അവൾ ഒരു അനുസരണയുള്ള പൂച്ചക്കുട്ടിയെ പോലെ അവൻറെ നെഞ്ചിൽ കുറുകി കൂടിയിരുന്നു…

Uncategorized

രചന: ദീപാ ഷാജൻ

വന്നു.. കണ്ടു.. കീഴടക്കി.. —————————–

‘ടിക്കറ്റ്.. ടിക്കറ്റ്.. അങ്ങോട്ടു കേറി നിക്ക് ചേച്ചി.. ഇഷ്ടം പോലെ സ്ഥലം കിടക്കുവല്ലേ ‘

ബസിൽ നല്ല തിരക്കുണ്ട്.. പൈസ വാങ്ങി ഇറങ്ങേണ്ട സ്ഥലവും ചോദിച്ച് ടിക്കറ്റ് കൊടുക്കുകയായിരുന്നു വിനൂപ്.. ആളുകളുടെ കലപില ശബ്ദങ്ങൾക്കിടയിൽ വ്യത്യസ്തമായി വേർതിരിച്ച് അവൻ ഒരു ചിരിയൊച്ച കേട്ടു..

‘ഒന്നു പോ അമ്മച്ചി.. എനിക്ക് കല്യാണപ്രായം ഒന്നുമായിട്ടില്ല.. എന്നെപ്പറ്റി എന്തറിഞ്ഞിട്ടാ അമ്മച്ചി മോന് വേണ്ടി എന്നെ ആലോചിക്കുന്നെ.. ശോ നല്ല തമാശ..’

കിളിയുടെ തൊട്ടു പിറകിലെ സീറ്റിലിരിക്കുന്ന ഒരു സുന്ദരിക്കുട്ടി അടുത്തിരിക്കുന്ന അമ്മച്ചിയോട് സംസാരിക്കുവാണ്.. വയ്യാഴിക പറഞ്ഞ് അവളുടെ അടുത്തിരുന്ന കൂട്ടുകാരിയെ എണീപ്പിച്ചിട്ട് കേറിയിരുന്നതാ ആ അമ്മച്ചി.. അവളെ കണ്ടിട്ട് ഇഷ്ടപ്പെട്ടുകാണും.. അതാ മുന്നും പിന്നും നോക്കാതെ കല്യാണം ആലോചിച്ചത്.. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവൾ ഒരു സുന്ദരിക്കുട്ടിയാ..

അവളെ ഒന്നൂടെ നോക്കിയിട്ട് വിനൂപ് തന്റെ ജോലി തുടർന്നു.. പെട്ടെന്ന് വീണ്ടും വ്യത്യസ്തമായി ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടത്.. വീണ്ടും അവൾ ഇത്തവണ ചിരിക്കുന്ന രൂപം മാറി.. ഭദ്രകാളീടെ മുഖമായി.. തൊട്ടു പുറകിലെ സീറ്റിൽ അറ്റത്തിരുന്ന വല്യപ്പൻ മുഖം പൊത്തി എണീറ്റ് നിക്കുന്നു.. അടുത്ത് സ്കൂൾ യൂണിഫോമിൽ ഒരു കുട്ടി കരഞ്ഞു നിൽക്കുന്നു..

‘നിർത്തടി കൊച്ചേ നിന്റെ കണ്ണീര്.. പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം.. അല്ലേൽ നാളേം ഇതുപോലെയുള്ള കിളവന്മാർ ഞോണ്ടാൻ വരും.. ആവശ്യമില്ലാതെ ദേഹത്തു കൈവയ്ക്കുന്നവൻ ആരാണേലും സ്വന്തം തന്തയാണേലും ഇതേപോലെ മുഖം അടച്ചൊന്നു കൊടുത്താൽ തീരും പ്രശ്നം.. കുറെ നേരമായി ഞാൻ കാണുന്നു.. തന്റെ കൊച്ചു മകളുടെ പ്രായം ഉണ്ടോടോ ഈ കൊച്ചിന്.. കള്ള കിളവാ.. ഇനി ഈ പരിസരത്തു തന്നെ കണ്ടാൽ സ്റ്റേഷനിൽ കൊണ്ടുപോയി കൂമ്പിടിച്ചു വാട്ടും ഞാൻ കേട്ടല്ലോ.. ‘

അയാൾ തലകുലുക്കി അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി..

‘താനൊക്കെ എന്തു നോക്കി നടക്കുവാടോ.. കണ്ടക്ടറെ..’

അവൾ വിനൂപിന് നേരെ ചീറി.. അവൻ ഒന്നും മിണ്ടാതെ തന്റെ ജോലി തുടർന്നു..

അടുത്തിരുന്ന അമ്മച്ചി പതിയെ എഴുന്നേറ്റ് സീറ്റ് അവളുടെ കൂട്ടുകാരിക്ക് കൊടുത്തു..

‘അയ്യോ.. അമ്മച്ചി പോവാണോ.. കല്യാണം.. എനിക്കിഷ്ടമാ..’

‘വേണ്ട മോളെ .. പൊലീസുകാരെ എനിക്കും മോനും പേടിയാ..’

ഇതും പറഞ്ഞ് അവൾ കാണാതിരിക്കാൻ അവർ മുന്നിലെ തിരക്കിലേക്ക് ഊളിയിട്ടു..പിന്നീട് അങ്ങോട്ട് നോക്കാൻ വിനൂപിന് നേരം കിട്ടിയില്ല..

**

ഒരാഴ്ച കഴിഞ്ഞു ബാങ്കിൽ പോയപ്പോഴാണ് വീണ്ടും അവളെ കണ്ടത്.. ക്യാഷ് മേടിക്കാൻ നോക്കിയപ്പോൾ അക്കൗണ്ടന്റിന്റെ സീറ്റിൽ അവൾ…

‘എന്തോന്നാടോ.. സ്വപ്നം കാണുവാണോ… മാറിനിക്ക് ബാക്കിയാളുകൾ വെയ്റ്റ് ചെയ്യുന്നു.. ‘

അപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്.. അവനെ അവൾക്ക് മനസ്സിലായില്ല എന്നു തോന്നി..

അവൻ അവിടുന്ന് വേഗം സ്ഥലം കാലിയാക്കി..

അന്ന് തന്നെ വൈകിട്ട് പിന്നിൽ നിന്നും വിളികേട്ടാണ് നിന്നത്..

‘ഹലോ.. മാഷേ.. നിക്കണേ..’

അവൾ പുറകിൽ ഉണ്ട്.. അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി…

‘അന്നത്തെ കണ്ടക്ടർ അല്ലെ.. ‘

‘അതേ.. ഓർമയുണ്ടാരുന്നോ… മറന്നെന്ന് വിചാരിച്ചാ ഞാൻ മിണ്ടാഞ്ഞത്.. ‘

‘ഏയ്.. മറന്നൊന്നുമില്ല.. മറ്റേ ആ സിനിമേല് കുറിയിട്ട കുഞ്ചാക്കോ ബോബനെ പോലെയുള്ള കണ്ടക്ടറെ ആരേലും മറക്കുമോ.. ‘

അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.. അവനും

‘ഞാൻ കരുതി.. പോലീസിൽ ആണെന്ന്.. ‘

‘വേണമല്ലോ.. അങ്ങനെ കരുതാൻ ആണല്ലോ ഞാൻ അങ്ങാനൊക്കെ പറഞ്ഞത്.. അല്ലേൽ മാഷ് എന്റെ അവസ്ഥ ആലോചിച്ചു നോക്കിക്കേ.. ഒരു ആവേശത്തിന് കേറി താങ്ങിയതാ.. പ്രായം നോക്കിയില്ല.. പൊലീസിൽ ആണെന്ന് തോന്നിപ്പിച്ചതുകൊണ്ട് രക്ഷപെട്ടു.. അല്ലേൽ ആളുകള് ചേരി തിരിഞ്ഞു എന്നെ കൊന്നേനെ..’

ഇത് കേട്ട് അവൻ വീണ്ടും ചിരിച്ചു..

