ഒരു കല്യാണം കഴിഞ്ഞു എന്ന് കരുതി മനുഷ്യൻ മാറണമെന്നില്ലല്ലോ…

Uncategorized

രചന: സാര്യ വിജയൻ

“what the …….” നീലിമയുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.അവളുടെ തീഷ്ണമായ നോട്ടത്തിൽ സ്വരൂപ് അലിഞ്ഞില്ലാതായി. കുടിച്ചു കൊണ്ടിരുന്ന കപ്പ് താഴെ വച്ചുകൊണ്ടവൾ കസേരയിൽ നിന്നെഴുന്നേറ്റു.ടേബിളിൽ നിന്ന് ബാഗും ഫോണും എടുത്ത് തിരിഞ്ഞു നോക്കാതെ അവൾ നടന്നു നീങ്ങി.

അവളുടെ പെരുമാറ്റവും വായിൽ നിന്നു വന്ന വാക്കുകളും കേട്ട് ചുറ്റിലുമുള്ളവർ അവളെയും സ്വരൂപിനേയും മാറി മാറി നോക്കി. ചിലർ പുച്ഛത്തോടെയും പരിഹാസത്തോടെയും നോക്കി.ഇത്രയും ആളുകളുടെ മുന്നിൽ നിന്ന് ഒരു കൊച്ചുപെണ്ണ് പരസ്യമായി തെറി പറയുന്നു എന്നാൽ ആ പയ്യൻ ആണെങ്കിൽ പാവം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു.

ഒരാളുടെ മുഖത്തു പോലും നോക്കാതെ റസ്റ്റോറന്റിന്റെ വാതിൽ ശക്തിയായി തുറന്നവൾ ഇറങ്ങി. നീലിമ ഇറങ്ങിയ ഉടൻ സ്വരൂപും അവിടെ നിന്നിറങ്ങി. പാർക്കിങ്ങിൽ ചെന്ന് ബൈക്കെടുത്തു.റോഡിൽ ഇറങ്ങി ബസ് സ്റ്റോപ്പ് വരെ പോയി നോക്കി.അപ്പോഴേയ്ക്കും നീലിമ അവിടെ നിന്ന് പോയിരുന്നു.

***** ദേഷ്യത്തോടെ വീട്ടിലേയ്ക്ക് കടന്നു ചെന്നത്.നേരെ ചെന്ന് റൂമിൽ കയറി കതകടച്ചു.ഫോണും ബാഗും ടേബിളിന് മുകളിൽ അലസമായി എറിഞ്ഞ ശേഷം കട്ടിലിലേയ്ക്ക് വീണു.വീണ്ടും അവിടെ നിന്നും എഴുന്നേറ്റു വന്ന് കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് അവളിലേയ്ക്ക് ഒന്ന് നോക്കി. എണ്ണയിൽ നീന്തി തുടിച്ചു ഒതുങ്ങി ഇരിക്കുന്ന അതെ മുടി,കൈകളിൽ കല്ല് വളകൾ,നെറ്റിയിൽ കറുത്ത പൊട്ടും ചന്ദനക്കുറിയും ബാംഗ്ലൂർ ജീവിതം ഒരിക്കൽ പോലും തന്നെ മാറ്റി മറിച്ചിട്ടില്ല. ജീൻസും ഇട്ട് പാറിപറക്കുന്ന മുടിയും എല്ലാം തന്നെ മാടി വിളിച്ചിരുന്നു.ഒരിക്കൽ പോലും അവയെ തിരിഞ്ഞു നോക്കിയില്ല.പകൽ മുഴുവൻ കോളേജിൽ രാത്രി വന്നു മൊബൈലിൽ എല്ലാവരും പ്രണയിതാക്കളെ വിളിക്കുമ്പോൾ ഞാൻ മാത്രം പുസ്തകങ്ങളുടെ ലോകത്ത് ജീവിച്ചു.എന്നിട്ടും …….

*** ഐ.സി.യുവിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അച്ഛന്റെ മിസ്സ് കാൾ കണ്ടത്.റീ ഡയൽ ചെയ്തു ഫോൺ കാതോട് ചേർത്തു. മറുതലയ്ക്കൽ “ഹലോ നീലു.”

“ആഹ്..പറ അച്ഛാ..”

“മോൾക്ക് നാളെ ഇവിടം വരെ വരാൻ കഴിയുമോ.”

“അതച്ഛാ..പെട്ടെന്ന് ലീവ് ചോദിച്ചാൽ.”

“ചോദിച്ചു നോക്ക്.”

ഫോൺ വച്ച് ചീഫിന്റെ അടുത്തു ചെന്ന് പെർമിഷൻ വാങ്ങി.കിട്ടിയ ട്രെയ്നിൽ കയറി.ടൗണിൽ ഇറങ്ങിയപ്പോൾ അച്ഛൻ സ്കൂട്ടറിൽ കാത്തു നിൽപ്പുണ്ടായിരുന്നു. “എന്തിനാ അച്ഛാ,വരാൻ പറഞ്ഞത്.”

“പറയാം വാ വണ്ടിയിൽ വന്ന് കയറ്.”

വണ്ടിയിൽ കയറി.എപ്പോഴത്തെയും പോലെ റോഡിന്റെ ഇരുവശങ്ങളിലെയും കാഴ്ചകൾ നോക്കി അങ്ങനെ ഇരുന്നു.കുറെ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് അച്ഛൻ തുടർന്നു.

“മോൾക്ക് അച്ഛന്റെ കൂട്ടുകാരൻ സുരേന്ദ്രൻ അങ്കിളിനെ ഓർമ്മയില്ലേ”.

“ഉണ്ടല്ലോ എന്താ അച്ഛാ.”

“മൂത്ത മകൻ സ്വരൂപ് ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു,മദ്രാസിൽ ജോലി ചെയ്യുന്നു.”

പറഞ്ഞു വന്നപ്പോഴേ മനസിലായി എങ്ങോട്ടേക്കാണ് യാത്രയുടെ പോക്ക് എന്ന്.ഒന്നും മിണ്ടാതെ കേട്ടിരുന്നു.

“അവർ ഒരു പ്രൊപോസലുമായി വന്നിരുന്നു.”

“എന്നിട്ട് അച്ഛൻ എന്തു പറഞ്ഞു.”

“എനിക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ടു.”

“ഇനി നിങ്ങൾ പരസ്പരം കണ്ടാൽ മതി.”

“അവിടം വരെ ആയ സ്ഥിതിയ്ക്ക് ഇനി ഞങ്ങൾ എന്തിനാ കാണുന്നത്.”

“നീയല്ലേ കെട്ടുന്നത് ഞങ്ങൾ അല്ലല്ലോ.”

“ഓ..അങ്ങനെ.”

“അപ്പൊ എനിക്ക് വൈകിട്ട് തിരികെ പോകാൻ കഴിയുമോ.”

“എന്താ ഇത്ര പെട്ടെന്ന് പോകാൻ തിടുക്കം.”

“ഇനി രണ്ടു മാസം കൂടി കഴിഞ്ഞാൽ കോഴ്സ് കഴിയുകയല്ലേ, അത്യാവശ്യമായി വരാൻ പറഞ്ഞത് കൊണ്ടാണ് ഞാൻ വന്നത്.”

“സ്വരൂപ് കുറച്ചു മോഡേൺ ആണ്. പെണ്ണു കാണാൻ വീട്ടിൽ വെച്ചല്ല.”

“അല്ലാതെ പിന്നെ….”

“ബ്ലൂ മൗണ്ട് റെസ്റ്റോറന്റിൽ ,നാളെ രാവിലെ പത്തു മണിയ്ക്ക് ചെല്ലുക സംസാരിക്കുക.മറുപടി വീട്ടിൽ വന്നിട്ട് എന്നോട് പറഞ്ഞാൽ മതി.”

“മും” ഒന്ന് മൂളുക മാത്രം ചെയ്തു.അപ്പോഴേയ്ക്കും വീട് എത്തി. വണ്ടിയുടെ സൗണ്ട് കേട്ട് കല്യാണിയമ്മ പുറത്തേയ്ക്ക് ഇറങ്ങി വന്നു.

