അവളുടെ തോളിൽ ചേർത്ത് പിടിച്ച് ചന്ദ്രൻ അകത്തേയ്ക്ക് നടന്നു…

Uncategorized

രചന: അബ്രാമിന്റെ പെണ്ണ്

“കൊച്ചാട്ടാ.. അമ്പലത്തിൽ കൊടുക്കാനുള്ള ഈ എണ്ണ എവിടെ വെയ്ക്കണം..

കടയിലേയ്ക്ക് കേറി വന്ന സഹദേവന്റെ ചോദ്യം കേട്ട് ക്യാഷ് കൗണ്ടറിലിരുന്ന് അന്നത്തെ കളക്ഷൻ എണ്ണി നോക്കുകയായിരുന്ന ചന്ദ്രൻ മുഖമുയർത്തി നോക്കി..

“രാധാമണിയേ.. നീയീ എണ്ണയെടുത്ത് ആ മേശപ്പുറത്തേയ്ക്ക് വെച്ചേടീ..

ചന്ദ്രൻ അകത്തേയ്ക്ക് നോക്കി ഭാര്യയോട് വിളിച്ചു പറഞ്ഞു..

“ഡാ.. നാളെ ഒന്നാം തീയതിയാ.. കഴിഞ്ഞ മാസത്തെപ്പോലെ മൂട്ടിൽ വെയിലടിക്കുന്ന വരെ കെടന്നൊറങ്ങാതെ വെളുപ്പിനെയിങ്ങു വന്നേക്കണം..അമ്പലത്തിൽ വരുന്നവരൊക്കെ ചായകുടിയ്ക്കാൻ വരുന്നതാ. അപ്പഴ് നീയിവിടില്ലാതെ പറ്റത്തില്ല..താമസിച്ചു വന്നേമ്മച്ച് കണകൊണാ പറയാൻ നിക്കല്ലേ…..

എണ്ണയുടെ കാശെടുത്ത് സഹദേവന്റെ കയ്യിൽ കൊടുത്ത് ചന്ദ്രൻ ഓർമ്മിപ്പിച്ചു.. സഹദേവൻ തലയാട്ടിക്കൊണ്ട് വെളിയിലേക്കിറങ്ങി അവന്റെ സൈക്കിളിൽ കേറിപ്പോയി..സഹദേവൻ പോയതും ചന്ദ്രനും ഭാര്യയും ഹോട്ടൽ പൂട്ടി ഇറങ്ങി..

നാട്ടിലെ വിരലിലെണ്ണാവുന്ന പ്രമാണിമാരിൽ ഒരാളായിരുന്നു ചന്ദ്രൻ മുതലാളി.. ഒത്ത നീളവും അതിനൊത്ത വണ്ണവുമുള്ള ചന്ദ്രനെ കാണാൻ തന്നെ ഒരു നിറവാണ്..നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രൻ കൊച്ചാട്ടൻ..എന്തിനും ഏതിനും നാട്ടുകാർക്ക് ഉപകരിക്കുന്നവൻ..പാരമ്പര്യമായി ഹോട്ടൽ മേഖലയിൽ പ്രവൃത്തിയ്ക്കുന്ന കുടുംബം.. ഭാര്യ രാധാമണിയും ഒരു മോളുമടങ്ങുന്ന വീട് .. മോളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ടു കുറെയായി..നല്ല സാമ്പത്തികമുള്ള ചന്ദ്രൻ കൊച്ചാട്ടന് വേറെ ഒരു വീടും ഒരു കടമുറിയും സ്വന്തമായിട്ടുണ്ട്..

ഭാര്യയും ഭർത്താവും ചേർന്ന് രാവിലെ ഹോട്ടലിലേയ്ക്ക് വരും.രാത്രിയിൽ ഒരുമിച്ചാണ് തിരിച്ചു പോകുന്നത്..കൊച്ചാട്ടന് വേറെയെവിടെങ്കിലും പോകാനുണ്ടെങ്കിൽ മാത്രം രാധാമണി നേരത്തെ വീട്ടിൽ പോകും..

