ദേവൂന്റെ വർത്തമാനം കേട്ട് ശരീരം ആകെ വിറച്ചു കയറി

Uncategorized

രചന: Sreejith Achuz

നീ ഇങ്ങനെ എന്റെ പുറകിൽ നിന്ന് ചുറ്റി തിരിയാതെ കുറച്ചു അങ്ങ് നീങ്ങി നിക്കെടാ ചെറുക്കാ…

ദേവൂന്റെ വർത്തമാനം കേട്ട് ശരീരം ആകെ വിറച്ചു കയറിയെങ്കിലും കടയിലുള്ളവർ എല്ലാവരും എന്നെ നോക്കുന്നത് കണ്ടതോടെ ഞാൻ സാവധാനം അവിടെ നിന്ന് വലിഞ്ഞു..

എന്റെ പോക്ക് കണ്ടു ദേവു ചിരിക്കുന്നത് ഞാൻ കടയിലുള്ള കണ്ണാടിയിലൂടെ കണ്ടിരുന്നു..

ഇവൾക്ക് തലയ്ക്കു നല്ല സുഖമില്ല എന്ന് നാട്ടുകാർ പറയുന്നതിലും കാര്യം ഉണ്ടെന്നു എനിക്കിപ്പോ ഏകദേശം തോന്നി തുടങ്ങിയിരുന്നു…

കൂട്ടുകാരുടെ കൂടെ കവലയിൽ കൊച്ച് നാട്ടുകാര്യങ്ങൾ പറഞ്ഞിരുന്ന എന്നെ ടാ എന്റെ കൂടെ ഷോപ്പ് വരെ വരാമോ.. എനിക്കൊരു ചുരിദാർ മേടിക്കാനാണെന്നു ദേവൂ പറഞ്ഞപ്പോൾ തന്നെ ഞാൻ ചാടി പുറപ്പെട്ടത് അവളോട്‌ എന്റെ മനസ്സിൽ പ്രണയം ഉള്ളത് കൊണ്ടായിരുന്നു…

ടാ അവളുടെ കൂടെ പോകണ്ട.. എപ്പോഴാ വട്ടു ഇളകുന്നത് പറയാൻ പറ്റില്ല എന്ന് കൂട്ടുകാരൻ പറഞ്ഞപ്പോഴും അത് നിന്റെ തന്തയ്ക്കു ആയിരിക്കും എന്നാണ് ഞാൻ മറുപടി പറഞ്ഞത്…

അല്ല അവരെ തെറ്റു പറയാനും പറ്റില്ല.. അത്രയ്ക്കുണ്ട് ദേവൂന്റെ സ്വഭാവത്തെ പറ്റി ഉള്ള വിശേഷങ്ങൾ…

വന്ന ആലോചന ഒക്കെ ഓരോ കാരണങ്ങൾ പറഞ്ഞു ദേവു മുടക്കി കൊണ്ടിരുന്നപ്പോഴും മനസ്സ് കൊണ്ട് ഞാൻ സന്തോഷിച്ചിരുന്നു..

ഒടുവിൽ വന്ന ആലോചന ഏകദേശം നടക്കും എന്നുള്ള സ്ഥിതി വന്നപ്പോൾ ചെക്കനോട് എന്റെ കല്യാണം നേരത്തെ മറ്റൊരാളുമായി കഴിഞ്ഞതാ എന്നുള്ള രേഖ സഹിതം ദേവു കാണിച്ചു കൊടുത്തപ്പോൾ മറ്റുള്ളവരെക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു…

കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും നിമിഷ നേരം കൊണ്ടു ഇല്ലാതായി പോയെന്നുള്ള നിരാശയിൽ മനസ്സ് ചത്തു ഇരിക്കുമ്പോഴാണ്.. എന്റെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ലെടാ.. നീ വേറെ ആരോടും പറയണ്ട.. അത് ഞാൻ ആ വിവാഹം മുടക്കാൻ ചെയ്തതല്ലേ എന്ന് ദേവു പറയുന്നത്

നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അപ്പം തിന്നാൽ മതി മോനെ.. അധികം കുഴി എണ്ണാൻ നിക്കണ്ട എന്ന മറുപടി ആണ് എനിക്ക് കിട്ടിയത്…

വായെടുത്താൽ തർക്കുത്തരവും മറ്റുള്ള ആളുകളും ആയി ദേവു അധികം സംസാരിക്കാത്തതും.. വരുന്ന ആലോചന ഒക്കെ സ്വയം ഓരോന്ന് പറഞ്ഞു മുടക്കുന്നതും കൊണ്ട് നാട്ടിൽ അവൾക്കു വട്ടാണെന്നൊരു ശ്രുതി പരന്നു..

അവളെക്കാൾ മൂന്ന് വയസ്സിനു മൂത്ത എന്നെ വരെ ടാ എന്ന് വിളിക്കുമ്പോൾ ദേഷ്യത്തെക്കാളേറെ ദേവൂനോട് എനിക്ക് ഇഷ്ട്ടമാണ് തോന്നിയിരുന്നത്…

ചെറുപ്പം മുതലേ അറിയാവുന്ന അവളോട്‌ എപ്പോഴോ മനസ്സിൽ എനിക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു…

അവളുടെ സ്വഭാവവും… അതിനേക്കാൾ ജോലി ഒന്നും കിട്ടാത്തതിന്റെ നിരാശയിലും മനസ്സിലുള്ള ഇഷ്ടം തുറന്നു പറയാതെ ഞാൻ കൊണ്ടു നടന്നു…

എന്നേക്കാൾ നല്ല ലുക്ക്‌ ഉള്ളതും ക്യാഷ് ഉള്ളതുമായ പയ്യന്മാരുടെ ആലോചനകൾ വേണ്ടെന്നു വെച്ച ദേവു പിന്നെ എന്നെ സ്നേഹിക്കുമെന്നു യാതൊരു ഉറപ്പും എനിക്കില്ലായിരുന്നു…

എപ്പോഴും സന്തോഷവതി ആയി നടക്കുന്ന അവളുടെ ജീവിതത്തിലെ സന്തോഷം എന്റെ പ്രണയം തുറന്നു പറഞ്ഞതിന് ശേഷം ഇല്ലാതാകുമോ എന്നുള്ള പേടിയിൽ ഞാൻ വർഷങ്ങളോളം ആ ഇഷ്ടം ഹൃദയത്തിൽ മണിച്ചിത്ര താഴിട്ട് പൂട്ടി ഞാൻ കൊണ്ടു നടന്നു

ഒരു ദിവസം കൂട്ടുകാരുടെ കൂടെ സെക്കന്റ്‌ ഷോ കഴിഞ്ഞു വീട്ടിലേക്കു ഞാൻ പോകുന്ന വഴി ആണ് അടുത്തുള്ള ഡാമിൽ ആരോ നിക്കുന്നത് കണ്ടത്…

ഒറ്റ നോട്ടത്തിൽ തന്നെ ആത്മഹത്യ ചെയ്യാൻ ഉള്ള പരിപാടി ആണെന്ന് മനസ്സിലായ ഞാൻ വേഗം വീട്ടിലേക്കു പോകാൻ ഒരുങ്ങിയെങ്കിലും അവരെ രക്ഷിക്കണം എന്ന് മനസ്സിൽ ആരോ പറയുന്നത് പോലെ തോന്നിയത് കൊണ്ടാകണം ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നതും….

ഡാമിലേക്ക് ചാടാൻ ഒരുങ്ങുകയായിരുന്ന അവരുടെ കൈയിൽ ഞാൻ പിടിച്ചതും തിരിഞ്ഞു നോക്കിയ ആളെ കണ്ടു ഞാൻ ഞെട്ടി…

ദേവൂട്ടി !!!!

കൈ വിട് ഹരിയേട്ടാ.. എനിക്ക് മരിക്കണം എന്ന് പറഞ്ഞു കരഞ്ഞ ദേവൂനെ ഒരു വിധത്തിൽ ആണ് ഞാൻ സമാധാനപ്പെടുത്തിയത്…

നിനക്കെന്താ ദേവു.. നീ എന്താ ഇങ്ങനെ എന്ന് ഞാൻ ചോദിച്ചതിന്…ഞാൻ പിന്നെ എന്ത് വേണം ഹരിയേട്ടാ… എത്ര എന്ന് വെച്ചാ വീട്ടുകാർക്ക് ബാധ്യത ആയി ജീവിക്കുന്നത് എന്ന് പറഞ്ഞു ദേവു എന്റെ മുൻപിൽ പൊട്ടിക്കരഞ്ഞു…

തനിക്കൊരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്ന വാർത്ത ദേവൂനെ ആകെ തളർത്തി കളഞ്ഞിരുന്നു…ദേവൂന്റെ കാര്യം അറിഞ്ഞു പെണ്ണ് കാണാൻ വന്നവരുടെ സ്നേഹം മുഴുവൻ അവളുടെ അച്ഛൻ കൊടുക്കാം എന്ന് പറഞ്ഞ വലിയ സ്ത്രീധനത്തിൽ ആണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ദേവു ഓരോ കാരണങ്ങൾ പറഞ്ഞു മുടക്കി കൊണ്ടിരുന്നത്…

തന്നെ കെട്ടിക്കാൻ ആകെ ഉള്ള വീടും സ്ഥലവും വിറ്റ് അനിയനെയും അനിയത്തിയേയും കൊണ്ട് അവർ ആരും തെരുവിലേക്ക് ഇറങ്ങുന്നത് കാണാൻ വയ്യാത്തോണ്ടാ ഹരിയേട്ടാ… ദേവു ഇങ്ങനെ എന്ന് പറഞ്ഞു അവൾ എന്റെ മുന്നിൽ പൊട്ടി കരഞ്ഞു..

ഒടുക്കം അവളുടെ കാര്യത്തിൽ വീട്ടുകാർ അനുഭവിക്കുന്ന വേദനയും സങ്കടവും കാണാൻ വയ്യാത്തത് കൊണ്ടാണ് അവൾ മരണത്തിന്റെ വഴി പിന്നെ തിരഞ്ഞെടുത്തത്..

ദേവൂന്റെ കഥകൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകിയ ഞാൻ സാവധാനം അവളോട്‌ മനസ്സിൽ കൊണ്ടു നടന്ന പ്രണയം തുറന്നു പറഞ്ഞു…

അമ്പരപ്പോടെ എന്റെ മുഖത്തേക്ക് നോക്കിയ ദേവു..ഹരിയേട്ടനു എന്നെ പോലെ ഒരുവൾ ചേരില്ല… ഇവിടെ നടന്നത് മറ്റാരും അറിയരുത് എന്ന് പറഞ്ഞു അവൾ വീട്ടിലേക്ക് ഓടി….

എന്താ ഹരിയേട്ടാ…ആലോചന തുടങ്ങിയിട്ട് കുറച്ചു നേരം ആയല്ലോ എന്ന ദേവൂന്റെ ചോദ്യം കേട്ടാണ് ഞങ്ങളുടെ കല്യാണ ഫോട്ടോ നോക്കിയിരുന്ന ഞാൻ സ്വബോധം വീണ്ടെടുക്കുന്നത്…

നന്ദൂട്ടൻ ക്ലാസ്സ്‌ കഴിഞ്ഞു ഇപ്പൊ വരും… ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വെക്കട്ടെ എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോയ ദേവൂനെ നോക്കി ഞാൻ ചിരിച്ചു..

അന്ന് ആ ഡാമിന്റെ അവിടെ നിന്നും ദേവു ഓടിയ ഓട്ടം ചെന്നവസാനിച്ചത് എന്റെ ജീവിതത്തിൽ ആയിരുന്നു…

വീട്ടുകാരെയും കൂട്ടി മാന്യമായി പെണ്ണ് ചോദിച്ചു.. അവൾക്കു വട്ടാണെന്ന് പറഞ്ഞ നാട്ടുകാരുടെ മുൻപിൽ വെച്ചു അന്തസ്സായി ഞാൻ അവളെ താലി ചാർത്തി ….

രക്ത ബന്ധം കൊണ്ടു മാത്രമല്ല..കർമ്മം കൊണ്ടും അച്ഛനും അമ്മയും ആകാൻ പറ്റു മെന്നു വിശ്വാസം ഉള്ളത് കൊണ്ടാണ്.. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ ഒരു കുട്ടിക്ക് ഞങ്ങൾ അച്ഛനും അമ്മയും ആയി മാറുന്നത്…

ഞാൻ ദേവൂനെ പ്രണയിച്ചത് ഹൃദയം കൊണ്ടു തിരിച്ചറിഞ്ഞാണ്..അല്ലാതെ കണ്ണുകൾ കൊണ്ടു അളന്നല്ല ….അത് കൊണ്ടാകും ഒരിക്കലും നിലക്കാത്ത ഒന്നായി ദേവൂനോടുള്ള പ്രണയം എന്നിൽ ഇന്നും നിറഞ്ഞു നിൽക്കുന്നത്

രചന: Sreejith Achuz

Leave a Reply

Your email address will not be published. Required fields are marked *