് അകത്തേക്കാക്കി മാറ്റി. എപ്പഴോ എങ്ങനെയോ അങ്ങോട്ടുമിങ്ങോട്ടുമുള്ളനോട്ടങ്ങൾ തമ്മിൽ പ്രണയത്തിന്റെ മെഴുകുതിരി കത്തിയ്ക്കുവെന്നറിഞ്ഞ നിമിഷം പറയാതെ പറഞ്ഞിരുന്നു അവൾക്കും തന്നോടുള്ള പ്രണയം.

ആദ്യമായ് അവൾക്കു മുന്നിൽ വാക്കുകൾക്കു വേണ്ടി പരതുമ്പോൾ,

“എനിക്കിഷ്ടമാണ് ഇയാളെ, പറ്റിയാ ഒരു മിന്നുമാല എനിക്ക് പണിയിച്ചേക്ക് ”

എന്ന ഒറ്റവാക്കിൽ അവൾ അവളുടെ പ്രണയം മുഴുവൻ നിറച്ചിരുന്നു. ആ നിമിഷം അതായിരുന്നു ഏറ്റവും കൂടുതൽ ആനന്ദിച്ച നിമിഷം.. കുസൃതിച്ചിരിയുമായി നടന്നു മറയുന്ന അവളായിരുന്നു പിന്നെ തന്റെ ലോകം.. കാത്തിരിപ്പുകൾക്ക് കാലങ്ങൾ നൽകാതെ വീട്ടുകാരുമായി പറഞ്ഞുറപ്പിച്ചു താനും അവളും ഒന്നിച്ചുള്ള ലോകം.

പിന്നീടുള്ള ദിനങ്ങൾ ആഘോഷങ്ങളുടേതായിരുന്നു, വിവാഹപർച്ചേസുകൾക്കിടയിൽ കൂടെയുള്ളവരുടെ കണ്ണുവെട്ടിച്ചുള്ള കറക്കവും, കുപ്പിവള കിലുങ്ങും പോലുള്ള അവളുടെ പൊട്ടിച്ചിരിയും ദിവസങ്ങളെ തള്ളി നീക്കി കൊണ്ടിരുന്നു. കാത്തിരുന്ന നാൾ…. വിവാഹ ദിനം, ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി പള്ളിയിലേക്ക് യാത്രയാവുമ്പോൾ മനസ് നിറയെ അവൾ മാത്രമായിരുന്നു… നിയ…

വധുവിനായി കാത്തു നിൽക്കുന്നവർക്കൊപ്പം തന്റെ കണ്ണുകളും വാതിലിനപ്പുറമായിരുന്നു നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറി വിവാഹ മുഹൂർത്തവും കടന്ന് പോകുന്നത് അമ്പരപ്പോടെയാണ് കണ്ടു നിന്നത് മുഷിച്ചിലുകളോടെ അടക്കം പറയുന്നവർക്കിടയിലേക്ക് പെട്ടന്നാണവൾ കടന്നു വന്നത്. കാല്പാദം മൂടുന്ന വെളുത്ത ഗൗണിൽ പൊതിഞ്ഞ് അവൾക്കേറെയിഷ്ടമുള്ള വെളുത്ത ലില്ലിപ്പൂക്കൾ ചൂടി തന്റെ മുന്നിൽ അവൾ …. ഒരേയൊരു വ്യത്യാസം മാത്രം അവളുടെയാ വെള്ളാരംകണ്ണുകൾക്ക് പതിവുപോലുള്ള തിളക്കമുണ്ടായിരുന്നില്ല അവളുടെ നിശ്വാസങ്ങൾക്ക് പതിവ് ചൂടുമുണ്ടായിരുന്നില്ല. പൂർത്തീകരിക്കപ്പെടാനാവാത്ത പ്രണയത്തിന്റെ ബാക്കിപത്രം പോലെ തനിക്കു മുന്നിലെ ശവമഞ്ചത്തിൽ തങ്ങളുടെ പ്രണയം മരവിച്ചു കിടന്നു.

ഒരു വട്ടമേ നോക്കിയുള്ളൂ, ആ കാഴ്ച ഉരുകിപ്പിടിച്ച മെഴുകു പോലെ ഉൾബോധത്തെ മൂടിക്കളഞ്ഞു.. കേട്ടും കേൾക്കാതെയും അറിഞ്ഞു, വരുന്ന വഴിയിൽ എതിരെ വന്ന ഏതോ വാഹനം അതാണ് തങ്ങളുടെ പ്രണയത്തിന്റെ അവസാനം കുറിച്ചതെന്ന്.. ഭ്രാന്തനെപ്പോലെയോടിയിറങ്ങുകയായിരുന്നു… മുറിയ്ക്കുള്ളിലെ നിശബ്ദതയിൽ കരഞ്ഞു തീർക്കാൻ പോലും ബാക്കിയുണ്ടായിരുന്നില്ല കണ്ണുനീർ തുള്ളികൾ.. ഇടയിലെപ്പഴോ സ്വബോധമില്ലാതാവുകയായിരുന്നു….

അപ്പോഴാണ് ഈ വിളി…. അവൾ… അവൾ തനിക്കരികിൽ തന്നെയുണ്ട്… അലൻ ഒരു ദീർഘനിശ്വാസത്തോടെ എഴുന്നേറ്റു വാതിൽ തുറന്നു.

എത്ര നേരായി ഞാനീ വാതിൽ മുട്ടിവിളിക്കുന്നു,, ആകെ പേടിച്ചു….. രക്ത മയമില്ലാത്ത മുഖഭാവവുമായി കൊച്ചേച്ചിയാണ്.

പോവാം…… അലൻ ചോദിച്ചു.

എല്ലാം കഴിഞ്ഞു അലൻ,, ഇനിയിപ്പോ… ബാക്കി പറയാതെ മരിയ അവനെ നോക്കി.

ഇല്ല കൊച്ചേച്ചീ ഒന്നും കഴിഞ്ഞിട്ടില്ല, അവൾ അവിടെ തന്നെയുണ്ട്… എന്നെ വിട്ട് അവൾക്ക് എവിടേയും പോവാനാവില്ല… ഇന്നത്തെ ദിവസം, അത് ഞങ്ങൾ ഒരു പാട് സ്വപ്നം കണ്ടതാണ്. അത് ബാക്കിയാക്കി അവൾക്ക് പോവാനാവില്ല…

നീയിനെന്തൊക്കെയാ പറയുന്നേ? മരിയ ഒന്നും മനസിലാകാതെ അവനെ നോക്കി.

ഞങ്ങളുടെ വിവാഹം നടക്കണംകൊച്ചേച്ചി, എനിക്കവൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ അന്ത്യ സമ്മാനം അത് മാത്രമാണ്. അവളുറങ്ങുന്ന മണ്ണിൽ വച്ച് ഈ മിന്നു മാല എനിക്കവൾക്ക് ചാർത്തണം… ഒഴുകിയിറങ്ങിയ കണ്ണീരിനെ തുടച്ചെറിഞ്ഞ് അലൻ പുറത്തേക്ക് നടന്നു.

പള്ളിയിൽ ആൾക്കൂട്ടം പിരിഞ്ഞിട്ടുണ്ടായിരുന്നില്ല, അലന്റെ ആവശ്യം എതിർക്കപ്പെടുകയായിരുന്നു. പക്ഷേ ആത്മാർത്ഥ പ്രണയത്തിന്റെയഗ്നിക്കു മുന്നിൽ ആ എതിർപ്പുകൾ അലിഞ്ഞില്ലാതായി…

സെമിത്തേരിയിൽ മറ്റൊരു വിവാഹ സദസ് ഒരുങ്ങുകയായിരുന്നു, പ്രാർത്ഥനകളും സംഗീതവും മുഴങ്ങുന്ന അന്തരീക്ഷത്തിൽ കുന്തിരിക്കത്തിന്റെ ഗന്ധം കലർന്നു. വാഴ്ത്തിയ മിന്നു മാലയിൽ ചുംബിച്ച് അവൻ അവളുടെ മാറിൽ ചാർത്തി. അലറി കുതിക്കുന്ന കടൽ പോലെ അലൻ ആ കല്ലറയ്ക്കു മേൽ മന്ത്രകോടി പുതപ്പിച്ചു.. പിന്നെ ഒരേങ്ങലോടെ അവളെ വാരിപ്പുണർന്നു. ഈറനണിഞ്ഞ മിഴികളുമായി അവരുടെ ലോകത്ത് അവരെ തനിച്ചാക്കി മറ്റുള്ളവർ പിൻതിരിഞ്ഞു.

നിയ….. ഇതാ,, നമ്മുടെ പ്രണയം നമ്മളിലേക്ക് കലർന്നിരിക്കുന്നു., ഈ മിന്നും പുടവയും നിനക്ക് നന്നായി ചേരുന്നുണ്ട്… അവളുടെ പേര് കൊത്താത്ത സ്ഫടിക കല്ലറയിൽ മെല്ലെ തലോടി അവൻ പറയുകയായിരുന്നു…. അവരൊരുമിച്ചു പറയാൻ കൊതിച്ച ഒരായിരം കാര്യങ്ങൾ… അവന്റെ വാക്കുകൾക്ക് കാതോർത്ത്ഇനിയും വാടാത്ത പൂക്കൾക്കടിയിൽ ചെറുചിരിയുമായി അവൾ കിടന്നിരുന്നു….

“അലന്റെ മാത്രം നിയ” .

രചന: Dhanya Shamjith

Leave a Reply

Your email address will not be published. Required fields are marked *