പതിവു പോലെ കുളിചൊരുങ്ങി പോകാനൊരുങ്ങുമ്പോൾ അവൾ പിന്നിൽ…

Uncategorized

രചന: P.Sudhi

വീട്ടിലേക്ക് പോകാനുള്ള ധൈര്യത്തിന് വേണ്ടിയാണ് വലിയ ശീലമില്ലെങ്ങിലും കവലയിലെ പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വലിക്കാൻ തീരുമാനിച്ചത്…ഒന്ന് പോരെന്ന് തോന്നി നിന്ന നില്പിൽ മൂന്നെണ്ണം വലിച്ചു തീർത്തു അതിന്റെ കുറ്റികൾ നിലത്തിട്ടു ഷൂസു കൊണ്ട് ചവിട്ടി ഞെരിച്ചു.

ബൈക് എടുത്ത് വീട്ടിലേക്ക് വച്ച് പിടിക്കുമ്പോഴും നെഞ്ഞിനകത്ത് പുകഞ്ഞിരുന്ന സിഗറേറ്റ് എരിഞുകൊണ്ടെയിരുന്നു. ഈ ലോകത്തേറ്റവും ഭാഗ്യം കെട്ടത് ഞാനാണെന്ന് എനിക്കു തോന്നി.

പെട്ടെന്നായിരുന്നു എല്ലാം… പട്ടണത്തിലെ പേരുകേട്ട തുണിക്കടയിലെ അക്കൗണ്ടന്റ് ആണെന്ന ഒറ്റ മേൽ വിലാസത്തിലാണ് കോൺട്രാക്ടർ മേനോൻ സാറിന്റെ മകളെ വിവാഹം ചെയ്തത്. പക്ഷെ ഇന്നത്തോടു കൂടി എനിക്കാ മേൽവിലാസം ഇല്ലാതായിരിക്കുന്നു.

ഓർക്കാപ്പുറത്ത് വന്നു ചേർന്ന ചില ബാധ്യതകൾ ഒഴിവാക്കാൻ മുതലാളിക്ക് കടവിൽകുകയല്ലാതെ വേറെ നിർവാഹമൊന്നുമുണ്ടായിരുന്നില്ല.

പിരിഞ്ഞു പോരലിനു പാരിദോഷികമായി ഏഴായിരത്തി അഞ്ഞൂറു രൂപയാണ് കയ്യിൽ കിട്ടിയത് . പലചരക്കുകടയിലെ പറ്റു തീർക്കാനും വാങ്ങിയ കടം വീട്ടാനും പോലും അത് തികയില്ലായിരുന്നു.

അലേലും സർക്കാരു ജോലി പോലല്ലല്ലോ സ്വകാര്യ ജോലി. പോകാൻ പറഞ്ഞാൽ ഇട്ടെറിഞ്ഞു പൊയ്ക്കോണം. അതാണു നാട്ടുനടപ്പ്. ഓരോന്നാലോചിക്കുമ്പോഴും കണ്ണിലേക്ക് ഇരുട്ടു കയറിക്കൊണ്ടിരുന്നു.

തിരക്കു കൊണ്ടു നിന്നുതിരിയാൻ കഴിയാത്ത ഈ പട്ടണത്തിൽ പുതിയൊരു ജോലി കണ്ടെത്തുകയെന്നത് കടലിൽ പോയ കല്ലു തപ്പുന്നതു പോലെയാണ്. തേച്ചു മിനുക്കിയ കുപ്പായം പാന്സിനുള്ളിലാക്കി രണ്ടു മൂന്നു ഡിഗ്രിയും ഫയലിലാക്കി ജോലി തെണ്ടുന്നവരെ ഞാൻ ദിവസവും ഇവിടെ കാണുന്നതാണ്.. അപ്പോ കഷ്ടിച്ചു തട്ടിക്കൂട്ടിയ വെറുമൊരു ഡിഗ്രീ സർട്ടിഫിക്കറ്റ് മാത്രമുള്ള ഈ എന്റെ കാര്യം പറയണോ.

അമ്മയും ഞാനും മാത്രമായിരുന്നേൽ നാലുമൂടു കപ്പയും വാഴയും വച്ചെങ്കിലും എങ്ങനെങ്കിലും കഴിഞ്ഞു പോരാമായിരുന്നു. ഇതിപ്പൊ അങ്ങനല്ലല്ലോ. ഒരാവേശത്തിനു നല്ല കുടുബത്തിൽ നിന്ന് കെട്ടിക്കൊണ്ടു വന്നൊരു പെണ്ണു കൂടെയുണ്ട്. അവളോടെന്തു സമാധാനം പറയും… കല്യാണം കഴിഞ്ഞു മാസമൊന്നെത്തുന്നതിനു മുൻപേ ജോലി പോയെന്നോ …

അവൾ കണ്ടു വളർന്നത്ര പത്രാസൊന്നും കൊടുക്കാൻ പറ്റില്ലേലും കുറച്ചെങ്കിലും…. കുറച്ചെങ്കിലും കൊടുക്കണ്ടേ…എന്നെ വിശ്വസിച്ചു കഴുത്തു നീട്ടിത്തന്നവളല്ലേ …

കല്യാണം കഴിഞ്ഞുള്ള ദിവസങ്ങളിൽ തന്നെ ഞാൻ കണ്ടതാണ് എന്റെ വീട്ടിലെ ഫാനിന്റെ കാറ്റിലും അവൾ ശീലിച്ചു വന്ന എ.സി.യുടെ കുളിരില്ലാത്തതിനാൽ നെറ്റിയിലെ വിയർപ്പു ഒപ്പുന്ന അവളെ .

പട്ടണത്തിലെ മുന്തിയ കടയിലെ അക്കൗണ്ടന്റു പണിയുള്ള, ആണ്ടിലൊരിക്കലുള്ള രഹസ്യമായ സിഗററ്റൊഴിച്ചാൽ ദുശ്ശീലമൊന്നുമില്ലാത്ത സുമുഖനായ ചെറുപ്പക്കാരൻ …അതു തന്നെയാണ് അങ്ങനെയാണവളെന്ന നറുക്ക് എനിക്കു വീഴാൻ കാരണവും.

കല്യാണത്തിനു വീടൊന്നു മോടിയാക്കാനും ചെറിയ മിനുക്കുപണികൾ നടത്താനും എടുത്ത ലോണെടുത്തതിന്റെ അടവ് മൂന്നു തികഞ്ഞിട്ടില്ല. ആകെയുള്ളത് അച്ഛനുണ്ടാക്കിയിട്ട കുറച്ചു തരിശു പാടമാണ്. അതു വിറ്റിട്ടെന്താവാനാണ്..

അച്ഛൻ പണ്ടേ പറയാറുള്ളതാണ് കെട്ടുന്നെങ്കിൽ അത് സ്ത്രീധനം വാങ്ങിയാവരുതെന്ന് . അതുകൊണ്ടും അച്ഛന്റെ അഭിമാനം കുറച്ചൊക്കെ എനിക്കും തൊട്ടു തീണ്ടി പ്പോയിരുന്നതുകൊണ്ടും ആ പണിക്ക് ഞാൻ പോയില്ല… അതിന്റെയൊരു ബഹുമാനം എന്റെ ഭാര്യവീട്ടുകാർക്കെന്നോടുണ്ടായിരുന്നു എന്നതു മാത്രമാണ് ഒരാശ്വാസം.

കൂലിപ്പണി ചെയ്യാനും വേണ്ടിവന്നാൽ മുണ്ടു മുറുക്കിയുടുക്കാനും എനിക്കു മടിയൊന്നുമില്ല. പക്ഷെ അതവൾക്കൊരു നാണക്കേടാവുമോയെന്ന പേടി മാത്രമായിരുന്നു മനസ്സു മുഴുവൻ .

ഓരോന്നാലോചിച്ച് വണ്ടിയോടിച്ച് വീടിന്റെ പടിപ്പുര കടന്നതറിഞ്ഞില്ല.

ഉമ്മറത്തു വരാന്തയിലുണ്ടായിരുന്ന അവൾ വണ്ടിയിൽ നിന്നറങ്ങിയ പാടെ എന്റെ ബാഗു വാങ്ങി കയ്യിൽ പിടിച്ചു. എന്റെ മുഖത്തെ മ്ലാനത മനസ്സിലായതു കൊണ്ടാവാം എന്തു പറ്റിയെന്ന അർത്ഥത്തിൽ ഒന്നു തലയാട്ടുക മാത്രമാണവൾ ചെയ്തത്. ചിലപ്പൊ അമ്മ അടുത്തുള്ളതു കൊണ്ടാവാം അവൾ ഒന്നും ചോദിക്കാതിരുന്നത്.

എനിക്ക് ചായ ഇടാനായി അടുക്കളയിലേക്കു പോയ തക്കം നോക്കി ഞാൻ അമ്മയുടെ കൈയ്യും പിടിച്ച് അച്ഛന്റെ അസ്ഥിത്തറയുടെ അടുത്തുള്ള ചെമ്പക മരത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുപോയി.

അമ്മയുടെ കൈ കവർന്നുകൊണ്ട് ജോലി പോയ കാര്യം ഞാൻ പറഞ്ഞൊപ്പിച്ചു. ആദ്യം ഒന്നു ഞെട്ടിയെങ്കിലും എന്നെയൊന്ന് സമാധാനിപ്പിച്ച ശേഷം അമ്മ പറഞ്ഞു. “എനിക്കാ കൂട്ടീടെ കാര്യം ഓർത്തിട്ടാ .. വല്യ സൗകര്യത്തിൽ കഴിഞ്ഞതല്ലേ … ആ പോട്ടെ, എല്ലാം ദൈവ നിശ്ചയം പോലെ നടക്കും…”

“പിന്നെ അമ്മ അവളോട്ടിപ്പൊ ഇതു പറയണ്ട .. രണ്ടു ദിവസം കഴിഞ്ഞ് ഞാൻ തന്നെ പറഞ്ഞു മനസിലാക്കാം. ഞാൻ നാളേം പതിവുപോലെ ഒരുങ്ങി കടേലോട്ടെന്ന പോലെ പോകും ” – ഞാൻ അമ്മയെ ശട്ടം കെട്ടി.

എന്റെ അച്ഛൻ ആശ്വസിപ്പിക്കും പോലെ ആ ചെമ്പകത്തിന്റെ ചില്ലകൾ ചെറിയ കാറ്റിലൊന്നാടുന്നത് ഞാനറഞ്ഞു.

അമ്മ അകത്തു കയറി കൃഷ്ണനോട് പരാതി പറയാൻ ചെറിയ പൂജാമുറിയിലേക്ക് കയറുന്നത് ഞാൻ കണ്ടു…

കയ്യും മുഖവും കഴുകി ഉമ്മറത്തെ തൂണിൽ ചാരിയിരിക്കുമ്പോഴാണ് അവൾ ചായയുമായി വന്നത്. അവളുങ്ങക്കിയ ഉണ്ണിയപ്പം ഇല്ലാത്ത ഒരു ചിരിയും മുഖത്തു ഫിറ്റ് ചെയ്ത് കഴിച്ചുവെന്നു വരുത്തി.

“പിന്നെ ഏട്ടാ …എന്റെ ഒരു കൂട്ടുകാരീടെ ഹസിനു ഇപ്പൊ ജോലിയൊന്നൂല … അവരുടെ കാര്യം ഇത്തിരി കഷ്ടത്തിലാ …. ഏടന്റെ കടേൽ ജോലി വല്ലതും ഉണ്ടേൽ ഒന്നു തരപ്പെടുത്തി കൊടുത്താൽ വല്യ ഉപകാരാവും…” – കാലിയായ ചായ ഗ്ലാസും പാത്രവുമെടുത്ത് അടുക്കളയിലേക്ക് നടക്കുന്നതിനിടെ അവൾ പറഞ്ഞതു കേട്ട് എന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി .

രാത്രി കിടക്കുമ്പോഴും എന്റെ മുഖത്തെ വിഷാദത്തെ പറ്റി അവൾ ചോദിച്ചങ്കിലും ഞാൻ വിഷയം മാറ്റിക്കളഞ്ഞു. ആധി കാരണം എങ്ങനെയോ നേരം വെളുപ്പിച്ചു എന്നു പറയുന്നതാവും ശെരി.

പതിവു പോലെ കുളിചൊരുങ്ങി പോകാനൊരുങ്ങുമ്പോൾ അവൾ പിന്നിൽ നിന്നു ചോദിച്ചു. “അല്ല ജോലി പോയ ആൾ രാവിലെ കുളിച്ചൊരുങ്ങി ഇതെങ്ങോട്ടാ …”

ഞെട്ടലോടെ അവളെ നോക്കി നിന്ന എന്നോടവൾ തുടർന്നു…” ഞെട്ടണ്ട അമ്മ എല്ലാം പറഞ്ഞു… ഏട്ടനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. അത് ഏട്ടന്റെ കുറ്റം കൊണ്ടൊന്നുമല്ലല്ലോ ആ ജോലി പോയത്.. ഇതല്ലെങ്കിൽ വേറൊരെണ്ണം കിട്ടും ധൈര്യായിട്ടിരിക്ക്…”

“എന്നാലും … ” – എനിക്ക് വാക്കുകൾ കിട്ടിയില്ല.

“ഒരെന്നാലുമില്ല…എന്തേങ്കിലും ജോലി ആവുന്നതുവരെ നമുക്കാ പാടത്ത് എന്തേലുമൊക്കെ നട്ടു നനച്ചുണ്ടാക്കാം… ഞാനും കൂടാം… ആദ്യം പോയി ലോണിന്റെ ഈ മാസത്തെ അടവ് തീർക്ക് പിന്നെ കൃഷി ചെയ്യാനുള്ള ഒരക്കങ്ങളും ചെയ്യ് … പിന്നെ വീട്ടിലെ കാര്യങ്ങളും നടന്നു പോകണ്ടേ” – അവളുടെ കാലിലെ നേർത്ത സ്വർണക്കൊലുസ് ഊരിക്കൊണ്ടാണ് അവളതു പറഞ്ഞത്. നിർബന്ധിച്ചു ആ കൊലുസ് എന്റെ കയ്യിൽ തന്നു .

മനസ്സിൽ ഉരുണ്ടു കയറിയതൊക്കെ പെട്ടെന്നു ചെയ്തൊഴിഞ്ഞതുപോലെ എനിക്കു തോന്നി… ഒരാശ്വാസ്വോം ആത്മവിശ്വാസ്വോം .

ദിവസങ്ങൾക്കിപ്പുറം പാടത്ത് ഓരോന്ന് കൊത്തിക്കിളച്ച് നട്ടു വയ്ക്കുമ്പോൾ ഒരു ചെറിയ കുടത്തിൽ വെള്ളവും ഒക്കത്തു വച്ച് നട്ടതിനും പിടിച്ചതിനുമൊക്കെ വെള്ളം നനയ്ക്കുന്ന അവൾ എസിയുടെ കുളിരില്ലാത്ത ആ ഇളം വെയിലിന്റെ ചൂടിലും വാടാത്തതു പോലെ എനിക്കു തോന്നി.

അവളാകെ പതുക്കെ മാറിത്തുടങ്ങിയിരിക്കുന്നു. അവളിടാറുള്ള വില കൂടിയ പതുത്ത കുപ്പായങ്ങൾ ഒഴിവാക്കി വില കുറഞ്ഞ കോട്ടൻ ചുരിദാറിലേക്കവൾ മാറുന്നത് ഞാൻ കണ്ടു. സ്വർണക്കൊലുസു കിടന്ന കാലിൽ ഇപ്പൊ വെള്ളി കെട്ടിയ ചെറിയ കൊലുസും.

വീട്ടുസാധനങ്ങൾ മിതമായി കണക്കു പറഞ്ഞു വാങ്ങിയും പകൽ കത്തിക്കിടന്ന ലൈറ്റു കണ്ട് എന്നോട് സ്നേഹത്തോടെ വഴക്കിട്ടും,എല്ലാത്തീനും മിച്ചം പിടിച്ച ചില ചെറിയ നോട്ടുകൾ ജീരക പാത്രത്തിൽ സ്വരുക്കൂട്ടീം ഒരു സാധാരണ വീട്ടമ്മയായി അവൾ മാറുന്നത് ഞാൻ അത്ഭുദ ത്തോടെയാണ് കണ്ടത്.

മണ്ണിലെ പണിയും കഴിഞ്ഞ് ഇന്നീ വൈകുന്നേരം ചെമ്പക മരത്തിന്റെ ചോട്ടിലിരുന്ന് അമ്മയോടും അവളോടുമൊപ്പം പുഴുങ്ങിയ കപ്പയും നല്ല കാന്താരി മുളകിടിച്ചതും കൂടെ കഴിക്കുമ്പോൾ ഈ ലോകത്തേറ്റും ഭാഗ്യവാൻ ഞാനാണെന്നെനിക്കു തോന്നി…അപ്പോഴും എന്തോ പറയാനുള്ള പോലെ ചെമ്പക മരത്തിന്റെ ചില്ലകൾ തണുത്ത കാറ്റ് ഞങ്ങൾക്കായി വീശിക്കൊണ്ടിരുന്നു…

രചന: P.Sudhi

Leave a Reply

Your email address will not be published. Required fields are marked *