ധാരാളം ആളുകൾ ദിവസേന വരുന്ന അമ്പലത്തിന്റെ തൊട്ടു മുന്നിലുള്ള ഹോട്ടലിൽ സ്വഭാവികമായും കച്ചവടം പൊടിപൊടിച്ചു പോന്നു.. മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള അമ്പലത്തിലെ എന്ത് കാര്യങ്ങൾക്കും ചന്ദ്രൻ കൊച്ചാട്ടൻ മുന്നിലുണ്ടാകും.. രാവിലെ അമ്പലത്തിൽ ചെന്ന് തൊഴുതു പ്രാർത്ഥിച്ചതിനു ശേഷമേ പുള്ളി കട തുറക്കാറുള്ളു.. അതിന്റെ ദൈവാധീനം കൊച്ചാട്ടന് ഉണ്ട് താനും..

അമ്പലത്തിൽ കൊടുക്കുന്ന പാട്ടക്കണക്കിന് എണ്ണയും ഉത്സവനാളിൽ മുടങ്ങാതെ നടത്തുന്ന അന്നദാനവുമൊക്കെ കാരണം അമ്പലക്കമ്മറ്റിക്കാർക്കൊക്കെ കൊച്ചാട്ടനോട് വലിയ ബഹുമാനമായിരുന്നു…

“”രഘു വിളിച്ചാരുന്നു.അമ്മയ്ക്ക് തീരെ സുഖമില്ലെന്നു പറയുന്നു … ഞാനൊന്നു പോയി അമ്മേടെ കൂടെ ഒരാഴ്ച്ച നിന്നോട്ടെ കൊച്ചാട്ടാ..നാളെ കടയിലെ തെരക്കൊക്കെ കഴിഞ്ഞിട്ട് വൈകിട്ട് പോകാമെന്ന് വിചാരിക്കുവാ. സഹദേവനോട് പറഞ്ഞാൽ ഒരാഴ്ചത്തേയ്ക്ക് അവന്റെ പൊണ്ടാട്ടി വന്ന് കടയിൽ സഹായത്തിനു നിന്നോളും..

ടോർച്ചിന്റെ ഇത്തിരി വെട്ടത്തിൽ കൊച്ചാട്ടന്റെ പിന്നാലെ നടന്ന ഭാര്യ ചോദിച്ചത് കേട്ട് ചന്ദ്രൻ ഒരുമാത്ര നിന്നു ..

“അല്ലെടീ. നീ പോയാലെങ്ങനാ.. സഹദേവന്റെ പൊണ്ടാട്ടി വീട്ടിൽ വന്ന് നിക്കത്തില്ലല്ലോ.. നീയില്ലാതെ ശരിയാവത്തില്ല രാധാമണി.. അടുത്ത് നീ കെടക്കാതെ എനിക്ക് ഒറക്കം വരത്തില്ലെന്ന് നിനക്കറിയത്തില്ലേ…അത് മാത്രമാണോ.. ഇടയ്ക്കിടെ ഗ്യാസ് കേറീട്ടുള്ള നെഞ്ച് വേദന വരുന്നു.. നീയില്ലാത്തപ്പോളെങ്ങാനും വയ്യായ്മ വന്നാൽ ഞാനെന്തോ ചെയ്യും.