‘വെറും കണ്ടക്ടർ അല്ല അല്ലെ.. ബസ് മുതലാളിയാണോ..’

‘അതേ അച്ഛന്റെ വണ്ടിയാ.. എങ്ങനെ മനസ്സിലായി..’

‘ഓഹ്.. അതിനു കവടി നിരത്തുകയൊന്നും വേണ്ട.. വെറും കണ്ടക്ടർ ഇത്രേം പൈസ എടുക്കാൻ വരില്ലല്ലോ.. ‘

‘ ഓഹ്.. അങ്ങനെ..അത് ഓഫീസിൽ സ്റ്റാഫിന് സാലറി കൊടുക്കാൻ എടുത്തതാ.. ഞാൻ കമ്പനിയിൽ ജോലി ചെയ്യുന്നു.. അക്കൗണ്ടന്റായി തന്നെ.. സാലറി തരും.. പിന്നെ ഒഴിവുള്ളപ്പോഴും ആളില്ലാത്തപ്പോഴും ബസിൽ പോകും.. ചിലപ്പോ ഡ്രൈവർ ചിലപ്പൊ കണ്ടക്ടർ.. ചിലപ്പോ കിളി.. അപ്പൊ അന്നത്തെ പൈസ അന്ന് തന്നെ കിട്ടും.. പൈസ അത്യാവശ്യമുള്ളപ്പോ ഞാൻ അങ്ങനെ ചെയ്യും..’

‘അതെന്താ.. അഞ്ചാറ് ബസ്സുള്ള മുതലാളീടെ മകന് പോക്കറ്റ് മണി ഒന്നും തരൂല്ലേ അച്ഛൻ..’

‘ഇല്ല.. സ്വന്തം ചിലവിനുള്ളത് അദ്ധ്വാനിച്ച് ഉണ്ടാക്കണം എന്നാണ് അച്ഛന്റെ പോളിസി.. പഠിത്തം കഴിഞ്ഞപ്പോ മുതൽ അങ്ങനാ.. അനിയത്തിക്ക് പൈസ കൊടുക്കും.. അവൾ പ്ലസ് ടു ആയതെയുള്ളൂ..’

‘എന്നാൽ ശരി.. സംസാരിച്ചു നടന്നത് അറിഞ്ഞില്ല.. എന്റെ സ്കൂട്ടി നമ്മൾ കണ്ടു മുട്ടിയിടത്ത് കിടക്കുവാ.. മാഷെ കണ്ടപ്പോ കാര്യം പറയാൻ വന്നതാ.. ഒക്കെ.. ബൈ…വീണ്ടും കാണാം..’

‘ബൈ’

അവൾ നടന്നു പോകുന്നത് നോക്കി അവൻ നിന്നു..

‘ ഛെ.. പേരുപോലും ചോദിച്ചില്ല.. സ്കൂട്ടി ഉണ്ടായിട്ട് അന്ന് ബസിൽ കേറിയതെന്താണാവോ.. കേടായിരുന്നിരിക്കാം..’

ചിന്തിച്ചു ചിന്തിച്ചു വീണ്ടും നടന്നു..

‘ അയ്യോ.. എന്റെ ബൈക്കും അവിടിരിക്കുവല്ലേ.. ‘

അവൻ സ്വയം തലയിൽ കൊട്ടി..

**

പിന്നെ ഇടക്കിടെ കാണുന്നത് പതിവായി.. അവൾ ഒരു അനാഥക്കുട്ടിയാണ്.. ഇവിടെ അടുത്ത് സിസ്റ്റർമാർ നടത്തുന്ന ഒരു ഓർഫനേജിലാണ് അവൾ വളർന്നത്.. പേര് ഗായത്രി.. ഒരു ക്രിസ്ത്യൻ ഓർഫനേജിലെ കുട്ടിക്ക് എന്താ ഇങ്ങനെയൊരു പേര് എന്ന് ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി..ഉപേക്ഷിച്ചവർ ആകെ തന്നത് ഈ പേര് മാത്രമാണെന്നാണ്.. ദിവസങ്ങൾ മാത്രം പ്രായമുള്ള അവളെ ഉപേക്ഷിക്കുമ്പോൾ അവളുടെ ചുരുട്ടിപ്പിടിച്ച കയ്യിലെ പേപ്പറിൽ ഈ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്.. അങ്ങനെ കിട്ടിയതായീപ്പേര്.. ഇതു തന്നെ ഒരുപാട് പേർ ചോദിച്ചപ്പോ അമ്മമാരെ.. അല്ല ആലീസമ്മയെ നിർബന്ധിച്ചപ്പോൾ പറഞ്ഞ കഥയാണ്..

അങ്ങനെ അവർ അടുത്തു.. എല്ലാ പ്രണയകഥ പോലെയും സൗഹൃദം പ്രണയമാകാൻ അധികകാലം വേണ്ടി വന്നില്ല.. വിനൂപിന് വിവാഹ ആലോചനകൾ നോക്കി തുടങ്ങി.. അവൻ ഗായത്രിയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചു.. അച്ഛനൊഴികെ ആർക്കും സമ്മതമല്ല.. പ്ലസ് ടുവിന് പഠിക്കുന്ന അനിയത്തി വിനീതയ്ക്കുപോലും.. അച്ഛൻ എന്തുകൊണ്ടോ എതിർത്തില്ല.. അമ്മയുടെയും അനിയത്തിയുടെയും എതിർപ്പിനെ മുഖവിലയ്ക്കെടുത്തില്ല..

അങ്ങനെ അടുത്ത ശുഭമുഹൂർത്തിൽ അമ്പലത്തിൽ വച്ച്… അവളുടെ ആലീസമ്മയും മറ്റു ചില സിസ്റ്റർമാരും വന്നിരുന്നു.. ഒരുപാട് ആളുകളില്ലാതെ ലളിതമായ ഒരു ചടങ്ങ്..

ആദ്യരാത്രി അവൾ വീട്ടിലുള്ളവരെപ്പറ്റി വിനൂപ് അല്ല.. അവളുടെ വിനുവിൽനിന്നും ചോദിച്ചറിഞ്ഞു..

രാവിലെ അടുക്കളയിൽ ചെന്ന് ചായയിടാൻ നോക്കി.. അമ്മ അവിടെ തിരക്കിട്ട് എന്തൊക്കെയോ പണിയിലാണ്.. വിനുവും അച്ഛനും സിറ്റ് ഔട്ടിൽ ഇരുന്ന് പത്രം വായിക്കുന്നു.. അടുക്കളയിൽ പറയുന്നതൊക്കെ അവർക്ക് കേൾക്കാം.. വിനുവിന്റെ കയ്യിൽ ദി ഹിന്ദു പത്രവും അച്ഛന്റെ കയ്യിൽ മനോരമയും.. വിനീത ഡൈനിങ് ടേബിളിൽ വച്ച് എന്തൊക്കെയോ കുത്തിയിരുന്ന് എഴുതുന്നുണ്ട്..

‘അമ്മേ ചായപ്പൊടി എവിടെയാ വച്ചേക്കുന്നെ.. ‘

‘ എടി വിനീതേ.. നിനക്കു നിന്റെ റൂമിൽ സ്ഥലമില്ലേ.. എഴുതാനും വായിക്കാനും..’

‘അമ്മ കേട്ടില്ലാന്ന് തോന്നുന്നു.. ഗായത്രി കുറച്ചൂടെ ഉച്ചത്തിൽ ചോദിച്ചു..

‘അമ്മേ ചായപ്പൊടി എവിടെയാ’

വീണ്ടും കേൾക്കാത്ത ഭാവത്തിൽ ‘അമ്മ..

‘വിനൂട്ടാ.. പത്ര വായന കഴിഞ്ഞാൽ ആ ചെടി നനക്കണം കേട്ടോ.. എല്ലാം വാടിക്കരിഞ്ഞു.. ‘

‘ഇനി ചെവി കേൾക്കാൻ പാടില്ലേ ഭഗവാനെ’

വീണ്ടും ഗായത്രി നന്നായി ഉറക്കെ തന്നെ ചെറിയ ആംഗ്യ ഭാഷേടെ അകമ്പടിയോടെ ചോദിച്ചു..

