സ്വന്തം കടയിലെ സെയിൽസ് ഗേളിനെയാണ് അമ്മ തനിക്ക് പങ്കാളിയായി കണ്ടെത്തിയത്…

Uncategorized

രചന: ബാസി ബാസിത്

സ്വന്തം കടയിലെ സെയിൽസ് ഗേളിനെയാണ് അമ്മ തനിക്ക് പങ്കാളിയായി കണ്ടെത്തി എന്നറിഞ്ഞപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കുമത് ചിരിക്കാനുള്ള വകയും എനിക്കതൊരു ഞെട്ടിക്കുന്ന വാർത്തയുമായിരുന്നു.

പല തവണ ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോഴും കണ്ണു നിറച്ചു കൊണ്ട് ‘അമ്മ എതിർത്തു നിന്നപ്പോൾ നിവൃത്തിയില്ലാതെ അർധ സമ്മതം മൂളുമ്പോഴും മനസ്സ് കൊണ്ട് അവളെ അംഗീകരിചിരുന്നില്ല.

അനാഥാലയത്തിന്റെ തിങ്ങി നിറഞ്ഞു ഉറങ്ങിയ മുറിയിൽ നിന്ന് ആദിരാത്രി റൂമിൽ വന്ന് കയറുമ്പോൾ പതപതപ്പുള്ള മെത്തയെയും പുഞ്ചിരിയില്ലാത്ത എന്റെ മുഖത്തേക്കും അത്ഭുതത്തോടെ മാറി മാറി നോക്കുന്ന അവളിൽ കൗതുകത്തോടൊപ്പം ഒരിത്തിരി ഭയവും എനിക്ക് വായിച്ചെടുക്കാമായിരുന്നു.

ചാരെ വന്നു കിടന്നു കട്ടു നോക്കുന്ന കണ്ണുകളെ പാടെ അവഗണിച്ചു കൊണ്ട് മൊബൈലിൽ സ്ക്രോളി ഇരിക്കുമ്പോൾ വാട്സാപ്പ്നെ ചൂണ്ടി എന്താണെന്ന് ചോദിച്ചപ്പോൾ ആദ്യം എന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി ഉയർന്നെങ്കിലും അത് അവളെ കരയിപ്പിച്ചു എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ അവൾ ഒരു വിത്തു നട്ടു കഴിഞ്ഞിരുന്നു.

“വാട്സാപ്പ് എന്ത അറിയില്ലേ…”

“അതാണോ വാട്സാപ്പ്,കേട്ടിട്ടുണ്ട്…” കണ്ണീരിനിടയിലും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന അവളുടെ മറുപടിയിൽ നിന്നും അവൾ എന്നിൽ കൗതുകമായിമാറുകയായിരുന്നു.

കരായതെടോ…എന്ന് പറഞ്ഞു ചേർത്ത് നിർത്തി ബന്ധുക്കൾ എന്നു പറയാൻ ആരുമില്ലാത്ത,നിറം മങ്ങിയ അവളുടെ പൂർവ്വ കാല ജീവിതത്തിലേക്ക് എത്തിനോക്കാൻ ശ്രമിച്ചപ്പോൾ ഒരു വേള അവൾ കരഞ്ഞതിനെക്കാൾ ഞാൻ കരഞ്ഞത് കൊണ്ടാവാം എന്റെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണീർ ശാളുകൊണ്ട് അവൾ തുടച്ചു തന്നത്.

തകർത്ത് പെയ്യുന്ന മഴ പെയ്ത ആ രാത്രി ഘോരമായ ഇടിയിൽ പരിഭ്രമിച്ചു ചേർന്ന് നിന്നപ്പോൾ അവളുടെ ചുണ്ടുകൾ തന്റെ അനാഥാലയത്തിലെ അനിയന്മാർ ഭയന്നിരിക്കുകയാകും എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.

ആ മുടി ഇഴകളിൽ തലോടി സമാധാനിപ്പിച്ചു അവളെ ഉറക്കുമ്പോൾ പെണ്ണ് ഒരു അത്ഭുതമാണെന്ന സത്യം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

അടുത്ത പ്രഭാതത്തിൽ ചായയുമായി വന്നവൾ എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ എന്ന് ചോദിച്ചപ്പോൾ അവളുടെ കുഞ്ഞു ലോകത്തേക്ക് ആകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അനാഥാലയത്തിന്റെ ഗൈറ്റ് കടന്നു വരുന്ന വാഹനം നോക്കി നിൽക്കുന്ന കുഞ്ഞു കണ്ണുകൾ അവളെ കണ്ട് ഓടി വന്നു കയ്യിൽ കരുതിയിരുന്ന മിഠായിക്ക് അടിപിടി കൂടുന്നത് കണ്ടപ്പോൾ അവളുടെ ലോകത്ത് ഞാനും ആനന്ദം കണ്ടെത്തുന്നുണ്ടായിരുന്നു.

അവളുടെ കുഞ്ഞനിയന്മാരെയും അവളുടെ ലോകവും വളർത്തി വലുതാക്കിയവരെയും എല്ലാം കണ്ടു പരിചയപ്പെടുത്തി ആനന്ദത്തോടെ മടങ്ങാൻ ഒരുങ്ങുമ്പോൾ അവൾ ഏറെ സംതൃപ്തയായിരുന്നു.

“ചേച്ചി ഇനി ഒരിക്കലും തിരിച്ചു വരില്ലേ…” അവളുടെ കൈകളിൽ പിടിച്ച് ഒരു കുഞ്ഞ് നിരാശയോടെ ചോദിച്ചപ്പോൾ ഏറെ പ്രതീക്ഷയോടെ അവൾ എന്നെ നോക്കി.

ഒരു പുഞ്ചിരിയോടെ ഞാൻ തലയാട്ടുമ്പോൾ സന്തോഷം കൊണ്ട് അവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു,ഇനി ഒരിക്കലും ഈ പുഞ്ചിരി മങ്ങാൻ അനുവദിക്കില്ല എന്ന ഉറപ്പോടെ ഞാനും അവളുടെ കൈകളിൽ മുറുകെ പിടിക്കുമ്പോൾ ആ കുഞ്ഞു മുഖങ്ങളിലും സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ആ കൈകളിൽ ചേർത്ത് പിടിച്ചു കാറിലേക്ക് നടക്കുമ്പോൾ അമ്മ എനിക്ക് ഏറ്റവും യോജിച്ച പെണ്ണിനെയാണ് കണ്ടെത്തിയത് എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ബാസി ബാസിത്

Leave a Reply

Your email address will not be published. Required fields are marked *