എന്റെ ഇന്ദുകൊച്ചേ നിന്നോടുള്ള പ്രേമം അങ്ങനെ തീരുമോടി…

Uncategorized

രചന: മനു ശങ്കർ പാതാമ്പുഴ

“ഒന്ന് പോ എന്റെ…മനുഷ്യാ.. ഈ വയസനാംകാലത്തു.. പ്രേമിക്കാൻ വന്നേക്കുന്നു….”

അതു പറയുമ്പോൾ ഇന്ദിരേച്ചിയുടെ ചുളിവ് വീണ തുടങ്ങിയ മുഖത്തെവിടെയെക്കയോ നാണത്തിന്റെ ചെറുകണികകൾ പറ്റിപ്പിടിച്ചിരിക്കുന്നതു നോക്കിക്കൊണ്ടു കള്ളച്ചിരിയോടെ ബാലേട്ടൻ പറഞ്ഞു….

“എന്റെ ഇന്ദുകൊച്ചേ..നിന്നോടുള്ള പ്രേമം അങ്ങനെ തീരുമോടി…”

“ഇല്ലെന്റെ ബാലേട്ടാ….,”

“കുട്ടികൾ ഉണ്ടാകാത്തത് എന്റെ കുഴപ്പമാണെന്നു അറിഞ്ഞയന്ന് എല്ലാവരുടെയും മുന്നിൽ വച്ചു ഞാൻ താലികെട്ടിയവൾ ഒന്നു പറയാതെ… ഇറങ്ങിപ്പോയപ്പോൾ..”

“എന്റെ മാഷേ പഴയകാര്യങ്ങളൊന്നും പറഞ്ഞു സങ്കടപ്പെടരുതേ….”

“അന്നെനിക്കും ഈ ലോകം നഷ്ടമായി എന്നു വിചാരിച്ചതാണ് ഞാൻ…പക്ഷെ നീ….”

“എനിക്ക് പണ്ട് മുതലേ ഇഷ്ടമായിരുന്നുല്ലോ എന്റെ മാഷിനെ…ഭയന്നിട്ടു പറയാതെ നടന്നതല്ലേ..എത്രയോ നാൾ.. ഇതെല്ലാം കണ്ടറിഞ്ഞു വേണാട്ടപ്പാൻ എനിക്ക് തിരിച്ചുതന്നതാണ്…എന്റെ ബാലേട്ടനേ..”

“എന്റെ കല്യാണം നടന്നപ്പോൾ നിനക്കു വിഷമായില്ലേ കൊച്ചേ…”

“ആയോന്ന്.. കുറെ ദിവസം പട്ടിണി കിടന്നു.. പഠിക്കാൻ കോളജിൽ പോലും പോകാതെ….. ”

“ഒരു പക്ഷെ അവൾ ഇറങ്ങിപ്പോയപ്പോൾ എനിക്ക് തോന്നിയ സങ്കടത്തേക്കാൾ കൂടുതൽ നിനക്കായിരുന്നു…ല്ലേ..എന്റെ കല്യാണം നടന്നപ്പോൾ ”

“ആയിരിക്കാം അറിയില്ല.. മാഷേ…”

“വീട്ടിലെ ജോലിക്കാരിയുടെ മകളായിരുന്നതിനാൽ ബാല്യകാല ചങ്ങാത്തം മാത്രമേ എനിക്ക് നിന്നോട് തോന്നിയിട്ടുണ്ടായിരുന്നുള്ളൂ..”

“എപ്പോളെന്നെനിക്കു അറിയില്ല, മാഷ്..എന്റെ മനസിൽ കടന്നു കൂടിയത്…”

“ആ ഇടനാഴിയിൽ വച്ചു അന്നു നീ തുറന്നു പറഞ്ഞില്ലായിരുന്നുവെങ്കിൽ… ഞാൻ ഒരിക്കലും അറിയില്ലായിരുന്നു നിന്നിലെ എന്നെ ലഹരിയാക്കിയ ഈ പ്രണയം…അല്ലായെങ്കിൽ ഞാൻ കൽക്കട്ടക്ക് നാട് വിട്ടേനേ….”

അയാൾ ഇന്ദിരയുടെ കയ്യിൽ ചേർത്തു പിടിച്ചു.

“മാഷേ വീട്ടുകാരെ എതിർത്തു പടിയിറങ്ങുമ്പോൾ എനിക്ക് ഭയമുണ്ടായിരുന്നു…നമ്മളെയവർ അപകടപെടുത്തുമോ…എന്നത്…”

“മക്കളില്ലായ്മ മറന്നത് നിന്റെ പരിലാളനയിലൂടെയായിരുന്നു കൊച്ചേ…”

ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് കുറെ ആയെങ്കിലും പലപ്പോഴും സ്നേഹം കൂടുമ്പോൾ ബാലേട്ടൻ ഇങ്ങനെ പഴയ കാര്യങ്ങൾ പറഞ്ഞു ഇന്ദിരേച്ചിക്കു ആ പ്രണയകാലത്തിന്റെ നൈർമ്മാല്യം നിറഞ്ഞ നല്ലനാളുകൾ ഓർമ്മയിൽ കൊണ്ടുവരും.

കുറച്ചു നാളുകൾക്കുശേഷം ബാലേട്ടന്റെ വീട്ടുകാർ എല്ലാം മറന്നു അവരെ തിരിച്ചു തറവാട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. അങ്ങനെ വീട്ടുജോലിക്കാരിയുടെ മകൾ ആ തറവാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായിമാറി.. അവസാനം വരെ ഏറെ സ്നേഹത്തോടെയാണ് അവർ ബാലേട്ടന്റെ അച്ഛനെയും അമ്മയെയും നോക്കിയത്.

ഏറെ നാളുകൾക്കു ശേഷമാണ് ഡ്രൈവറെകൂട്ടി അവർ പുറത്തു പോകാൻ ഇറങ്ങിയത്. പ്രായത്തിന്റെ തളർച്ചകൾ അവരുടെ യാത്രകൾ കുറച്ചിരുന്നു. അവരുടെ കാർ കുറച്ചു ഏറെ നേരത്തെ യാത്രക്കു ശേഷം ഒരു വൃദ്ധസദനത്തിന്റെ വാതിൽക്കലെത്തി. അവർ രണ്ടുപേരും അകത്തേക്ക് നടന്നു. വൃദ്ധസദനത്തിന്റെ ഡയറക്ടർ ഒരു സ്വാമിജിയാണ് ചൈതന്യം നിറഞ്ഞ മുഖം..

“സ്വാമിജി കുറച്ചുകാലമായി ഇവിടെ വരണമെന്നോർക്കുന്നു…,ഞങ്ങളുടെ കുറച്ചു സ്വത്ത് ഇവിടുത്തെ പേരിലാക്കാം എന്നോർക്കുന്നു, നടക്കാൻ ബുദ്ധിമുട്ടാവുബോൾ ഇവിടെ വന്നു കൂടണം…”

“ബാലൻ മാഷേ അതു നല്ല കാര്യമാണ് അങ്ങനെ പലരും ഉണ്ട് ഇവിടെ…”

സ്വാമിയുടെ സൗമ്യമായി പറഞ്ഞു.

“വരൂ ഈ പരിസരമൊക്കെയൊന്നു കാണാം….”

ഇന്ദിരേച്ചിയുടെ കയ്യിൽ പിടിച്ചു ബാലേട്ടനും സ്വാമിജിയെ പിന്തുടർന്നു. വലിയ മരങ്ങൾ തണൽ വിരിച്ച വഴിയിലൂടെയും ആ വളപ്പിലൂടെയുമൊക്കെ. അവർക്ക് ആ ചുറ്റുപാടുകൾ ഏറെ ഇഷ്ടമായിയെന്നു തോന്നിയപോലെ സന്തോഷം നിറഞ്ഞിരുന്നു അവരിൽ.

