ആ സന്തോഷ വാർത്ത അറിഞ്ഞപ്പോൾ ഞാൻ ആദ്യമേ വിളിച്ചത്…

Uncategorized

രചന: മുരളി.ആർ.

“അവള് പ്രസവിക്കുന്നുണ്ടേൽ ഒറ്റക്ക് പ്രസവിച്ചോളും. ഞാതന്നെ വരണം എന്നൊന്നുമില്ല. എന്നോട് ചോദിച്ചിട്ടാണോ നീ കെട്ടിയത്…? ” അമ്മയുടെ ആ ചോദ്യം എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഞാൻ മറുപടി പറയാതെ ഫോൺ ഓഫാക്കി കട്ടിലിലേക്കിട്ടു. ഇപ്പോളും അമ്മയുടെ മനസ്സിൽ അടങ്ങാത്ത ദേഷ്യമുണ്ട്. ഇതിന്റെ തുടക്കം എവിടെ നിന്നാണ്..?

വീട്ടിലെ ഏക മകനായ എന്നെ വീട്ടുകാർ ഒരുപാട് സ്നേഹിച്ചാണ് വളർത്തിയത്. എന്റെ ചിന്തയും, എന്റെ തീരുമാനങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. അവയെ ഒരിക്കലും അവർ അംഗീകരിച്ചിരുന്നില്ല. അവരുടെ ഇഷ്ടങ്ങൾക്ക് പുറകെ പോകാൻ ഞാനും ഒരിക്കലും തയ്യാറായിരുന്നുമില്ല. ആമിയെ ഞാൻ പ്രേമിച്ചതും, വിവാഹം കഴിച്ചതും വീട്ടുകാരെ എതിർത്തുകൊണ്ടായിരുന്നു. അനാഥയായ അവളെ എന്റെ ജീവിത പങ്കാളിയായി സ്വീകരിക്കുമ്പോൾ എന്റെ കൂടെ നിന്നത് എന്റെ സുഹൃത്തുക്കൾ മാത്രമായിരുന്നു. എന്നെയും, ആമിയെയും വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ല. ഇന്നിപ്പോൾ അവൾ പൂർണഗർഭിണിയാണ്. ആ സന്തോഷ വാർത്ത അറിഞ്ഞപ്പോൾ ഞാൻ ആദ്യമേ വിളിച്ചത് അമ്മയെയും, അച്ഛനെയുമായിരുന്നു. അന്ന്‌ അമ്മ ഒരുപാട് വഴക്ക് പറഞ്ഞിട്ട് ഫോൺ വെച്ചു. പിന്നീട് ഞാൻ അവരെ നിർബന്ധിക്കാൻ പോയില്ല. ആമിയുടെ ഇതുവരെയുള്ള ഓരോ ചെക്കപ്പിനും ഞാൻ കൂടെ ഉണ്ടായിരുന്നു. അവളുടെ ബുദ്ധിമുട്ടുകൾ ഞാൻ നേരിൽ കണ്ടു മനസിലാക്കി. ഇനി അവളുടെ പ്രസവം അടുത്തു. എനിക്ക് എത്രത്തോളം ആ അവസരത്തിൽ അവളെ നോക്കാൻ കഴിയും…? ഒരു പെണ്ണ് കൂടെ നിൽകുന്നപോലെ വരുമോ ഒരു ആണ് കൂടെ നിൽക്കുന്നത്…? ആ ചോദ്യമാണ് മനസ്സിൽ പുകയുന്നത്. അതുകൊണ്ടാണ് ഞാനിപ്പോ അമ്മയെ വീണ്ടും വിളിച്ചത്. എന്നാൽ അമ്മയുടെ മറുപടി കേട്ടതും എന്റെ ആകെ ഉള്ള പ്രതീക്ഷയും നഷ്ടമായി.

ഏറെ നേരം ചിന്തിച്ചു കൊണ്ട് ഞാൻ കട്ടിലിൽ ഇരിക്കുമ്പോൾ. ആമി എന്റെ തോളിൽ കൈവെച്ചു വിളിച്ചു.

