ഡിവോഴ്സ് ” ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് കാണിച്ചു തരാൻ നിനക്ക് പറ്റുമോ….

Uncategorized

രചന: Vipin PG

അവസാന കൗൺസിലിങ്ങിന് ചെന്നപ്പോൾ അഡ്വക്കേറ്റ് മുഖത്തുനോക്കി ചോദിച്ചു “പ്രിയ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ” ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു “നോ സർ ”

അവിടെ നിന്നും ഇറങ്ങി നേരെ ചെന്നത് റസ്റ്റോറന്റ് ലേക്ക് ആണ്. നേരത്തെ പറഞ്ഞുറപ്പിച്ച പാർട്ടി.കേക്ക് മുറിച്ചും കാറ്ററിങ്ങു കാർകൊപ്പം ഭക്ഷണം വിളമ്പി കൊടുത്തും വിളിച്ചുവരുത്തിയവരുടെ പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയും ഞാൻ ആ പാർട്ടി സെലിബ്രേറ്റ് ചെയ്തു. സത്യം പറഞ്ഞാൽ 12:00 മണി രാത്രി നടത്തിയിരുന്ന എന്റെ ബർത്ത്ഡേ സെലിബ്രേഷനോ അല്ലെങ്കിൽ കല്യാണത്തിന്റെ റിസപ്ഷനോ ഇത്രയധികം ഞാൻ ഹാപ്പി ആയിരുന്നില്ല. കാരണം അതൊക്കെ മറ്റുള്ളവർ എനിക്കുവേണ്ടി അറേഞ്ച്ചെയ്ത പാർട്ടിയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് എല്ലാവരും പോയി തുടങ്ങി. അഞ്ചു മാത്രം എന്നെ വെയിറ്റ് ചെയ്തു നിന്നു. റസ്റ്റോറന്റിൽ നിന്നും ഫ്ലാറ്റിലെക്കുള്ള യാത്രയ്ക്കിടയിൽ അവൾ എന്നോട് ചോദിച്ചു. “പ്രിയ,,, നീ ഈ ചെയ്യുന്നതെല്ലാം ശരിയാണെന്ന് തോന്നുന്നുണ്ടോ ” ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചുകൊണ്ട് ഞാൻ അവളോട് മറുചോദ്യം ചോദിച്ചു “ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റ് കാണിച്ചു തരാൻ നിനക്ക് പറ്റുമോ ”

അവൾക്കതിന് ഉത്തരം ഉണ്ടായിരുന്നില്ല. കാരണം സന്തോഷമുള്ള കാര്യങ്ങളാണ് സെലിബ്രേറ്റ് ചെയ്യേണ്ടതെങ്കിൽ ഡിവോഴ്സ് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുണ്ടാക്കിയ കാര്യമാണ്. ഒറ്റപ്പെടലിന്റെയും വീർപ്പുമുട്ടലിന്റെയും വലിയൊരു ഗുഹയിൽ നിന്ന് പുറംലോകത്തേക്ക് രക്ഷപ്പെട്ട ഒരു ഫീൽ. ഒരു ഡാൻസർ ആകാൻ ആഗ്രഹിച്ച ആളാണ് ഞാൻ. സ്കൂൾ തലത്തിൽ എന്റെ ഡാൻസ് പെർഫോമൻസ് കണ്ട് എന്നെ ഡാൻസ് പഠിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത് അന്നത്തെ ഡാൻസ് ടീച്ചർ തന്നെയാണ്. അന്നുമുതൽ മറ്റെന്തു മുടങ്ങിയാലും ഞാൻ ഡാൻസ് പ്രാക്ടീസിന് മുടക്കം വരുത്താറില്ല.

ഡിഗ്രി കഴിഞ്ഞ ഒരു ഡാൻസ് സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. അവരുടെ കൂടെ അത്യാവശ്യം പ്രോഗ്രാമിനു പോകാൻ തുടങ്ങി. ചിലപ്പോഴൊക്കെ പ്രോഗ്രാം ഞാൻ തന്നെ കോഡിനേറ്റ് ചെയ്തു. ആ സമയത്താണ് എനിക്ക് വിവാഹാലോചന വരുന്നത്.

അച്ഛന്റെ ബിസിനസ് പാർട്ണറുടെ മകനായിരുന്നു വരൻ,,,,,,പ്രോമോദ് പ്രഭാകർ,, പട്ടാളത്തിൽ നിന്ന് വിരമിച്ച അച്ഛൻ ബിസിനസ് തുടങ്ങിയപ്പോൾ എല്ലാ ബിസിനസ്സിലും വെച്ചടിവെച്ചടി കയറ്റം ആയി. പിന്നീട് അച്ഛൻ എല്ലാം ബിസിനസായി. ആ ബിസിനസ് തന്ത്രങ്ങൾ വീടിനകത്തേക്ക് വ്യാപിക്കാൻ തുടങ്ങി. അങ്ങനെ ഉണ്ടായ ഒരു ബിസിനസ് ആണ് എന്റെ വിവാഹം.

ആത്മ സുഹൃത്തുക്കൾ തമ്മിൽ പണ്ടേ വാക്കു പറഞ്ഞു ഉറപ്പിച്ചു എന്ന് പറയുന്ന ഈ ബന്ധം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ എന്റെയോ പ്രതിശ്രുതവരനായ പ്രവീണിന്റെയോ മനസ്സ് ചോദിച്ചറിയാൻ ആരും തയ്യാറായില്ല. അച്ഛന്റെ തീരുമാനത്തിന് അപ്പുറത്തേക്ക് ചിന്തിക്കാൻ അമ്മയ്ക്ക് പറ്റിയില്ല. എനിക്കൊരുപ്രണയമുണ്ടായിരുന്നു,,,,അവന്റ

ജാതിയോ മതമോ ഞാൻ നോക്കിയില്ല.അവനിൽ ഒരു നല്ല മനുഷ്യനെ ഞാൻ കണ്ടു,, ഇഷ്ടപ്പെട്ടു. അവൻ ഒരു കലാ സ്നേഹിയായിരുന്നു. ഞാനൊരു പ്രശസ്തയായ ഡാൻസറായി കാണാൻ അവനും ഏറെ ആഗ്രഹിച്ചിരുന്നു. കോളേജിൽ എന്റെ സീനിയറായി പഠിച്ചിരുന്നത് മുതൽ ഞാനും അടുപ്പത്തിലായിരുന്നു. ഒത്തു ചേരാൻ പല അവസരങ്ങളും ഉണ്ടായിരുന്നിട്ടും ഇരുവരും അതിന് ഒരിക്കൽപോലും മുതിർന്നില്ല. അച്ഛൻ എന്നോട് പിന്മാറാൻ ആവശ്യപ്പെട്ടു. ഇല്ലെന്നു ഞാൻ തീർത്തുപറഞ്ഞു. ഒരു പെൺകുട്ടി എന്ന പരിഗണന എനിക്ക്തരാൻ അച്ഛൻ തയ്യാറായിരുന്നു. പകരം അവന്റെ വീട്ടിൽ പോയി. ഈ ബന്ധത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ആ വീട്ടിനുള്ളിൽ പൂട്ടിയിട്ട് അവനെ കുടുംബത്തോടെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി.

അച്ഛൻ അത് പറഞ്ഞാൽ ചെയ്യും എന്ന് നമുക്ക് രണ്ടുപേർക്കും ഉറപ്പായിരുന്നു. ഞങ്ങൾ പിന്മാറി. രണ്ട് മാസത്തിനുള്ളിൽ അച്ഛൻ പറഞ്ഞുറപ്പിച്ച വിവാഹം നടന്നു. പക്ഷേ അച്ഛനേക്കാൾ വലിയ ബിസിനസ്മാൻ ആയിരുന്നു പ്രമോദ്. അച്ഛൻ വീട്ടിനുള്ളിൽ ആണെങ്കിൽ പ്രമോദ് ബെഡ്റൂമിന് ഉള്ളിൽ വരെ ബിസിനസ് കണ്ടെത്തി. പ്രമോദിന്റെ പല ബിസിനസ് പാർട്ണർസിനും ഞാൻ ഒരു കാഴ്ചവസ്തുവായി. ഡാൻസ് പ്രാക്ടീസ് ചെയ്യാൻ പറ്റിയില്ല. തുടർന്ന് ഡാൻസ് പഠിക്കാൻ പ്രമോദ് സമ്മതിച്ചില്ല. ഒരു സാധാരണക്കാരിയായി ജീവിച്ചു വളർന്ന ഞാൻ മോഡേൺ വസ്ത്രങ്ങൾ സ്വീകരിച്ചു തുടങ്ങി. എന്റെ അംഗലാവണ്യം അതേപടി കാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ അയാൾ

എനിക്ക് വാങ്ങി തന്നു. ഒരു തവണ ഞാൻ വീട്ടിൽ ഒറ്റയ്ക്ക് ഉള്ളപ്പോൾ വീട്ടിൽ വന്ന പ്രമോദിന്റെ ഒരു ഫ്രണ്ട് എന്നെ പുറകിൽ നിന്ന് ചുറ്റി പിടിച്ചു. ഒന്നനങ്ങാൻ പോലും പറ്റാതെ കുറച്ചുനേരം അയാളുടെ പരാക്രമങ്ങൾക്ക് ഞാൻ നിന്ന്കൊടുകേണ്ടി വന്നു. വളരെ പാടുപെട്ട് അയാളുടെ പിടി വിടുവിച്ച ശേഷം കയ്യിൽ കിട്ടിയ നോൺസ്റ്റിക്ക് പാത്രം വെച്ച് ഞാൻ അയാളുടെ തലയ്ക്കടിച്ചു. തലക്കടികൊണ്ട അയാൾ നിലത്തുവീണ് പിടഞ്ഞു. ഇട്ട വസ്ത്രത്തിൽ ഞാൻ അവിടെ നിന്ന് ഇറങ്ങി ഓടി. ഞാൻ നേരെ ചെന്നത് എന്റെ വീട്ടിലാണ്. ഞാൻ പറഞ്ഞ ഒരു വാക്കുപോലും ചെവിക്കൊള്ളാൻ അച്ഛൻ തയ്യാറായില്ല. പിന്നെ അമ്മയുടെ ഊഴമായിരുന്നു ” മോളെ,, ചിലതെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും വെച്ച് ജീവിക്കണം. ചിലപ്പോൾ കണ്ണടക്കണം,,, ചിലപ്പോൾ ചെവി പൊത്തണം. ഇങ്ങനെ കണ്ണടച്ചും ചെവി പൊത്തിയുമാണ് ഇരുപത്തഞ്ചു വർഷമായി ഞാൻ നിന്റെ അച്ഛന്റെ കൂടെ ജീവിക്കുന്നത് ”

എന്നെ തിരിച്ചു പ്രമോദിന്റെ വീട്ടിലാക്കി അമ്മ പോയി. പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് അവിടെ നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങൾ ആയിരുന്നു. ഒരു വേലക്കാരിയുടെ പരിഗണന പോലും തരാതെ അവരെന്നെ ക്രൂശിച്ചു. നടു നിവർത്താൻ നേരം തരാതെ ജോലി ചെയ്യിച്ചു. വയ്യാതെ കിടക്കുമ്പോഴും രാത്രി വെളുക്കുവോളം പ്രമോദ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. കുത്തു വാക്കുകളാൽ എന്നെ കൊല്ലാക്കൊല ചെയ്തു. പ്രമോദും അയാളുടെ അച്ഛനും അമ്മയും സഹോദരങ്ങളും എന്നെ മാനസികമായി പീഡിപ്പിച്ചു.

കറിക്കു ഉപ്പ് പോരെന്ന് പറഞ്ഞ് എല്ലാവരും നോക്കിനിൽക്കെ തിന്ന കൈയ്യാലെ എന്റെ കരണത്തടിച്ചു. ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ എന്നെക്കൊണ്ട് അലക്കിച്ചു. ഇലക്ട്രോണിക് സാധനങ്ങൾ ഒന്നും യൂസ് ചെയ്യാൻ സമ്മതിച്ചില്ല. ആഡംബരവും ആർഭാടവുമായി അവർ പലപരിപാടിക്കും പുറത്തുപോകുമ്പോൾ ഒരു വേലക്കാരിയെപോലെ ഞാൻ വീട്ടിൽ നോക്കി നിൽക്കേണ്ടി വന്നു. ടൂർ എന്ന പേരും പറഞ്ഞ് പ്രമോദ് പോകുന്ന പല പ്രോഗ്രാമിലും സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. ഞാൻ അല്ലാതെ പല സ്ത്രീകളുമായും പ്രമോദിന് ബന്ധമുണ്ടായിരുന്നു. അതിൽ ചിലത് എന്റെ കൺമുന്നിൽ ഞാൻ കാണാനിടയായി.

എനിക്ക് പറയാനുള്ളത് കേൾക്കാൻ ആരും നിന്ന് തന്നില്ല. പലപ്പോഴും മനസ്സ് നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ ആരും കാണാതെ ആരും കേൾക്കാതെ കരഞ്ഞു,,, നിലവിളിച്ചു. കണ്ണാടിയിൽ നോക്കുമ്പോൾ നിറപുഞ്ചിരി മാത്രമുണ്ടായിരുന്ന എന്റെ മുഖത്ത് കരിവാളിപ്പുകൾ വന്നു തുടങ്ങി.ഒരു നിമിഷം ഞാൻ മരണത്തെ മുന്നിൽ കണ്ടു.

അങ്ങനെയിരിക്കെ യാദൃശ്ചികമായി ഞാൻ പഠിച്ച കോളേജിൽ നിന്ന് ഒരു ഓഫർ വന്നു. ഒരു ഡാൻസ് പ്രോഗ്രാം ചെയ്യണം.പ്രമോദ് സമ്മതിച്ചില്ല. ഞാൻ കാലു പിടിച്ചു. എന്നിട്ടും സമ്മതിച്ചില്ല. പക്ഷേ ഞാൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു. ഞാൻ പ്രോഗ്രാം അറ്റൻഡ് ചെയ്യുന്നു. ഞാൻ കോളേജിൽ വിളിച്ച് അവരോട് ഒരു തുക പറഞ്ഞുറപ്പിച്ചു. കിട്ടിയ ബാഗിൽ കൈയിൽ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് ഒരു രാത്രിയിൽ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങി. താൽക്കാലികമായി ഒരു ലേഡീസ് ഹോസ്റ്റലിൽ അഭയം പ്രാപിച്ചു. എന്നെ തിരക്കി എല്ലാവരും അവിടെ വന്നു. തിരിച്ചു പോകില്ല എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.

പറ്റാവുന്ന രീതിയിൽ ഡാൻസ് പ്രാക്ടീസ് ചെയ്തു. അടുത്ത സുഹൃത്തുക്കളെ പ്രോഗ്രാമിന് കൂട്ടി.ഈ പ്രോഗ്രാം എന്റെ ഭാവി തീരുമാനിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഗംഭീരമായി കോളേജ് ഡാൻസ് പ്രോഗ്രാം നടന്നു. അവിടുന്നങ്ങോട്ട് ധാരാളം പ്രോഗ്രാം ഓഫർ വന്നു.

പറ്റാവുന്ന ഓഫറെല്ലാം സ്വീകരിച്ചു. പറ്റാവുന്നിടത്തു എല്ലാം പോയി പ്രോഗ്രാം ചെയ്തു. സ്വന്തമായി ഒരു നിൽപ്പായി. ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു. ചെറിയ രീതിയിൽ ഡാൻസ് സ്കൂൾ തുടങ്ങി. എവിടെയോ നഷ്ടപ്പെട്ടത് ഓരോന്നായി ഞാൻ തിരിച്ചു പിടിക്കാൻ തുടങ്ങി. ആ ഫ്ലാറ്റിന് മുകളിൽ നിന്ന് താഴെ തെരുവിലേക്ക് നോക്കിയാൽ ഉപയോഗിച്ച് വലിച്ചെറിഞ്ഞതും ആരോരുമില്ലാത്ത വരുമായ ഒരുപാട് അനാഥ ജന്മങ്ങളെ കാണാം. പ്രമോദ് എന്നെ കാണാൻ വന്നു. അയാൾ കോംപ്രമൈസിന് തയ്യാറാണ്. പക്ഷേ ഞാൻ തയ്യാറായില്ല. അയാൾ മാനസാന്തരപ്പെട്ട് വന്നതാണോ അതോ എന്നെ വിറ്റ് വീണ്ടും വിലപേശാനാണോ എന്തുതന്നെയായാലും അയാൾ പറഞ്ഞതെല്ലാം ഞാൻ നിരസിച്ചു.

എന്നെ കാണാൻ വീണ്ടും അമ്മ വന്നു ” മോളെ,,,,, ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കാമെന്ന ധാരണ തെറ്റാണ്,, നിന്നോളം പോന്നവളാണ് ഞാനും,,, പല തവണ ശ്രമിച്ചു പരാജയപ്പെട്ടതാണ്,,,, മോളെ,, നീ തിരിച്ചു പോണം ” “അമ്മേ,,,, ഞാൻ ആഗ്രഹിച്ച വിവാഹബന്ധം നിങ്ങൾ എനിക്ക് തന്നില്ല,, ജാതിയുടെയും കുലമഹിമ യുടെയും പേര് പറഞ്ഞ് നിങ്ങൾ ആ ബന്ധം ഇല്ലാതെ ആക്കി. ഈ ബന്ധം ആലോചിച്ചപ്പോൾ എന്റെ അഭിപ്രായം പോലും ചോദിച്ചില്ല. നിങ്ങൾ തീരുമാനിച്ചു നിങ്ങൾ നടത്തി. ഇത് എന്റെ ജീവിതമാണ്. ഒന്നിനുവേണ്ടിയും എന്റെ ജീവിതം ഹോമിച്ചു കളയാൻ ഞാൻ തയ്യാറല്ല ”

” മോളേ നമ്മൾ ജീവിക്കേണ്ടത് നമ്മുടെ തരക്കാർക്കൊപ്പമാണ്.അതല്ലാതെ വന്നാൽ അഭിമാനത്തോടുകൂടി പുറത്തിറങ്ങി നടക്കാൻ പറ്റാതെ ആകും.നമുക്ക് എല്ലാമുണ്ടെന്നിരിക്കെ ഒന്നുമില്ലാത്ത ഒരാളെയാണ് മകൾ കല്യാണം കഴിച്ചത് എന്നുവന്നാൽ അച്ഛനും എനിക്കും പുറത്തിറങ്ങി നടക്കാൻ പറ്റാതെ വരും,,, കാര്യങ്ങൾ നീ മനസ്സിലാക്കണം ”

” ജാതിയുടെയും കുലമഹിമയുടെയും പേര് പറഞ്ഞ് ഞാൻ ആഗ്രഹിച്ച ബന്ധം ഇല്ലാതാക്കി.ഞാൻ പഠിച്ച കല തുടരാൻ അവരെന്നെ സമ്മതിച്ചില്ല. കല ദൈവീകമാണ്,,, അത് ഇല്ലാതാക്കരുത്,, എന്നോട് തെറ്റ് ചെയ്തപ്പോൾ പ്രതികരിച്ചതിന്റെ പേരിൽ എന്നെ കൊല്ലാക്കൊല ചെയ്തു. ഒരടുക്കളയിൽ നിന്നും മറ്റൊരടുക്കളയിലേക്ക് ഒരു പെൺകുട്ടിയെ കൊണ്ടുവരുന്നതിന്റെ പേരാണോ വിവാഹബന്ധം. ആണെങ്കിൽ ഞാൻ അത് ഉൾക്കൊള്ളുന്നില്ല,,,, ഞാൻ അംഗീകരിക്കുന്നില്ല ” ” ഇതെല്ലാം ഉൾക്കൊണ്ടും അംഗീകരിച്ചു കൊണ്ടുമാണ് ഇത്രയും കാലം ഞാൻ ജീവിച്ചത് ” ” ഒരുപക്ഷേ അമ്മയ്ക്ക് അന്ന് അത് ആവശ്യമായിരുന്നിരിക്കാം, പക്ഷേ എനിക്ക് ഇന്ന് അതിന്റെ ആവശ്യമില്ല. എനിക്കിന്നൊരു വരുമാനമാർഗ്ഗം ഉണ്ട്. സഹായിക്കാനും സഹകരിക്കാനും പ്രവർത്തകരുണ്ട്. ഒരാളുടെ അടിമയായി ജീവിക്കണ്ട ആവശ്യം എനിക്കില്ല”

എന്നെ ശപിച്ചു കൊണ്ട് നിറകണ്ണുകളോടെ അമ്മ അവിടെ നിന്നിറങ്ങി പോയപ്പോഴും എനിക്ക് വിഷമം ഉണ്ടായിരുന്നില്ല. കാരണം ഞാൻ ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും ഒരു തെറ്റുള്ളതായി എനിക്ക് തോന്നിയില്ല. അമ്മ പറയുന്ന വാദങ്ങൾ അംഗീകരിക്കാനും എനിക്ക് തോന്നിയില്ല. പ്രമോദിന് ഞാൻ ഡൈവോഴ്സ് നോട്ടീസ് അയച്ചു. ഡാൻസ് പ്രോഗ്രാമും ഡാൻസ് സ്കൂളുമായി ഞാൻ മുന്നോട്ടു തന്നെ ജീവിച്ചു. പല ഡാൻസ് സ്കൂളുമായി കമ്പനി പ്രോഗ്രാമായി. അവർക്കെല്ലാം ഞാൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചു. ആരും എന്നെ ഒരു അഹങ്കാരിയായ കണ്ടില്ല.

ഇന്ന് ഡൈവേഴ്സ് കിട്ടിയപ്പോൾ ഞാൻ അവർക്കെല്ലാം പാർട്ടി കൊടുത്തു. ഞാൻ ഉറച്ചു വിശ്വസിക്കുന്നു,,,, ഇതും സെലിബ്രേറ്റ് ചെയ്യേണ്ട ഒന്നാണ്. നരകയാതന അനുഭവിക്കുന്ന സ്ത്രീകൾക്ക് കിട്ടുന്ന ഡൈവോഴ്സ്. വഴിയിൽ കണ്ട രാത്രിതട്ടുകടയുടെ അടുത്ത് കാർ നിർത്തി ഓരോ കട്ടൻ കാപ്പി കുടിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു

” സ്വാതന്ത്രം ജന്മാവകാശമാണ്,, അതാരും നമുക്ക് തരേണ്ടതല്ല. മറ്റൊരു കാര്യം കൂടി ഞാൻ തറപ്പിച്ചു പറയുന്നു. തീരുമാനിച്ചുറപ്പിച്ച വിവാഹജീവിതത്തിൽ കൂടി വിജയകരമായി മുന്നോട്ടു പോകുന്ന തൊണ്ണൂറു ശതമാനത്തിലധികം കുടുംബങ്ങളിലും സ്ത്രീകൾ അഡ്ജസ്റ്റ്മെന്റിന്റെ അങ്ങേയറ്റമാണ്. അല്ലെന്നു പറയാൻ നിന്നെക്കൊണ്ടു പറ്റുമോ ”

അവൾക്കു മറുപടി ഇല്ലായിരുന്നു. ഞാൻ പറഞ്ഞതിൽ എവിടെയെങ്കിലും ഒക്കെ ശരി അവൾക്കും തോന്നി കാണാം…

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *