ആ വാക്കുകൾ കേട്ടാണ് അവൻ ഇറങ്ങി പോയത്.

Uncategorized

രചന: സുജ അനൂപ്

“മോനെ, നീ എളേപ്പനോട് ഒന്നിവിടം വരെ വരുവാൻ പറയുമോ..?”

“ഇപ്പോൾ എളേപ്പൻ എന്തിനാണ്? വയസ്സാം കാലത്തു അടങ്ങി ഒതുങ്ങി എവിടെ എങ്കിലും കിടക്കുവാൻ നോക്ക്. നല്ല കാലത്തു തല്ലുപിടിക്കുവാനെ നേരം ഉണ്ടായിരുന്നുള്ളൂ. എനിക്ക് വയ്യ വിനീഷിൻ്റെ വായിലിരിക്കുന്നത് കേൾക്കുവാൻ. എത്രയോ പ്രാവശ്യം അമ്മ എളേപ്പനെ അവഹേളിച്ചു ഇറക്കി വിട്ടിരിക്കുന്നൂ. അന്നൊന്നും അപ്പൻ ഒന്നും പറഞ്ഞിട്ടില്ലല്ലോ.”

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഇവിടെ നിന്ന് ഇറക്കി വിട്ടാൽ പോകുവാൻ വേറെ ഇടമില്ല. നാലു മക്കൾ ഉള്ളതിൽ ഭേദം ഇവൻ ആണ്. മനസ്സിൽ ഇത്തിരി എങ്കിലും നന്മ ബാക്കി കൊണ്ട് നടക്കുന്നവൻ. അവൻ കൂടെ കൈവിട്ടാൽ പ്രതാപിയായ ഞാൻ നടുത്തെരുവിൽ നിൽക്കേണ്ടി വരും.

ഒന്നോർത്താൽ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. പിടിച്ചു അടക്കിയതൊന്നും അനുഭവിക്കുവാൻ യോഗം ഉണ്ടായില്ല. മക്കൾക്കെല്ലാം വേണ്ടതിൽ അധികം സമ്പാദിച്ചു നല്കി. സ്വത്തിനപ്പുറം അവർക്കു മറ്റൊന്നും വേണ്ട. ഈ വയസ്സാം കാലത്തു വൃദ്ധസദനത്തിൽ പോകുവാനും വയ്യ.

തെറ്റ് എൻ്റെ മാത്രം ആണ്. ഭാര്യ പറയുന്നത് മാത്രം കേട്ട് നടന്നപ്പോൾ നീതി ചെയ്തില്ല. അവൾ പോയപ്പോൾ ഒന്നും കൂടെ കൊണ്ട് പോയില്ല. നാളെ ഞാനും പോകും, അതിനു മുൻപേ അവനോടു ക്ഷമ ചോദിക്കണം. അതേ ഇനി എന്നെക്കൊണ്ടാകൂ.

മനസ്സ് പതിയെ പുറകിലേക്ക് സഞ്ചരിച്ചു.

അനിയൻ അവസാനമായി ഈ വീട്ടിൽ വരുന്നത് സ്ഥലം വീതം വയ്ക്കുമ്പോഴാണ്, അതും പത്തു വർഷം മുൻപേ. പിന്നീട് ഒരിക്കലും അവൻ ഈ വീട്ടിൽ വന്നിട്ടില്ല. അല്ലെങ്കിലും അവൻ വരുന്നത് ഭാര്യക്ക് ഇഷ്ടം ആയിരുന്നില്ല.

അന്ന് അവൾ അവനെ ഒരുപാടു അവഹേളിച്ചൂ.

“മക്കൾക്കു അവകാശപ്പെട്ട പണം മുഴുവൻ പഠിക്കുവാൻ വാങ്ങിക്കൊണ്ടു പോയി. പണം മാത്രം നോക്കി ചേട്ടനെ കാണുവാൻ നടക്കുന്ന തെണ്ടി. ഇനി മേലിൽ ഈ വീട്ടിൽ കയറരുത്.”

ആ വാക്കുകൾ കേട്ടാണ് അവൻ ഇറങ്ങി പോയത്. അവളുടെ മ-രണത്തിനു പള്ളിയിയിൽ വന്നു അവൻ പോയി. വീട്ടിലേക്കു അവൻ വന്നില്ല.

