നിന്നെ ഒഴിവാക്കുകയല്ല മറിച്ച് നിനക്ക് നല്ലൊരു ജീവിതം തരികയാണ്.

Uncategorized

രചന: ശാരി (സ്നേഹ ജ്യോതിഷ്)

“എന്നെ ഒഴിവാക്കുകയാണോ മനൂ ?”

“നിന്നെ ഒഴിവാക്കുകയല്ല മറിച്ച് നിനക്ക് നല്ലൊരു ജീവിതം തരികയാണ്. ഒരിക്കലും ഞാൻ നിനക്ക് യോജിച്ചവനല്ല രേണൂ ….”

” നീയില്ലാത്ത ജീവിതം എനിക്കൊരിക്കലും നല്ലതാകില്ല. പട്ടിണിയാണെങ്കിലും സാരമില്ല ഞാൻ നിന്റെ കൂടെ ഇറങ്ങി വരാം ”

” പൊയ്ക്കോ രേണൂ ഈ സമയത്ത് നമ്മളെ ആരും കാണണ്ട പോയി നാളത്തെ നിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്ത് ”

ദൂരേയ്ക്ക് നോക്കിയാണത് പറഞ്ഞതെങ്കിലും ആ മിഴികൾ നിറയുന്നത് ഞാനറിഞ്ഞു..

“ഞാൻ പോകുന്നു മനു ഒരു പക്ഷേ നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയൊരിക്കലും സങ്കടപ്പെടരുത് ” അതും പറഞ്ഞ് നിറഞ്ഞ മിഴികൾ തുടച്ച് അവൾ നടന്നകന്നപ്പോൾ തിരികെ വിളിക്കാൻ ഒരുപാടാഗ്രഹിച്ചു… പക്ഷേ അതിന് എനിക്കാവില്ലായിരുന്നു.. അക്ഷരം പറഞ്ഞു തന്ന ഗുരുവിന്റെ മകളെ പ്രണയിച്ചപ്പോൾ ഗുരുദക്ഷിണയായി അദ്ദേഹം ചോദിച്ചത് ഞങ്ങളുടെ പ്രണയത്തെ ആയിരുന്നു.. രേണുവിന്റെ അച്ഛനെ അതിലുപരി എന്റെ ഗുരുനാഥനെ ധിക്കരിക്കാൻ എനിക്കാവില്ലായിരുന്നു.

അവൾക്കൊന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെയാണ് ആ രാത്രി ഞാൻ തളളി നീക്കിയത്.. അവൾക്ക് കാവലായി ആ വിവാഹ വീട്ടിൽ എല്ലാത്തിനും മുന്നിലായി ഞാനുണ്ടായിരുന്നു.

മറ്റൊരാളുടെ താലി അവളുടെ കഴുത്തിലണിഞ്ഞപ്പോൾ എന്റെ വേദനയോടെയാണ് ഞാൻ നോക്കി കണ്ടത്. തന്റെ കൈയ്യാൽ ഇടേണ്ട സിന്ദൂരം അവളുടെ സിന്ദൂര രേഖയിൽ അയ്യാൾ ചാർത്തിയപ്പോൾ മനസ്സ് നോവുന്നുണ്ടായിരുന്നു. എല്ലാത്തിനുമുപരി അവളുടെ തീഷ്ണമായ നോട്ടം അത് എനിക്കൊരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല…

ഇന്ന് പക്ഷേ വിധവയുടെ വേഷത്തിൽ അവളെ കണ്ടപ്പോൾ സഹിക്കാനായില്ല..

രേണുവിനെ ഇനിയെങ്കിലും ഞാൻ കൊണ്ടു പൊയ്ക്കോട്ടെ എന്ന് മാഷിനോട് ചോദിച്ചപ്പോൾ മാപ്പു പറഞ്ഞു കൊണ്ടാണ് അദ്ദേഹം സമ്മതിച്ചത്…

“അന്ന് ഞാൻ സമ്മതിച്ചെങ്കിൽ എന്റെ മോൾക്ക് ഈ ഗതി വരില്ലായിരുന്നു ” ആ മനുഷ്യൻ വിതുമ്പുകയായിരുന്നു..

പക്ഷേ രേണുവിന്റെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു.. ഒരു തരത്തിൽ പറഞ്ഞാൽ ഞങ്ങളോടുള്ള പ്രതികാരം…

അന്ന് കുടുംബ മഹിമ പറഞ്ഞ് ഞങ്ങളുടെ പ്രണയത്തെ എതിർത്ത അച്ഛന്റെ മുമ്പിൽ ജീവിതകാലം മുഴുവൻ ഒരു വിധവയായി തന്നെ ഞാൻ ജീവിക്കും ഞാൻ അനുഭവിച്ച വേദന നിങ്ങളും അറിയണമെന്ന് പറഞ്ഞപ്പോൾ മാഷിന്റെ തല താണു. മകളുടെ തീരുമാനത്തെ മാറ്റാനാകാതെ നീറി നീറിയാണ് അദ്ദേഹമിന്നും ജീവിക്കുന്നത്.

അന്ന് അവളെ തിരിച്ചു വിളിച്ചിരുന്നെങ്കിൽ ഇന്ന് അവൾക്കീ ഗതി വരില്ലായിരുന്നു..

ചില കാര്യങ്ങൾ അങ്ങനെയാണ് ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നവയായിരിക്കും.

ഇന്നും ഒരു തീരാ വേദനയായി രേണു എന്റെ മുന്നിൽ ഉണ്ട്… നിറഞ്ഞു തുളുമ്പുന്ന ആ മിഴികൾ ഒരിക്കലും എനിക്ക് തുടയ്ക്കുവാനാകാതെ ……

രചന: ശാരി (സ്നേഹ ജ്യോതിഷ്)

Leave a Reply

Your email address will not be published. Required fields are marked *