കരിവളകൾ എടുത്തു അവൾക്ക് നേരെ നീട്ടി. അവള് അതണിഞ്ഞ് രണ്ടു കയ്യും ഉയർത്തി എന്നോട് ചോദിച്ചു…..

Uncategorized

രചന: വിഷ്ണു പൊന്നു

“ഡാ പൊന്നു.. നിൻ്റെ തലയിലൂടെ വെള്ളമൊഴിക്കണ്ടെങ്കിൽ നീ എണീറ്റോ.. ” പോരാളിയാണ്..

ഫോണിൽ സമയം നോക്കിയപ്പോൾ 5 മണി ആയിട്ടുള്ളൂ.. പക്ഷേ പോരാളികൾ അങ്ങനെ വെറും വാക്ക് പറയാറില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ ഉറക്ക പിച്ചിൽ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.. പോരാളി അവിടെ അപ്പം ചുടുകയാണ്..എന്റെ ഫേവറേറ്റ് ആണ് എന്തൊക്കെ ആയാലും ഞാൻ വരുമ്പോ എപ്പഴും അമ്മക്ക് അന്നത്തെ ദിവസം വേറെ ഓപ്ഷൻ ഇല്ല. അപ്പുറത്ത് ചട്ടിയിൽ കടല കറി തിളച്ചു മറിയുന്നു.. അടാറ് കോമ്പിനേഷൻ കണ്ടപ്പോൾ തന്നെ പാതി തുറന്നിരുന്ന കണ്ണുകൾ ബൾബ് പോലെ ആയി.. അത് കണ്ടിട്ടാവണം “നിന്ന് വെള്ളമിറക്കണ്ടാ പോയി കുളിച്ചു ഗുരുവായൂരപ്പനെ തൊഴുതിട്ടു വാ…”

“ഇതിനാണോ ഇത്ര നേരത്തെ വിളിച്ചത് മനുഷ്യന് ആകെ കിട്ടുന്ന ഞായറാഴ്ച ആണ് അന്നും സ്വസ്ഥമായി ഉറങ്ങാൻ പറ്റില്ല.. കുറച്ചു കഴിഞ്ഞു എണീപ്പിച്ചാൽ മതിയായിരുന്നല്ലോ… ” “മോന്റെ ഉറക്കത്തിന്റെ കാര്യം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.. ഈ ഇടയായി ഉറക്കം കുറയുന്നുണ്ടോ എന്നൊരു സംശയം..”

ചെറുതായി കത്തിയെങ്കിലും പുറത്ത് കാണിക്കാതെ അമ്മയുടെ സാരി തുമ്പിൽ പിടിച്ചു നൂലുകളുടെ എണ്ണം എടുത്തുകൊണ്ടു നിഷ്കളങ്കതയോടെ “എന്താ അമ്മാ..” “എതാടാ ആ പെണ്ണ്..” “ഏതു പെണ്ണ്..” “ഡാ ഡാ നീ ഉരുണ്ടു കളിക്കേണ്ടാ… എനിക്കെല്ലാം അറിയാം ” കണ്ടുപിടിച്ചു… ഇനി രക്ഷ ഇല്ല എന്നാലും എങ്ങനെ

“അമ്മ എങ്ങനെ കണ്ടു പിടിച്ചു.. സത്യം പറയാലോ നിങ്ങള് അമ്മമാർക്ക് ഒക്കെ വല്ല പോലീസിലോ അല്ലെങ്കിൽ കുടുംബശ്രീ പോലെ വല്ല ഡിറ്റക്ടീവ് ഓഫീസോ തുറന്നൂടെ ” “അതൊന്നും വേണ്ടടാ നീ നിന്റെ ഉമ്മകളുടെ എണ്ണം ഒന്ന് കുറച്ചാൽ മതി..” “എജ്ജാതി പ്ലിങ് ”

ടോം ആൻഡ് ജെറി യിലെ ടോം ന് വാലിൽ എന്തേലും പറ്റിയാൽ ഒരു ഭാവം ഇടൂലെ അതാണിപ്പോ എന്റെ മുഖത്തിന്. നോക്കുമ്പോ പുറകീന്ന് ഒരു ആക്കിയ ചിരി നോക്കുമ്പോ രണ്ടു വയസ്സിനു ഇളയത് ആണെലും അതിന്റെ ബഹുമാനം ഒന്നും തരാത്ത മ്മ്ടെ പെങ്ങളുകുട്ടി. ” ഞാൻ പറഞ്ഞതല്ലേ അമ്മേ ഏട്ടൻ കൈവിട്ടു പോയി എന്ന്… അപ്പോ അമ്മ എന്തൊക്കെയാ പുകഴ്ത്തി പറഞ്ഞെ സൽപുത്രനെ ”

ഇപ്പൊൾ സംയമനം ആണ് ഏറ്റവും നല്ലത്. കുരിപ്പിന് ഇതല്ലാതെ പല കാര്യങ്ങളും അറിയാം. ഇതാണ് പറയണേ നമ്മുടെ കാര്യങ്ങള് ഒന്നും അനിയത്തിമാരുടെ അടുത്ത് വിളമ്പരുത് എന്ന്. ഒടുക്കത്തെ ഭീഷണിയായിരിക്കും പിന്നെ മുതൽ.. അവളോട് ഒരു വാക്കറ്റേത്തിന് നിൽക്കാതെ കുളിക്കാൻ വേണ്ടി സ്‌കൂട്ടായി അവിടുന്ന്. പറഞ്ഞു പറഞ്ഞു നമ്മളെ പറ്റി ഒന്നും പറഞ്ഞില്ല അല്ലേ…

എൻ്റെ പേര് മനു, ഗുരുവായൂർ അമ്പലത്തിൽ നിന്ന് പത്ത് പതിനഞ്ച് മിനിട്ട് നടക്കാൻ ഉള്ളൂ വീട്ടിലേക്ക്.. പിന്നെ ഗുരുവായൂർ അമ്പലത്തിൽ തെക്കേ നടയിൽ അച്ഛന് ചെറിയൊരു സ്റ്റാൾ ഉണ്ട്.. വള, മാല, രൂപങ്ങൾ ഫോട്ടോകൾ അങ്ങനെ തുടങ്ങി എല്ലാം.. ഒഴിവ് സമയങ്ങളിൽ അവിടെ നിൽക്കും ഇപ്പൊ പിന്നെ ജോലിക്ക് പോവുന്നത് കൊണ്ട് ആഴ്ചയിൽ ഒരിക്കലേ നാട്ടിലേക്ക് വരൂ.. അപ്പോഴാണെങ്കിൽ ഇല്ലാത്ത തിരക്കാണ്. പിന്നെ നിങ്ങള് എന്നെ കുറിച്ച് അല്ലാ അറിയാൻ ആഗ്രഹിക്കുന്നത് എന്നറിയാം ഒളേക്കുറിച്ച് അല്ലേ… എങ്ങനെ ലബ്ബ് ആയി എന്നല്ലേ… ഞാൻ പറയാം..

*************

അവള് രാധിക.. രാധുന്ന് വിളിക്കും.. വല്യ കൃഷ്ണ ഭക്തയാണ്. പിന്നെ എവിടെ വച്ചാണ് കണ്ടുമുട്ടിയത് എന്ന് പറയണ്ടല്ലോ.. ഏകദേശം ഒരു രണ്ടു വർഷം മുമ്പ് നമ്മുടെ ഇൗ ഗുരുവായൂരപ്പന്റെ നടയിൽ വച്ച്.. അന്നും ഇതുപോലെ ഒരു ദിവസം… ഗുരുവായൂരപ്പനെ കാണാൻ വേണ്ടി ക്യൂവിൽ നിൽക്കുമ്പോൾ കാണുന്നെ.. ഞാൻ നിൽക്കുന്നതിന്റെ കുറച്ചു അപ്പുറമായി ദാവണി ഒക്കെ ഉടുത്ത് മുടിയൊക്കെ രണ്ടു ഭാഗത്തേക്കും മൊടഞ്ഞിട്ടു മുല്ലപ്പൂവൊക്കെ വച്ച് സെറ്റപ്പ്‌ ആയി നിൽക്കുന്നു. വിടർന്നു വന്ന കണ്ണുകളോടൊപ്പം നാലഞ്ചു കിളികളും പറന്നു പോയിരുന്നു…

ആകെ മൊത്തം ഒരു ഡാർക്ക് സീൻ.. എന്ന് പറഞ്ഞാല് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റുന്നില്ല എന്ന്.. ഓൾടെ അടുത്തെത്താൻ എന്നെക്കാൾ മുന്നേ മനസ്സ് പാഞ്ഞിരുന്നു.. അതുകൊണ്ടാണോ എന്നറിയില്ല ഘട്ടം ഘട്ടമായി ഗേറ്റ് തുറന്നു വിടുമ്പോൾ പലരുടെയും കാലുകളും തെറിവിളിയും കേട്ടതേ ഇല്ല.. പക്ഷേ എന്നെക്കാൾ മുന്നേ അവള് ഉള്ളിൽ എത്തിയിരുന്നു.. ലാസ്റ്റ് ഉള്ളത് തുറന്നപ്പോ മ്മ്ടെ കൃഷ്ണനെ തന്നെ കൂട്ട് പിടിച്ച് അകത്തേക്ക് വച്ച് പിടിച്ച്. ഇൗ കാര്യങ്ങൾക്ക് ഒക്കെ മൂപ്പരാണ് ബെസ്റ്റ്.

അവിടെ ഒക്കെ തിരഞ്ഞു നോക്കുമ്പോ അവളതാ സ്റ്റെപ്പിൽ നിൽക്കുന്നു. എങ്ങനെയൊക്കെയോ തിക്കി തിരക്കി ഓൾടെ പുറകിൽ എത്തുമ്പോ അവൾടെ പുറകിൽ അതാ ഒരു ആജാനബാഹു നിൽക്കുന്നു. ഓൾടെ അച്ഛൻ ആണ് തോന്നുന്നു. മൂപ്പര് ഉള്ള കാരണം അപ്പൂറത്ത് നിൽക്കുന്ന അവളെ കാണുന്നില്ല എന്റെ കൈയ്യ് കൊണ്ടിട്ടാണോ കാല് കൊണ്ടിട്ടാണോ അറിയില്ല.. മൂപ്പരൊന്ന് തിരിഞ്ഞു. മുഖത്തെ രൗദ്രഭാവവും ആ കൊമ്പൻ മീശയും കണ്ട് എന്റെ കണ്ണിലെ കൃഷ്ണമണികൾ മേപ്പോട്ട് നിന്ന്.. “എന്താ മോനെ..”

എന്ന ചെറിയ സൗണ്ടിൽ ചോദ്യം കേട്ട് ചിരിക്കണോ വേണോ എന്ന അവസ്ഥ.. മുഖത്തെ ആ സംഭവം ഒന്നും സൗണ്ടിൽ ഇല്ല.. “ഒന്നുമില്ല” എന്ന് മറുപടി കൊടുക്കുമ്പോൾ ചിരിയടക്കാൻ പാട് പെട്ടു.. അവളെ കാണാൻ ഒരു സൈഡ്ലേക്ക് നിന്നു. കൂടെ ഉള്ളത് അനിയത്തിയും അമ്മയും ആണ് തോന്നുന്നു. അനിയത്തിയോട് നല്ല കത്തിയടി ആണ് നല്ല കിളി പോലത്തെ സൗണ്ട്..

“ഇൗ അമ്പലത്തിന്റെ അടുത്ത് ഉള്ളവരുടെ ഒക്കെ ഭാഗ്യം ആണല്ലേ അമ്മേ.. എന്നും കാണേം തൊഴേം ഒക്കെ ചെയ്യാം ” എന്ന് പറയണത് കേട്ട്.. “എന്നാ പിന്നെ നിന്നെ ഇവിടെ അടുത്തേക്ക് കെട്ടിച്ചു വിടാം” എന്ന അമ്മയുടെ മറുപടി നമ്മക്ക് അങ്ങ് പെരുത്ത് ഇഷ്ടായി.

ഇടക്കിടക്ക് നോക്കുന്നത് കണ്ടിട്ടാകണം അവള് നോക്കിയപ്പോൾ കണ്ണും കണ്ണും ഒരു സ്പാർക്ക്.. അവള് അനിയത്തിയുടെ ചെവിയിൽ എന്തൊക്കെയോ പറയുന്നു. അനിയത്തി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ തന്നെ എന്ന മട്ടിൽ ഒരു ചിരി അങ്ങ് പാസാക്കി ( ചെവിയിൽ ചിലപ്പോ ഒരു വായ്‌നോക്കി എന്നാണ് പറഞ്ഞത് എങ്കിലോ).