‘അമ്മേ.. ചായപ്പൊടി എവിടേന്ന്’

ഇത്തവണ എല്ലാവരും ഞെട്ടി നോക്കി..

‘ഹും.. ഞാൻ ആരടേം അമ്മേം കുമ്മേം ഒന്നുമല്ല.. എനിക്ക് രണ്ടു മക്കളെയുള്ളൂ.. അവർ മാത്രം എന്നെ അമ്മേന്ന് വിളിച്ചാൽ മതി..’

‘ഓഹ്.. അതാണോ കാര്യം.. ഞാൻ ഓർത്തു ചെവി കേട്ടൂടാന്ന്.. അങ്ങനെയാണെങ്കിൽ പിന്നെ സരസ്വതി.. ചായപ്പൊടി എവിടെ..അല്ലേൽ വേണ്ട ഞാൻ തന്നെ കണ്ടുപിടിച്ചോളാം..’

എല്ലാവരും കണ്ണും മിഴിച്ചു ഇരുന്നപ്പോഴും വിനുവിന് ഉള്ളിൽ ചിരിയായിരുന്നു.. അവൾ പണി തുടങ്ങി..

‘എനിക്ക് ചായ.. ഓംലെറ്റ്.. കാപ്പി.. മാഗി .. ഇത്രേയൊക്കെ ഉണ്ടാക്കാനെ അറിയൂ.. പിന്നെ ഓമയ്ക്ക അരിഞ്ഞു തരാം.. കുനുകുനാന്ന് അറിഞ്ഞൂടാ.. കണ്ടം മുണ്ടം വെട്ടിത്തരാം. അതായിരുന്നല്ലോ ഞങ്ങൾക്ക് ആഹാരം.. വിശപ്പ് കാരണം എന്തേലും കിട്ടിയാൽ മതിയെന്നായിരുന്നു.. വല്ലപ്പോഴും കല്യാണ സദ്യയും ബിരിയാണിയും ഒക്കെ ബാക്കി വരുമ്പോ കൊണ്ടുത്തരും.. അതായിരുന്നു ആർഭാടം.. അതും മൂന്നുനാലു പേർക്ക് ഒരു പൊതി.. അത് തികയാറില്ല.. എന്നാലും അന്ന് വല്യ സന്തോഷമാ.. കൈ ശരിക്കു കഴുകാതെ ഉറങ്ങുന്നതുവരെ കൈ മണപ്പിച്ചു നടക്കും..’

എല്ലാം പറഞ്ഞിട്ട് അവൾ സരസ്വതിയെ ഒളികണ്ണിട്ട് നോക്കി.. ഒരു ഭാവവ്യത്യാസവും അവരിൽ കണ്ടില്ല.. പക്ഷെ അപ്പോഴേക്കും പിണങ്ങി നിന്നിരുന്ന വിനീത അവളെ വന്ന് കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.. ഒരാളെ വീഴ്ത്താൻ പറ്റി.. സമാധാനം.. ചായ കപ്പുകളിലാക്കി അവൾ ഓരോരുത്തർക്കും കൊടുത്തു.. അച്ഛന്റെ അടുത്തു ചെന്ന് ചോദിച്ചു..

‘ അച്ഛനെ അച്ഛാ എന്ന് വിളിയ്ക്കുന്നതിൽ പ്രശ്നമില്ലല്ലോ ല്ലേ.. അതോ ഗംഗാധര മേനോനെ എന്ന് വിളിക്കണോ..’

‘ മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചോ… ചീത്ത ആവാതിരുന്നാൽ മതി..’

അങ്ങനെ അമ്മയുമായി ശീതസമരം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അടുക്കളയിൽ അവൾ പുലി ആയിരുന്നു.. വച്ചുണ്ടാക്കുന്നതെല്ലാം അമ്മയൊഴികെ എല്ലാരും വാനോളം പുകഴ്ത്തി..

അമ്മയുമായി അടുക്കാൻ ഒരു അവസരത്തിനായി കാത്തിരുന്നു.. അങ്ങനെ ഒരു അവസരം വരിക തന്നെ ചെയ്തു.. അച്ഛന്റെ പെങ്ങളുടെ മോന്റെ കല്യാണം.. പക്ഷെ അമ്മക്ക് കലശലായ പനിയും ദേഹത്തു വേദനയും.. ഒന്നു എഴുന്നേറ്റ് നിൽക്കാൻ ആവതില്ല.. വിനീതയോട് കല്യാണത്തിന് പോകാതെ അമ്മയുടെ കൂടെ നിൽക്കാൻ അവർ ആവശ്യപ്പെട്ടു.. എല്ലാവരും മനപ്പൂർവ്വം കയ്യൊഴിഞ്ഞു. അവസാനം നറുക്ക് ഗായത്രിക്ക് തന്നെ വീണു.. പനിക്കുന്ന അമ്മയ്ക്ക് കഞ്ഞി കൊടുത്തും തുണി നനച്ചു നെറ്റിയിലിട്ടും അവൾ ശുശ്രൂഷിച്ചു.. പലതും അമ്മ എതിർത്തെങ്കിലും തീരെ നിവർത്തിയില്ലാത്തതുകൊണ്ട് അവൾ പറയുന്നത് അനുസരിക്കേണ്ടി വന്നു..

‘സരസ്വതി ചായ വേണോ..ഓഹ്.. ഭയങ്കര നീട്ടം പേരിന്.. സരസ്സു എന്നു വിളിക്കാം..’ അവർ സമ്മതമോ എതിരോ പറഞ്ഞില്ല.. പിന്നീട് വിളി സരസ്സു എന്നാക്കി..

‘ഗായു അവിടൊന്നു നിന്നെ..’

അവൾ വിസ്മയത്തോടെ അമ്മയെ നോക്കി..

‘എന്താ നോക്കുന്നെ.. ഇവിടെ വന്നിരിക്ക്.. ‘

അവൾ കണ്ണു നിറച്ച് അമ്മയുടെ അടുത്ത് ചെന്നിരുന്നു..

‘ അന്ന് നീ ആ ഓമയ്ക്ക കഥയൊക്കെ പറഞ്ഞത് വെറും തളളല്ലേ..’

അവൾ പരമാവധി മുഖം കുനിച്ചു തലയാട്ടി..

‘എനിക്കറിയാം ഇന്നത്തെ അനാഥാലയങ്ങൾക്കൊന്നും അങ്ങനെ ദാരിദ്ര്യം ഇല്ലെന്ന്.. പ്രത്യേകിച്ചു നീ വളർന്നിടത്ത്.. കാരണം.. അച്ഛനും അദ്ദേഹത്തിന്റെ ക്ലബ്ബിലെ ആളുകളും നല്ലൊരു തുക അവിടെ മാസാമാസം കൊടുക്കുന്നുണ്ട്.. പിന്നെ ഈ പറഞ്ഞ ദാരിദ്ര്യം അതിലേറെ അളവിൽ അനുഭവിച്ച ഒരാൾ ഉണ്ട്.. ‘

ഗായു വിസ്മയത്തോടെ അമ്മയെ നോക്കി..

‘അതേ മോളെ .. അതുകൊണ്ടാ ഞാൻ നിങ്ങടെ കല്യാണത്തെ എതിർത്തത്.. എന്റെ മക്കളെപ്പോലെ അമ്മവീട് എന്നു പറഞ്ഞു കേറിച്ചെല്ലാൻ ഒരു വീട് വേണം.. അതില്ലാതെ വീണ്ടും.. തനിയാവർത്തനം പോലെ.. എങ്ങനാ.. അവർ ചെറുപ്പത്തിൽ മറ്റു കുട്ടികളെ കാണുമ്പോ മക്കൾ എന്നോട് ചോദിച്ചിരുന്നു അങ്ങനെ ഒരു വീടിനെപ്പറ്റി.. വീട്ടിൽ ആരുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു.. അവരോട് പറയാൻ തോന്നിയില്ല.. ഇവിടുത്തെ അമ്മ സമ്മതിച്ചില്ല പറയാൻ.. ഞാൻ ഒരു ആശ്രമത്തിലാ വളർന്നത്.. അമ്പലത്തിൽ വച്ചു കണ്ട് ഇഷ്ടപ്പെട്ട് ഇവിടുത്തെ അമ്മ ആശ്രമത്തിൽ വന്ന് എന്നെ കൂട്ടി.. മോനെ കൊണ്ട് കെട്ടിച്ചു.. അമ്മയുള്ളപ്പോൾ ഞാൻ അനാഥയല്ലെന്ന് കൂടെക്കൂടെ പറയുമായിരുന്നു.. അമ്മ മരിച്ചിട്ടും അങ്ങനെയൊരു അനാഥത്വം തോന്നിയിട്ടില്ല.. എന്റെ മോളോട് ദേഷ്യം ഒന്നുമുണ്ടായിരുന്നില്ല.. നിന്റെ കുസൃതിയും കുരുട്ടും കാണാൻ ഒരു രസം അതാ..’

‘എന്നാ ഞാൻ ഇനി അമ്മേന്ന് വിളിച്ചോട്ടെ..’

‘വേണ്ട’

അവളുടെ മുഖം വാടി..

‘നമ്മൾ മാത്രമുള്ളപ്പോ വിളിച്ചോ.. പക്ഷെ അമ്മ വിളിക്കുന്നതുപോലെ സരസ്സു എന്നു വിളിക്കുന്ന കേൾക്കാൻ ഒരു രസം.. നമ്മൾ കൂട്ടായ വിവരം വിനൂട്ടൻപോലും അറിയണ്ട… തോറ്റുകൊടുക്കാൻ ഒരു മടി..അതാ..’

‘അയ്യോ.. അമ്മേ.. അത്.. വിനു..’

‘എന്താ.. എന്തേലും പ്രശ്നമുണ്ടോ..’

‘ഏയ്.. ഇല്ല..’

അങ്ങനെ അവർ കൂട്ടായി ആരും അറിയാതെ..

***

അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികം വന്നെത്തി.. അവർക്ക് ഒരു സ്‌പെഷ്യൽ ഗിഫ്റ്റ് കരുതിയിരുന്നു ഗായത്രി..

കേക്ക് മുറിച്ചു കഴിഞ്ഞ് എല്ലാവരും ഗിഫ്റ്റ് കൊടുത്തു.. അച്ഛൻ ഒരു കസവു മുണ്ടും ജുബ്ബയും.. അമ്മയ്ക്ക് ഒരു പെയിന്റിങ് ക്യാൻവാസും നിറങ്ങളും.. വിനീത ചിരിച്ചു..

‘ ചേച്ചിക്കിത് എന്തിന്റെ കേടാ.. അമ്മയ്ക്കെന്തിനാ ഇത്..’

‘മോൾ പോയി അമ്മേടേം അച്ഛന്റേം മുറിയിലെ ആ മേശ യുടെ താഴത്തെ വലിപ്പ് തുറന്ന് അവിടെ ഒരു ഡയറി ഇരിപ്പുണ്ട് എടുത്തിട്ട് വന്നേ.. ‘

ആകാംക്ഷ കാരണം വിനീത അത് പെട്ടെന്ന് തന്നെ തുറന്നുനോക്കി.. അതിൽ വെറുതെ കുത്തി കുറിച്ച് കുറെ പടങ്ങൾ ഉണ്ടായിരുന്നു.. അതെല്ലാം അമ്മ വരച്ചതാണ് എന്നു പറഞ്ഞപ്പോ വിനുവും വിനീതയും.. മുഖത്തോട് മുഖം നോക്കി അത്ഭുതപ്പെട്ടു..

‘കണ്ടോ എൻറെ മക്കളെക്കാൾ എൻറെ മോൾക്ക് എന്നെ മനസ്സിലായി.. എന്നാലും നീ എന്നെ സരസ്സു എന്ന് വിളിച്ചാൽ മതി കേട്ടോ.. അച്ഛൻ നീ വളർന്ന അനാഥാലയത്തിൽ ഒരു അന്നദാനം പറഞ്ഞിട്ടുണ്ട് നമുക്ക് അങ്ങോട്ട് പോകാം..’

വിനുവിന്റെ മുഖത്തു ഒരു ഗൂഢസ്മിതം തെളിഞ്ഞു..

അവിടെ ചെന്ന് അന്നദാനം കഴിഞ്ഞ് അമ്മേനെ സരസു എന്ന പേര് വിളിക്കുന്ന കേട്ട് ആലീസമ്മ അവളുടെ ചെവിക്കു പിടിച്ചു.. പെട്ടെന്നുതന്നെ സരസ്വതി ചെന്ന് അവളെ രക്ഷിച്ചു..

‘ഞാൻ പറഞ്ഞിട്ടാ കേട്ടോ അവൾ അങ്ങനെ വിളിക്കുന്നത്… അത് എനിക്ക് അവൾ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ വലിയ ഇഷ്ടമാണ്..’

ആലീസമ്മ ചിരിച്ചു.. അവിടെ നിന്നിറങ്ങി..

‘ വൈകിട്ട് നമുക്ക് അമ്മ വീട്ടിൽ പോയാലോ..’

ഗായത്രി അഭിപ്രായപ്പെട്ടു.. അപ്പോ വിനീത പറഞ്ഞു

‘ചേച്ചി അമ്മയുടെ വീട്ടിൽ അങ്ങനെ ആരും ഇല്ല… ഞങ്ങൾ ഇതുവരെ പോയിട്ട് പോലുമില്ല..’

‘ സാരമില്ല നമുക്ക് പോകാം..’ അച്ഛൻ പറഞ്ഞു..

വിനു വിനീതയും വീണ്ടും അത്ഭുതപ്പെട്ടു.. അങ്ങനെ അച്ഛൻറെ കൂടെ അഞ്ചുമണിയോടെ ഒരു ആശ്രമത്തിന് മുന്നിലെത്തി.. എല്ലാ കഥകളും അവിടെവച്ച് അമ്മ അവരോട് പറഞ്ഞു… വിനുവിൻറെ മുഖത്ത് വീണ്ടും ഒരു ഗൂഡസ്മിതം തെളിഞ്ഞു..

****

അന്ന് രാത്രി

‘നീ അമ്മയോട് സെറ്റ് ആവാതെ ആദിരാത്രി ആഘോഷിക്കുന്നില്ല എന്ന് പറഞ്ഞില്ലേ.. ഇപ്പോൾ സെറ്റ് ആയില്ലേ നമുക്ക് ആഘോഷിക്കാം..’

കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു

‘ ഞാനൊരു കാര്യം പറയട്ടെ.. അമ്മയ്ക്ക് പനി പിടിച്ചപ്പോൾ ഞങ്ങൾ തമ്മിൽ സെറ്റ് ആയതാ.. എന്നോട് പറയണ്ട എന്ന് പറഞ്ഞു.. ഞാൻ എങ്ങനെ പറയാനാ.. വിനു ഇതിനു വേണ്ടി വെയിറ്റ് ചെയ്യുകയാണ് എന്ന്.. അതാ ഞാൻ പറയാഞ്ഞേ’

‘എടി.. ദുഷ്ടേ.. നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാം..’

അവൻ അവളെ കൈകളിൽ കോരിയെടുത്തു.. അവൾ ഒരു അനുസരണയുള്ള പൂച്ചക്കുട്ടിയെ പോലെ അവൻറെ നെഞ്ചിൽ കുറുകി കൂടിയിരുന്നു.. നിറനിലാവ് കാർമേഘ കൈകളാൽ കണ്ണുപൊത്തി.. അവരുടെ ജീവിതം ഇവിടെ തുടങ്ങുന്നു എല്ലാ സന്തോഷത്തോടും കൂടി… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: ദീപാ ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *