ആ-ദ്യ രാത്രിയിൽ പാലുമായി മുറിയിലേക്ക് കയറി വന്ന ലെച്ചു കണ്ടത്

Uncategorized

രചന: Sreejith Achuz

ആദ്യ രാത്രിയിൽ പാലുമായി മുറിയിലേക്ക് കയറി വന്ന ലെച്ചു കണ്ടത് പോത്തു പോലെ കിടന്നുറങ്ങുന്ന എന്നെ ആണ്…

കല്യാണം കഴിഞ്ഞ ആദ്യ ദിവസം തന്നെ സ്വന്തം ഭർത്താവിൽ നിന്നും ഇങ്ങനൊരു കാഴ്ച ലെച്ചു തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല….

ഹരിയേട്ടാ… നേരത്തെ ഉറങ്ങിയോ… പാല് കുടിക്കുന്നില്ലേ എന്ന് ലെച്ചു ചോദിച്ചതിന്… നിനക്ക് വേണമെങ്കിൽ കുടിക്കാം.. അല്ലെങ്കിൽ കൊണ്ടു പോയി കളഞ്ഞേക്കെന്ന എന്റെ മറുപടി ലെച്ചുവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു…

ഞങ്ങളുടെ ജീവിതത്തിലെ ആദ്യ ദിവസം തന്നെ ഞാൻ അവൾക്കു സമ്മാനിച്ചത് കണ്ണു നീർ ആയിരുന്നു…

പിറ്റേന്ന് തന്നെ ഓഫീസിൽ പോകാൻ റെഡി ആകുന്ന എന്നെ കണ്ടു ലെച്ചു അമ്പരന്നു പോയി…

കല്യാണം ഇന്നലെ അല്ലേ കഴിഞ്ഞത്.. ഇന്ന് തന്നെ ഓഫീസിൽ പോകണോ ഹരിയേട്ടാ എന്നവളുടെ ചോദ്യത്തിന് രൂക്ഷമായി ഞാൻ അവളെ നോക്കുകയാണ് ചെയ്തത്…

എന്റെ കാര്യത്തിൽ ആരും അഭിപ്രായം പറയാൻ വരുന്നത് എനിക്കിഷ്ട്ടല്ല.. മേലാൽ ഇനി ഇത് ആവർത്തിക്കരുത് എന്ന എന്റെ വാക്കുകളും കൂടി ആയപ്പോൾ കരഞ്ഞു കൊണ്ടു റൂമിലേക്ക്‌ കയറി പോകുന്ന ലെച്ചുവിനോട് യാത്ര പോലും പറയാതെ ഓഫീസിലേക്ക് പോവുകയാണ് ഞാൻ ചെയ്തത്..

വൈകിട്ടു എന്റെ വരവും കാത്തിരിക്കുന്ന ലെച്ചുവിനെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് കയറി പോവുകയും… വീട്ടിൽ അമ്മയോട് മിണ്ടുന്നതിന്റെ ഒരു അംശം പോലും ഞാൻ ലെച്ചുവിനോട് മിണ്ടാത്തതും കൂടി ആയപ്പോൾ പതിയെ പതിയെ അവൾക്കെന്നോട് ദേഷ്യമായി തുടങ്ങിയിരുന്നു…

രാവിലെ അവൾ തരുന്ന ഭക്ഷണം കഴിക്കാതെയും…. എന്റെ ഡ്രസ്സ്‌ പോലും നീ അലക്കണ്ട… അതിനിവിടെ അമ്മ ഉണ്ടെന്നും കൂടി ഞാൻ പറഞ്ഞപ്പോൾ എന്നോടുള്ള ദേഷ്യം മാറി പിന്നെയത് വെറുപ്പായി തീരുകയായിരുന്നു…

ഞാൻ അവളോട്‌ കാണിക്കുന്നതിനൊക്കെ അവൾ പ്രതികാരം ചെയ്തിരുന്നത് എന്റെ അമ്മയോടായിരുന്നു…

ഒരിക്കൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു ഷർട്ട്‌.. ലെച്ചു തേച്ചപ്പോൾ അത് കത്തി പോയതിന്റെ ദേഷ്യം ഞാൻ തീർത്തത് അവളുടെ കരണ കുറ്റിയിൽ ആയിരുന്നു….

അതിനുള്ള മറുപടി എന്നോണമാണ് അവൾ എന്റെ അമ്മയെ കൊണ്ടു ആ വീട് മുഴുവൻ അടിച്ചു വാരി തുടപ്പിച്ചിട്ടത്…

ഭാര്യയുടെ ഈ പക പോക്കൽ ഒരിക്കൽ പോലും അമ്മ എന്നോട് പറഞ്ഞിരുന്നില്ല.. അത് ഒരു പക്ഷേ മകന്റെ ജീവിതം ഒരിക്കലും തകരരുത് എന്ന് എന്റെ പാവം അമ്മ ചിന്തിച്ചത് കൊണ്ടായിരിക്കാം..

ഒരിക്കൽ ജോലി കഴിഞ്ഞു വരുന്ന ഞാൻ കണ്ടത് കാലിൽ നീരുമായി ഇരിക്കുന്ന അമ്മയെ ആണ്..

എന്താ പറ്റിയത് എന്ന് ചോദിച്ചതിന്… അമ്മ മുറ്റത്തൊന്നു തെന്നി വീണതാ ഹരികുട്ടാ എന്ന അമ്മയുടെ മറുപടി ഞാൻ അപ്പാടെ വിശ്വസിച്ചു..

ലെച്ചു അമ്മയുമായി വഴക്കിട്ടു… അതിന്റെ ദേഷ്യത്തിൽ അവൾ അമ്മയെ പിടിച്ചു തള്ളിയപ്പോൾ കാലു തെറ്റി വീണതാണെന്നുള്ള അയൽവാസിയായ രമണി ഏടത്തിയുടെ വാക്കുകൾ എന്റെ സമനില ആകെ തെറ്റിച്ചു…

അതിന്റെ ദേഷ്യത്തിൽ അവളെ ഞാൻ വീട്ടിൽ നിന്നും ഇറക്കി വിട്ടു… അവളെ തിരിച്ചു വിളിക്കു ഹരികുട്ടാ എന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ…. എനിക്കെന്റെ അമ്മയെ ജീവനോടെ ഇനിയും കാണണം എന്ന് പറഞ്ഞു വീടിന്റെ മുൻ വാതിൽ ഞാൻ അവൾക്കു നേരെ കൊട്ടിയടച്ചു…

എനിക്ക് മുൻപിൽ തോറ്റു തരാൻ അവൾ ഒരുക്കമല്ലായിരുന്നു… അതാണ് ബന്ധം പിരിയാൻ ഉള്ള ഒരു നോട്ടീസ് വക്കിൽ മുഖേന അവൾ എനിക്കയച്ചതും…

ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ലെച്ചു ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന അവളുടെ അച്ഛന്റെ വാക്കുകൾക്ക്…. എനിക്കിനി ആ മനുഷ്യന്റെ കൂടെ ജീവിക്കാൻ വയ്യ… സ്നേഹം എന്തെന്ന് പോലും അറിയാത്ത ഒരാളാണ് ഞാൻ എന്നാണ് അവൾ മറുപടി പറഞ്ഞത്…

പിറ്റേന്ന് ലെച്ചുവിനെ കാണാൻ വന്ന അതിഥിയെ കണ്ടു ലെച്ചു അമ്പരന്നു പോയി..

വാസു അമ്മാവൻ…. ഹരിയേട്ടന്റെ അമ്മാവൻ… വാസു അമ്മാവൻ ആണ് ഹരിയേട്ടന്റെ ആലോചന എനിക്ക് കൊണ്ടു വന്നതും…

ബന്ധം പിരിയല്ലേ എന്ന് പറഞ്ഞു എന്റെ കാലു പിടിക്കാൻ വന്നതായിരിക്കും അമ്മാവൻ എന്ന് കരുതിയ എനിക്ക് ആകെ പാടെ തെറ്റി പോയിരുന്നു…

ഇനി എങ്കിലും ഞാൻ ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ മോളുടെ കുടുംബ ജീവിതം തകരും… ഞാൻ പറയുന്നത് കേട്ടിട്ട് മോൾക്ക്‌ എന്ത് വേണമെങ്കിലും ചെയ്യാം എന്ന വാസു അമ്മാവന്റെ വാക്കുകൾക്ക് ഞാൻ ശ്രദ്ധയോടെ ചെവി കോർത്തു….

ഹരിയുടെ ഇത് രണ്ടാം കല്യാണം ആണ് മോളെ… ആദ്യത്തേത് പ്രണയ വിവാഹം ആയിരുന്നു.. 5 വർഷത്തെ പ്രണയം പിന്നെ ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് വളരെ ഭംഗി ആയി തന്നെ ആണ് വിവാഹം നടത്തിയതും…

പക്ഷേ അതിനു വെറും ഒരു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു… അവൾക്കു ക്യാൻസർ എന്ന രോഗം ഉള്ളതായി ഞങ്ങൾ അറിയാതെ പോയി.. ഒടുക്കം അറിഞ്ഞപ്പോഴേക്കും അവൾ ഞങ്ങളെ എല്ലാവരെയും വിട്ടു പോയി കഴിഞ്ഞിരുന്നു…

അവന്റെ വാവയുടെ മരണം അവനൊരു ഷോക്ക് ആയിരുന്നു… ഒടുവിൽ ഡോക്ടർ ആണ് മറ്റൊരു വിവാഹം കഴിച്ചാൽ… കയറി വരുന്ന പെണ്ണ് അവന്റെ വാവയെ പോലെ ആണെന്ന് ഹരിക്ക് തോന്നിയാൽ പതിയെ പതിയെ അവൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞത്…

കല്യാണത്തിന് മുൻപേ മോളോട് ഇക്കാര്യം തുറന്നു പറയാൻ വന്ന എന്നെയേയും ഹരിയുടെ അമ്മയെയും തടഞ്ഞത് മോളുടെ അച്ഛൻ തന്നെ ആണ്…

ചൊവ്വാ ദോഷം ഉള്ള മോൾക്ക്‌ വരുന്ന ആലോചന ഒക്കെ പൊരുത്തം കുറവായത് കൊണ്ടു മുടങ്ങി പോവുകയും..ഹരിയുടെ വെച്ചു നോക്കിയപ്പോൾ നല്ല പൊരുത്തം കണ്ടതു കൊണ്ടും.. 24 വയസ്സിൽ മോൾക്ക്‌ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നടക്കില്ല എന്ന് മോളുടെ അച്ഛൻ പറഞ്ഞത് കൊണ്ടും… കെട്ടാൻ പോകുന്ന ചെക്കൻ ഒരു രണ്ടാം കെട്ടുകാരൻ ആണെന്ന് അറിഞ്ഞാൽ മോള് അതിനു സമ്മതിക്കില്ല എന്ന അച്ഛന്റെ വേവലാതി കൂടി ആയപ്പോൾ.. മോളുടെ അച്ഛന്റെ കൂടെ ഞങ്ങൾക്ക് നിക്കേണ്ടി വന്നു…

അമ്മാവൻ പറയുന്നതൊക്കെ കേട്ടിട്ട് ശില പോലെ നിന്നൊരുകുകയായിരുന്നു ഞാൻ.. ഹരിയേട്ടൻ എന്ത് കൊണ്ടാണ് എന്നോടിങ്ങനെ പെരുമാറുന്നത് എന്ന് ഒരിക്കൽ പോലും ഹരിയേട്ടന്റെ അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല… അതിനു പകരം വേദനിപ്പിക്കുകയാണ് ചെയ്തതെന്നോർത്തു കുറ്റബോധം കൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഇവിടെ തെറ്റുകാരൻ അവരാരും അല്ല.. മറിച്ചു തന്റെ സ്വന്തം അച്ഛൻ തന്നെ ആണ്… ഇതൊന്നും അറിയാതെ ആണല്ലോ ഞാൻ ഇത്രയും കാലം ആ പാവം അമ്മയെ വേദനിപ്പിച്ചു രസിപ്പിച്ചത് എന്നോർത്ത് നിന്ന നിൽപ്പിൽ മരിച്ചു പോയാൽ മതി എന്നായി പോയിരുന്നു എനിക്ക്…

ഹരി ഒരു ആക്‌സിഡന്റ് പറ്റി ഇപ്പോൾ കിടപ്പിലാണ്… ഒന്ന് എഴുന്നേറ്റു നടക്കാൻ പോലും പര സഹായം വേണം…. മോൾക്ക്‌ എല്ലാം അറിഞ്ഞിട്ടും ബന്ധം പിരിയാനാണ് തോന്നുന്നതെങ്കിൽ അങ്ങനെ തന്നെ ആകട്ടെ എന്ന് പറഞ്ഞു അമ്മാവൻ പോകുമ്പോഴേക്കും അണ പൊട്ടി വന്ന കരച്ചിൽ പിടിച്ചു നിർത്താൻ പറ്റാതെ ഞാൻ റൂമിലേക്ക്‌ ഓടി കഴിഞ്ഞിരുന്നു..

പിറ്റേന്ന് തന്നെ അച്ഛനോട് യാത്ര പറഞ്ഞു ഞാൻ ഹരിയേട്ടന്റെ വീട്ടിലേക്കു യാത്ര തിരിച്ചു. എന്നെ കണ്ടതും ഹരിയേട്ടന്റെ അമ്മ മോളെ എന്ന് വിളിച്ചു ഓടി വന്നെന്നെ കെട്ടിപിടിച്ചു..

സകല അപരാധങ്ങളും പൊറുത്തു എനിക്ക് മാപ്പ് തരണേ അമ്മേ എന്ന് പറഞ്ഞു ഞാൻ അമ്മയുടെ മാറിൽ തല വെച്ചു പൊട്ടി കരഞ്ഞു…

ഒടുവിൽ ഹരിയേട്ടനെ കണ്ടതും ഞാൻ ആകെ തളർന്നു പോയി.. കൈയിലും കാലിലും ആകെ മുറിവ് പറ്റി കിടക്കുന്ന ആ അവസ്ഥ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു..

പതിയെ പതിയെ ഹരിയേട്ടന്റെ എല്ലാ കാര്യങ്ങളും ഞാൻ ഏറ്റെടുക്കുകയായിരുന്നു..

കഞ്ഞി കോരി കൊടുക്കുമ്പോൾ അമ്മ ഇല്ലേ ഇവിടെ.. എനിക്ക് അമ്മ കോരി തന്നോളുമെന്നു എന്നോട് പറയുമ്പോൾ.. അമ്മ ഇവിടെ ഇല്ല.. ഞാൻ കോരി തന്നെന്നു വെച്ചു ആകാശം ഇടിഞ്ഞു വീഴൊന്നുമില്ല… ഇത് കുടിച്ചിട്ട് കുറേ ഗുളിക കഴിക്കാൻ ഉള്ളതാ എന്ന് ചിരിച്ചു കൊണ്ടു ഞാൻ പറയുമ്പോൾ മറ്റൊരു വഴിയും ഇല്ലാതെ ചെറിയൊരു നീരസത്തോടു കൂടി ഹരിയേട്ടൻ കഴിക്കുന്നത് നോക്കി കൊണ്ടു ഞാൻ ഇരിക്കുമായിരുന്നു..

വേദന കൂടുമ്പോൾ പലപ്പോഴും ഉറങ്ങാതിരുന്ന ഹരിയേട്ടന്റെ അപ്പുറത്തായി ഉറക്കം പോലും കളഞ്ഞു ഓരോരോ തമാശകൾ ഒക്കെ പറഞ്ഞു ഞാനും കൂടെ ഇരിക്കുമായിരുന്നു…

വീട്ടിലെ സകല ജോലികളും ഞാൻ ഒറ്റയ്ക്ക് ചെയ്തു രാവിലെ അമ്മയെ ഹരിയേട്ടന്റെ കൂടെ ഇരുത്തുകയും… അമ്മയെ എന്റെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്നത് കണ്ടത് കൊണ്ടായിരിക്കണം… ഇടയ്ക്കൊക്കെ ലെച്ചു എന്തെടുക്കുവാ.. അവൾ വല്ലതും കഴിച്ചോ എന്നൊക്കെ ഹരിയേട്ടൻ അമ്മയോട് ചോദിച്ചത്…

ഒടുക്കം പതിയെ ഒന്ന് എഴുന്നേറ്റു നടക്കാറായപ്പോൾ ചെറിയൊരു ചമ്മലോടെ ആണെങ്കിലും എന്റെ തോളിലൂടെ കൈ ഇട്ടു പതിയെ പതിയെ ഹരിയേട്ടനെ ഞാൻ നടത്തുമായിരുന്നു…

അമ്മയ്ക്ക് കാലു വേദന രൂക്ഷം ആകുമ്പോൾ കുഴമ്പിട്ട് ആ കാലു തടവുകയും ചൂട് വെള്ളത്തിൽ പതിയെ ആവി വെച്ചു കൊടുക്കുന്നതും കണ്ടിട്ടാകണം ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ചു ഭക്ഷണം കഴിക്കാം എന്ന് ഹരിയേട്ടൻ എന്നോട് പറഞ്ഞത്…

ഒഴിവു സമയങ്ങളിൽ ഞാനും അമ്മയും കൂടി ഓരോന്ന് പറഞ്ഞു പൊട്ടി ചിരിക്കുമ്പോൾ വിവാഹം കഴിഞ്ഞു ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടാണ് ഹരിയേട്ടനും ചിരിക്കുന്നത് ഞാൻ കണ്ടത്…

ഒടുവിൽ അസുഖം എല്ലാം മാറി പതിയെ ജോലിക്ക് പോയി തുടങ്ങാറായപ്പോൾ അന്നാദ്യമായി എന്നോട് യാത്ര പറഞ്ഞു ഹരിയേട്ടൻ ജോലിക്ക് പോകുന്നത് കണ്ടിട്ട് ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

വൈകിട്ടു ഹരിയേട്ടന്റെ വരവ് നോക്കി നിക്കുമ്പോൾ മൈൻഡ് പോലും ചെയ്യാതിരുന്ന എന്നെ അന്ന് വന്നപ്പോൾ നിറഞ്ഞ ചിരിയോടെ ഒരു കവർ എനിക്ക് നേരെ എടുത്തു നീട്ടി…

ആകാംഷയോടെ തുറന്നു നോക്കിയപ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഉണ്ണിയപ്പം ആയിരുന്നു അത്… എന്റെ ഇഷ്ടങ്ങൾ എല്ലാം ഹരിയേട്ടൻ മനസ്സിലാക്കി തുടങ്ങിയതോർത്ത് ലോകത്തിലെ ഏറ്റവും ഭാഗ്യവതി ആയ പെണ്ണാണ് ഞാൻ എന്നിപ്പോ എനിക്ക് തോന്നി പോയിരുന്നു…

ഒടുവിൽ ഒരു രാത്രി റൂമിലേക്ക്‌ കയറി വന്ന ഹരിയേട്ടന്റെ കൈയിൽ ഒരു ഗ്ലാസ്‌ പാലും ഉണ്ടായിരുന്നു.. പണ്ട് മുടങ്ങി പോയ നമ്മുടെ ആദ്യ രാത്രി ഇന്ന് ആഘോഷിക്കാം എന്ന് ഹരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുഖം പൊത്തി കരയുകയാണ് ചെയ്തത്…

പതിയെ എന്റെ കണ്ണു നീർ തുടച്ചു മാറ്റി എന്നെ ഹരിയേട്ടന്റെ മാറിലേക്ക് കിടത്തി കൊണ്ടു ഹരിയേട്ടൻ എന്നോട് പറഞ്ഞു….

ജീവിതത്തിൽ ആരും… ആർക്കും പകരം ആവില്ലെന്ന് പറയുന്നത് വെറുതെയാ.. നല്ലൊരു സ്നേഹം നമ്മളെ തേടി വന്നാൽ തീർച്ചയായും അതിനു പകരക്കാർ ഉണ്ടാകുമെന്നു……

Sreejith Achuz

Leave a Reply

Your email address will not be published. Required fields are marked *