പതിയെ പതിയെ തിരക്കിൽ ഒക്കെ പെട്ട് അകത്തു കയറി ഗുരുവായൂരപ്പനെ തൊഴുത് പുറത്തിറങ്ങി പിന്നാലെ വച്ച് പിടിച്ച്. സമയം ഉച്ചയോട് അടുക്കുന്നു. ഒന്നും കഴിക്കാത്തത് കൊണ്ട് വയറും ചീത്ത വിളിക്കാൻ തുടങ്ങി. അവര് നേരെ നടന്നു പോയത് ഭക്ഷണത്തിന് ഉള്ള ക്യൂവിൽ നിൽക്കുന്നു. അവള് ഒന്ന് നോക്കിയപ്പോ അവിടെയും കയറി നിന്ന് ( ഇൗ പെൺകുട്ടികൾ ചിരിച്ചു കാണിച്ചു നമ്മളെ കൊണ്ട് എന്തൊക്കെയാ ഇൗ ചെയ്യിക്കുന്നത് അവരുടെ കുഴപ്പം അല്ലാട്ടാ നമ്മള് ചെയ്തു പോകുന്നത് ആണ്.) നീണ്ട ക്യൂവിൽ നിന്ന് ഭക്ഷണം കഴിച്ചു എഴുന്നേറ്റപ്പോഴക്കും ഓള് കയ്യിന്ന് പോയി. പുറത്തിറങ്ങി എവിടെ നോക്കാൻ ആണ്…

മനസ്സ് എങ്ങോ പോയി ഞാൻ മനസ്സില്ലാ മനസ്സോടെ അച്ഛന്റെ സ്റ്റാളിലേക്ക് പോയി. അവിടെ അച്ഛനെ സഹായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോ അച്ഛൻ കഴിച്ചു വരാമെന്ന് പറഞ്ഞ് കട എന്നെ ഏൽപ്പിച്ചു പോയി. ബോറടിച്ച് മൊബൈലിൽ കളിച്ചിരിക്കുമ്പോൾ ആണ്. “ഏട്ടാ ” എന്നൊരു വിളി കേട്ടത്. ഇത് എവിടെയോ കേട്ടപോലെ എന്നു പറഞ്ഞു തിരിഞ്ഞു നിന്നപ്പോൾ ദേ ലവളും അനിയത്തിയും കടക്കുള്ളിൽ നിക്കണ്. അമ്മയും അച്ഛനും പുറത്തും. അവള് ന്നെ കണ്ട് കിളി പോയേക്കുന്ന്. ഞാൻ ആണേൽ വായും തുറന്നു നിക്കണ് ഈച്ച ശല്യപ്പെടുത്തിയപ്പോൾ നമ്മള് വായ അടച്ചു “എന്താ വേണ്ടെ ” ചോദിച്ച് പുല്ല് ശബ്ദവും പുറത്തേക്ക് വരുന്നില്ല.. അവള് ചിരിയടക്കി കടക വള ചൂണ്ടി ഈ വളയ്ക്കു എന്താ വില ചോദിച്ചു.. എഴുപത് രൂപ ഉള്ള വളയാണ്. “അതിനു നാല്പത് രൂപ ” അച്ഛൻ ഇപ്പോഴൊന്നും വരാതിരുന്നാൽ മതിയായിരുന്നു. വളയും മാലയും ഒക്കെ വാങ്ങി ക്യാഷ് വാങ്ങാൻ അനിയത്തി പോയ തക്കത്തിൽ അവളോട് ചാടി കേറി പറഞ്ഞു “തന്റെ കൈയ്യിനു കുപ്പിവളയാ നല്ലത്..” “അതിനു ഇപ്പൊ എന്താ ”

“അല്ല അതിനു ഒന്നുമില്ല.. പറഞ്ഞന്നെ ഉള്ളൂ..” (ഞാൻ കുറച്ചു വിയർക്കും) “അതേയ്..” “ന്താ ” “അല്ല എപ്പഴും ഗുരുവായൂരപ്പനെ കാണണമെങ്കിൽ പറഞ്ഞാ മതീട്ടാ… നമ്മള് സഹായിക്കാട്ടാ.. ” അവള് മനസ്സിലാവാതെ നോക്കുന്നുണ്ട്.. ഒരു താലി അങ്ങോട്ട് കഴുത്തിൽ ഇട്ടുതരും പിന്നെ നെറ്റിയിൽ ഒരു നുള്ള് കുങ്കുമവും.പിന്നെ മാന്യമായ ഒരു ജോലി ഉണ്ട്. പിന്നെ എല്ലാവരും പറയുന്ന പോലെ പട്ടിണി കിടക്കേണ്ടി വരില്ല ഇത് അച്ഛന്റെ സ്വന്തം കടയാണെ.. പിന്നെ വീട് ഇവിടുന്ന് ഒരു 2 km ന് ഉള്ളിലെ ഉണ്ടാകൂ. അതോണ്ട് ഞാൻ ഇല്ലെങ്കിലും തനിക്ക് ഗുരുവായൂരപ്പനെ കാണാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. ” എങ്ങനെ ഒക്കെയോ പറഞ്ഞു നിർത്തി നോക്കുമ്പോ ദേ ലവളു ഇപ്പൊ എന്നെ കയ്യിൽ കിട്ടിയാൽ കടിച്ചു കീറും എന്ന മട്ടിൽ നിൽക്കുന്നു.

അപ്പോഴേക്കും ഓൾടെ അനിയത്തി വന്ന് ക്യാഷ് തന്നത് കൊണ്ട് രക്ഷപ്പെട്ടു. അനിയത്തി അവളെ വിളിച്ചുകൊണ്ട് പോയി.

പിന്നെ ആകെ ഒരു സമാധാനം പേരും ഊരും ഒന്നും അറിയില്ല എന്നാണ് … അല്ലെങ്കിൽ കാമുകിയെ തേടി അവളുടെ നാട്ടിൽ പോകുന്ന കാമുകൻ, കാമുകിയുടെ പേര് എഴുതി വയ്ക്കൽ, ചിത്രം വരയ്ക്കൽ എന്തൊക്കെ പ്രഹസനങ്ങൾ കാണേണ്ടി വന്നിരുന്നു. ഒന്നും ഇല്ല എല്ലാം ശുഭമായി.. എന്നാലും എവിടെയോ ഒരു കുത്തൽ.. കഥ കഴിഞ്ഞിട്ടില്ല ട്ടോ.. അധികം നീട്ടുന്നില്ല പിന്നെ ഒരു വർഷം കഴിഞ്ഞ് വെക്കേഷന് ഇതുപോലെ ഒരു ഞായറാഴ്ച അച്ഛന് എവിടെയോ പോകണം എന്ന് പറഞ്ഞത് കൊണ്ട് കടയിൽ ഞാനായിരുന്നു നിന്നിരുന്നത്.. പെട്ടെന്നാണ് “ചേട്ടോ ” എന്ന വിളി കേട്ടത്.. പകച്ചു പണ്ടാരമടങ്ങി ഇനി കാണില്ലെന്ന് വച്ചവൾ ദേ മുമ്പിൽ. “ഇൗ കുപ്പിവളകൾ എടുത്തേ ചേട്ടാ ”

കരിവളകൾ എടുത്തു അവൾക്ക് നേരെ നീട്ടി. അവള് അതണിഞ്ഞ് രണ്ടു കയ്യും ഉയർത്തി എന്നോട് ചോദിച്ചു. “കൊള്ളാമോ ചേട്ടാ..” “ആഹ്‌ കുഴപ്പം ഒന്നും ഇല്ല ” അവള് അതിന്റെ ക്യാഷ് തന്ന് പോകാൻ ഉരുങ്ങി. പിന്നെ എന്തോ ഓർത്തപോലെ പറഞ്ഞു. “മാഷേ ന്റെ പേര് രാധിക, ഇനി അത് അറിയാതെ മാഷ് ബുദ്ധിമുട്ടേണ്ട എനിക്ക് കൃഷ്ണ ഭഗവാനെന്ന് വച്ചാ ജീവനാണ്. ആഗ്രഹം ഉള്ളപ്പോൾ ഒക്കെ ഗുരുവായൂരപ്പനെ കാണിച്ചു തരുമെങ്കിൽ ഞാൻ തന്ന ക്യാഷ് ആർക്കും കൊടുക്കേണ്ട മാഷേ.. മാഷ് തന്നെ കയ്യിൽ വച്ചാൽ മതി..” ഞാൻ പോക്കറ്റിൽ നിന്ന് അവള് തന്ന ക്യാഷ് തപ്പി എടുത്തു നോക്കുമ്പോ നുമ്മടെ ഗാന്ധി അപ്പൂപ്പന് ഗവൺമെന്റ് കൊടുത്ത സ്ഥലത്ത് ഒരു നമ്പർ എഴുതിയിരിക്കുന്നു.. സംശയഭാവത്തിൽ അവളെ നോക്കിയപ്പോൾ

“മാഷേ അതെന്റെ നമ്പർ ആണ്.. മാഷ് അന്ന് അത് ചോദിച്ചപ്പോ രണ്ടു ദിവസം വല്യ കുഴപ്പം ഇല്ലായിരുന്നു. പിന്നെയാണ് മാഷേ പ്രശ്നങ്ങൾ തുടങ്ങിയത്.. ന്റെ ഭഗവാന്റെ സന്നിധിയിൽ വച്ച് പറഞ്ഞത് കൊണ്ട് സത്യമാണെന്ന് തോന്നി തുടങ്ങി.. ന്റെ കണ്ണനെ ഒക്കെ ഓർക്കുമ്പോ മാഷിന്റെ മുഖാ തെളിയണെ.. അതുകൊണ്ടാ മാഷേ എന്നും കണ്ണനെ കാണാൻ വേണ്ടി വരുന്ന ഞാൻ ഇന്ന് മാഷിനെ കാണാൻ വേണ്ടി കൂടിയും വന്നേ.. പിന്നെ എനിക്ക് ഈ വർഷം കൂടി പഠിക്കാൻ ഉണ്ട് അത് കഴിഞ്ഞാ മാഷ് അങ്ങ് പാലക്കാട്ടേക്ക് പോരെ എന്നിട്ട് അച്ഛനോട് ഒന്ന് ചോദിച്ചു നോക്കെ.. സമ്മതിച്ചില്ല എങ്കിൽ നമ്മുക്ക് സമ്മതിപ്പിക്കാമെന്നെ…” എന്ന് അവള് ഒരു കള്ള ചിരിയോടെ ഒറ്റയടിക്ക് പറഞ്ഞു നിർത്തിയപ്പോൾ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനാ തോന്നിയത്.

അപ്പോഴേക്കും അവളുടെ അനിയത്തി വന്ന് ചേച്ചി അച്ഛൻ വിളിക്കുന്നു എന്ന് പറഞ്ഞു. അവള് അനിയത്തിയോടൊപ്പം നടന്നു പോകുമ്പോൾ ചെറുതായി ഒന്ന് തിരിഞ്ഞു ഒരു കണ്ണിറുക്കി കാണിച്ചു.. ഞാൻ ചുറ്റിനും നോക്കി…

ഞാനേ കണ്ടൊള്ളു ഞാൻ മാത്രമേ കണ്ടൊള്ളൂ… ഛെ.. ഞാനാര് നവ്യാ നായരോ മ്മളു നായകൻ അല്ലേ. ************

അപ്പോ എങ്ങനാ ഞമ്മടെ ലബ്ബിന്റെ കഥ ഒക്കെ ഇഷ്ടായോ.. ഓൾടെ പഠിപ്പോക്കെ കഴിഞ്ഞു വെക്കേഷന് വരും ഇവിടേക്ക് അമ്മക്കും അനിയത്തിക്കും അച്ഛനും ഒക്കെ കാണിച്ചു കൊടുക്കണം ഇനിയും പറഞ്ഞുകൊണ്ടിരുന്നാൽ ശരിയാവില്ല ഞാൻ മൂപ്പരെ ഒന്ന് കാണട്ടെ ഒന്നില്ലേലും ഞങ്ങളെ ഒരുമിപ്പിച്ചതിന് സ്മരണ വേണമല്ലോ… അതല്ലേ അതിന്റെ ഒരു ഇത്…(ശുഭം)

രചന: വിഷ്ണു പൊന്നു

Leave a Reply

Your email address will not be published. Required fields are marked *