“ഏട്ടാ… അമ്മ എന്താ പറഞ്ഞേ…? അമ്മ വരുവോ…? ” ആമിയുടെ ആ ചോദ്യത്തിന് ഞാൻ അവളെ നോക്കി സങ്കടഭാവത്തോടെ മറുപടി കൊടുത്തു. എന്നിട്ട്, അവളുടെ തലയിൽ തലോടിയിട്ട് ഞാൻ പറഞ്ഞ്.

“ആമി… ഞാനാ നിന്നെ കെട്ടിയത്. എനിക്ക് വേറെ ആരുടെയും സഹായം വേണ്ട. നിന്റെ പ്രസവം കൂടെ നിന്ന് ഞാൻ തന്നെ നോക്കും. എനിക്ക് അത് ചെയ്യാൻ പറ്റും…! ” ആമിയെ എന്റെ തോളോട് തോൾ ചേർത്ത് ഇരുത്തി. അവളെന്റെ തോളിലേക്ക് തല ചരിച്ചു വെച്ചു. കുറച്ച് നേരം കഴിഞ്ഞതും എന്റെ തോളിൽ നനവ് അനുഭവപ്പെട്ടതായി തോന്നി. ഞാൻ ആമിയോട് ചോദിച്ചു.

“എന്താടി പെണ്ണേ.. നീ കരയുവാണോ…? ”

” ഒന്നുല്ല ഏട്ടാ… ഞാൻ കാരണമല്ലേ ഏട്ടനിങ്ങനെ ഒറ്റപെടുന്നത്. എല്ലാം ഞാൻ കാരണമാണ്. ഞാൻ അനാഥയായി ജനിച്ചതാ തെറ്റ്. ” അവളുടെ കരഞ്ഞു കൊണ്ടുള്ള ആ മറുപടി എനിക്ക് സഹിക്കാൻ ആയില്ല. ഞാൻ ഉടനെ പറഞ്ഞു.

“ആമി… അനാഥ എന്നൊരു വാക്ക് എന്നോട് പറയരുത്. എനിക്ക് അത് സഹിക്കാൻ ആവില്ല. നിനക്ക് ഞാനില്ലേടി കൂടെ…”

ആമി എന്നോട് ഒന്നും പറഞ്ഞില്ല. അവളെന്നെ കെട്ടിപിടിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞതും ആരോ കോളിങ് ബെൽ അടിച്ചു. ആമി ഉടനെ കണ്ണീര് തുടച്ചുകൊണ്ട് പതിയെ എഴുന്നേറ്റ് പോയി വാതിൽ തുറന്നു. എന്തോ കണ്ടതും, ഉടനെ അവൾ എന്നെ വന്ന് വിളിച്ചു.

“ഏട്ടാ… ഇങ്ങു വന്നെ ആരാന്നു നോക്കിക്കേ… ”

ഞാൻ മുറിയിൽ നിന്നും പുറത്തേക്ക് വന്ന് നോക്കിയതും… അച്ഛനും, അമ്മയും വാതിൽക്കൽ തന്നെ നിൽക്കുന്നു. അമ്മയുടെ മുഖത്തെ പരിഭവം ഇതുവരെ മാറിയിട്ടില്ല. ഞാൻ ഉടനെ വേഗം അവരുടെ അടുത്തേക്ക് ചെന്നു വിളിച്ചു.

“അച്ഛനും, അമ്മയും കേറിവാ… എന്തിനാ ഇങ്ങനെ മടിച്ചു നിൽക്കണേ..? ആമി.. അവരെ വിളിക്കടി…” സന്തോഷത്തോടെ ഞാൻ പറഞ്ഞു തീർന്നതും ആമി ഉടനെ ചിരിച്ചുകൊണ്ട് അമ്മയുടെ കൈയിൽ പിടിച്ച് വീട്ടിലേക്ക് കേറ്റി. അമ്മ ആശ്ചര്യത്തോടെ ആമിയുടെ മുഖത്തേക്ക് നോക്കി. ശേഷം, അവളുടെ നിരവയറു കണ്ടതും അമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവളുടെ കവിളിൽ തലോടികൊണ്ട് ഒന്നും പറയാൻ ആവാതെ അമ്മ നിന്നു. ഞാൻ ഉടനെ പറഞ്ഞു.

“ആമി… അച്ഛനും, അമ്മയ്ക്കും കഴിക്കാൻ എന്തെങ്കിലും എടുക്ക്. ”

“ദേ… ഇപ്പോ എടുക്കാം ഏട്ടാ… ”

ഉടനെ കണ്ണീര് തുടച്ചുകൊണ്ട് അമ്മ എന്നോട് പറഞ്ഞു.

“അതൊന്നും വേണ്ടടാ… അവളെ കൊണ്ട് ഒന്നും ചെയ്യിക്കണ്ട… ഞങ്ങളുടെ വയറു നിറഞ്ഞു. ഞാനെന്റെ മോളേ നല്ലോണമോന്ന്‌ കാണട്ടെ…” ആമിയെ അമ്മ ചേർത്തുപിടിച്ചിട് മുറിയിലേക്ക് കൊണ്ട് പോയി. എനിക്ക് അരികിൽ നിന്ന അച്ഛൻ എന്നെനോക്കി പറഞ്ഞു.

“മോനെ മുരളി… നീ ഞങ്ങളുടെ ഒരേ ഒരു മോനാ… ഞങ്ങൾക്ക് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു. ഞങ്ങൾക്കുള്ള പ്രതീക്ഷ നിന്നിൽ മാത്രാ.. നീ അത് പലപ്പോഴും മനസിലാക്കതെ പോയി, നിനക്ക് വേണ്ടിയാ ഞങ്ങള് രണ്ടാളും ജീവിക്കുന്നത്. ആമി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ തന്നെ ഞങ്ങൾക്ക് വരണമെന്നുണ്ടായിരുന്നു. പിന്നെ അവളാ പറഞ്ഞത് ‘നീ ജീവിതം എന്താന്ന് പടിക്കെട്ടെ’ എന്ന്. ഇനിയും വൈകിപ്പിച്ചൽ ശരിയാവില്ല എന്ന് തോന്നി, അതാ ഞങ്ങളിങ്‌ പോന്നത്. ആമിയുടെ വയറ്റിലെ കുഞ്ഞ് ഞങ്ങടെ ചോരയാടാ, അതെന്താ നിനക്ക് മനസിലാവാതെ… ഈ അവസരത്തിൽ എങ്കിലും ഞങ്ങൾ നിന്നോടൊപ്പം വേണം. നീ ഒരുകാര്യം മനസിലാക്കണം ഞങ്ങൾക്ക് ഇപ്പോ നിന്നോട് ദേഷ്യമല്ല, സ്നേഹം മാത്രേ ഉള്ളു… നിന്റെ നല്ലതിന് വേണ്ടിയെ ഞങ്ങൾ എന്തും പറയു. അത് നീ തിരിച്ചറിയണം…!”

അത്രയും പറഞ്ഞ അച്ഛനോട്‌ എന്ത് മറുപടി പറയണമെന്ന് ഞാൻ മറന്നു. എന്റെ കൈയിൽ ഉണ്ടായിരുന്ന വാക്കുകളൊക്കെയും ചോർന്നൊലിച്ചു പോയി. അച്ഛൻ വീടിന്റെ മുറികളും, ചുറ്റുവട്ടവും ഓരോന്നായി നോക്കി പതിയെ നടന്നു നീങ്ങി.

ഇനിയുള്ള എന്റെ ജീവിതത്തിൽ എങ്കിലും പുതിയ തീരുമാനങ്ങൾ ഞാൻ എടുക്കുമ്പോൾ അമ്മയോടും, അച്ഛനോടും, ആമിയോടും അഭിപ്രായം ചോദിച്ചറിയണം. അല്ല എങ്കിൽ നാളെ ഇതിനേക്കാൾ ഒരു ഒറ്റപെട്ട സാഹചര്യത്തിൽ ആരും ആശ്രയത്തിന് ഉണ്ടാവില്ല.

രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *