നീയില്ലാതെ എനിക്ക് സന്തോഷമായിരിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവൂ…

Uncategorized

രചന: പാർവ്വതി കെ. നായർ

ദേവദാരു

“അഞ്ച് വർഷമായി ദേവൂ ഞാൻ കാത്തിരിക്കുന്നു. ഇനിയെങ്കിലും നിനക്ക് തീരുമാനം മാറ്റിക്കൂടെ ?” എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ശ്രീയേട്ടൻ അത് ചോദിച്ചപ്പോൾ എന്റെ തല താനേ കുനിഞ്ഞു. ആ കണ്ണുകളെ നേരിടാൻ ശക്തി ഇല്ലാത്തതിനാൽ മുഖമുയർത്താതെ ഞാൻ പറഞ്ഞു. “അന്നേ ഞാൻ പറഞ്ഞതല്ലേ മറ്റൊരു വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കാൻ ? എന്റെ പിന്നാലെ വരരുത് എന്ന് എത്ര വട്ടം പറഞ്ഞു ശ്രീയേട്ടനോട് ?”

“നീയില്ലാതെ എനിക്ക് സന്തോഷമായിരിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവൂ? വെറും അന്യരായി പിരിയാനാണോ നമ്മൾ സ്നേഹിച്ചത് ? ” “ഒന്നിനും എനിക്ക് മറുപടിയില്ല ശ്രീയേട്ടാ. എന്നെ മറക്കണം. ” അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നെങ്കിലും ശ്രീയേട്ടൻ എന്റെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തിയിട്ട് എന്റെ മുന്നിൽ കയറി നിന്നു.

“എന്നോട് ഒരിറ്റു ദയ പോലും തോന്നണില്ലേ ദേവൂ ? എന്നെ മറക്കാൻ പോയിട്ട് ഒരു നിമിഷമെങ്കിലും എന്നെ സ്നേഹിക്കാതിരിക്കാൻ പറ്റുമോ നിനക്ക് ?” “കൈയിൽ നിന്ന് വിടൂ ശ്രീയേട്ടാ , ആളുകൾ ശ്രദ്ധിക്കുന്നു. എനിക്ക് പോണം. മോള് സ്കൂളിൽ നിന്ന് വരാൻ സമയമായി ”

ശ്രീയേട്ടന്റെ കൈ ബലമായി വിടുവിച്ചു ആ കടൽ തീരത്ത് ശ്രീയേട്ടനെ ഞാൻ നടന്നകന്നു. തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് അറിയാമായിരുന്നു നെഞ്ച് പിടഞ്ഞാവും ശ്രീയേട്ടൻ നിൽക്കുന്നതെന്ന്. മണലിൽ ആണ്ടുപോകുന്ന കാലുകളെ വലിച്ചെടുത്ത് തിടുക്കത്തിൽ ഞാൻ നടന്നു. ****

കേദാരം എന്ന ഞങ്ങളുടെ വീട്ടിലെ ഇളയമകളായിരുന്നു ഞാൻ , ദേവദാരു. അച്ഛനും അമ്മയും ചേച്ചിയും ഞാനുമടങ്ങുന്ന സന്തുഷ്ട കുടുംബം. ഞങ്ങൾക്ക് പറയത്തക്ക ബന്ധുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് ചേച്ചിയുടെ വിവാഹം കഴിഞ്ഞു , അവൾക്കൊരു മോളുമുണ്ടായി, ഞങ്ങളുടെ ലിപി മോൾ. സന്തോഷം മാത്രം നിറഞ്ഞ വീടായിരുന്നു ഞങ്ങളുടേത് ആ നശിച്ച ദിനം വരെ. വളരെ നാൾ മുൻപ് അമ്മ നേർന്നതായിരുന്നു കുറച്ചകലെ ഉള്ള കുടുംബ ക്ഷേത്രത്തിലെ നേർച്ചകൾ. അത് നടത്താൻ എല്ലാവരും ഒന്നിച്ചു പോകാൻ തീരുമാനിച്ചെങ്കിലും എനിക്ക് പോകാൻ കഴിയാതെ വന്നു. എല്ലാരും റെഡിയായി കാറിൽ കയറി കഴിഞ്ഞപ്പോൾ ഞാൻ ലിപിയോട് ചോദിച്ചു “മോള് പോവാണോ അതോ ദേവമ്മയുടെ കൂടെ ഇവിടെ നിക്കുവാണോ?” ദേവമ്മയുടെ കൂടെ നിന്നോളാം എന്നവൾ കിന്നരിപ്പല്ല് കാട്ടി പറഞ്ഞപ്പോൾ അവളെ വാരിയെടുത്ത് ഉമ്മ വച്ചു ഞാൻ പറഞ്ഞു

“ലിപി മോൾ ഇവരുടെ ഒപ്പം പോവണ്ടാട്ടോ. എല്ലാരും കൂടെ പോയാൽ ഞാൻ ഒറ്റയ്ക്കാവില്ലേ ? പോവുന്നതിന് മുമ്പ് അച്ഛൻ പറഞ്ഞു “ഞങ്ങൾ തിരിച്ചു വന്നതിനു ശേഷം നിന്റെ ശ്രീയോട് ഇവിടെ വരെ വരാൻ പറ. കല്യാണം അധികം നീട്ടണ്ടാ. തലയാട്ടി സമ്മതിച്ചു ടാറ്റാ കൊടുത്തു ഞാനും മോളും വീടിനുള്ളിലേക്ക് കയറി. നേരം ഇരുട്ടി ഒരുപാടായിട്ടും അവരെ കാണാതെ ടെൻഷനിൽ എല്ലാവരുടെയും നമ്പറിൽ മാറി മാറി വിളിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോൾ എത്തുമെന്നോർത്ത് സമാധാനപ്പെട്ടെങ്കിലും മനസാകെ അസ്വസ്ഥമായിരുന്നു.

വെളുപ്പിന് എപ്പോഴോ വാതിൽക്കൽ ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് ഓടിപ്പിടഞ്ഞെണീറ്റ് വാതിൽ തുറന്ന ഞാൻ കണ്ടത് ഗേറ്റ് കടന്നു വന്ന ഒരു ആംബുലൻസായിരുന്നു. അതിൽ നിന്നും വെളളപുതപ്പിച്ച നാല് ശരീരങ്ങൾ ഉമ്മറത്തേക്ക് കിടത്തുമ്പോഴെക്കും എന്റെ കണ്ണുകളിൽ ഇരുട്ട് കയറി. ഒന്നുകൂടി നോക്കാനാവാതെ ആർത്ത് കരയുന്ന മോളേയും മുറുകെ പിടിച്ചു ഞാൻ വിറങ്ങലിച്ചു നിന്നു. അന്ന് ആ ഇരുപതാം വയസ്സിൽ ഞാൻ മൂന്ന് വയസുകാരി ലിപിയുടെ അമ്മയായി. ***

“ദേവമ്മ കരയാണോ ?” എന്നും ചോദിച്ചു ലിപിയെന്റെ കണ്ണുകൾ തുടച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്നുണർന്നത്. ഒന്നൂല്ല ന്ന് പറഞ്ഞ് ഞാനവളെ മടിയിലിരുത്തി സ്കൂളിലെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. പെട്ടന്നാണ് കോളിംഗ് ബെൽ അടിച്ചത്. വാതിൽ തുറന്നതും പുറത്ത് ശ്രീയേട്ടനും അമ്മയും . അകത്തേക്ക് വന്നപാടെ ശ്രീയേട്ടൻ ചോക്ലേറ്റ്സുമായി ലിപിയുടെ അടുത്തേക്ക് പോയി അവളുടെ കൂടെ കളിക്കാൻ തുടങ്ങി. ചായയെടുക്കാൻ അടുക്കളയിലേക്ക് പോയ എന്റെ പിന്നാലെ അമ്മയും വന്നു. തിളച്ച വെള്ളത്തിലേക്ക് ചായപ്പൊടി ഇടുമ്പോഴായിരുന്നു അമ്മയുടെ ചോദ്യം.

“എന്തിനാ ദേവൂ നീ വിവാഹത്തിൽ നിന്ന് പിന്മാറിയത്?” “അമ്മയ്ക്കറിയാവുന്നതല്ലേ എല്ലാം? എനിക്ക് ലിപിയും അവൾക്ക് ഞാനും മാത്രമേയുള്ളൂ. അച്ഛനും അമ്മയും ഇല്ലാത്ത കുറവ് അറിയിക്കാതെ അവളെ വളർത്തണം എന്ന ചിന്ത മാത്രമേ എനിക്കിപ്പോൾ ഉള്ളൂ. ” “മോളേ നീ എന്തായീ പറയണെ ?”

“എനിക്കും മോൾക്കുമിടയിൽ മറ്റൊരാളെ അഫോർഡ് ചെയ്യാൻ പറ്റില്ല അമ്മേ. ശ്രീയേട്ടനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം മറ്റൊരു വിവാഹത്തിന്.”

പെട്ടന്നാണ് ശ്രീയേട്ടൻ ലിപിയുടെ കൈയും പിടിച്ച് കടന്നു വന്നത്. “നിന്നെയല്ലാതെ മറ്റാരേയും ഞാൻ വിവാഹം ചെയ്യില്ല ദേവൂ. ലിപിയെ ഞാൻ മാറ്റി നിർത്തും എന്ന് പേടിച്ചാണോ നീ എന്നെ അകറ്റുന്നത് ? ഇന്നേവരെ ഞാനിവളെ സ്വന്തമായിട്ടല്ലേ കണ്ടിട്ടുള്ളൂ ? ഇനിയും അങ്ങനെ തന്നെയായിരിക്കും.

മൗനമായി നിന്ന എന്നെ ചേർത്ത് പിടിച്ചു അമ്മ ചോദിച്ചു “മോൾക്കറിയാമല്ലോ എനിക്കും ശ്രീ മാത്രമേ ഉള്ളൂ. നിനക്കും ലിപി മോൾക്കും വന്നൂടെ ഞങ്ങളുടെ വീട്ടിലേക്ക് എന്റെ മരുമകളും കൊച്ചുമകളുമായിട്ട്? ”

പെട്ടെന്ന് ലിപി ഓടി വന്നെന്റെ കൈ പിടിച്ചു. “ദേവമ്മാ നമുക്ക് ഈ മുത്തശ്ശിയുടെ വീട്ടിൽ പോവാം ? മോൾക്ക് ഒരുപാട് ഇഷ്ടാ ഈ മാമനേം മുത്തശ്ശിയേം .” കണ്ണീരോടെ തലയാട്ടുമ്പോൾ ഞാൻ കണ്ടു സന്തോഷത്തോടെ ലിപിയെ ചേർത്ത് പിടിച്ചു ഉമ്മ വെക്കുന്ന ശ്രീയേട്ടനെ.

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ശ്രീയേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. താലി കെട്ടുന്നതിന് മുമ്പ് ശ്രീയേട്ടൻ ലിപിയെ വിളിച്ചു ഞങ്ങളുടെ നടുവിലിരുത്തി. അമ്മ എന്റെ കയ്യിൽ നിലവിളക്ക് തന്ന് അകത്തേക്ക് കയറാൻ പറയുമ്പോഴേക്കും ശ്രീയേട്ടൻ ലിപിയെ കൈകളിൽ എടുത്തു. പൂജാമുറിയിൽ നിലവിളക്ക് വെയ്ക്കുമ്പോൾ ശ്രീയേട്ടൻ എന്റെ കാതിൽ പറഞ്ഞു

“നമുക്ക് ഇനിയെത്ര മക്കളുണ്ടായാലും നമ്മുടെ ആദ്യത്തെ മോൾ ലിപി തന്നെയാ, അതിനൊരു മാറ്റം ഉണ്ടാവില്ല ഒരിക്കലും. ഇനി നിന്റെയോ ഇവളുടെയോ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല ട്ടാ . ” അപ്പോഴേക്കും ദൈവങ്ങളോട് ഒരുപാട് നന്ദി പറഞ്ഞു ഞാൻ ശ്രീയേട്ടന്റെ കൈയിൽ മുറുകെ പിടിച്ചു.

രചന: പാർവ്വതി കെ. നായർ

Leave a Reply

Your email address will not be published. Required fields are marked *