ഇന്ദിരേച്ചിയാണ് ആ കഴ്ച്ച ആദ്യം കണ്ടത്, അകലെ മരത്തണലിൽ ഒരു മെലിഞ്ഞ രൂപം…

ഇന്ദിരേച്ചിയുടെ മൃദുവായി ആ പേര് ചൊല്ലി…’ലക്ഷ്മി’

സ്വാമിജി ചോദിച്ചു

“അവരെ അറിയുമോ”… അവർ രണ്ടാളുമൊന്നും മിണ്ടിയില്ല സ്വാമി തുടർന്നു.

“അവർ ഇവിടെ വന്നിട്ടിപ്പോൾ അഞ്ചു വർഷമായി മക്കളൊക്കെ വിദേശത്താണ് ആരും കാണാൻ വരാറില്ല.. മക്കൾ അവരെ ഉപേക്ഷിച്ചപ്പോലെയാണ്.”

ആ മെലിഞ്ഞ രൂപം എഴുന്നേറ്റ് നിന്നു.ഇന്ദിരേച്ചി പറഞ്ഞു

“മാഷേ ഇതരാണ് എന്നു മനസിലായോ..അങ്ങ് ആദ്യം താലി ചാർത്തിയ ലക്ഷ്മിയാണ്, പിന്നീട് ഞാൻ ഒന്ന് രണ്ടുവട്ടം അമ്പലത്തിൽ വച്ചു കണ്ടിരുന്നു….”

ലക്ഷ്‌മി കൈ കൂപ്പിക്കൊണ്ട് ബാലേട്ടന്റെ അടുക്കലേക്കു വന്നു.

“ബാലേട്ടാ…മാപ്പ് എന്നോട് ക്ഷമിക്കണേ…പിന്നീട് അങ്ങയെ കാണാൻ വരാൻ ഉള്ള ധൈര്യമില്ലായിരുന്നു.. അതാണ്…ഞാൻ”

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു

ബാലേട്ടന്റെ ചുണ്ടുകൾ ചലിച്ചു..

” ലക്ഷമിയുടെ ആൾ എന്തിയേ…”

“അഞ്ചാറു കൊല്ലം മുൻപ് എന്നെ വിട്ട് പോയി…ഈ ലോകത്തു നിന്നും തന്നെ… ,അതിന്റെ മരണാനന്തരചടങ്ങുകൾ കഴിഞ്ഞപ്പോൾ മുതൽ എന്നെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള ആലോചനയിലായിരുന്നു മക്കൾ”.

“അഞ്ചു കൊല്ലമായി ഇവിടെയാണല്ലെ….”

“അതേ തറവാട് വിറ്റ് പണം അവർ വീതിച്ചെടുത്തു. എന്നെ ഇവിടെയാക്കി….പോയിട്ട് പിന്നെ വന്നില്ല എല്ലാ മാസവും ഇവിടേക്കുള്ള പണം അക്കൗണ്ടിൽ വരും…”

ലക്ഷ്മി നിറഞ്ഞ കണ്ണുമായി അകത്തേക്ക് നടന്നു..

ലക്ഷ്മിയോടും സ്വാമിയോടും കൈ വീശി യാത്രപറഞ്ഞു ഇറങ്ങുമ്പോൾ ബാലേട്ടൻ ഇന്ദ്രേച്ചിയുടെ കൈകൾ കോർത്തു പിടിച്ചിരുന്നു ഏറെ സ്നേഹത്തോടെ… ആ നടത്തം ജനലിൽക്കൂടി കണ്ടു ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു ചുക്കിചുളിഞ്ഞ മുഖത്തു കൂടി കണ്ണുനീർ ചാലുകൾ തെളിഞ്ഞിരുന്നു…

ഇനിയുള്ള ജീവിതം ലക്ഷ്മിക്ക് മക്കൾ നൽകിയ വേദനക്കൊപ്പം ബാലേട്ടനോടുള്ള പശ്ചാത്താപവും പേറി…തട്ടി തെറിപ്പിച്ചു ചിലതിന് വേണ്ടി സ്വയം നൽകുന്ന ശിക്ഷ…..

രചന: മനു ശങ്കർ പാതാമ്പുഴ

Leave a Reply

Your email address will not be published. Required fields are marked *