ഇപ്പോൾ നീ സുന്ദരിയായിരിക്കുന്നു, ഞാൻ തന്നെ അവളോട് പറഞ്ഞു.

Uncategorized

രചന : സൂര്യ അമ്മു

ജീവന്റെ പാതി അടർന്നു വീണിട്ട് ഇന്നേക്ക് അഞ്ചു ദിവസം … ആ ഞെട്ടലിൽ നിന്നും ഇതുവരെ വിട്ടുമാറാൻ സാധിച്ചിട്ടില്ല.. ചുവരിലെ ചിത്രത്തിൽ പുഞ്ചിരിക്കുന്ന അവളെ ഇപ്പോ ഒന്ന് നോക്കാൻ കൂടി കഴിയുന്നില്ല ,, ആ കണ്ണുകൾ അവസാനമായി അടക്കുമ്പോൾ കൂടെയുണ്ടാകാൻ കഴിഞ്ഞില്ല എന്നതാണ് ഏറെയുള്ള ദുഃഖം.. വെന്റിലേറ്ററിൽ അമ്മയുടെ ചൂടറിയാതെ കിടക്കുന്ന കിങ്ങിണി മോളെ എന്നെ ഏൽ പ്പിച്ചാണ് അവൾ പടിയിറങ്ങിയത്. ,,

കല്യാണം കഴിഞ്ഞ ആ രാത്രിയിൽ എന്റെ മടിയിൽ തല വച്ച് അവൾ ആദ്യം ചോദിച്ചത്

“ഞാനെങ്ങാനും മരിച്ച് പോയാ എന്താവും ഏട്ടന്റെ പ്രതികരണം ?ഏട്ടൻ കരയോ എന്നാണ്

“ചോദ്യം ഇഷ്ടായില്ലെങ്കിലും “അതിപ്പോ എങ്ങനാ പറയാ പാറു കൊച്ചേ..അപ്പോഴത്തെ അവസ്ഥ പോലല്ലേ എന്നാണ് ഞാൻ പറഞ്ഞത് ”

“അഥവാ പോയാ തന്നെ പിറ്റേ ദിവസം വേറെ കെട്ടികോണം മോങ്ങി മൂലക്കിരിക്കരുത്. ചിരിച്ചേ നടക്കാവൂട്ടോഎന്ന് പറഞ്ഞ അവളെ കവിളിൽ നുള്ളിച്ചുവപ്പിച്ചതും പരിഭവം പറഞ്ഞതുമാണ് ഇപ്പഴും ഓർമവരുന്നത്,,

ആദ്യമായി പരിജയപെടുന്നത് ഫെയ്സ് ബുക്കിലൂടെയാണ്… വല്ലപ്പോഴും വന്ന് പോകുന്ന ഒരു സൗഹൃദം….. നൃത്തത്തെ പ്രാണനായി കൊണ്ടു നടന്നവളാണ് അവൾ ,, തന്നെക്കാളേറെ അവൾ പ്രണയിച്ചതും കാൽ ചിലങ്കളെ തന്നെയാണ്.. ആദ്യമായി അവളെ കാണുന്നത് ദുബായിലെ ഒരു പ്രോഗ്രാമിനാണ് അന്നത്തെ അവളുടെ നൃത്തത്തിൽ ഞാനും അലിഞ്ഞു ചേർന്നിരുന്നു. അത്രമേൽ അവളുടെ ലാസ്യഭാവം എന്റെ മനസിനെ കീഴടക്കിയിരുന്നു എന്നതാണ് സത്യം .

അങ്ങനെയാണ് വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്നത്. അമ്മ കുറച്ച് ഫോട്ടോസ് വാട്ട്സ്ആപ്പിൽ അയച്ച് തന്നത് ,,

അക്കൂട്ടത്തിൽ വാലിട്ടെഴുതിയ കണ്ണുമായി എന്റെ സുന്ദരിക്കുട്ടിയും ഉണ്ടായിരുന്നു.. അവളുടെ ചിത്രത്തിന്ന് കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു.,,

ഒരിക്കലും നടക്കാത്ത ഒരു നഷ്ടസ്വപ്നമാണ് എന്ന് കരുതി വിധി എഴുതി… കാരണം കൺമഷിയുടെ കറുപ്പായിരുന്നു എനിക്ക് അവളാണേൽ ഒരു വെള്ളരിപ്രാവും ..

ഈ അപഹർഷതാ ബോധം കാരണംസ്വന്തം മുഖം പുറത്ത് ആരെയും ഞാൻ കാണിച്ചിട്ടില്ലായിരുന്നു.എങ്കിലും കൊള്ളാവുന്ന ഒരു ഫോട്ടോ അവർക്ക് അയച്ച് കൊടുത്തു. രണ്ടു ദിവസായിട്ടും മറുപടി വരാത്തതിനാൽ ഇഷ്ടപ്പെട്ടില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് മൂന്നാം ദിവസം മറുപടി വരുന്നത് കാണാൻ വരണമെന്ന്..

ലീവെല്ലാം ശരിയാക്കി എന്റെ സുന്ദരിക്കുട്ടിയെ കാണാൻ തിടുക്കമായിരുന്നു.

പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ ഞാനും കൂട്ടുകാരുംചെന്നു.. വീടിനോട് ചേർന്ന് അവൾ നടത്തുന്നഅവളുടെ ഡാൻസ് ക്ലാസിലാണ് ചെന്നത് ..

ആദ്യമായാകും ഒരാൾ ഇങ്ങനെ പെണ്ണുകാണാൻ പോകുന്നത്.. കാണാൻ ചെന്നപ്പോഴും അവൾ ന്യത്തത്തിലായിരുന്നു സാരിയായിരുന്നു വേഷം എന്നെ കണ്ടതും വിയർപ്പുതുള്ളികൾ സാരിതലപ്പിൽ തുടച്ച് അവൾ ഓടി ഇറങ്ങി വന്നു.. വാലിട്ടെഴുതി ചന്ദനക്കുറിയും തൊട്ട് ചെറിയ നുണക്കുഴിയുമായി വന്ന അവളെ അപ്പോ തന്നെ കൊണ്ടോകാനാണ് തോന്നിയത്….

രണ്ട് പേരും ഒന്നിച്ച് എന്തേലും സംസാരിക്കാനു ണ്ടേൽ സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞ് തന്നു.

“അപ്പഴും അവൾ എന്നോട് ഒന്നേ പറഞ്ഞുള്ളു..

“എനിക്ക് നിങ്ങളെ ഇഷ്ടായി .എന്നെ ഇഷ്ടായോന്ന് അറിയില്ല. എന്റെ ജീവിതം തന്നെ നൃത്തമാണ്. ഇതും ഒരുമിച്ച് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഒരാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ. സമ്മതമാണേൽ വീട്ടുകാരെ അറിയിച്ചാൽ മതി എന്ന് പറഞ്ഞ് അവൾ വേഗം ഡാൻസ് ക്ലാസിലേക്ക് പോയി

പക്ഷേ വിധി നാളിന്റെ രൂപത്തിൽ ചതിച്ചു. നാള് ചേരില്ലന്ന് പറഞ്ഞ് ആ ബന്ധം എന്റെ വീട്ടുകാർ അവസാനിപ്പിച്ചു ,എങ്കിലും അവളോട് ഉള്ള പ്രണയം തുടർന്നു കൊണ്ടേയിരുന്നു..

ലീവ് തീരാൻ ഇനിയും മാസങ്ങൾ ഉണ്ടായിരുന്നു. അപ്പോഴാണ് അവളുടെ ഒരു പ്രോഗ്രാമിന്റെ നോട്ടിസ് എഫ്ബിയിൽ പോസ്റ്റായിടുന്നത് .എന്തായാലും ആ പ്രോഗ്രാമിന് പോകണമെന്ന് ഉറപ്പിച്ചു.

അവൾക്ക് സമ്മാനം കൊടുക്കാനായി മൂന്ന് തട്ടിന്റെ ചിലങ്ക ഞാൻ വാങ്ങി വച്ചു.

ഞാൻ ചെന്നപ്പോൾ ഡാൻസിന്റെ വേഷത്തിൽ സ്റ്റേജിന്റെ പിറകിൽ അണിഞ്ഞൊരുങ്ങി നിൽക്കുകയായിരുന്നു അവൾ

എന്നെ കണ്ടതും അവൾ ഓടി വന്നു .ആദ്യം ചോദിച്ചത് കല്യാണം വല്ലതും ആയോ എന്നാണ്.. വിശേഷങ്ങൾ പറഞ്ഞ് ഞാൻ അവൾക്കായ് കൊണ്ടുവന്ന ചിലങ്ക എടുത്തു ,

” ഞാൻ തനിക്ക് ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട് ,,, ആ കൈ ഒന്നു നീട്ടു.