ഒരു ചിരിയോടെ അമ്മ വന്നു ബാഗ് വാങ്ങി. “യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു?”

“എല്ലാ തവണത്തെയും പോലെ.”

“ശരി ചെന്ന് കുളിച്ചിട്ട് വാ.”

നീലിമ ബാഗുമായി മുറിയിലേയ്ക്ക് പോയി.

“നിങ്ങള് അവളോട് പറഞ്ഞോ?”

“പറഞ്ഞു”

“എന്നിട്ട് എന്ത് പറഞ്ഞു?”

“പോകാമെന്ന്”

“മും”

ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിൽ വന്നതുകൊണ്ട് ഒരു അപരിചിതത്വം.മുറിയിൽ കയറി പോയി ഒന്ന് കുളിച്ചു. ഒരു വെറൈറ്റി പെണ്ണു കാണൽ, ഒരു എക്സ്സൈറ്റ്മെന്റൊക്കെ തോന്നുന്നുണ്ട്.യാത്ര ക്ഷീണംകൊണ്ട് കട്ടിലിലേയ്ക്ക് വീണത് മാത്രം ഓർമയുണ്ട്…

“നീലൂ…..” കതകിൽ തട്ടുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്. “സമയം എത്രയായി എന്ന എഴുന്നേറ്റേ…

“ഞാൻ എഴുന്നേറ്റു അമ്മ പൊയ്ക്കോ.”

പെട്ടെന്ന് ഒരു കുളിയൊക്കെ പാസാക്കി.നേരെ വന്ന ഒരുക്കം തുടങ്ങി.ജീവിതത്തിലെ ആദ്യ പെണ്ണുകാണൽ അല്ലേ. കണ്മഷിയാൽ കണ്ണിൽ വലയം തീർത്തു.നെറ്റിതടത്തിൽ കറുത്ത പൊട്ട് കുത്തി.അമ്മ പണ്ട് മുതലേ നിധിപോലെ കാത്തു സൂക്ഷിക്കുന്ന വെള്ളക്കല്ലിൽ തിളങ്ങുന്ന ജിമുക്കി ഇട്ടു.മഞ്ഞയിൽ ചുവന്ന പൂക്കളുള്ള ചുരിദാറിൽ മുഖം ഒന്നുകൂടി തിളങ്ങിയത് പോലെ. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി.പോകുന്ന വഴിയിൽ അമ്പലത്തിൽ കയറി.

മനസ്സ് നിറയെ കണ്ണനെ കണ്ടൊന്ന് തൊഴുതു.അമ്പലത്തിൽ നിന്നിറങ്ങി പാടത്തിന്റെ കരയിലൂടെ നടക്കുമ്പോൾ മനസ്സ് എന്തെന്നില്ലാതെ തുടിക്കുന്നത് പോലെ തോന്നി.വിളഞ്ഞു പഴുത്ത നെൽകതിരുകളും കൊത്തി തത്തമ്മയും കുരുവിയും വട്ടമിട്ടു പാറി നടക്കുന്നു.വെയിലിന് പോലും എന്തെന്നില്ലാത്ത ഭംഗി.ബസ്സിൽ കയറി ടൗണിൽ ഇറങ്ങി. ബ്ലൂ മൗണ്ട് റസ്റ്റോറന്റിലേയ്ക്ക് നടന്നു.ഗേറ്റ് കടന്നു അകത്തേയ്ക്ക് കയറിയതും.

“ആർ യൂ നീലിമ.”

ശബ്‌ദം കേട്ട ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി.വട്ടമുഖം,ഇരുനിറം, ഫ്രഞ്ച് താടി,കറുത്ത കണ്ണട വെച്ചിട്ടുണ്ട്.

“അതെ”

“ഞാനാണ് സ്വരൂപ്”

പരസ്പരം ചിരിച്ചു.

“വരൂ നീലിമ ഇരുന്നു സംസാരിക്കാം.”

സൈഡിൽ ഒരു ഭാഗത്തു ചെന്നിരുന്നു.

“പറയൂ നീലിമ,എങ്ങനെയുണ്ട് ബാംഗ്ലൂർ ലൈഫും ഹോസ്പിറ്റൽ ജീവിതവുമൊക്കെ.”

“എല്ലാം നന്നായി തന്നെ പോകുന്നു.”

“ആക്ച്വലി അച്ഛൻ ബാംഗ്ലൂരിൽ പഠിച്ച കുട്ടിയെന്നു പറഞ്ഞപ്പോൾ ഞാൻ ഒരു മോഡേൺ ആളെയാണ് മനസ്സിൽ കണ്ടത്.ഇതിപ്പോ താനെന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.ഒരു തനി നാടൻ.”

മറുപടി ഒരു ചിരിയിൽ ഒതുക്കി.

“സാർ ഓർഡർ പ്ലീസ്”.

“നീലിമ തനിക്കെന്താ വേണ്ടത് എനിക്ക് ഒരു കോഫി.

“എനിക്കും കോഫി മതി.”

“ഒക്കെ ടു കോഫി.” ഓർഡർ എടുത്ത് സപ്ലയർ പോയി. “താൻ ഒന്നും സംസാരിക്കില്ലേ.”

“ഹേയ് അങ്ങനെ ഒന്നുമില്ല.”

“പിന്നെന്താ മിണ്ടാത്തത്.”

“സ്വരൂപ് തന്നെ എല്ലാം പറയുന്നുണ്ടല്ലോ.”

“അത് കറക്റ്റ്,അച്ഛനമ്മമാർ ഏകദേശം എല്ലാം ഫിക്സ് ചെയ്തു എന്നാണ് എന്നോട് പറഞ്ഞത്.വൺ തിങ് ഞാൻ തന്നോട് ഓപ്പൺ ആയി പറയുന്നതിൽ ഒന്നും തോന്നരുത് .”

“ഇല്ല ചോദിച്ചോള്ളൂ.”

അപ്പോഴേയ്ക്കും കോഫിയുമായി സപ്ലയർ വന്നു.

“താൻ കോഫി എടുക്കൂ.” ആവി പറക്കുന്ന കോഫിയെടുത്ത് ചുണ്ടോട് ചേർത്തു.കുടിക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് സ്വരൂപിനെ ഒന്ന് നോക്കി. കോഫിയിൽ നിന്ന് കുറച്ചു സിപ് ചെയ്ത് സ്വരൂപ് തുടർന്നു.

“സീ നീലിമ,ഞാൻ കുറച്ചു ഫോർവേഡ് ആൻഡ് മോഡേൺ ആണ്. എല്ലാ കാര്യത്തിലും ഞാൻ അങ്ങനെ തന്നെയാണ്.ബാംഗ്ലൂരിൽ ഒക്കെ പഠിച്ചു വളർന്ന കുട്ടിയല്ലേ നീലിമ കല്യാണത്തിന് മുൻപ്…”

ഞാൻ ജിജ്ജാസയോടെ നോക്കി.

“അതിന്”

“ഐ നീഡ് യൂവർ കംപ്ലീറ്റ് മെഡിക്കൽ റിപ്പോർട്ട്.”

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ സ്വരൂപിന്റെ മുഖത്തേയ്ക്ക് നോക്കി.

“ബാംഗ്ലൂരിൽ പഠിക്കുന്ന പെൺകുട്ടികളെ കുറിച്ച് ഞാൻ പലകഥകളും കേട്ടിട്ടുണ്ട്.അതുകൊണ്ട് ഒരു വിശ്വാസത്തിന് വേണ്ടിയാണ്.മെഡിക്കൽ റിപ്പോർട്ട് ഇൻക്ലൂഡിങ്‌ വിർജിനിറ്റി സർട്ടിഫിക്കറ്റ്..

വാട്ട് ദി……..

*** എത്ര പ്രതീക്ഷയോടെ പോയതായിരുന്നു.ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എന്ന് അനുഭവിക്കേണ്ടി വന്ന വേദന.ഹൃദയം വലിഞ്ഞു മുറുകി.കണ്ണുകളിലെ സ്വപ്‌നങ്ങൾ അസ്തമിച്ചു.

“നീലൂ, വാതിൽ തുറക്ക് മോളെ”

പതുക്കെ നടന്നു ചെന്ന് വാതിൽ തുറന്നു.

“നീ ഇത്ര നേരത്തെ വന്നോ മോളെ.എന്നിട്ട് സ്വരൂപിനെ കണ്ടോ.”

“കണ്ടു”

“ആ കുട്ടി എന്തുപറഞ്ഞു.”

“എന്ത് പറയാൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.”

“നിനക്ക് ഇഷ്ടപ്പെട്ടോ??”

“ഇല്ല അമ്മേ, സ്വരൂപ് വളരെ ഫോർവേഡ് ആണ് ഒപ്പം മോഡേനും സ്വരൂപിന് എന്നെ ചേരില്ല.”

“മോളെ അതൊക്കെ കല്യാണം കഴിയുമ്പോൾ മാറിക്കൊള്ളും.”

“ആര് മാറാൻ ഒരു കല്യാണം കഴിഞ്ഞു എന്ന് കരുതി മനുഷ്യൻ മാറണമെന്നില്ലല്ലോ.അമ്മ പോയി കൊണ്ട് പോകാനുള്ള സാധനങ്ങൾ എടുത്ത് വയ്ക്കു ഞാൻ ഇപ്പോൾ വരാം.”

തിരികെ കല്യാണിയമ്മ എന്തെങ്കിലും പറയും മുന്നേഅകത്തേയ്ക്ക് പോയി ബാഗുമായി തിരികെ വന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി.കൂടെ വരാൻ ഇരുന്ന അച്ഛനോട് വേണ്ട എന്ന് പറഞ്ഞു ഇറങ്ങി.ഗേറ്റും കടന്ന് പാടത്തിന്റെ കരയിലേയ്ക്ക് കയറിയപ്പോഴാണ് റോഡിന്റെ സൈഡിൽ ബൈക്കിൽ ഇരുന്ന ആളെ കണ്ടത്.സ്വരൂപ് .. ആദ്യം കണ്ടപ്പോൾ ഒന്ന് പതറി എങ്കിലും കാണാത്ത ഭാവത്തിൽ മറുവശം ചേർന്ന് നടന്നു.

“നീലിമ ഒന്ന് നില്ക്കു പ്ലീസ്.”

നില്ക്കാൻ താല്പര്യമില്ല എങ്കിലും വിളിച്ച സ്ഥിതിയ്ക്ക് ഒന്ന് നിന്നു.

“ഞാൻ ജസ്റ്റ് തന്റെ ബോൾഡനെസ് അറിയാൻ വേണ്ടി ചോദിച്ചതാണ്.എനിക്ക് അതിന്റെ ഒന്നും ഒരു ആവശ്യവുമില്ല.എനിക്ക് തന്റെ ഈ ക്യാരക്ടർ ഇഷ്ടമായി.”

“ബോൾഡനെസ് അറിയാൻ ഇങ്ങനെ ഒക്കെ ചോദിക്കുമോ??.സ്വരൂപിന്റെ ഈ ക്യാരക്ടർ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല,ഞാൻ സ്വരൂപിന് ചേരുകയും ഇല്ല.”

“നീലിമ സോറി.”

“വേണ്ട സ്വരൂപ് അത്രയും പേരുടെ മുന്നിൽ വച്‌ച് ഞാൻ തന്നോട് ദേഷ്യപ്പെട്ടത്,അതുകൊണ്ട് തന്നെ ഇനി തന്റെ ഭാവി വധുവായിരിക്കാൻ എനിക്ക് കഴിയുകയും ഇല്ല.യൂ ഗോട്ട് അനതേർ വൺ.ബൈ”

ഇത്രയും പറഞ്ഞവൾ നീങ്ങുമ്പോൾ അവൾക്കൊപ്പം നെൽകതിരുകളും അഭിമാനത്തോടെ തലയുയർത്തി നിന്നു. ലൈക്ക്, ഷെയർ ചെയ്യണേ….

രചന: സാര്യ വിജയൻ

Leave a Reply

Your email address will not be published. Required fields are marked *