സിന്ദൂരം മായുമ്പോൾ..

Uncategorized

രചന: ശാലിനി മുരളി

അഷ്ടമംഗല്യ തട്ട് എടുക്കാൻ കുനിഞ്ഞ അവളുടെ കയ്യിൽ പെട്ടെന്ന് ആരോ കയറി പിടിച്ചു !

“അരുത്.. സീത മാറിനിൽക്ക്.. അതുവേറെയാരെങ്കിലും എടുക്കട്ടെ.. ”

പെട്ടന്ന് അവൾ എന്തോ ഓർത്തത് പോലെ പിന്നോക്കം വലിഞ്ഞു.. അനിയത്തിമാർ മുന്നിൽ മത്സരിച്ച് നിൽപ്പുണ്ട്.. ചാരുവിന്റെ കയ്യിലേക്ക് തട്ടവും വിളക്കും ആരോ ഏൽപ്പിക്കുന്നത് സീത മാറിനിന്നു കണ്ടു..

“നിനക്ക് അറിയില്ലേ കുട്ട്യേ.. ഭർത്താവ് മരിച്ച സ്ത്രീകൾ ശുഭകാര്യങ്ങൾക്കൊന്നും മുന്നിൽ കേറി നിൽക്കരുത്.. ” അനിയൻ കുട്ടന്റെ വിവാഹമായിരുന്നു അന്ന്.. എല്ലാക്കാര്യത്തിനും മുൻപിൽ അവളും ഓടിനടന്നതാണ്.. അപ്പോളൊന്നും ആരും പറഞ്ഞില്ല മാറിനിൽക്കെന്ന് ! കൊട്ടും കുരവയും ഉയർന്നു..താലികെട്ട് കഴിഞ്ഞിരുന്നു.. പൂക്കൾ വാങ്ങി അനുഗ്രഹിക്കാനും അവരുടെ അടുത്തേയ്ക്കു ചെല്ലാനുമൊന്നും അവൾക്കപ്പോൾ തോന്നിയതേയില്ല.. അനുഗ്രഹങ്ങൾ എപ്പോഴും ഈ വെല്യേച്ചിയുടെ മനസ്സിൽ നിന്നോടൊപ്പമുണ്ട്..

ഇടയ്ക്ക് ആരൊക്കെയോ സീതയെ തിരയുന്നുണ്ടായിരുന്നു..ഒരു വിധവയുടെ സാമീപ്യം അശുഭക്കേട്‌ ഉണ്ടാക്കിയാലോ.. മംഗളമായിത്തന്നെ എല്ലാം പര്യവസാനിച്ചു.. മക്കളെയും കൂട്ടി പോകാനൊരുങ്ങുന്നത് കണ്ട് “ഈ സീതേച്ചിക്കെന്തു പറ്റി.. ഇന്ന് പോയിട്ട് ഇത്ര ധൃതിയെന്താ.. ” അനിയൻ കുട്ടൻ മാത്രം തിരക്കി..

“മക്കൾക്ക് നാളെ സ്കൂളിലും കോളേജിലുമൊക്കെ പോകണ്ടേ.. നിങ്ങൾ രണ്ടു പേരും സൗകര്യം പോലെ അങ്ങോട്ടിറങ്ങ്.. ” യാത്ര പറഞ്ഞിറങ്ങുമ്പോൾ അനിയൻ ആരും കാണാതെ കയ്യിൽ ഒരു ചെറിയ കവർ പിടിച്ചേൽപ്പിച്ചു.. കല്യാണം പ്രമാണിച്ച് വീട്ടിൽ നിന്നിറങ്ങിയിട്ട് രണ്ട് മൂന്നു ദിവസമായി.. കയറി ചെന്നപാടെ വീട് മുഴുവൻ അടിച്ചു വാരി.. ഷെൽഫിലെ ഫ്രെയിം ചെയ്ത ഫോട്ടോകളിലുമെല്ലാം പൊടിയായി കിടക്കുന്നു..

ചില്ലിട്ട ഫോട്ടോയ്ക്കുള്ളിലിരുന്ന് ഹരിയേട്ടൻ വിശേഷങ്ങളൊക്കെ ചോദിക്കുന്നത് പോലെ .. മൗനമായി എന്തൊക്കെയോ പറഞ്ഞു കേൾപ്പിച്ചു.. കൂടെയില്ലാത്തതു കൊണ്ടല്ലേ എല്ലാവരുടെയും ഇടയിലും ഞാൻ ഒറ്റപ്പെട്ടു പോകുന്നത്.. ഹരിയുടെ വിധവ ! എത്ര പെട്ടെന്നാണ് എന്റെ സന്തോഷങ്ങളൊക്കെയും തട്ടിയെടുത്തോടി കളഞ്ഞത്.. ഒരുപാട് സ്നേഹം വെച്ചുനീട്ടിയിട്ട് മതി., ഇനി നീ കരഞ്ഞോ എന്ന് ഒരു ശിക്ഷയും തന്ന് എങ്ങോ പൊയ്‌ മറഞ്ഞിരിക്കുന്നു..

“ചേട്ടാ.. ദേ അമ്മ ഇവിടെ നിന്ന് കരയുന്നു.. ”

പെട്ടന്ന് സാരിത്തുമ്പിൽ മുഖമമർത്തി തുടച്ചു.

മക്കളുടെ മുന്നിൽ ഇതുവരെ കരഞ്ഞു കാണിച്ചിട്ടില്ല.. അച്ഛൻ ഇല്ലാത്ത കുറവ് അറിയിക്കാതെയാണ് ഇത്രയും നാൾ വളർത്തിക്കൊണ്ട് വന്നത്..

മുപ്പത്തിയാറാം വയസ്സിൽ ഹരിയേട്ടൻ ഇല്ലാത്ത ജീവിതത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയതാണ്.. പെട്ടന്ന് വന്ന ഒരു പനി മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ രണ്ട് പിഞ്ചു മക്കളെയും കൊണ്ട് വഴിയും പൊരുളും അറിയാതെ ഇരുണ്ട പാതയിൽ പകച്ചുനിന്നുപോയി..

പിന്നീട് ഇന്നേവരെ വിശ്രമം എന്തെന്ന് താനറിഞ്ഞിട്ടില്ല.. ഒരു ഉദ്യോഗത്തിനു പോകാനുള്ള ചുറ്റുപാടുകളും അല്ലായിരുന്നു.. കുഞ്ഞുമക്കളെ ദിവസവും ആരെയാണ് ഏൽപ്പിച്ചു പോകുക.. . ചിട്ടിയും പോളിസികളും, പിന്നെ കൊച്ചുകുട്ടികൾക്ക് ട്യൂഷൻ എടുത്തും , ചെറിയ കൈ തൊഴിലുകളും ഒക്കെയായി മരവിച്ചു നിന്ന ജീവിതത്തെ മറികടക്കാൻ തന്നെ തീരുമാനിച്ചു..

പകലുകളിൽ ഓരോ ആവശ്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ ചുറ്റിനും തനിക്കു നേരെ നീളുന്ന ചുഴിഞ്ഞു നോട്ടങ്ങളും അടക്കം പറച്ചിലുകളും കണ്ടില്ലെന്ന് നടിച്ചു..

ആരുടെയും വാ പൊത്താൻ തനിക്ക് നേരവുമില്ലായിരുന്നു ആവശ്യം തീരെയും ഇല്ലായിരുന്നു.. മക്കൾ പഠിക്കാൻ മിടുക്കരായതുകൊണ്ട് അവരുടെ കാര്യത്തിൽ ഒട്ടും വേവലാതിപ്പെടേണ്ടി വന്നില്ല. ഇടയ്ക്ക് വീട്ടിൽ നിന്നും സഹോദരങ്ങളുടെ സഹായങ്ങളും ഒരു വലിയ ആശ്വാസം ആയിരുന്നു.. കുറച്ചു ദിവസങ്ങളായി പിരിവിനു പോകാൻ പറ്റാത്തതുകൊണ്ട് പലരും ഫോണിൽ വിളിക്കാൻ തുടങ്ങിയിരിക്കുന്നു.. ഇന്നെങ്കിലും പോയില്ലെങ്കിൽ കാര്യങ്ങൾ എല്ലാം കുഴയും..

മുഖം കഴുകുമ്പോൾ ആണ് നെറ്റിയിലെന്തോ തടഞ്ഞത്.. ഒരു ചെറിയ പൊട്ട് !! മകളുടെ പണിയാവണം. തിരക്കിനിടയിൽ ഒന്നും ശ്രെദ്ദിക്കാൻ പറ്റിയില്ലല്ലോ.. കല്യാണത്തിന് പാവം അമ്മയെ ഒരുക്കിയതാണ്.. ആളുകൾ എന്ത് വിചാരിച്ചു കാണുമോ എന്തോ.. ഒരു കസവു സാരി പോലും ഉടുക്കാൻ മടിയായിരുന്നു.. പക്ഷേ അനിയൻകുട്ടനും ചാരുവും മക്കളും എല്ലാം നിർബന്ധിച്ചപ്പോൾ നേർത്ത കരയുള്ള നിറം കുറഞ്ഞ ഒരു കസവു സാരി തെരഞ്ഞെടുത്തു..

പണ്ട് ഹരിയേട്ടന്റെ കൂടെ കല്യാണങ്ങൾക്കു പോകുമ്പോൾ എത്ര ഒരുങ്ങിയാലും മതിയാവില്ല.. സീമന്ത രേഖയിലെ നിറഞ്ഞ കുങ്കുമവും ഗോപിപ്പൊട്ടും കല്ലുവെച്ച വലിയ ജിമുക്കിയും വീതിയിൽ കസവു നൂലുകൾ പാകിയ കാഞ്ചീപുരം സാരിയും അരിമൊട്ടുമാലയു മൊക്കെ ഇട്ട് ഒരുങ്ങിയിറങ്ങുമ്പോൾ ഹരിയേട്ടന്റെ വക മുല്ലപ്പൂക്കളും ഉണ്ടാവും മുടിച്ചുരുളിൽ.. നിന്റെ കൂടെ നടന്നാൽ എന്നെ ആരും നോക്കില്ലെന്നു തമാശ പറയുമ്പോൾ ഹരിയേട്ടന്റെ കൈയിൽ നോവിക്കാതെ ഒരു സ്നേഹ നുള്ള് വെച്ചുകൊടുക്കും..

ഇന്ന് ആളും അനക്കവും ഇല്ലാതായപ്പോൾ വീടുപോലും ഉറങ്ങിപ്പോയിരിക്കുന്നു.. ചന്തം നോട്ടങ്ങളും സ്വപ്നം കാണലും പുഞ്ചിരികളും എല്ലാം അസ്തമിച്ചിരിക്കുന്നു.. ഇനിയുള്ള സ്വപ്‌നങ്ങളെല്ലാം തന്റെ മക്കൾക്ക് വേണ്ടി മാത്രമുള്ളതാണ്.. ഒരു പഴയ കോട്ടൺ സാരിയെടുത്തുടുത്തു ധൃതിയിൽ പോകാനിറങ്ങിയപ്പോൾ മകൻ മുന്നിൽ വന്നു നിന്നു..

“അമ്മേ കോളേജിൽ ഫീസ് അടയ്‌ക്കേണ്ട സമയം കഴിഞ്ഞു.. ഞാനെന്താ പറയേണ്ടത്.. ”

“അമ്മ പോയിട്ട് വരട്ടെ.. ഇന്ന് പൈസ കിട്ടിയാൽ നാളെ തന്നുവിടാം.. മോളേ നോക്കിക്കോണേ.. ”

അവൾ പുറത്തേയ്ക്ക് ഇറങ്ങിക്കൊണ്ടാണത് പറഞ്ഞത്..

ഹരിയേട്ടനുള്ളപ്പോൾ ഒന്നിനെ കുറിച്ചും ഒരു വേവലാതിയും ഇല്ലായിരുന്നു.. എല്ലാം അതിന്റെ സമയങ്ങളിൽ നടന്നു പോയിരുന്നു.. ഒരു കടയിൽ പോയി സാധങ്ങൾ വാങ്ങാൻ പോലും തനിക്കറിയില്ലായിരുന്നു.. ഇന്നിപ്പോൾ എങ്ങനെ തനിക്കീ മിടുക്കൊക്കെ ഉണ്ടായെന്ന് അത്ഭുതം തോന്നാറുണ്ട്..

കാലം അങ്ങനെ ആണ്.. വീണുപോകാതിരിക്കാൻ ചില ചില്ലകളും കൊമ്പുകളുമൊക്കെ നീട്ടിത്തരും.. ഇടയ്ക്കു തണലേകാൻ കുറച്ചു ഓർമകളും !!

ഒറ്റയ്ക്കാവുന്ന യാത്രകളിൽ ചിന്തകൾക്ക് കൂട്ട് വരാൻ വലിയ ഇഷ്ടമാണ്..അപ്പോൾ അവരോടൊത്തുള്ള അടക്കം പറച്ചിലുകൾക്കിടയിൽ മറ്റാരും മുന്നിലുണ്ടാവില്ലല്ലോ..

വെയിലിലൂടെ ആഞ്ഞു നടക്കുമ്പോൾ ഒരു തണുത്ത കാറ്റ് മെല്ലെ വീശി കടന്നു പോയി.. നീ ഒറ്റയ്ക്കല്ല കേട്ടോ. ഒപ്പം ഞാനുമുണ്ട് എന്ന ഹരിയേട്ടന്റെ മൃദു മന്ത്രണം പോലെ…

രചന: ശാലിനി മുരളി

Leave a Reply

Your email address will not be published. Required fields are marked *