“അതെന്താപ്പോ? എനിക്ക് സമ്മാനം”

ന്ന് പറഞ്ഞ് അവൾ കൈ നീട്ടി

സ്വർണ്ണ തരിവള നിറഞ്ഞ ചായം വരച്ചിട്ട നീട്ടിയ അവളുടെ കൈകളിലെക്ക് ഞാനവളുടെ പ്രാണനെ വച്ച് കൊടുത്തു.

അപ്പോ അവളിലൂടെ കടന്നു പോയ ആ ഭാവം ഏതാണെന്ന് പോലും എനിക്കറിയില്ല കണ്ണുകൾ നിറഞ്ഞിരുന്നുവോ?

അത് നെഞ്ചോട് ചേർത്ത് അവളെന്റെ കാലിൽ വീണു. അവളെ അനുഗ്രഹിക്കാൻ മാത്രം യോഗ്യത ഉണ്ടോ എന്നറിയാത്ത ഞാൻ എന്റെ കറുത്ത കൈകളാൽ അവളെ ശിരസിൽ തൊട്ടു. സന്തോഷം കൊണ്ടോ അവൾ പരിസരം മറന്ന് കെട്ടി പിടിച്ചു

അപ്പോൾ തന്നെ അവൾ അവളുടെ കാലിൽ കിടന്ന ചിലങ്ക അഴിച്ചു മാറ്റി ഞാൻ കൊടുത്ത ചിലങ്ക എന്നെ കൊണ്ട് കെട്ടിച്ചു. പോവാട്ടോ ന്ന് പറയാൻ നിന്ന എന്നെ അവൾ പ്രോഗ്രാം മുഴുവൻ കണ്ടിട്ടേ മടങ്ങാവൂ എന്ന് പറഞ്ഞു ,,

അന്നത്തെ ആ കൂടികാഴ്ചക്കൊടുവിൽ ഞങ്ങൾ കൂടുതൽ അടുത്തു ,.അവളെ തന്നെ ഞാൻ വിവാഹം കഴിക്കൂ എന്ന വാദത്തിൽ ഞാൻ ജയിച്ചു.

കല്യാണം കഴിഞ്ഞ് അധിക നാളൊന്നും കൂടെയുണ്ടാകാൻ കഴിഞ്ഞിട്ടില്ല. ..പ്രഗനന്റ് ആയപ്പോഴും ഒന്ന് ചേർത്ത് നിർത്തനോ ഉമ്മ കൊടുക്കാനോ കഴിഞ്ഞിട്ടില്ല ,.. വീഡിയോ കോളിലൂടെ തീർത്ത സ്വർഗത്തിലും ഞങ്ങളുടെ പ്രണയം തീവ്രമായി തന്നെ നിന്നു. കുഞ്ഞുണ്ടാകുമ്പോഴെങ്കിലും കൂടെ വേണേ ഏട്ടാ എന്ന അവളുടെ പതറിയ ശബ്ദത്തിലൂടെ ഞാനറിഞ്ഞു മറുതലക്കൽ അവൾ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു എന്ന്. അവളുടെ നൃത്തം തടസം ആകണ്ടന്നു കരുതിയാണ് കൂടെ കൊണ്ടു പോകാത്തത്.

ഏഴാം മാസത്തിൽ ഒരു രാത്രി ബി.പി കൂടിയാണ് അവളെ ആശുപത്രിയിൽ എത്തിക്കുന്നത് .രണ്ട് ദിവസായി അവളുടെ വിളിയില്ലാത്തോണ്ട് ആകെ വല്ലാത്ത അവസ്ഥ ആയിരുന്നു. വീട്ടുകാര് ലീവെടുത്ത് വരാൻ പറഞ്ഞു. .. ഒടുവിൽ ബി.പി ഒന്ന് കുറഞ്ഞ പ്പോഴാണ് കുഞ്ഞിനെ പുറത്ത് എടുത്തത്.നല്ല സുന്ദരിക്കുട്ടി അവളെ പോലെ തന്നെ…

കുറച്ച് കഴിഞ്ഞപ്പോൾ അകത്ത് നിന്ന് ഡോക്ടർ വന്ന് പറഞ്ഞു .. അറിയിക്കണ്ടവരെ അറിയിച്ചോളു എന്നാണ് ‘

ഞാനെത്തിയപ്പോഴേക്കും അവൾ പോയിരുന്നു. ഒരു വാക്ക് പോലും പറയാതെ പരിഭവമായിരുന്നുവോ എന്നറിയില്ല ആ മനസിൽ. ചമയങ്ങളില്ലാതെ കെട്ടി പൊതിഞ്ഞ അവളെ കണ്ടപ്പോൾ നിരാശ തോന്നി ഇനി ഒരിക്കലും തുറക്കില്ലാത്ത കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്നു.