ചന്ദ്രന്റെ മറുപടി കേട്ട് രാധാമണിയുടെ മുഖം വാടി.. കൊച്ചാട്ടൻ പറയുന്നത് നേരാണ്.. ഭാര്യയെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരാൾ വേറെയുണ്ടോന്ന് സംശയമാണ്..കല്യാണം കഴിഞ്ഞു കൊല്ലം കൊറേയായെങ്കിലും അങ്ങേർക്കെന്തിനും ഭാര്യ കൂടെ വേണം..എവിടെ പോകുന്നതും രണ്ടാളും ഒരുമിച്ചാണ്.. രാധാമണി മോളേ പെറ്റ് കിടന്ന ഇരുപത്തെട്ട് ദിവസങ്ങളൊഴികെ ഒറ്റ രാത്രി പോലും കൊച്ചാട്ടൻ വേറെ മാറി ഉറങ്ങിയിട്ടില്ല..പുതുമോടിയെന്ന് പറഞ്ഞ് നാട്ടുകാരെല്ലാരും കളിയാക്കുമെങ്കിലും കൊച്ചാട്ടൻ അതൊന്നും ശ്രദ്ധിയ്ക്കാറില്ല..അടുത്തിടെയാണ് ഗ്യാസിന്റെ പ്രശ്നം കൊച്ചാട്ടനെ അലട്ടിതുടങ്ങിയത്..അതിന്റെ അനുബന്ധമായി വരുന്ന നെഞ്ച് വേദനയ്ക്ക് ആശുപത്രിയിൽ പോകാൻ വിളിച്ചാൽ കൊച്ചാട്ടൻ പോകാറില്ല..വെളുത്തുള്ളിയും ഇഞ്ചിയും കൂടെ ചവച്ചിറക്കുമ്പോൾ അതങ്ങു മാറുകയും ചെയ്യും…

“അങ്ങനെ പറഞ്ഞാലൊക്കുവോ..ഞാനിതിനുമുൻപ് അങ്ങനെ പോയി നിന്നിട്ടില്ലല്ലോ കൊച്ചാട്ടാ.. ഇത് അമ്മയ്ക്ക് തീരെ വയ്യാതായിട്ടല്ലേ.. അല്ലെങ്കി തന്നെ ഞാനങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ലെന്നാ രഘു പറയുന്നേ.. അമ്മയ്ക്ക് അരുതാത്തത് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ നമ്മളായിട്ട് ഇടയൊണ്ടാക്കി കൊടുക്കണോ.. ഒരാഴ്ചയൊന്നും വേണ്ട. ഞാനൊരു രണ്ടീസം പോയി നിന്നിട്ട് വരാം.. കൊച്ചാട്ടൻ എതിര് പറയരുത്..

ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ രാധാമണി വിഷയം അവസാനിപ്പിച്ചു.. കൊച്ചാട്ടന് നല്ല മന:പ്രയാസം ഉണ്ടായിരുന്നെങ്കിലും ഭാര്യ പറയുന്നതിലെ കാര്യത്തിന്റെ ഗൗരവം മനസിലായതുകൊണ്ട് പിന്നീട് തർക്കിക്കാൻ നിന്നില്ല.. ആവശ്യമില്ലാത്ത ഒരു കാര്യത്തിനും രാധാമണി നിർബന്ധം പിടിക്കാറില്ല.. ആദ്യമായ് ആവശ്യപ്പെട്ട കാര്യമല്ലേ.. പോയിട്ട് വരട്ടെ..

പിറ്റേന്ന് അതിരാവിലെ രണ്ടാളും കൂടെ അമ്പലത്തിൽ പോയി.. എണ്ണ കൊണ്ട് ചെന്ന് അമ്പലത്തിൽ ഏൽപ്പിക്കുമ്പോൾ തിരുമേനി കൊച്ചാട്ടനെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു..

“ഭഗവാനെ. പണ്ടേപ്പോലെയൊന്നുമല്ല.. വയ്യായ്മകളൊക്കെയുണ്ട്.. എന്തെങ്കിലും അസുഖം വന്ന് കിടന്നു പോയാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകും.. അങ്ങനെ ഒരവസ്ഥ ഈയുള്ളവന് തരല്ലേ ഭാഗവാനേ… ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുന്ന സമയത്ത് മാത്രേ അടിയന്റെ ഉയിരെടുക്കാവേ… എന്റെ കുടുംബത്തെ കാത്തോളണേ.. ലോകാ സമസ്താ സുഖിനോ ഭവന്തു…

ശ്രീകോവിലിനു മുന്നിൽ നിറഞ്ഞു നിന്ന് ചന്ദ്രൻ കൊച്ചാട്ടൻ ഭഗവാനോട് മനമുരുകി പ്രാർത്ഥിച്ചു …ശ്രീകോവിൽ വാതിലിനു മുന്നിൽ കേറി മറഞ്ഞു നിന്നുള്ള കൊച്ചാട്ടന്റെ പ്രാർത്ഥന കാരണം പിറകിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് ഭഗവാനെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല..എണ്ണ കൊടുത്തത് കൊച്ചാട്ടനായത് കൊണ്ട് മറുത്തൊന്നും പറയാൻ ധൈര്യപ്പെടാതെ ആൾക്കാർ ക്ഷമാപൂർവ്വം കാത്തു നിന്നു..

കിടന്നും നിന്നും മുട്ടുകുത്തിയും ഏത്തമിട്ടുമൊക്കെയുള്ള പ്രാർത്ഥനയ്ക്ക് ശേഷം രണ്ടാളും ഹോട്ടലിലേയ്ക്ക് പോയി.. വൈകുന്നേരത്തോടെ കൊച്ചാട്ടൻ വിളിച്ചു കൊടുത്ത ടാക്സിയിൽ രാധാമണി തറവാട്ടിലേയ്ക്ക് പോകാനിറങ്ങി.. അദ്ദേഹത്തോട് യാത്ര ചോദിക്കുമ്പോൾ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ രാധാമണി നന്നേ പ്രയാസപ്പെട്ടു.. നിറകണ്ണുകളോടെ കൊച്ചാട്ടൻ ഭാര്യയെ യാത്രയാക്കി..

“സഹദേവാ.. ഞാനിത്തിരി നേരത്തെ പോകുവാ.. ആ വാടക മേടിക്കണം.. അവര് അറിഞ്ഞു തരുന്ന ലക്ഷണം കാണുന്നില്ല.. ഇങ്ങനെ വിട്ടാലൊക്കത്തില്ലല്ലോ.. കട പൂട്ടി താക്കോൽ നീ വെച്ചോണ്ടാൽ മതി..നാളെ നേരത്തെ വന്ന് കട തൊറക്കണം കേട്ടോടാ..

രാധാമണി പോയിക്കഴിഞ്ഞ് സന്ധ്യയോടെ സഹദേവനെ കടയിലെ കാര്യങ്ങൾ ഏൽപ്പിച്ച് അന്നത്തെ കളക്ഷനുമെടുത്ത് ബാഗിൽ വെച്ച് ചന്ദ്രൻ കൊച്ചാട്ടൻ വാടക വീട്ടിലേയ്ക്ക് പോകാനിറങ്ങി..ചില്ലലമാരയിലിരുന്ന ചൂടുള്ള പരിപ്പുവട കുറെയെടുത്ത് പൊതിഞ്ഞ് അയാൾ കവറിലാക്കിയെടുത്തു…

താക്കോൽ കയ്യിൽ വാങ്ങുമ്പോൾ കൊച്ചാട്ടനെ നോക്കി സഹദേവനൊന്ന് ചിരിച്ചു..

അമ്പലത്തിലെ അടച്ചിട്ടേക്കുന്ന ശ്രീകോവിലിലേയ്ക്ക് നോക്കിയൊന്ന് തൊഴുതിട്ട് ടോർച്ചു തെളിച്ചു വയൽ വരമ്പിലൂടെ ചന്ദ്രൻ നടന്നു.. മഴക്കോളുണ്ട്.. തവളകളുടെയും ചീവീടിന്റെയും ശബ്ദം ഉയർന്നു കേൾക്കുന്നു..വീശിയടിയ്ക്കുന്ന ചെറിയ കാറ്റിൽ സുഖകരമായ തണുപ്പ് ശരീരത്തെ പൊതിയുന്നത് ചന്ദ്രനറിഞ്ഞു.തോട്ടു വരമ്പിലേയ്ക്ക് കയറുമ്പോൾ പുല്ലാഞ്ഞികാടുകൾക്കിടയിൽ കൂടി ഇറങ്ങി വന്ന എന്തോ ഒന്ന് അയാളുടെ കാലുകൾക്കടുത്തുകൂടി ഇഴഞ്ഞു പോയി.. പേടിച്ചു പോയ ചന്ദ്രൻ ഇത്തിരി നേരം നിന്നു…

