തോൽക്കാൻ മനസ്സില്ലാതെ….

Uncategorized

രചന: ജിഷസുരേഷ്

ആ കരയിൽ അമ്മിണിക്കുട്ടി മാത്രമേ അത്തവണ പ്ലസ്ടു തോറ്റുള്ളൂ. എത്ര പറഞ്ഞാലും അമ്മിണിക്കുട്ടി പഠിക്കാൻ കൂട്ടാക്കില്ല. പറഞ്ഞു പറഞ്ഞ് അച്ഛനുമമ്മയും, കേട്ട് കേട്ട് അവളും മടുത്തു.

എന്നിട്ടും ഒരു ശ്രമമെന്ന നിലക്ക് അവളെ വീണ്ടും ട്യൂഷനൊക്കെ വിട്ട് കുറേ പരീക്ഷയെഴുതിക്കാൻ നോക്കിയെങ്കിലും വർഷങ്ങൾ കൊഴിഞ്ഞതല്ലാതെ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.

അവസാനം പറ്റിയൊരാലോചന വന്നപ്പോൾ അമ്മിണിക്കുട്ടിയെ കെട്ടിച്ചുവിടാൻ തന്നെ അവർ തീരുമാനിച്ചു. ചെക്കന്റെ വീട്ടിൽ നാലാൺമക്കളായിരുന്നു.

അമ്മിണിക്കുട്ടിക്കും സന്തോഷമായി. ഇനി പഠിക്കണ്ടല്ലോ.

കല്യാണമുറപ്പിച്ചപ്പോൾ അമ്മയവളെ ഉപദേശിച്ചു.

“അമ്മിണിക്കുട്ടീ….. ഇവിടെ നീ ഞങ്ങൾക്ക് കുഞ്ഞാണ്. പക്ഷേ അവിടുള്ളവർക്ക് നീ മരുമകളാണ്. അതിന്റെ വ്യത്യാസം നീയവിടെച്ചെന്നു കയറുമ്പഴേ നിനക്കു മനസ്സിലാവൂ. പോരാത്തതിന് നിന്റെ ചെക്കൻ ഏറ്റവും ഇളയവനും. അവനാണെങ്കിൽ സ്ഥിരമായൊരു ജോലിയില്ല.പോരാത്തതിന് കൃഷിക്കാരനും.

അവനു മൂത്തവർ മൂന്നും ജോലിക്കാരും, അവരുടെ ഭാര്യമാരാണെങ്കിൽ അതിലും മുന്തിയ ജോലിക്കാരികളും. നീ മാത്രമായിരിക്കും അവിടുത്തെ കാര്യങ്ങൾ നോക്കാൻ

നീ പഠിക്കുമായിരുന്നുവെങ്കിൽ ഇത്ര നേരത്തെ നിന്നെ കെട്ടിച്ചു വിടാൻ ഞങ്ങൾ ഒരുങ്ങുമായിരുന്നില്ല.”

അമ്മയുടെ വാക്കുകളിലെ ഖേദം അമ്മിണിക്കുട്ടിയെ ചൊടിപ്പിച്ചു.

|ഓ… അമ്മയൊന്നു മിണ്ടാതിരി. എനിക്കതൊന്നും പ്രശ്നമില്ല. ഞാനതൊക്കെ അഡ്ജസ്റ്റ് ചെയ്തോളാം.”

മകൾ കാര്യ ഗൗരവത്തോടെ പറയുന്നത് കേട്ട് അമ്മ മനസ്സിൽ കരുതി.

“അറിയാത്ത പിള്ള ചൊറിയുമ്പോ അറിഞ്ഞോളും” എന്ന്.

അങ്ങനെ കല്യാണമടുത്തു. അമ്മിണിക്കുട്ടി ഉല്ലാസവതിയായി.

വിഷമം മുഴുവൻ അമ്മക്കായിരുന്നു. ഒറ്റ മകൾ, അവളെ നല്ല നിലയിൽ പഠിപ്പിച്ച്, നല്ലൊരു ജോലി കിട്ടിയിട്ട് കല്യാണം കഴിപ്പിക്കണമെന്നായിരുന്നു എല്ലാവരേയും പോലെ ആ അമ്മയും ആഗ്രഹിച്ചത്.

എന്തു ചെയ്യാം…. കൊതിച്ചതല്ലല്ലോ വിധിച്ചതല്ലേ നടക്കൂ. ഏതായാലും പറ്റാവുന്ന തരത്തിലൊക്കെ ആ അമ്മ മകൾക്ക് ട്രൈനിംഗ് കൊടുത്തു.

അത്യാവശ്യം പാചകം ചെയ്യാനും, വീട് എങ്ങനെ ചിട്ടയാക്കി വെക്കാമെന്നും, വീട്ടുകാരോട് എങ്ങനെ നന്നായി പെരുമാറണമെന്നും ഒക്കെ

കല്യാണം കെങ്കേമമായി നടന്നു.

അമ്മിണിക്കുട്ടിക്ക് വീടും ചുറ്റുപാടും നന്നായി പിടിച്ചു. അതിനേക്കാളും അവൾക്കിഷ്ടമായത് അവളുടെ ഭർത്താവ് കിച്ചുവേട്ടനേയായിരുന്നു.

അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മക്കാണെങ്കിൽ അസുഖമാണ്. ഏട്ടൻമാരേയും ഏട്ടത്തിമാരേയും പരിചയപ്പെടാൻ ഇനിയും സമയമുണ്ടല്ലോ.

രാത്രി പാലുമായി മുറിയിലെത്തിയ അമ്മിണിക്കുട്ടിയോട് കിച്ചു പറഞ്ഞു.

“അമ്മിണിക്കുട്ടിക്ക് ഇനിം പഠിക്കണോ….? വേണമെങ്കിൽ നിന്നെ ഞാൻ പഠിപ്പിക്കാം. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പഴാ അച്ഛൻ മരിച്ചത്. തളർന്നു വീണ അമ്മയെ നോക്കാൻ മറ്റാരുമില്ലാഞ്ഞ് ഞാൻ സ്വമേധയാ പഠിപ്പു നിർത്തി.

പക്ഷേ ഇപ്പൊ ഞാൻ വീട്ടിലിരുന്ന് പഠിക്കുന്നുണ്ട്. ഡിഗ്രി എഴുതിയെടുക്കണം. അതൊരു വല്ലാത്ത ആഗ്രഹമാ.” അമ്മിണിക്കുട്ടി മിണ്ടിയില്ല. വീട്ടിൽ നിന്ന് പോന്നപ്പൊ ഇനിയാരും പഠിക്കാൻ പറഞ്ഞ് ശല്യപ്പെടുത്തില്ലല്ലോയെന്ന ആശ്വാസമായിരുന്നു.

ഇതിപ്പൊ പടപേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തംകൊളുത്തിപ്പടയായെന്ന് പറഞ്ഞ പോലായല്ലൊ ഭഗവാനേ..

അവളുടെ മനസ്സിലിരുപ്പ് അറിയാത്ത അവൻ മൗനം സമ്മതമെന്ന് കരുതി ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് അവൾ അതിരാവിലെ എഴുനേറ്റു. കളിച്ച് നേരെ അടുക്കളയിലേക്ക് നടന്നെങ്കിലും അവിടെയാരുമുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ ഏറെ നേരം നിന്നശേഷം അവൾ അമ്മ കിടക്കുന്ന റൂമിലേക്ക് നടന്നു. അവിടെ മാത്രമേ വെട്ടമുണ്ടായിരുന്നുള്ളൂ.

അമ്മ ബെഡിലിരുന്ന് നാമം ജപിക്കുന്നുണ്ടായിരുന്നു. അവളെക്കണ്ട് അവർ പുഞ്ചിരി തൂകി.

അമ്മിണിക്കുട്ടി താനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ ആ അമ്മ പുഞ്ചിരിച്ചു.

എന്നിട്ട് പതിയെ പറഞ്ഞു. “മോള് പറ്റുന്നപോലൊക്കെ ചെയ്യുക. കിച്ചുവാ ഇവിടുത്തെ പാചകക്കാരൻ. അവന്റെ, ഏട്ടൻമാരും, ഭാര്യമാരും ജോലിക്കാരായതിനാൽ വല്യ സഹായമൊന്നും മോൾക്കുണ്ടാകുമെന്ന് കരുതണ്ട.

മോള് വീട്ടിലെന്താണോ ചെയ്യുന്നത് അതുപോലൊക്കെ ഇവിടേം ചെയ്യുക.”

അവൾ അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ ചരുവത്തിലിരുന്ന ദോശമാവെടുത്ത് അവൾ ദോശയുണ്ടാക്കി. ചട്ടിണിക്ക് തേങ്ങ നോക്കിക്കൊണ്ടിരിക്കെ കിച്ചുവും അടുക്കളയിലെത്തി. അവനാണ് തേങ്ങ ചിരവിക്കൊടുത്തത്.

ഇനി ചോറുണ്ടാക്കണം. എന്തേലും തോരനും, ഫ്രിഡ്ജിലെ മീനെടുത്ത് വറുക്കുകയും ചെയ്യണം. ഏല്ലാവരും ചോറു കൊണ്ടാവാറുണ്ട്. എന്നാ ഒക്കെ മടിച്ചികളാ. കുറേ കഴിഞ്ഞ് ഓരോരുത്തരായി എഴുനേറ്റു വരും എന്നിട്ട് യാതൊരുളുപ്പുമില്ലാണ്ട് ഞാനുണ്ടാക്കുന്നതും എടുത്ത് കഴിച്ച്, കെട്ടിപ്പെറുക്കി ഓഫീസിലോട്ടും കൊണ്ടുപോകും.

വല്ലതുമൊക്കെ സഹായിക്കാൻ വന്നാലോ അത് അതിലും വലിയ തലവേദനയാ. വായിൽ വെക്കാൻ കൊള്ളത്തുമില്ല.

വയ്യാത്ത കാരണം അമ്മയൊന്നും മിണ്ടുകയുമില്ല. ഏട്ടൻമാർക്കാണേൽ ഏടത്തിമാരെ പേടിയുമാ. ഒക്കെ വല്യ പണക്കാരികളാ.

ഒരു പാചകക്കാരിയെ വെച്ചതായിരുന്നു. പക്ഷേ അവള് പിഴയാന്നും പറഞ്ഞ് മൂത്ത ഏടത്തി എന്തൊരു ബഹളമായിരുന്നെന്നോ.

പിന്നെയൊറ്റയൊരെണ്ണം ഇവിടേക്ക് വരാൻ കൂട്ടാക്കിയിട്ടില്ല.

കാര്യത്തിന്റെ കിടപ്പ് ഏകദേശമൊക്കെ പിടികിട്ടിയ അമ്മിണിക്കുട്ടിക്ക് അമ്മയെക്കാണാൻ അതിയായ മോഹമായി.

പറഞ്ഞിട്ടെന്താ.. പെട്ടുപോയില്ലെ.

ഏഴു മണിയായപ്പഴാണ് അവളൊരുവിധം പണിയെല്ലാമൊതുക്കിയത്. മെല്ലെ മെല്ലെ ഓരോരുത്തരായി എഴുനേറ്റു വരികയും, അവരവരുടെ പ്രഭാതകൃത്യങ്ങൾ നടത്തി, ഭക്ഷണവും കഴിച്ച് തങ്ങൾക്കുള്ളത് കെട്ടിപ്പെറുക്കി അവളോട് യാത്ര പറഞ്ഞ് രംഗമൊഴിയുകയും ചെയ്തു.

അമ്മിണിക്കുട്ടിയുടെ മുൻപിൽ അപ്പോഴും പണികൾ ബാക്കിയായി കിടന്നു. ക്രമേണ അമ്മയെ കുളിപ്പിക്കേണ്ടതും, ഭക്ഷണം കൊടുക്കേണ്ടതും, മുറ്റം തൂക്കേണ്ടതും, മീൻവെട്ടേണ്ടതും, തുണിയലക്കേണ്ടതും, അടിഞ്ഞു കൂടിയ പാത്രങ്ങൾ മുഴുവൻ കഴുകേണ്ടതും അവളുടെ മാത്രം ഡ്യൂട്ടിയായി.കിച്ചുവും ഒപ്പം കൂടിയിട്ടും അവൾക്ക് തിരക്കൊഴിഞ്ഞ നേരമില്ലാതായി.

ഏടത്തിമാർ വരുമ്പോഴേക്കും സന്ധ്യയാവും. അപ്പോഴേക്കും അവളുടെ ഏതാണ്ട് പണി മുഴുവൻ കഴിഞ്ഞിരിക്കും.

ഇതിനിടെ അമ്മിണിക്കുട്ടിയെ കാണാൻ അച്ഛനുമമ്മയും കൂടി വന്നു. അമ്മിണിക്കുട്ടിയുടെ മുഖത്ത് പഴയ ഉൽസാഹമൊന്നും കാണാനുണ്ടായിരുന്നില്ല. അവർ യാതൊരു സമാധാനവുമില്ലാതെയാണ് തിരികെപ്പോയത്.

ഇതിനിടെ കിച്ചു ഡിഗ്രിയെഴുതിയെടുത്തു. പഞ്ചായത്തിൽ തരക്കേടില്ലാത്തൊരു ജോലി അവന് കിട്ടുകയും ചെയ്തു.

അതോടെ ആ സഹായവും അവൾക്ക് നിലച്ചു. അമ്മിണിക്കുട്ടിയുടെ ദിനങ്ങൾ കരിയിലും, പുകയിലും പെട്ട് കടന്നുപൊയ്ക്കൊണ്ടിരുന്നു. ആദ്യമൊക്കെ അവളെ പഠനം തുടരാൻ ഒരുപാട് നിർബന്ധിക്കാറുണ്ടായിരുന്ന കിച്ചുവിപ്പോൾ അവളുടെ താൽപര്യമില്ലായ്മ കണ്ട് അതെന്നേ നിർത്തിയിരുന്നു.

ആറുമാസമായപ്പോഴേക്കും അമ്മിണിക്കുട്ടിക്ക് മതിയായി. അവളാകെ പേക്കോലമായിപ്പോയിരുന്നു. അപ്രാവശ്യം അമ്മയവളെ കാണാൻ വന്നപ്പോൾ അമ്മിണിക്കുട്ടി ഒരു കാര്യമവരോടാവശ്യപ്പെട്ടു.

“എനിക്ക് പഠിക്കണം. ഞാൻ പ്ലസ്ടു എഴുതിയെടുക്കാൻ പോവ്വാ. എന്നിട്ട് ഞാൻ ടിടിസിക്ക് ചേരും. എനിക്ക് ടീച്ചറാവണം.”

ആ അമ്മ ഒന്നും മിണ്ടിയില്ല.

അവസാനം അവൾ തന്നെ കിച്ചുവിനോടതാവശ്യപ്പെട്ടു. അവന് സന്തോഷമായിരുന്നു. അവളെ പഠിക്കാനയച്ചു തുടങ്ങിയപ്പോൾ വീട്ടിലെ ഗതി തന്നെ മാറി.

പഴയപോലെ കിച്ചുവും അടുക്കളയിലെത്തിയില്ല. അമ്മിണിക്കുട്ടിയും ചില നിയന്ത്രണങ്ങൾ വെച്ചു തുടങ്ങി. പക്ഷേ അവൾ അമ്മയുടെ ഒരു കാര്യത്തിലും മുടക്കം വരുത്തിയില്ല.

പതുക്കെപ്പതുക്കെ ഏടത്തിമാർക്കൊക്കെ വല്ലതും കഴിക്കണമെങ്കിൽ അടുക്കളയിൽ കയറണമെന്നായി. പയ്യെപ്പയ്യെ അവർക്കും അതൊരു ശീലമായി.

അമ്മിണിക്കുട്ടി പ്ലസ്ടു ജയിച്ചു. അവളാഗ്രഹിച്ചപോലെ ടിടിസിക്ക് ചേർക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പഴാണ് അമ്മിണിക്കുട്ടിക്ക് ചർദ്ദി തുടങ്ങിയത്. അവൾ ഗർഭിണിയായിരുന്നു.

എങ്കിലും എന്നെങ്കിലും താനൊരു ടീച്ചറാവുക തന്നെ ചെയ്യുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ തൽക്കാലം അവൾ പഠനത്തിന് സുല്ലിട്ടു.

(പഠനം ഒന്നിന്റേയും അതിർവരമ്പല്ല…. അത് ജീവിതവിജയത്തിന് ഒഴിച്ചുകൂടാനാവാത്ത ചവിട്ടുപടിയാണ്… എന്നെപ്പോലെ അതാരും അറിയാൻ വൈകരുത്.)

രചന: Jisha Suresh

Leave a Reply

Your email address will not be published. Required fields are marked *