ടാ.. നീ നമ്മുടെ തെക്കേടത്തെ അപ്പൂന്റെ പെണ്ണിനെ കണ്ടോ….

Uncategorized

രചന: Kavitha Thirumeni

” ടാ.. നീ നമ്മുടെ തെക്കേടത്തെ അപ്പൂന്റെ പെണ്ണിനെ കണ്ടോ…. ? കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.. ഇതിപ്പോൾ ഇരുട്ടിന് ഇതിനെക്കാൾ നിറമുണ്ടല്ലോ… ”

” അതിന് അവന്റെ കല്യാണം കഴിഞ്ഞോ.. ?

” അതേടാ… കഴിഞ്ഞ ഞായറാഴ്ച.. ചെറിയ രീതിയിൽ ഒരു ചടങ്ങ്… ”

” ഓഹ്… പെണ്ണ് സുന്ദരിയായത്‌ കൊണ്ടാവും ആരെയും കാണിക്കാതെ കല്യാണം വളരെ ലളിതമാക്കിയത്‌…. ”

പരിഹാസ ചിരിയിൽ ചായക്കടയിലെ എല്ലാരും പങ്കെടുത്തു.. എല്ലാം കേട്ട് വന്നതുകൊണ്ട് കടയിലേക്ക് കയറാതെ ഞാൻ തിരിച്ചു പോന്നു.. അവരോടു എന്ത്‌ പറയാനാണ്… എല്ലാം എന്റെ വിധി.. സഹിക്കുക തന്നെ.. വീട്ടിലേക്കു ചെന്നു കയറിയതും രഞ്ജു എന്റടുത്തേക്ക് ഓടി വന്നു..

” ആഹ്.. അപ്പുവേട്ടൻ പെട്ടെന്ന് ഇങ്ങ് വന്നോ.. ചായ എടുക്കട്ടെ… ?

” എനിക്ക് ചായയൊന്നും വേണ്ട.. കുറച്ച് മനസമാധാനം തരുവോ.. നാശം.. സ്വസ്ഥമായിട്ട് ഒരിടത്തും ഇരുത്തില്ല.. ”

” അതിന് ഞാൻ എന്ത് ചെയ്തു അപ്പുവേട്ടാ.. ?

” നീ ഒന്ന് പൊയ്ക്കേ രഞ്ജു.. അല്ലെങ്കിൽ തന്നെ മനുഷ്യൻ ഇവിടെ തലയ്ക്ക് പ്രാന്ത് പിടിച്ചിരിക്കുവാ…. ”

മറുത്ത് ഒന്നും പറയാതെ അവള് അകത്തേക്ക് പോകുമ്പോൾ നിറഞ്ഞ ആ കണ്ണുകളെ ഞാൻ കണ്ടില്ലാന്നു നടിച്ചു. കല്യാണം കഴിഞ്ഞു നാളിത്രയായിട്ടും ഭാര്യയുടെ പോയിട്ട് ഒരു മനുഷ്യ ജീവിയുടെ പരിഗണന പോലും ഞാനവൾക്ക് കൊടുത്തിട്ടില്ല. വെറുപ്പായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ എന്നെ പരിഹാസ കഥാപാത്രമാക്കിയ അവളോട്..

” നീയെന്താ അപ്പൂ എപ്പോഴും അവളോട്‌ ഇങ്ങനെ… ? അമ്മ ഉപദേശം തുടങ്ങിയിരുന്നു.

” ആഹ്. ഞാൻ ഇങ്ങനെയാ.. നേരത്തെ പറഞ്ഞതല്ലേ അതിനെ എന്റെ തലയിൽ കെട്ടി വെക്കരുതെന്ന്‌. കേട്ടില്ലല്ലോ… അപ്പോൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.. ”

അമ്മയ്ക്ക് മറുപടി ഒന്നുമില്ലായിരുന്നു.. എല്ലാം എന്റെ തെറ്റാണെന്ന് അമ്മ സ്വയം പഴിച്ചു…

അമ്മയുടെ ഒറ്റ നിർബന്ധമായിരുന്നു അച്ഛന്റെ സുഹൃത്തിന്റെ മോളെ വിവാഹം ചെയ്യണമെന്ന്.. പണ്ടെപ്പോഴോ അവളുടെ അച്ഛന് കൊടുത്ത വാക്കാണ്‌ പോലും..

പെണ്ണ് കാണാൻ ചെന്നപ്പോഴേ അവളെ എനിക്ക് ഇഷ്ടപ്പെട്ടില്ല. മുഖത്തെ രണ്ട് ഉണ്ട കണ്ണുകൾ മാത്രമാണ് കാണുന്നത്. അത്രയ്ക്ക് കറുപ്പ്.. ഒറ്റ നോട്ടത്തിൽ ഇതെന്തു ജീവിയാണെന്ന് ആലോചിച്ചു പോയി. പക്ഷേ അമ്മയ്ക്ക് അവള് ഐശ്വര്യ റായിയെ പോലെയാണെന്ന് ആ സ്നേഹപ്രകടനം കണ്ടപ്പോൾ തോന്നി.. ഇനി എന്റെ കണ്ണിന്റെ പ്രശ്നമാണോന്ന്‌ കരുതി കണ്ണ് തിരുമി ഒന്നൂടെ നോക്കി.. ഇല്ല അവൾ അങ്ങനെ തന്നെയാണ് .. എണ്ണകറുപ്പ്..

മുഖപുസ്തകത്തിൽ കറുത്ത പെണ്ണിനെ ഇഷ്ടമാണോ എന്ന ചോദ്യങ്ങൾക്ക് ” അതിനെന്താ അവരും പെണ്ണല്ലേ ” എന്നൊക്കെ മറുത്ത് ചോദിച്ച ഞാൻ സ്വന്തം കാര്യം വന്നപ്പോൾ സ്വാർത്ഥനായി.

” അപ്പുവേ.. നിനക്ക് കുട്ടിയെ ഇഷ്ടായോ.. ?

” ദേ.. അമ്മേ… അതിനെ കെട്ടാൻ എന്നെകൊണ്ട്‌ ആവില്ല.. വെറുതെ നാട്ടുകാരെകൊണ്ട് അയ്യേന്നു പറയിക്കാൻ… ”

” നാട്ടുകാരുടെ ഇഷ്ട്ടത്തിനാണോടാ നീ ജീവിക്കുന്നത്… ?

” ആരുടെ ഇഷ്ടത്തിനായാലും എനിക്ക് പറ്റില്ല. കൂടുതൽ നിർബന്ധിച്ചാൽ ഞാൻ ഈ ഉത്തരത്തിൽ കെട്ടി തൂങ്ങും… ”

അവസാനത്തെ അടവായിരുന്നു ആത്മഹത്യ ശ്രമം.. പക്ഷേ അതും പാളിപ്പോയി.

” വേണ്ടെടാ… ഞാൻ അങ്ങ് പോയി തരാം.. അച്ഛന്റെ വാക്കിന് വില കൽപ്പിക്കാത്ത ഒരു മോന്റെ കൂടെ എനിക്ക് ജീവിക്കണ്ട.. ”

പ്രശ്നം സീരിയസ് ആയപ്പോൾ എനിക്ക് കീഴടങ്ങേണ്ടി വന്നു. അച്ഛൻ മരിച്ചതിൽ പിന്നെ ഒരു കുറവും ഇല്ലാതെ എന്നെ നോക്കിയത് അമ്മയാ.. ആ അമ്മയ്ക്ക് മുന്നിൽ ഈ ജന്മമല്ല 7 ജന്മവും ഞാൻ സമർപ്പിക്കും.

മനസ്സില്ലാമനസ്സോടെയാണ് ഞാൻ രഞ്ജുവിന്റെ കഴുത്തിൽ താലി അണിയിച്ചത്‌. അടുത്ത് നിന്നപ്പോൾ പോലും ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. രാത്രിയില് പാലുമായിട്ട് മുറിയിലേക്ക് വന്നപ്പോൾ ഞാൻ ഉറക്കം നടിച്ചു കിടക്കുവായിരുന്നു. രണ്ട് മൂന്ന് വട്ടം അവള് വിളിച്ചെങ്കിലും ഞാൻ അനങ്ങിയില്ല. അല്ലെങ്കിലും ഉറങ്ങുന്നവരെ വിളിച്ചാലല്ലേ എണീക്കൂ.. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ..

പകൽ സമയത്തെ ഓരോ നോട്ടത്തിൽ പോലും വെറുപ്പ് പ്രകടമായതു കൊണ്ടാവാം നിലത്ത് പായ വിരിച്ചാണവൾ ഉറങ്ങിയത്.. ഞാനും ഒന്നും മിണ്ടാൻ പോയില്ല. പറയാതെ തന്നെ ചെയ്തല്ലോ ഒരു ആശ്വാസം തോന്നി..

വിരുന്നിനു അവളുടെ വീട്ടിൽ പോകാതിരിക്കാൻ കുറേ ശ്രമിച്ചെങ്കിലും അതും നടന്നില്ല.. വഴിയിലൂടെ പോകുമ്പോൾ ഓരോരുത്തരുടെ തുറിച്ചുള്ള നോട്ടവും കളിയാക്കലും എന്നെ ആകെ തളർത്തി.. ഇങ്ങനെയും നാട്ടുകാര് ഉണ്ടാകുവോ… പിന്നെ നടക്കുമ്പോൾ ഒരപരിചിതരെ പോലെ ഞാനവളിൽ നിന്ന്‌ അകലം പാലിച്ചു..

രഞ്ജുവിന്റെ അമ്മയ്ക്കും അനുജത്തിക്കും എന്നെ വല്യ കാര്യമായിരുന്നു. പക്ഷേ അവളോടുള്ള ദേഷ്യം ഞാൻ അവരോടും കാണിച്ചു എന്നതാണ് സത്യം. അമ്മയും അവളും അടുക്കളപണിയിൽ മുഴുകുമ്പോൾ എനിക്ക് കമ്പനി തന്നത് അനിയത്തിക്കുട്ടിയാണ്.. വീടൊക്കെ ചുറ്റി കാണിച്ചു, കൂട്ടത്തിൽ രഞ്ജുവിന്റെ മുറിയും.

” അപ്പുവേട്ടാ.. ഇതാ ചേച്ചിടെ മുറി.. എന്നെ ഇവിടേക്ക് കയറ്റില്ല.. ഒരു ബുക്കിന്റെ സ്ഥാനം മാറുന്നത് പോലും ചേച്ചിക്ക് ഇഷ്ടമല്ലന്നെ…”

” ഓഹ്.. അത്രയ്ക്ക് ഭയങ്കരിയാണോ നിന്റെ ചേച്ചി… ?

” ഏയ്‌.. ന്റെ ചേച്ചി പാവമാ.. ”

ആ മുറിയിൽ എല്ലാത്തിനും അതിന്റെതായ സ്ഥാനം ഉണ്ടായിരുന്നു.. വെറുതെ ഓരോന്നും മറിച്ച് നോക്കുന്ന കൂട്ടത്തിൽ അവളുടെ സർട്ടിഫിക്കറ്റുകളും കണ്ടു.. പഠിച്ച എല്ലായിടത്തും 90 % കൂടുതൽ മാർക്ക്‌ ഉണ്ട്.. എന്നിട്ടും പ്ലസ് ടു വരെ അവൾ പഠിച്ചിട്ടുള്ളൂ.. അതെന്തായിരിക്കും. ? അമ്മയെകൊണ്ട് ഒരുപക്ഷേ അത്രേ സാധിച്ചു കാണുവൊള്ളൂ… അതിനെ കുറിച്ച് കൂടുതൽ അറിയണമെന്ന്‌ തോന്നി ഞാനും അടുക്കളയിലേക്ക്‌ ചെന്നു.

” മോളെ… നിനക്ക് അവിടെ സുഖമാണോ.. ?

” അതെ അമ്മേ… അവിടുത്തെ അമ്മ എന്ത് പാവമാണെന്നോ.. സ്വന്തം മോളെ പോലെയാ എന്നെ കാണുന്നത്. ”

സംഭാഷണം കേട്ടപ്പോൾ അവർക്ക് മുന്നിലേക്ക്‌ ചെല്ലാൻ എനിക്ക് തോന്നിയില്ല..

” അതല്ല മോളെ.. അപ്പു നിന്നെ നന്നായിട്ടാണോ നോക്കുന്നത്…. ?

” ആഹ്… എനിക്കവിടെ ഒരു കുറവുമില്ല… ”

” നിന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ലല്ലോ… നിനക്ക് സന്തോഷം തന്നെയല്ലേ… ?

അമ്മയുടെ കുത്തി കുത്തിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കും എന്തോ പോലെ തോന്നി..

” അമ്മ ഉദേശിച്ചത്‌ എന്താണെന്ന് എനിക്ക് മനസിലായി.. അപ്പുവേട്ടനു എന്നോടൊരു ഇഷ്ടകുറവുമില്ല.. ഇനി ഉണ്ടെങ്കിൽ തന്നെ അത് ഭാര്യഭർത്താക്കൻമാരുടെ ഇടയിൽ സ്വാഭാവികമല്ലേ.. ”

അവളിലെ മറുപടി എന്റെ മനസ്സിനെ തണുപ്പിച്ചു.. ഒരു പരിഗണനയും കൊടുക്കാഞ്ഞിട്ടും ഒരിടത്തും അവളെന്നെ തരം താഴ്ത്തി കാണിച്ചില്ല. അവളുടെ മുഖത്തേക്കാൾ സൗന്ദര്യം ആ മനസ്സിനാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.

അവിടെ നിന്നും മടങ്ങുമ്പോൾ രഞ്ജുവിനോട്‌ കാരണമറിയാത്ത ഒരിഷ്ടം മനസ്സിൽ കയറി കൂടിയിരുന്നു.. അന്ന് രാത്രി അവളെ ഞാൻ നിലത്ത് കിടക്കാൻ അനുവദിച്ചില്ല..

” രഞ്ജു… നീയെന്താ പിന്നെ പഠിക്കാതിരുന്നത്‌.. ?

” അത് അപ്പുവേട്ടാ.. അച്ഛൻ പോയപ്പോൾ അമ്മയ്ക്ക് ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു പഠിപ്പിക്കാൻ കഴിഞ്ഞില്ല.. അമ്മയെ വിഷമിപ്പിക്കാതെ ഞാനായിട്ട് തന്നെ നിർത്തി.. ”

” നിനക്ക് ഇനി പഠിക്കണോ… ?

എന്റെ ആ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി..

ഇന്ന്‌ മൂന്ന് വർഷത്തിനിപ്പുറം അവൾക്കു വേണ്ടിയാണ് ഈ റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുന്നത്.. ദൂരേക്ക്‌ പഠിക്കാൻ പോയപ്പോഴും ഞാനിവിടെ തനിച്ചാവാതിരിക്കാൻ, ഒരു നിമിഷം പോലും വെറുതെ ഇരുത്താതെ പുറകെ ഓടിക്കാൻ, ഒരു കാ‍ന്താരിയെ കൂടി എന്റെ കൈയിൽ ഏല്പിച്ചിരുന്നു.. അമ്മയുടെ വരവും നോക്കി ഇരിക്കുവാണ് ഞങ്ങളുടെ കുറുമ്പി..

അവളെ സ്വീകരിക്കാൻ ഞങ്ങൾ മാത്രമായിരുന്നില്ല, ഈ നാട്ടിലെ എം. എൽ. എ മാരും പോലീസ് മേധാവികളും അവരുടെ സന്നാഹങ്ങളുമുണ്ട്.. ഞാനെന്റെ ഭാര്യയെ സ്വീകരിക്കുമ്പോൾ അവര് അവരുടെ കളക്ടറിനെയാണ് വരവേൽക്കുന്നത്. ഒരു നാടിനെ മുഴുവൻ നയിക്കേണ്ട ആ വല്യ പദവിയുടെ ഉടമയെ…

കളിയാക്കിയ ഓരോ നാട്ടുകാരും ഇന്നവളിലൂടെ അഭിമാനിക്കുന്നുണ്ട്… നാടിന് പ്രീയപ്പെട്ടവളായി മാറുമ്പോൾ അസൂയയോടെ അല്ലാതെ ആരും അവളെ നോക്കില്ല.. എന്തിനേറെ പറയുന്നു ഈ നാട്ടിലൂടെ അവളുടെ കൈയ്യും ചേർത്തു പിടിച്ച് നടക്കുമ്പോൾ ചെറുതല്ലാത്തൊരു അഹങ്കാരം എന്നിലുമുണ്ട്..

രചന: Kavitha Thirumeni

Leave a Reply

Your email address will not be published. Required fields are marked *