നടത്തയുടെ അവസാനം ഒരു വീടിന്റെ പടി കടന്ന് ടോർച്ചുമടിച്ച് ചന്ദ്രൻ മുറ്റത്തേയ്ക്ക് കയറി ചെന്നു.. ഉമ്മറത്ത് തൂക്കിയിട്ടിരിക്കുന്ന മണിയിൽ ചൂണ്ടുവിരൽ തൊട്ടൊന്ന് തട്ടി… വാതിൽ മലർക്കെ തുറന്ന് ഒരു പെണ്ണ് വെളിയിലേക്കിറങ്ങി വന്നു.. ചന്ദ്രൻ അവളെ നോക്കിയൊന്ന് ചിരിച്ചു..

“നിങ്ങളിപ്പോഴും ജീവിച്ചിരിപ്പൊണ്ടോ ചന്ദ്രേട്ടാ.. കഴിഞ്ഞ മാസം പെണ്ണുംപിള്ള മോളുടടുത്ത് പോയപ്പോഴൊന്ന് വന്നിട്ട് പോയതാ.. നിങ്ങള് ചത്തു പോയെന്നാ ഞാൻ കരുതിയെ..

ചന്ദ്രന്റെ കയ്യിലിരുന്ന പരിപ്പുവടയുടെ കവറും പണമടങ്ങിയ ബാഗും കയ്യിൽ വാങ്ങി അവൾ ചിരിയോടെ ചോദിച്ചു..

“അവള് വീട്ടീന്നിറങ്ങാതെ ഞാനെങ്ങനാടി വരുന്നേ.. അമ്മായിയമ്മ ചാവാൻ കെടക്കുന്നെന്ന് അളിയച്ചാര് വിളിച്ചു പറഞ്ഞു പോയേക്കുവാ… എന്തായാലും വരാൻ രണ്ട് ദിവസം കഴിയും.. നിന്റെ പരാതിയൊക്കെ ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്…അയലോക്കത്തെ പിള്ളേര് സെറ്റ് അവിടില്ലേടീ..

ചിരിയോടെ പറഞ്ഞിട്ട് അവളുടെ തോളിൽ ചേർത്ത് പിടിച്ച് ചന്ദ്രൻ അകത്തേയ്ക്ക് നടന്നു…അയൽവക്കത്തെ കെട്ടിടത്തിൽ ഒരു ക്ലബ്ബാണ് … ക്ലബ്ബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവിടെപ്പോഴും ചെറുപ്പക്കാരുണ്ടാകും..

രാധാമണിയ്ക്കറിയാത്ത ഒരേയൊരു രഹസ്യമാണ് ചന്ദ്രന്റെ ഈ ബന്ധം.. സഹദേവനല്ലാതെ ലോകത്ത് വേറെയാർക്കും ചന്ദ്രന്റെ ഈ അവിഹിതത്തേക്കുറിച്ച് അറിയില്ല.. മക്കളുണ്ടാകാത്തതിനാൽ ഭർത്താവ് ഉപേക്ഷിച്ചു പോയ ലതികയെന്ന മുപ്പത്തിയേഴുകാരി വാടകയ്ക്ക് ചന്ദ്രന്റെ വീട്ടിലെത്തുന്നത് അഞ്ച് വർഷങ്ങൾക്കു മുൻപാണ്.. ലതികയുടെ സങ്കടം നിറഞ്ഞ കഥ കേട്ട് മനസലിഞ്ഞ ചന്ദ്രനെന്ന നല്ല ഭർത്താവ് ഏതോ ദുർബല നിമിഷത്തിൽ ലതികയുടെ കൈകൾക്കുള്ളിലായി…രാധാമണിയിൽ കാണാത്ത പല പ്രത്യേകതകളും ലതികയ്ക്കുണ്ടെന്ന തിരിച്ചറിവ് ചന്ദ്രനെ ലതികയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു..ആരോരുമറിയാതെ ചന്ദ്രൻ ലതികയെ സംരക്ഷിച്ചു പോന്നു..

ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മൊബൈൽ മേശപ്പുറത്ത് വെച്ചിട്ട് ചന്ദ്രൻ കുളിക്കാൻ പോയി..കുളിച്ചു വരുമ്പോളേക്കും ലതിക ചോറ് വിളമ്പിയിരുന്നു..

“എത്ര നാളായി ഞാനെന്റെ വാവയ്ക്ക് ഇത്തിരി ചോറ് വാരിത്തന്നിട്ട്..പൊന്ന് വാ തുറന്നെ…

ചൂട് ചോറിൽ മീൻ ചാറൊഴിച്ച്‌ കുഴച്ച് ഇത്തിരി മീൻ കഷ്ണം കൂടെ ചേർത്ത് ലതിക ചന്ദ്രന്റെ വായിലേയ്ക്ക് നീട്ടി കൊഞ്ചി.. രാധാമണി ഒരിക്കലും ചെയ്യാത്തൊരു കാര്യം.. ലതികയുടെ മുന്നിലെത്തുമ്പോൾ അൻപത്തഞ്ചു വയസുള്ള ചന്ദ്രൻ ഒരു കുഞ്ഞിനോളം ചെറുതാവുകയായിരുന്നു. പ്രണയപരവശനായ ചന്ദ്രൻ ചോറിനു വേണ്ടി വാ തുറക്കുമ്പോളാണ് മൊബൈൽ ബെല്ലടിച്ചത്.

രാധാമണി വിളിക്കുന്നു..

“നിങ്ങളാ ഫോൺ ഓഫ്‌ ചെയ്ത് വെക്ക് ചന്ദ്രേട്ടാ.. അവരിപ്പഴങ്ങോട്ട് പോയതല്ലേയുള്ളു..എന്തൊരു വെപ്രാളമാ ഇത്..വിളിച്ചിട്ട് കുറെ നേരം എടുക്കാതിരിയ്ക്കുമ്പോ തനിയെ നിർത്തിക്കോളും..

ഫോണെടുക്കാൻ വേണ്ടി കൈനീട്ടിയ ചന്ദ്രൻ ലതികയെ നിസ്സഹായതയോടെ നോക്കി.. രണ്ട് തവണ കൂടി ബെല്ലടിച്ചിട്ട് ഫോൺ കട്ടായി.. ലതികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

കട്ടിലിൽ പുതിയ ഷീറ്റ് വിരിച്ചിട്ട് ലതിക വന്ന് നോക്കുമ്പോൾ ചന്ദ്രൻ കസേരയിൽ കണ്ണുമടച്ചിരിപ്പുണ്ട്..

“ഇങ്ങനെ കുത്തിയിരുന്ന് ഉറങ്ങാനാരുന്നെങ്കിൽ ഇങ്ങോട്ട് വരണ്ടായിരുന്നല്ലോ.. വാ ചന്ദ്രേട്ടാ.. വന്ന് കിടക്ക്..

ലതികയുടെ ശബ്ദം കേട്ട് ചന്ദ്രൻ കണ്ണ് തുറന്നു..ലതികയ്ക്കൊപ്പം കിടക്കയിലേയ്ക്ക് ചായുമ്പോൾ രാധാമണിയെന്നൊരാൾ ചന്ദ്രന്റെ ഓർമ്മയിൽ നിന്ന് പാടേ മാഞ്ഞുപോയിരുന്നു… ഇനിയുള്ള ദിവസങ്ങളിൽ ലതികയുടെ സുഗന്ധമായിരിക്കും നിറഞ്ഞു നിൽക്കുന്നതെന്ന ഓർമ്മയിൽ അയാളുടെ നെഞ്ചിൽ സന്തോഷം നിറഞ്ഞു തുളുമ്പി. ലതിക പകർന്നു കൊടുത്ത അനുഭൂതികളിൽ മുങ്ങിതാഴുന്നതിനിടയിലെപ്പോഴോ ചന്ദ്രന്റെ നെഞ്ചിൽ വേദനയുടെ ഒരു കൊളുത്ത് വന്നു വീണു..ഒന്നിന് പിറകെ ഒന്നായി ചങ്ങലയിൽ കൊരുത്തതുപോലെ വേദന ഹൃദയത്തെ മുറുക്കുകയാണ്.. വീട്ടിൽ വെച്ചുണ്ടാകുന്ന ഗ്യാസിന്റെ പ്രശ്നമാണെന്നാണ് ചന്ദ്രന് തോന്നിയത്..

സഹിക്കാൻ വയ്യാത്ത വേദന.. ചന്ദ്രൻ നിമിഷ നേരം കൊണ്ട് വിയർപ്പിൽ മുങ്ങി.. നെഞ്ചിൽ കൈ പൊത്തിപിടിച്ചുകൊണ്ട് എഴുന്നേൽക്കാനാഞ്ഞെങ്കിലും ശരീരം കുഴഞ്ഞ് അയാൾ ലതികയിലേയ്ക്ക് തന്നെ വീണു..പെട്ടെന്നുള്ള ചന്ദ്രന്റെ മാറ്റത്തിൽ ലതിക അമ്പരന്ന് പോയി..

“എന്താ ചന്ദ്രേട്ടാ.. നിങ്ങള് പെണ്ണുമ്പിള്ളയെ ഓർത്തോ..

ലതികയുടെ പരിഹാസത്തിന് ചന്ദ്രനിൽ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല.. അയാൾ ഒരു വശത്തേയ്ക്ക് ചരിഞ്ഞു വീണു ..ചാടിയെണീറ്റ് ലൈറ്റിട്ട ലതിക ഞെട്ടിപ്പോയി.. നെഞ്ചിലമർത്തിപ്പിടിച്ചു വേദന കൊണ്ട് പുളയുകയാണ് ചന്ദ്രൻ.. ചന്ദ്രനെ താങ്ങിയുയർത്താൻ ആവുന്ന തരത്തിലൊക്കെ ശ്രമിച്ചെങ്കിലും ലതികയെപ്പോലൊരാൾക്ക് അതിന് കഴിയുമായിരുന്നില്ല..ഒരു നിമിഷം പോലും ആലോചിച്ചു നിൽക്കാതെ ചന്ദ്രന്റെ മേലേയ്ക്ക് ഒരു പുതപ്പ് വലിച്ചിട്ട് നൈറ്റിയുമെടുത്തിട്ട് ലതിക അയൽവക്കത്തേയ്ക്ക് പാഞ്ഞു.. ഓടി വന്ന ചെറുപ്പക്കാർക്ക് മുന്നിൽ കട്ടിലിൽ കിടക്കുന്ന ചന്ദ്രൻ വലിയൊരു ചോദ്യമായിരുന്നു.. ലതികയ്ക്ക് ഉത്തരം പറയാനില്ലാതിരുന്ന വലിയ ചോദ്യം..

ആരുടെയോ വണ്ടിയിൽ ചന്ദ്രനെയും കയറ്റി ചെറുപ്പക്കാർ ആശുപത്രിയിലേക്ക് പാഞ്ഞു.. വണ്ടി മുറ്റം കടന്ന് പോയതും കിട്ടിയ തുണികളൊക്കെ ഒരു ബാഗിൽ വാരി നിറച്ച് ലതിക വീട് പൂട്ടി പുറത്തിറങ്ങി.. വയലിലെ ഇരുട്ടിലെവിടെയോ അലിഞ്ഞു പോയ ലതികയെ നോക്കി ഒരു പട്ടി നിർത്താതെ കുരച്ചു..

പിറ്റേന്ന് രാവിലെ വീട്ടു മുറ്റത്തേയ്ക്ക് വന്ന് നിന്ന ആംബുലൻസിൽ നിന്നും ചന്ദ്രനെ വെളിയിലേയ്‌ക്കെടുത്തു..

“കണ്ടോ.. അമ്പലത്തിൽ ചെന്നാൽ വേറെ ആരും ചൊവ്വേ നേരെ ഭാഗവാനേ കണ്ടൊന്ന് തൊഴാൻ പോലും ഇയാൾ സമ്മതിക്കുകേലാരുന്നു..എന്തൊരു ഭക്തിയാരുന്നു..ഭാഗവാനേ കൂട്ട് പിടിച്ചു വൃത്തികേട് ചെയ്തപ്പോ ഇങ്ങനൊരു പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും പുള്ളിക്കാരൻ കരുതിക്കാണുകേലാ ..കള്ളത്തരം കാണിച്ചാൽ ഒരു സമയം കഴിയുമ്പോൾ അത് വെട്ടം പൊട്ടുമെന്ന് പറയുന്നത് ഇതിനാ..ഇതുപോലൊരു നാറിയ മരണം ഇതിനു മുൻപുണ്ടായിട്ടില്ല…

ഒറ്റ രാത്രി കൊണ്ടാണ് ചന്ദ്രൻ നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ വെറുക്കപ്പെട്ടവനായത്..

ചന്ദ്രന്റെ അവിഹിതവും അതേ തുടർന്നുണ്ടായ മരണവും മരിക്കാനുണ്ടായ സാഹചര്യവും ലതിക രായ്ക്ക് രാമാനം നാട് വിട്ടതും മരണവീട്ടിൽ പോലും ആൾക്കാർ വലിയതോതിൽ ചർച്ച ചെയ്യുന്നത് രാധാമണിയും കേട്ടിരുന്നു.താനില്ലാതിരുന്ന ഒറ്റ രാത്രി കൊണ്ട് നടന്ന സംഭവങ്ങളൊന്നും രാധാമണിക്കിനിയും വിശ്വസിയ്ക്കാനായിട്ടില്ല..

ചന്ദ്രൻ അവിഹിതം നടത്തിയത് രാധാമണിയുടെ കഴിവില്ലായ്മ കൊണ്ടാണെന്നും പിടിപ്പുകേടുകൊണ്ടാണെന്നുമൊക്കെ ആൾക്കാർ പിറുപിറുത്തു..ചന്ദ്രന്റെ മരണത്തേക്കാളുപരി തന്റെ മകൾ ഭർതൃ വീട്ടുകാരുടെ മുഖത്ത് ഇനിയെങ്ങനെ നോക്കുമെന്നോർത്ത് രാധാമണി ആധി പൂണ്ടു..ചന്ദ്രന്റെ ജഡത്തിനരികിൽ നിൽക്കുമ്പോൾ രാധാമണിയുടെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവവും കാണാനുണ്ടായിരുന്നില്ല.. തികഞ്ഞ നിസംഗതയോടെ അവർ ചന്ദ്രനെ നോക്കിയിരുന്നു..

ചിതയിലേക്കെടുക്കുമ്പോൾ നിഷ്‌ക്കളങ്കതയോടെ ശാന്തനായ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങുന്ന ചന്ദ്രൻ കൊച്ചാട്ടനെ നോക്കി ഭഗവാൻ മാത്രം പുഞ്ചിരിച്ചു,..

ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന സമയം വേണം തന്റെ ഉയിരെടുക്കാനെന്ന ഭക്തന്റെ പ്രാർത്ഥന സഫലമാക്കിക്കൊടുത്ത ആത്മസംതൃപ്തിയിൽ നിന്നുള്ള പുഞ്ചിരിയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ചുണ്ടിലുണ്ടായിരുന്നത്..

കൊച്ചാട്ടൻ അമ്പലത്തിലേയ്ക്ക് അവസാനമായി കൊടുത്ത എണ്ണപ്പാട്ട ആരാലും നോക്കാനില്ലാതെ അമ്പലത്തിന്റെ ഏതോ കോണിൽ അപ്പോളും അനാഥമായിരിക്കുന്നുണ്ടായിരുന്നു..

രചന: അബ്രാമിന്റെ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *