ഇന്ന് അവളുടെ വിവാഹമാണ്… അവൾ എന്ന് വച്ചാൽ എന്റെ പ്രണയനിയുടെ….

Uncategorized

രചന: Bibin S unni

ഇന്ന് അവളുടെ വിവാഹമാണ്… അവൾ എന്ന് വച്ചാൽ എന്റെ പ്രണയനിയുടെ…. മൂന്നു വർഷങ്ങൾക്ക് മുൻപ് ഈ വടക്കും നാഥന്റെ മണ്ണിൽ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…

ദാവണിയുടുത്ത് നെറ്റിയിൽ ചന്ദനകുറിയോടപ്പം ഒരു കുഞ്ഞു പൊട്ടും തൊട്ട് മുടിയിൽ തുളസികതിരും ചൂടി…വടക്കും നാഥനെ തൊഴുതു അമ്പലം വലം വച്ചു വന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നുപോയി … ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ ഹൃദയം കീഴടക്കിയവൾ….ഇവളായിരിക്കണേ എന്റെ നല്ല പാതി എന്ന് ഞാൻ ആ നിമിഷം ഭഗവാനോട് പ്രാർത്ഥിച്ചു പോയി… അത്രയും ആഴത്തിൽ പതിഞ്ഞു പോയിരുന്നു ആ മുഖം.. .

പിന്നെ അവളെ കാണാൻ മാത്രം ആയി വടക്കും നാഥന്റെ മണ്ണിൽ വന്നത് .. സ്ഥിരം കാണുന്നത് കൊണ്ട് തന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ തന്നെ നോക്കി പുഞ്ചിരിക്കാൻ തുടങ്ങി.. പിന്നെ അതിലുടെ ഞങ്ങളുടെ സൗഹൃദവും വളർന്നു.. സൗഹൃദബന്ധം പലനാൾ കടന്നപ്പോൾ അവളിലും എന്നോട് ചെറിയ ഒരു ഇഷ്ടം ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് അന്നൊരു നാളിൽ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്… എന്നാൽ ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി അവൾ തിരിഞ്ഞു നടന്നു ഒരു വാക്ക് പോലും പറയാതെ…അറിയാതെ അതെന്റെ മനസ്സിൽ നോവുണർത്തി.. .

പിന്നെ ഒരാഴ്ചയോളം അവളെ കാണാൻ സാധിച്ചില്ല. ഞാൻ ആകെ വിഷമത്തിൽ ആയിരുന്നു അപ്പോഴാണ് എനിക്ക് മനസിലായത് അവളോടുള്ള എന്റെ ഇഷ്ടം എത്രത്തോളം വലുതാണെന്ന് ആണെന്ന്…

അതിനടുത്ത ദിവസം അവൾ വന്നു പക്ഷെ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൾ തൊഴുതിറങ്ങി പോയി… അതെനിക്ക് താങ്ങാൻ കഴിഞ്ഞില്ല ദേഷ്യവും സങ്കടവും എല്ലാം കൂടെ എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ ആയി.. . പിന്നീടുള്ള ദിവസങ്ങളിലും അവൾ ഇങ്ങനെ ചെയ്തപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി അവളെ തടഞ്ഞു നിർത്തി ഇങ്ങനെ ചെയുന്നതിന്റെ കാരണം തിരക്കി. അൽപ്പം ശബ്‌ദം ഉയർത്തി ആയിരുന്നു എന്റെ ചോദ്യം അതോണ്ട് തന്നെ അവിടെ ഉണ്ടായിരുന്നവർ കാരണം തിരക്കി ഞങ്ങളുടെ അടുത്തു വന്നു…

അവളോട്‌ ആയിരുന്നു ആദ്യം അവർ ചോദിച്ചത് ഞങ്ങൾ ഫ്രണ്ട്സ് ആണെന്ന് അവൾ പറഞ്ഞത് കൊണ്ട് തടി കേടാകാതെ രക്ഷപെട്ടു…

പിന്നയും അവളോട്‌ ഞാൻ കാര്യം തിരക്കി ” എന്തിനാണ് എന്നെകാണുമ്പോൾ മാറി പോകുന്നത് ഞാൻ ചോദിച്ചത് ഇഷ്ട്ടമയില്ലങ്കിൽ അതു പറഞ്ഞാൽ പോരേ… ഇങ്ങനെ അവോയ്ഡ് ചെയണോ ”

” എനിക്ക് പോകണം ” എന്ന് പറഞ്ഞു അവൾ എന്നിൽ നിന്നും തിരിഞ്ഞു നടക്കാൻ ശ്രമിച്ചു.. “പൊക്കോ ഞാൻ ചോദിച്ചതിന് ഉത്തരം തന്നിട്ട് ” ഞാൻ അവളെ വീണ്ടും തടഞ്ഞു

” ഞാൻ നാളെ പറയാം ” . എന്ന് പറഞ്ഞു അവൾ പോയി….

പിറ്റേ ദിവസം അവാനുള്ള കാത്തിരിപ്പായിരുന്നു പിന്നീടങ്ങോട്ട്….

പിറ്റേ ദിവസം എന്നും പോകുന്നതിനേക്കാൾ നേരത്തെ വീട്ടിൽ നിന്നിറങ്ങി…

ആദ്യം ചെന്നു വടക്കും നാഥനെ കണ്ടു ശരിക്കും ഒന്നു പ്രാർത്ഥിച്ചു. പിന്നെ പുറത്തിറങ്ങി അവൾ വരാൻ കാത്തിരുന്നു… കുറച്ചു സമയത്തിന് ശേഷം അവൾ വന്നു നീല കരയുള്ള സെറ്റ് സാരി ഉടുത്തു നെറ്റിയിൽ ചെറിയ ഒരു പൊട്ടു തൊട്ട് കൺപീലികളിൽ കരിമഷി എഴുതി കഴുത്തിൽ ചെറിയ ഒരു മാലയിട്ട് കൈയിൽ കരിവളയുമിട്ട് ചെറുപുഞ്ചിരിയോട് കൂടി എന്റെ അടുത്തോട്ടു വന്നു. പിന്നെ ഞങ്ങൾ ഒരുമിച്ചു ഒന്നുടെ വടക്കുംനാഥനെ തൊഴാൻ കേറി അവൾ പുഷ്പാഞ്ജലിയും കഴിപ്പിച്ചു പുറത്തിറങ്ങി… ശേഷം എന്റെ നെറ്റിയിൽ ചന്ദനംചാർത്തി തന്നു ഒപ്പം അവൾക്കു എന്നോടുള്ള പ്രണയവും…. അതു അവളുടെ നാവിൽ നിന്ന് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം…. അതു പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയക്ക് ആയിരുന്നു…

” ഇതു നേരത്തെ പറഞ്ഞിരുന്നേൽ ഞാൻ ഇത്രയും ടെൻഷൻ അടിച്ചു നടക്കുമായിരുന്നോ എന്റെ പെണ്ണേ …. ”

അതു പറഞ്ഞപ്പോൾ അവൾ

എന്നെയൊന്നു നോക്കി….പിന്നെ അവൾ പറഞ്ഞുതുടങ്ങി…..

അവൾ എന്നേ ഞാൻ ശ്രദ്ധിക്കുന്നതിനു മുൻപ് തന്നെ ശ്രദ്ധിച്ചിരുന്നു എന്നും …. ഞാനും അവളെ ശ്രദ്ധിക്കാൻ തുടങ്ങി എന്നു അവൾക്കു മനസ്സിൽ ആയപ്പോഴായിരുന്നു എന്നേ കാണുമ്പോൾ ഉള്ള പുഞ്ചിരി. പിന്നെ പതിയെ സൗഹൃദവും. പലപ്പോഴും അവൾ എന്നോട് തുറന്നു പറയാൻ തുടങ്ങിയപ്പോൾ എല്ലാം ഞാൻ എങ്ങനെ പ്രതികരിക്കും എന്നുള്ള പേടി കൊണ്ട് അവൾ പറഞ്ഞില്ല എന്നും… പെട്ടന്ന് ഒരു നാൾ ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് അന്നേരം സന്തോഷം ആണോ സങ്കടം ആണോ എന്നറിയാത്ത ഒരു അവസ്ഥ ആയിപോയി അതു കൊണ്ടാണ് ഒന്നും പറയാതെ തിരിഞ്ഞു നടന്നു പോയത് … പിറ്റേന്ന് അവൾക്കു അമ്പലത്തിൽ കേറാൻ പറ്റാത്ത അവസ്ഥ ആയി… ഈ ഒരു ആഴ്ച അവൾക്കു വല്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു . പിന്നീട് അമ്പലത്തിൽ വന്നപ്പോൾ കാണാത്തത് പോലെ നടിച്ചത് തനിക്കുള്ള ഇഷ്ടം തുറന്നു പറയുന്നത് തന്റെ പിറന്നാളിന്റെ അന്ന് പറയാം എന്ന് വച്ചാണന്ന്…..

എന്തായാലും പിന്നീടങ്ങോട്ട് ഞങ്ങളുടെ പ്രണയകാലം ആയിരുന്നു…. തൃശൂർ നഗരത്തിൽ ഞങ്ങൾ കറങ്ങാത്ത ഒരു സ്ഥലവും ഉണ്ടായിരുന്നില്ല… രാത്രികളെ പകലുകളാക്കി ഫോൺ വിളികൾ ആയിരുന്നു പിന്നടങ്ങോട്ടു……

പിന്നെ ഒരു ദിവസം അവൾ വിളിച്ചിട്ട് പറഞ്ഞു അത്യാവശ്യം ആയി കാണണം എന്ന്.. ഞാൻ ചെന്നപ്പോൾ എന്നെക്കാൾ മുൻപ് അവൾ സ്ഥാനം പിടിച്ചിരുന്നു അതേ വടക്കുംനാഥന്റെ മണ്ണിൽ. അടുത്ത് ചെന്നിരുന്നപ്പോൾ അവൾ ഒരു കുറി എനിക്ക് നേരെ നീട്ടി അതൊരു വിവാഹം ക്ഷണക്കത്ത് ആയിരുന്നു…. അതിലെ വധുവിന്റ സ്ഥാനത്തു അവളുടെ പേര്… ഒന്നേ നോക്കിയുള്ളൂ കുറിയിലേക്ക്… തിരിഞ്ഞു നോക്കുമ്പോൾ അവൾ ഒരുപാട് ദൂരം നടന്നു പിന്നിട്ടിരുന്നു……

” ഇനി ചെറുക്കൻ താലി എടുത്തു വധുവിനെ അണിയിക്കുക… ”

പൂജാരി പറയുന്നത് കേട്ടാണ് ഞാൻ ഓർമമകളിൽ നിന്നുണർന്നതു… ഞാൻ നോക്കുമ്പോൾ എന്റെ അച്ഛൻ താലി എടുത്തു പിടിച്ചു നിൽക്കുന്നു… മണ്ഡപത്തിൽ എന്റെ അടുത്ത് എന്റെ പ്രണയിനിയും….. ഞാൻ താലി വാങ്ങി മുപ്പത്തിമുക്കോടി ദൈവങ്ങളുടെയും ഞങ്ങളുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീർവാദത്തോടെ വടക്കും നാഥനെ സാക്ഷിയാക്കി എന്റെ പ്രണയവും പ്രണയിനിയെയും താലി ചാർത്തി സ്വന്തമാക്കി…

ഞാൻ ഈ പറഞ്ഞതിൽ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടല്ലേ പറഞ്ഞുതരാം… ഞങ്ങളുടെ പ്രണയം ആദ്യം എന്റെ വീട്ടിൽ ആണ് അറിഞ്ഞത് എങ്ങനെ അറിയാതിരിക്കും വീട്ടുകാരുടെ വഴക്ക് കേട്ട് മാത്രം അമ്പലത്തിൽ പോയിരുന്ന ഞാൻ ദിവസവും രാവിലെ കുളിച്ചൊരുങ്ങി പോകുന്നുണ്ടങ്കിൽ വീട്ടുകാർക്ക് ഉഹിക്കമല്ലോ. എന്നേ പെട്ടെന്ന് കെട്ടിക്കാൻ നോക്കിയിരുന്ന വീട്ടുകാർക്ക് ഇതു നല്ല ഒരു അവസരം ആയിരുന്നു കാരണം ഞാൻ ഒറ്റ മോൻ ആണേ… ഒരു പെൺകുഞ്ഞിനെക്കൂടി എന്റെ വീട്ടുകാർ ആഗ്രഹിച്ചിരുന്നു പക്ഷെ നടന്നില്ല അതാണ് എന്നെ പെട്ടന്ന് കെട്ടിക്കാൻ നോക്കുന്നത് ഞാൻ ആണേൽ ഇത്രയും നേരത്തെ ഒരു കല്യാണം വേണ്ട എന്ന്പറഞ്ഞിരുന്നു… പിന്നെ ഒന്നും അവർ നോക്കിയില്ല എന്റെ വീട്ടുകാർ നേരേ അവളെയും വീട്ടുകാരെയും പോയി കണ്ടു കാര്യങ്ങൾ പറഞ്ഞു കൊള്ളാവുന്ന ഒരു ജോലി എനിക്കുണ്ടായിരുന്നത് കൊണ്ടും അത്യാവശ്യം നല്ല കുടുംബക്കാർ ആയിരുന്നത് കൊണ്ടും അവളുടെ വീട്ടുകാരും സമ്മതിച്ചു… അങ്ങനെ എന്നേ അറിയിക്കാതെ എന്റെ കല്യാണത്തിന്റെ ഡേറ്റും തീരുമാനിച്ചു കുറിയും അടിപ്പിച്ചതിന് ശേഷം ആണ് അവളുടെ കൈയിൽ ഒരു കല്യാണകുറിയും കൊടുത്തു എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്…. ഇപ്പോൾ മനസിലായി എന്ന് വിശ്വസിക്കുന്നു…

ഇനി ഞങ്ങക്ക് വീട്ടിലേക്കിറങ്ങാൻ ടൈം ആയി പെണ്ണ് ചെറുതായി കരച്ചിൽ തുടങ്ങിയിട്ടുണ്ട് ചെന്നു ആശ്വസിപ്പിക്കട്ടെ….

രചന: Bibin S unni

Leave a Reply

Your email address will not be published. Required fields are marked *