കുറച്ച് കഴിഞ്ഞ് ഞാൻ തന്നെ അവളെ പൊട്ട്തൊടിച്ചു ചന്ദനക്കുറി വരച്ചു .. ഞാൻ തുടങ്ങി വച്ച് അവൾ പൂർത്തിയാക്കിയ ആ സിന്ദൂരക്കുറിയും നീട്ടി വരച്ച് കൊടുത്തു … കല്യാണത്തിന് നൽകിയ പട്ട്പുടവ അവളുടെ മീതെ വിരിച്ചു. എല്ലാം ഞാൻ ഒറ്റക്കാണ് ചെയ്തത് … അതെ ഇപ്പോൾ നീ സുന്ദരിയായിരിക്കുന്നു. ഞാൻ തന്നെ അവളോട് പറഞ്ഞു.

എല്ലാരും എന്നെ ഭ്രാന്തൻ എന്ന് നോക്കി സഹതപിച്ചു കാണും. ,,,

അവൾ എന്നും അണിഞ്ഞൊരുങ്ങി നടക്കാനാ ഇഷ്ടപെട്ടിരുന്നത് എനിക്കല്ലേ അറിയൂ.

അവസാനമായി അവളെ എടുക്കുമ്പോഴും അവൾക്ക് ഞാൻ ഒരു വാക്കു കൊടുത്തു .. അവൾ എപ്പഴും പറയുന്ന വാക്ക്.. നമുക്ക് മകളാണ് ജനിക്കുന്നത് എങ്കി അവളെ ഒരു വലിയ നർത്തകി ആക്കണമെന്ന് ,,,

” വെന്റിലേറ്ററിൽ കിടക്കുന്ന മകളെ എനിക്ക് ദൈവം ഒപ്പം തരുവാണെങ്കി ഉറപ്പായും ഞാനവളെ ഒരു നർത്തകിയാക്കുമെന്ന വാക്ക് ”

എന്റെ കയ്യിൽ നിന്നും അവൾ അകന്നകന്ന് പോകുകയാണ് … ഇനി വയ്യ കാണാൻ നോക്കാനും എന്റെ ഭാഗ്യം ഇവിടെ അവസാനിക്കുകയാണ് വന്നവരെ നോക്കി ഞാൻ അകത്ത് കടന്നു. “ഇനി ഒന്ന് കിടക്കണം.”

ആരൊക്കെയോ പറയുന്നു അവന് ഒരു വിഷമം പോലും ഇല്ലന്ന്

അകത്ത് കടന്ന് വാതിലടച്ചു അവളുടെ ഒരു സാരിയെടുത്തു കെട്ടിപിടിച്ചു തലയിണ്ണയിൽ മുഖം പൂഴ്ത്തിവച്ച് വാവിട്ട് കരഞ്ഞു… ശബ്ദം പുറത്ത് വരാതെ .. ഞാനെന്താ മനുഷ്യനല്ലേ. .. ഞാൻ കരയുന്നത് അവൾക്കിഷ്ടമല്ല ,അതുകൊണ്ടാ ഞാൻ പിടിച്ചു നിന്നത് .

മുറിയിൽ ഇരുന്ന അവളുടെ ചിലങ്ക എടുത്ത് ആ രാത്രി തന്നെ ഞാൻ മകൾ കിടക്കുന്ന ഹോസ്പിറ്റലിന്റെവെൻറിലേറ്ററിൽ പോയി ആ ചിലങ്ക നഴ്സിനെ ഏൽപ്പിച്ച് പറഞ്ഞു ഇതവളുടെ അമ്മയുടേതാണ് .ഇത് അവൾക്കരികിൽ വയ്ക്കണം അതിലാണ് അവളുടെ അമ്മയുള്ളത് എന്റെ ജീവനും

അന്തം വിട്ട് നിന്ന നഴ്സിനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു ഞാൻ കരയുന്നത് അവൾക്കിഷ്ടമില്ലന്നേ എന്റെ നുണക്കുഴിക്കാരി പാറൂട്ടിക്ക്

രചന : സൂര്യ അമ്മു

Leave a Reply

Your email address will not be published. Required fields are marked *