ഇത്രയും സ്നേഹിച്ചിട്ടും അവളെന്നെ വേണ്ടെന്നു പറഞ്ഞല്ലോ….

Uncategorized

രചന: Ayyappan A

“ഇത്രയും സ്നേഹിച്ചിട്ടും അവളെന്നെ വേണ്ടെന്നു പറഞ്ഞല്ലോ….” അതോർത്തു വേദനയോടെ അയാൾ റയിൽവേ സ്റ്റേഷനിൽ തല കുനിച്ചിരുന്നു….

5വർഷം കൊണ്ട് സ്നേഹിച്ചതൊക്കെ ഒരു പളുങ്കുപാത്രം താഴെ വീണുടഞ്ഞതു പോലെയായിരിക്കുന്നു….. അയാൾക്ക്‌ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായി….

ജീവിതം കൈവിട്ടു പോവുന്നപ്പോലെ അയാൾക്ക് തോന്നി…. അയാൾ മനസ്സ് മരവിച്ചവനെ പോലെ ഇനി വരാൻ പോവുന്ന ട്രെയിനിനെ കാത്തിരുന്നു….

അല്പസമയം കഴിഞ്ഞു ചിന്നിച്ചിതറി പോവാനുള്ള ഉടലാണ് താനെന്നു പുച്ഛത്തോടെ അയാളോർത്തു….

വീട്ടിൽ തന്നെ അന്തിയോളം നോക്കി ഇരിക്കുന്ന ഒരമ്മയുണ്ടെന്നും…

ആ അമ്മയോട് “അവനിതുവരെ വന്നില്ലേ എന്നു ആംഗ്യഭാഷയിൽ ചോദിക്കുന്ന ഒരു അച്ഛനുണ്ടെന്നും അവനപ്പോൾ ഓർത്തില്ല…..

കൂവി പാഞ്ഞു വരുന്ന ട്രെയിനിനെ കാത്തിരിക്കുമ്പോൾ അവൻ പിറുപിറുത്തു…

“പ്രണയമാണ് ഏറ്റവും വലിയ വികാരം…..

പ്രണയനഷ്ടമാണ് ഏറ്റവും വലിയ വേദന.. ”

അയാൾ നിന്നതിന്റെ തൊട്ടപ്പുറത്തായി ഒരു സ്ത്രീ അവളുടെ രണ്ടു മക്കളെ നെഞ്ചോട് ചേർത്തു തറയിൽ ഇരുപ്പുണ്ടായിരുന്നു…

വിശന്നു തളർന്നുറങ്ങുന്ന മൂത്ത മകളെ കണ്ടപ്പോൾ അവളുടെ നെഞ്ച് വിങ്ങി….

ഇളയകുഞ്ഞ് അവളുടെ പാലില്ലാത്ത മുല വെറുതെ കുടിക്കുന്ന കണ്ടു അവളുടെ കണ്ണ് നിറഞ്ഞു…

അവന് കൊച്ചരിപല്ല് ഉണ്ടായിരുന്നെങ്കിൽ മുല കടിച്ചു ചോര വന്നിരുന്നെങ്കിൽ അവനത് തെറ്റിദ്ധരിച്ചു കുടിച്ചേനെ എന്നു അവൾ വെറുതെ ആശിച്ചു..

പലരേം അവൾ ദയനീയതയോടെ നോക്കി… എണീറ്റ് നിൽക്കാൻ ഉള്ള ആരോഗ്യം അവൾക്കില്ലാരുന്നു….

അവളാദ്യം മരിച്ചാൽ അവളുടെ കുഞ്ഞുങ്ങളുടെ കാര്യമോർത്തു അവൾക്കു കരച്ചിൽ വന്നു… നിറഞ്ഞു തൂവിയ കണ്ണുകളുമായി അവളോർത്തു

“വിശപ്പാണ് ഏറ്റവും വലിയ വികാരം

വിശന്നിരിക്കുന്ന മക്കൾക്ക് ഒരുരുള ചോറോ.. ഒരു തുണ്ട് അപ്പകഷണമോ കൊടുക്കാൻ കഴിയാത്ത അമ്മയുടെ മനസ്സാണ് ലോകത്തിലെ ഏറ്റവും വലിയ വേദന……..

രചന: Ayyappan A

Leave a Reply

Your email address will not be published. Required fields are marked *