ഭാര്യക്ക് കല്യാണം കഴിഞ്ഞു വന്ന കാലം മുതലേ അനിയനെ ഇഷ്ടം ആയിരുന്നില്ല. എല്ലാം അറിഞ്ഞിരുന്നിട്ടും ഞാൻ മൗനം പാലിച്ചു.

അപ്പന് ഞങ്ങൾ മക്കൾ മൂന്നുപേർ ആയിരുന്നൂ. കൂട്ടത്തിൽ പഠിക്കുവാൻ മിടുക്കൻ അനിയൻ ആയിരുന്നൂ. പഠിക്കുവാൻ മണ്ടിയായ പെങ്ങളെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നൂ. പെങ്ങളെ വിവാഹം കഴിച്ചതൊരു ബിസിനസ്സുകാരൻ ആയിരുന്നൂ. അത്യാവശ്യം വേണ്ടത് നൽകിയാണ് അന്നവളെ പറഞ്ഞു വിട്ടത്. തിരക്കിനിടയിൽ ഒരിക്കലും അവളെ പറ്റി പിന്നെ അധികം അന്വേഷിച്ചില്ല. അയാൾ കുടിയനായിരുന്നൂ, മക്കളെ വളർത്തുവാൻ അവൾ ഒത്തിരി കഷ്ടപെട്ടിരുന്നൂ. അയല്പക്കത്തെ വീടുകളിൽ പോയി പണി എടുക്കുന്ന അവൾ വീടിനു നാണക്കേട് ആണ് എന്ന് തോന്നിയിരുന്നൂ. അതുകൊണ്ടു തന്നെ അവളെ എന്നും മാറ്റി നിർത്തിയിരുന്നൂ. ഭാര്യക്ക് അവളെ ഒട്ടും ഇഷ്ടമായിരുന്നില്ല, പണം വാങ്ങുവാൻ ആണ് പെങ്ങൾ വരുന്നത് എന്നായിരുന്നൂ അവളുടെ ഭാഷ്യം. ഇല്ലായ്മയിൽ നിന്നും പെങ്ങൾ കൊണ്ടുവന്നു കൊടുക്കുന്ന മുറുക്ക് പോലും വൃത്തിയില്ല എന്ന് പറഞ്ഞു അവൾ മക്കൾക്ക് നൽകിയില്ല. പിന്നെ പിന്നെ പെങ്ങൾ വരാതെയായി.

വിവാഹം കഴിഞ്ഞതും അധികം വൈകാതെ തറവാട്ടിൽ നിന്ന് മാറി താമസിക്കണം എന്ന് ഭാര്യ നിർബന്ധം പറഞ്ഞു. ഒരാളുടെ പണം കൊണ്ട് കുടുംബം മൊത്തം കഴിയണം. അധ്വാനിക്കുവാൻ ഞാനും ഉണ്ണുവാൻ അനിയനും. അത് ശരിയാണ് എന്ന് എനിക്കും തോന്നി തുടങ്ങിയിരുന്നൂ. അവൻ്റെ പഠനം പൂർത്തിയാക്കുവാൻ പണം വേണമായിരുന്നൂ. അത് ഞാൻ നൽകിയിരുന്നൂ.

പഠനം പൂർത്തിയായതും അവനു ജോലി കിട്ടി. പിന്നെ തറവാട്ടിൽ അപ്പനും അമ്മയും അവനും ഭാര്യയും മക്കളും മാത്രമായി. ഇളയപുത്രൻ മാതാപിതാക്കളെ നോക്കണം എന്നുള്ള നാട്ടുനടപ്പ് ശരി എന്ന മട്ടിൽ ഉത്തരവാദിത്തങ്ങളിൽ നിന്നും ഞാൻ മാറി നിന്നൂ.

കാലം കടന്നു പോയി. അപ്പനും അമ്മയും പോയതോടെ തറവാട്ടിൽ അനിയനും ഭാര്യയും അവൻ്റെ രണ്ടുമക്കളും ആയി. ആ സമയത്താണ് വീതം വെക്കണം എന്നുള്ള കാര്യം വരുന്നത്.

ഞാൻ വേറെ സ്ഥലം വാങ്ങി വീട് വച്ചിരുന്നെങ്കിലും തറവാട് വീട് എനിക്ക് തന്നെ വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നൂ. അനിയനെ പഠിപ്പിക്കുവാൻ ഞാനാണ് പണം ചെലവാക്കിയത്. ആ കണക്കു പറഞ്ഞപ്പോൾ പിന്നെ അവൻ തടസ്സം നിന്നില്ല. അവൻ്റെ പ്രീയപ്പെട്ട മുറിയിൽ നിന്ന് എല്ലാം എടുത്തു അവനും ഭാര്യയും മക്കളും അവിടെ നിന്നിറങ്ങി. കണ്ണ് നിറഞ്ഞു അവൻ അവിടെ നിന്നിറങ്ങുന്നതു ഇന്നും മനസ്സിലുണ്ട്. അല്ലെങ്കിലും എന്നും അവൻ അങ്ങനെ ആയിരുന്നൂ, ആരുടെ കൈയ്യിൽ നിന്നും ഒന്നും തട്ടിപ്പറിക്കുവാൻ അവൻ പഠിച്ചില്ല. ഞാൻ ആ വീട് വാടകയ്ക്ക് നല്കി. പെങ്ങൾക്ക് ഒന്നും നല്കില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നൂ. അവളുടെ സ്വത്തു കൂടെ എൻ്റെ പേരിൽ എഴുതി വാങ്ങി. അവളോ മക്കളോ തർക്കിക്കുവാൻ എന്തോ നിന്നില്ല.

അന്നൊക്കെ എല്ലാം അടക്കി പിടിച്ചെടുക്കണം എന്നുള്ള വാശി ഉണ്ടായിരുന്നൂ. ആ വാശി മക്കൾക്കും ഞാൻ നല്കി. അതുകൊണ്ടു തന്നെ സ്നേഹം എന്നതു മക്കൾക്കിടയിൽ ഉണ്ടായില്ല. അവർക്കു സ്വത്തു മാത്രം മതിയായിരുന്നൂ. അല്ലെങ്കിലും മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.

………………………..
ഏതായാലും വർഷങ്ങൾക്കു ശേഷം അനിയൻ വന്നൂ. എന്തോ എൻ്റെ അവസാന ആഗ്രഹം എന്ന നിലയിൽ മോൻ വിനീഷിനെ വിവരം അറിയിച്ചു. അനിയൻ ആ മകൻ്റെ കൂടെയാണ്.

വിനീഷും ഭാര്യയും അവനെ എൻ്റെ അടുക്കൽ കൊണ്ട് വന്നൂ. എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നൂ.

“ചേട്ടൻ സുഖമായിരിക്കുന്നോ, ഞാൻ വരുന്നത് ചേട്ടത്തിക്ക് ഇഷ്ടമല്ലല്ലോ. അതാ ഇറങ്ങാതിരുന്നത്. ചേട്ടത്തി പോയി കഴിഞ്ഞപ്പോൾ എനിക്കും വയ്യാതെ ആയി. ഒറ്റയ്ക്ക് എങ്ങും മോൻ വിടില്ല. മോനും മരുമോളും അത്ര കാര്യമായിട്ടാണ് എന്നെ കൊണ്ട് നടക്കുന്നത്. ഇടയ്ക്കൊക്കെ പെങ്ങളെ പോയി കാണാറുണ്ടായിരുന്നൂ. അവളും സുഖമായിരിക്കുന്നൂ, വയസ്സുകാലത്തു അവൾ കഷ്ടപെടുമോ എന്നായിരുന്നൂ പേടി. എന്നാൽ അത്ര നന്നായിട്ടാണ് അവളെ മക്കൾ നോക്കുന്നത്.”

അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ. ഒത്തിരി വിശേഷങ്ങൾ ഉണ്ടായിരുന്നൂ പറയുവാൻ.

പെട്ടെന്ന് അവൻ ചോദിച്ചൂ..

“ഏട്ടന് ഒന്നിനും ഇവിടെ ഒരു കുറവും ഉണ്ടാകില്ലല്ലോ അല്ലേ.”

ആ ചോദ്യം കേട്ടതും കണ്ണ് നിറഞ്ഞു. ഞാൻ അവനെ നോക്കി. ആ കൈയ്യിൽ പിടിച്ചു. കവിളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ അവൻ തുടച്ചു. അപ്പോൾ അവൻ്റെ കണ്ണുകളും നിറഞ്ഞിരുന്നൂ.

ഉള്ള സ്വത്തെല്ലാം അടിച്ചെടുത്തു മക്കൾ എന്നെ പുറത്താക്കി എന്ന് പറയുവാൻ മനസ്സ് വന്നില്ല. ഒരു നേരത്തെ ഭക്ഷണം കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് ഞാൻ കരുതുന്നൂ. അത് അവനു അറിയില്ലല്ലോ.

പെട്ടെന്ന് മോൻ കയറി വന്നൂ.

“എളേപ്പ, ആ തറവാട് വീട് പൊളിച്ചു കളഞ്ഞു ആ സ്ഥലം വിറ്റു കളയണം എന്ന് വിചാരിക്കുന്നൂ. അപ്പന് ഇനി ആ വീട് എന്തിനാണ്? എളേപ്പന് വേണമെങ്കിൽ അത് വാങ്ങിക്കോളൂ.”

മറുപടി പറഞ്ഞത് വിനീഷ് ആണ്.

“ഞാൻ വാങ്ങിക്കോളാം, അപ്പൻ്റെ പേരിൽ ആ സ്ഥലം എഴുതണം. തറവാട് പൊളിക്കേണ്ട. അത് ഞാൻ നന്നാക്കി എടുത്തോളാം. സ്ഥലത്തിൻ്റെ വില തീരുമാനിച്ചോളൂ. എൻ്റെ അപ്പനും അമ്മയും ജീവിച്ചിരിക്കുവോളം ആ വീട് അങ്ങനെ തന്നെ വേണം. അവരുടെ ഓർമ്മകൾ മുഴുവൻ ആ വീട്ടിൽ ആണ്. പിന്നെ അമ്മായിക്ക് ഇടയ്ക്കു ഒന്ന് ആ വീട്ടിൽ വരണം രണ്ടു ദിവസ്സം നിൽക്കണം എന്ന് പറഞ്ഞിരുന്നൂ. അത് സാധിച്ചു കൊടുക്കണം. അവർ ജനിച്ചു വളർന്ന വീടല്ലേ.”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. സമ്മതമാണെന്ന് തലയാട്ടി. അല്ലെങ്കിലും ആ സ്വത്തു അത് അവനു അവകാശപ്പെട്ടതാണ്. അത് ദൈവത്തിൻ്റെ നീതിയാണ്. ഞാൻ തട്ടിപ്പറിച്ചതൊന്നും എനിക്ക് അനുഭവിക്കുവാൻ യോഗം ഉണ്ടായില്ല.”

ഇറങ്ങുവാൻ നേരം വിനീഷ് വന്നു കൈ പിടിച്ചു പറഞ്ഞു.

“വല്യപ്പനോട് എനിക്ക് ദേഷ്യം ഒന്നുമില്ല കേട്ടോ. വല്യമ്മ വല്ലതും പറഞ്ഞാൽ അത് അപ്പന് വിഷമം ആവും. അതുകൊണ്ടാണ് അപ്പനെ അയക്കാതിരുന്നത്. ഇനി ഇടക്കൊക്കെ അപ്പനെ കൊണ്ട് വന്നു കാണിക്കാം. ആരുമില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. ഒരു ബുദ്ധിമുട്ട് വന്നാൽ എൻ്റെ വീട്ടിലേക്കു പോരാം കേട്ടോ. ഒരാളെ കൂടെ നോക്കുന്നതിൽ എനിക്കോ ഭാര്യക്കോ ഒരു ബുദ്ധിമുട്ടില്ല. അപ്പന് അതിൽ സന്തോഷം മാത്രമേ ഉണ്ടാകൂ.”

ആ വാക്കുകൾ പറയുന്നത് അനിയൻ തന്നെ ആണെന്ന് എനിക്ക് അറിയാമായിരുന്നൂ. അവൻ മക്കൾക്കു പകർന്നു നല്കിയത്, അത് എനിക്ക് എൻ്റെ മക്കൾക്ക് നല്കാനായില്ല. അത് തന്നെ ആണെൻ്റെ പരാജയവും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: സുജ അനൂപ്

Leave a Reply

Your email address will not be published. Required fields are marked *