ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു നീ എന്റെ മാത്രമാണെന്ന് പറഞ്ഞിരുന്നെങ്കിൽ.

Uncategorized

രചന: സജിത അഭിലാഷ്

ബാൽക്കണിയിൽ നിൽക്കുമ്പോളാണ് ഫോൺ ബെല്ലടിച്ചത്. ക്യാബ് ഡ്രൈവർ ആണ് , ഇരുപതു മിനിറ്റിൽ എത്തും. ലഗ്ഗേജ് അധികമൊന്നുമില്ല, വസ്ത്രങ്ങൾ അടങ്ങിയ വലിയ ട്രോളി ബാഗും ലാപ്‌ടോപ്പും ഒരു തോൾ ബാഗും. കിച്ചണിൽ ശകുന്തളാ ബായിക്ക് അവസാനവട്ട നിർദ്ദേശങ്ങൾ നൽകി. നാടൻഭക്ഷണവും ഒരുവിധം ഉണ്ടാക്കാൻ പഠിച്ചിരിക്കുന്നു അവൾ. രാവിലെയും വൈകുന്നേരവും വന്നു ആഹാരമുണ്ടാക്കി, വീട് വൃത്തിയാക്കിയിട്ടു പോകും.ഡ്രൈവർ താഴെ എത്തിയെന്നു അറിയിച്ചപ്പോൾ ബാഗുകളും എടുത്തു ലിഫ്റ്റിൽ പാർക്കിങ്ങിലേക്കു ചെന്നു. സെക്യൂരിറ്റി ഭീംസിംഗ് ബാഗുകൾ ഡിക്കിയിൽ എടുത്തു വച്ചു . “മേം സാബ് ഗാവ് ജാ രഹീ ഹേ ക്യാ ” (മാഡം നാട്ടിൽ പോവുകയാണോ?) “ജി ” (അതെ) “അകേലേ ? സാബ് നഹി ചൽ രഹെ ക്യാ സാഥ് മേ.” (തനിച്ചാണോ.സാബ് കൂടെ വരുന്നില്ലേ) “ജി നഹി. ജരൂരി കാം ഹേ .ഉൻകോ ഛുട്ടി നഹി മിലാ.(ഇല്ല.അത്യാവശ്യമായി പോകേണ്ടതുണ്ട്. അദ്ദേഹത്തിന് അവധി കിട്ടിയില്ല).

ഭീം സിങിനോട് യാത്ര പറഞ്ഞു വണ്ടിയിൽ കയറി. ടാക്സിയിൽ ഇരിക്കുമ്പോൾ ഫോൺ എടുത്തു നോക്കി. അനിലേട്ടനെ വിളിക്കണോ , വേണ്ട. മെസ്സേജ് ടൈപ്പ് ചെയ്തു. “ഞാൻ ഇറങ്ങി. ക്യാബിൽ ആണ്. ചെന്നിട്ടു വിളിക്കാം”. വായിച്ചു എന്ന് മനസ്സിലായി. മഹാനഗരത്തിന്റെ തിരക്കുകളിലേക്ക് കണ്ണ് തുറന്നു വെറുതെയിരുന്നു . രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി ഓടിത്തീർക്കുന്ന ജീവിതങ്ങൾ. ഇതിലൊരു കണ്ണിയാണ് താനും. സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു. ഫ്ലൈറ്റ് നെടുമ്പാശ്ശേരിയിൽ എത്തുമ്പോൾ 3 മണി കഴിയും. എയർപോർട്ടിൽ ഉണ്ണി ടാക്സിയുമായി വരും.തൊട്ടയൽവക്കത്തെ പയ്യനാണ്. അവൻ ടാക്സി എടുത്തതിൽ പിന്നെ അമ്മയ്ക്കും ഒരു ആശ്വാസമാണ്. അത്യാവശ്യം യാത്രകൾക്കൊക്കെ ഉണ്ണിയെ വിളിക്കും.

അല്ലെങ്കിലും ഒറ്റയ്ക്കുള്ള യാത്രകളെ ഇപ്പോൾ ഭയമില്ല. കഴിഞ്ഞ വർഷമാണ് ഒപ്പം ജോലി ചെയ്യുന്ന നാലു ലേഡി സ്റാഫിനൊപ്പം ഹിമാചൽ കാണാൻ പോയത്. എല്ലാവരും പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. യാത്രകൾ പോകാൻ പണ്ടും ഇഷ്ടമായിരുന്നു, പക്ഷെ കൊണ്ട് പോവാൻ ആരുമില്ലായിരുന്നു. എല്ലാവരുടെയും സ്ഥിതി അതൊക്കെ താനെ ആയിരുന്നു. ലഞ്ച് ഇടവേളകളിൽ എപ്പോഴൊക്കെയോ ഉരുത്തിരിഞ്ഞ ആശയം. അങ്ങനെ അഞ്ചുപേരും ഒരുമിച്ചു ഒരു ട്രാവൽ ഏജൻസി വഴിയാണ് യാത്രയും താമസവും ബുക്ക് ചെയ്തത്. വീട്ടിൽ അന്നൊരു ഭൂകമ്പം നടന്നു. അനിലേട്ടനു അതൊട്ടും അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും എൻറെ ചിറകുകൾക്ക് ബലം വെക്കുന്നത് ആളിന് തീരെ താല്പര്യമുള്ള കാര്യമായിരുന്നില്ല. മോൻ ഒപ്പം നിന്നു. “‘അമ്മ പോയിട്ടു വരൂ. നന്നായി എന്ജോയ് ചെയ്യൂ.” അവന്റെ പ്രിൻസിപ്പൽ ഒരിക്കൽ സ്‌കൂൾ അസ്സെംബ്ലിയിൽ പറഞ്ഞൊരു കാര്യം ഇടക്കൊക്കെ വീട്ടിൽ പറയാറുണ്ടായിരുന്നു. ചെറുപ്പത്തിൽ നമുക്ക് യാത്രകൾ പോവാൻ സമയവും ആരോഗ്യവും ഉണ്ടാവും പക്ഷേ പണം ഉണ്ടാവില്ല. കുറച്ചു കൂടി കഴിയുമ്പോൾ പണവും ആരോഗ്യവും ഉണ്ടാവും പക്ഷേ സമയം ഉണ്ടാവില്ല. അതുകഴിഞ്ഞു ഒരു സ്റ്റേജ് എത്തുമ്പോൾ പണവും സമയവും ഉണ്ടാവും പക്ഷെ ആരോഗ്യം ഉണ്ടാവില്ല. അതുകൊണ്ടു ജീവിതം ആസ്വദിക്കാൻ ഒരിക്കലും ഒരു പെർഫെക്റ്റ് ടൈമിന് വേണ്ടി കാത്തിരിക്കരുത് എന്നാണ് സർ അന്നത്തെ പ്രസംഗത്തിൽ ഉദ്ദേശിച്ചത്. മോൻ സ്ട്രോങ്ങായി ഒപ്പം നിന്നതു കൊണ്ടാണ് അന്ന് പോവാൻ പറ്റിയത്.സ്വപ്നം പോലെ പാറി നടന്ന ഏഴു ദിവസങ്ങൾ. മഞ്ഞും മലയും കുളിരും സ്വാതന്ത്ര്യവും ഒക്കെ അനുഭവിച്ചു ആസ്വദിച്ച ആദ്യത്തെ യാത്ര.

ഈ വർഷവും ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കു വിളിച്ചപ്പോൾ അമ്മ പറഞ്ഞു കാവിൽ കൊടിയേറ്റാണെന്ന്. വിവാഹം കഴിഞ്ഞു ഈ മഹാനഗരത്തിൽ എത്തിപ്പെട്ടതിനു ശേഷം നാട്ടിൽ ഒരു ആഘോഷങ്ങളും കൂടിയിട്ടില്ല, ഓണവും വിഷുവും ഉത്സവവും ഒന്നും തന്നെ. പത്തു ദിവസത്തെ ഉത്സവം ആണ് കാവിൽ. ആറാട്ടിന് തൊട്ടു മുൻപുള്ള പൂജ വീട്ടിൽ ആണ്. കുടുംബത്തിൽ ഉള്ളവരൊക്കെ അന്ന് വീട്ടിൽ കൂടും. പകൽ അമ്പലത്തിൽ കാവടിയാട്ടം, പടയണി ഒക്കെ ഉണ്ടാവും. രാത്രി അമ്പലത്തിൽ ബാലെയോ നാടകമോ ഒക്കെ ഉണ്ടാവും.

വെളുപ്പിനാണ് ഇറക്കിപൂജക്ക് ദേവി വീട്ടിലേക്ക് എഴുന്നള്ളുന്നത്. വീട്ടിലെ പൂജ കഴിഞ്ഞാൽ പിന്നെ ആറാട്ടു എഴുന്നള്ളത്തും താലപ്പൊലിയും കമ്പക്കെട്ടും ഒക്കെ ഉണ്ടാവും. അതൊക്കെ വല്ലാതെ മിസ് ചെയ്യുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല, നാട്ടിലേക്കു പോവാനും വരാനുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു.

മോൻ ഐഐടി അഡ്മിഷൻ കിട്ടിയതോടെ ഹോസ്റ്റലിൽ ആണ് താമസം. ഞങ്ങൾക്കിടയിലെ പ്രശ്നങ്ങളെ ഡിപ്ലോമാറ്റിക്കായി ഹാൻഡിൽ ചെയ്യാൻ അവനറിയാം, ഒരു പരിധി വരെ അമ്മയുടെ ഫേവറിൽ തന്നെ. ഇപ്പോഴത്തെ കുട്ടികൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയാണ്. ഞങ്ങളുടെ മൂന്നാളുടെയും ജീവിതം ഒരു അഡ്ജസ്റ്റ്മെന്റിലാണ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നതെന്നു പരസ്‌പരം നന്നായി അറിയാം. എല്ലാവരും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു ഫലിപ്പിക്കുന്നുണ്ട്. അത്താഴത്തിനു ഇരിക്കുമ്പോളാണ് നാട്ടിൽ പോവുന്ന കാര്യം അനിലേട്ടനോട് പറഞ്ഞത്. പതിവ് പോലെ ഒരു മൂളലിൽ ഉത്തരം ഒതുക്കി. അതിന്റെ നാനാർത്ഥങ്ങൾ തേടി ഇപ്പോൾ വ്യാകുലപ്പെടാറില്ല. ഭർത്താവെന്ന നിലയിൽ എന്നിലുണ്ടായിരുന്ന അവകാശങ്ങളെ അയാൾ സ്വയം ഇല്ലാതാക്കിയിരുന്നു. ഇങ്ങനെയൊരു മാനസികാവസ്ഥയിൽ എത്തിച്ചതും മറ്റാരുമല്ലല്ലോ.ഒരുപാടൊരുപാട് ഓർമ ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി.

“മാഡം “. ഡ്രൈവറുടെ വിളികേട്ടാണ് കണ്ണുകൾ തുറന്നത് . ടാക്സി എയർപോർട്ടിൽ എത്തിയിരുന്നു. സെക്യൂരിറ്റി ചെക്ക് ഇൻ കഴിഞ്ഞു ലൗഞ്ചിൽ പോയിരുന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ നാലഞ്ച് മിസ്സഡ് കോളുകൾ, ചെക്ക് ഇൻ സമയത്തു ഫോൺ സൈലൻറ് ആക്കിയിരുന്നു. മോൻ വിളിച്ചിട്ടുണ്ട്. നാട്ടിൽ നിന്നും അമ്മയും ചേച്ചിയും വിളിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചു വിളിച്ചു സംസാരിച്ചു. ഒന്ന് വാഷ്‌റൂമിൽ പോയി വന്നു. ഫ്ലൈറ്റ് ബോർഡിങ് അനൗൺസ് ചെയ്തു. വിൻഡോ സീറ്റാണ് സെലക്ട് ചെയ്തിരുന്നത്. ഹാൻഡ് ലഗ്ഗേജ് ഒക്കെ മുകളിൽ വെച്ചു. തൊട്ടടുത്ത സീറ്റിൽ ഒരു മോഡേൺ പെൺകുട്ടിയാണ്. ഇയർഫോൺ ചെവിയിൽ തിരുകി ടാബിൽ ഏതോ മൂവി കാണുന്നു. വിമാനം റൺവേയിലൂടെ കുതിച്ചു പതിയെ ആകാശത്തേക്കുയർന്നു. ഇനി രണ്ടര മണിക്കൂർ യാത്രയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് , എന്റെയും.

വെറുതെയാണെങ്കിലും അനിലേട്ടന്റെ ഒരു ഫോൺ കാൾ പ്രതീക്ഷിച്ചിരുന്നു. മനസ്സിനെ സ്വയം ശാസിച്ചു. ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കരുത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് മനസു വീണ്ടും ഓർമകളിലേക്ക് ഊളിയിട്ടു. നാട്ടിലെ പേരുകേട്ട തറവാടായിരുന്നു മംഗലത്തു വീട്. അമ്മ അച്ഛന്റെ മുറപ്പെണ്ണ് ആയിരുന്നു. അച്ഛന്റെ കാലമെത്തിയപ്പോഴേക്കും തറവാട് നിന്നിരുന്ന സ്ഥലവും കുറച്ചു വയലും ഒഴിച്ച് ബാക്കിയുള്ളതെല്ലാം ഓഹരി വെച്ചും വിറ്റും അന്യരെടുതായി കഴിഞ്ഞിരുന്നു. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ലല്ലോ. അച്ഛന് അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. പറമ്പിൽ നിന്ന് കിട്ടുന്ന ആദായത്തിൽ വേണം അച്ഛനും അമ്മയും മൂന്നു പെൺമക്കളും കഴിയാൻ. അച്ഛന്റെ ധൂർത്തിനും മദ്യപാനത്തിനും ഒന്നും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ക്ഷിപ്രകോപിയാണ്, നിസ്സാരകാര്യം മതി വീട്ടിൽ അമ്മയുടെയും മക്കളു ടെയും നേരെ കൈ ഉയരാൻ. വീട്ടിലെ സാഹചര്യം മോശമായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരും പഠിക്കാൻ മിടുക്കരായിരുന്നു. അന്നൊക്കെ ചിലവുകൾ നിവർത്തിക്കാൻ അമ്മ കൈനീട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. മൂത്തത് രാധികേച്ചിയാണ് , നടുവത്തേതു ഞാൻ രോഹിണി, ഏറ്റവും ഇളയത് രേവതി.

ചേച്ചിക്കൊരു പ്രണയം ഉണ്ടായിരുന്നു, താനായിരുന്നു ഹംസം. മുരളിയേട്ടൻറെ അച്ഛൻ ഗൾഫിൽ പോയിവന്നൊരു പുത്തൻ പണക്കാരൻ ആയിരുന്നു. അച്ഛന്റെ ബന്ധത്തിൽ പെട്ട സതീഷേട്ടനുമായി ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു . ചെറുക്കൻ വീട്ടുകാർ കാര്യമായി സ്ത്രീധനം ഒന്നും ചോദിച്ചിരുന്നില്ല. സതീശേട്ടന്റെ ചുറ്റുപാടുകൾ അത്ര നന്നായിരുന്നില്ല, പോരാത്തതിന് അത്യാവശ്യം മദ്യപാനവും. ചേച്ചി ഒരുപാടെതിർത്തു നോക്കി. അച്ഛന്റെ തീരുമാനങ്ങളെ അതിജീവിക്കാൻ അവളുടെ കണ്ണീരിനായില്ല. മൂന്നിൽ ഒന്നെങ്കിലും ഇറങ്ങിപ്പോട്ടെയെന്നു അമ്മയും കരുതി. മുരളിയേട്ടനും നിസ്സഹായനായിരുന്നു. അങ്ങനെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു. പ്രതീക്ഷിച്ചതു പോലെ ഭർത്തൃ ഗൃഹത്തിൽ അവളുടെ ജീവിതം ദുരിതത്തിൽ ആയിരുന്നു.അന്നാണ് അച്ഛനെതിരെ പ്രതിഷേധിക്കാനുള്ള ധൈര്യം തനിക്കുണ്ടായത്. മോൾ ഉണ്ടായി കഴിഞ്ഞു കുറേക്കാലം ചേച്ചി വീട്ടിൽ ആയിരുന്നു. പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ ആ ദുരിതപെയ്തതിനെ അതിജീവിച്ചു. അവൾ പ്രൈവറ്റ് ആയി ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു. B.Ed എടുത്തു ടീച്ചറായി സ്‌കൂളിൽ കയറി. ജോലി കിട്ടിയതോടെ സതീഷേട്ടന്റെ വീട്ടുകാർക്ക് ചേച്ചിയോടുള്ള സമീപനത്തിൽ മാറ്റം വന്നു. അവൾ തന്നെ ഏട്ടനെ ഒരു ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി ചികിൽസിച്ചു. മദ്യപാനം നിർത്തിയതോടെ ഏട്ടൻ ജോലിക്കു പോവാനും കുടുംബം നോക്കാനും ഒക്കെ തുടങ്ങി. രണ്ടു കുട്ടികളാണ് ചേച്ചിക്ക്.

അനിയത്തി രേവുവിനും രണ്ടു കുട്ടികളാണ് , അപ്പുവും ചിന്നുവും. താരതമ്യേന നല്ല നിലയിൽ ആയിരുന്നു രേവുവിന്റെ വിവാഹം നടന്നത്. അവളെ കണ്ടു ഇഷ്ടപ്പെട്ടാണ് ശ്യാംമോഹൻ വന്നു പെണ്ണ് ചോദിച്ചത്. മൂത്ത രണ്ടു പേരെയും വിവാഹം കഴിപ്പിച്ചു കഴിഞ്ഞപ്പോൾ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന്റെ ഏറ്റവും മോശമായ നിലയിൽ ആയിരുന്നു. വീടും കുറച്ചു സ്ഥലവും അമ്മയുടെയും അച്ഛന്റെയും കാലശേഷം അവൾക്കെന്നു പറഞ്ഞു വീതം തിരിച്ചു കൊടുത്തു. ചേച്ചിയുടെയും എന്റെയും കുറച്ചു സ്വർണവും ഇട്ടാണ് അവളെ പന്തലിൽ എത്തിച്ചത്. ആയിടക്കാണ് അച്ഛൻ കിടപ്പിലാകുന്നതും മരിക്കുന്നതും . ശ്യാമിന് സ്വന്തം ബിസിനസ് ആയിരുന്നു. അവരുടെ ജീവിതം ശാന്തമായി പോകുമ്പോൾ ആണ് ബിസിനസിലെ ചതിയിൽപെട്ടു ശ്യാം ജയിലിൽ ആകുന്നത്. കുറെയധികം പണം പലയിടത്തു നിന്നും കടം വാങ്ങിയാണ് കേസ് ഒത്തു തീർപ്പാക്കിയത്.

പിജി കഴിഞ്ഞു ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുമ്പോളായിരുന്നു അനിലേട്ടന്റെ ആലോചന വരുന്നത്. മുംബൈയിൽ കൊണ്ട് വന്നാലും ജോലി കിട്ടാൻ സാധ്യതയുണ്ട് എന്നതായിരുന്നു വധു എന്ന നിലയിൽ അവർ കണ്ട പ്ലസ്‌പോയ്ന്റ്. വിവാഹം കഴിഞ്ഞു മുംബൈയിലേക്ക്‌ ചേക്കേറി.അധികം താമസിക്കാതെ ഭേദപ്പെട്ട ജോലിയും കിട്ടി. അനിലേട്ടന് ഒട്ടും സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല എന്നതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നു. ശമ്പളം കൃത്യമായി അദ്ദേഹത്തെ ഏൽപ്പിക്കണം. വണ്ടി കൂലിക്കും വീട്ടാവശ്യങ്ങൾക്കും ഉള്ള തുക എല്ലാ ആഴ്ചയും തരും. രാവിലെ ഉണർന്നു വീട്ടുപണികൾ ഒതുക്കി ലോക്കൽ ട്രയിനിലെ തിരക്കിൽ നൂഴ്ന്നു കയറി ഓഫീസിൽ പോവും. വെകുന്നേരവും അതേപോലെ തിരികെ വീട്ടിലേക്കു. പിന്നെ അത്താഴം ഉണ്ടാക്കലും തുണി അലക്കലും ഒക്കെ ആയി പാതിരാ വരെ നീളുന്ന പണികൾ. മോൻ ഉണ്ടായി കഴിഞ്ഞപ്പോൾ ജീവിതം കുറച്ചു കൂടെ കഠിനമായി. എങ്കിലും ഒരിക്കലും ആരെയും പഴിചാരിയിട്ടില്ല. ഇതൊക്കെയാണ് ജീവിതം എന്നാണ് കരുതിയിരുന്നത്. അല്ലെങ്കിൽ ഇതിലും കർക്കശ്ശക്കാരനായ ഒരു അച്ഛന്റെയൊപ്പം ജീവിക്കുന്ന അമ്മയെ കണ്ടു വളർന്നത് കൊണ്ടും ആവാം. കൈവന്നതൊക്കെയും സൗഭാഗ്യങ്ങൾ എന്ന് വിചാരിച്ചു കടന്നു പോയ വർഷങ്ങൾ. തന്റെ സ്വന്തം ആവശ്യങ്ങൾക്കോ വീട്ടിൽ അയക്കാനോ കുറച്ചു പൈസ കൂടുതൽ ചോദിച്ചാൽ പിന്നെ ശകാരമായി, ദേഷ്യമായി.ആദ്യമൊന്നും ആരോടും തന്റെ വിഷമങ്ങൾ പറഞ്ഞിരുന്നില്ല. ഓണത്തിനോ വിഷുവിനോ പോലും പൈസ അയക്കാൻ പറ്റാത്ത സമയം വരുമ്പോൾ അമ്മയോടും ചേച്ചിയോടും കാര്യങ്ങൾ തുറന്നു പറയാൻ തുടങ്ങി. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ പോലും കുറച്ചു പൈസക്ക് വേണ്ടി അനിലേട്ടന്റെ മുൻപിൽ കണ്ണീരോടെ ഇരന്നിട്ടുണ്ട് , അതും തന്റെ ശമ്പളത്തിലെ ചെറിയ തുകക്ക് വേണ്ടി.

സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റു ബന്ധുക്കളുടെയും മുന്നിൽ അനിലേട്ടനെ ഒരു നല്ല ഭർത്താവായി മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഒരു ഓഫീസ് പാർട്ടിയിൽ ആണ് ആ മുഖം മൂടി അഴിഞ്ഞു വീണത്. പതിവ് പോലെ ഭർത്താവിന്റെ ഗുണഗണങ്ങൾ വർണിച്ചു മറ്റു സ്ത്രീകളോടൊപ്പം ഇരിക്കുകയായിരുന്നു. പുരുഷന്മാർ ചീട്ടുകളിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ലോണിന്റെ ഒരുവശത്തു. ഒരു ആക്രോശം കേട്ടാണ് എല്ലാവരും ഓടി ചെന്നത്. അനിലേട്ടനും മറ്റൊരാളും തമ്മിൽ കയ്യാങ്കളി നടക്കുന്നുണ്ടായിരുന്നു. അതിനിടയിൽ തന്നോടായി അയാൾ വിളിച്ചു പറഞ്ഞത്. “നീ വിഡ്ഢിയാണ്. ഇവനെ ദൈവത്തെപ്പോലെ കാണുന്ന നീ പമ്പരവിഡ്ഢിയാണ്. ഇവന് ഓഫിസിലെ ബീനയുമായി വർഷങ്ങളായി ബന്ധമുണ്ട്. ഈ ഓഫിസിലെ ആരോട് വേണമെങ്കിലും ചോദിച്ചു നോക്കിക്കൊള്ളൂ. നീ പേരിനു മാത്രമുള്ള ഭാര്യ”. ഒരു തീക്കാറ്റിന്റെ ചുഴിയിൽ പെട്ടതുപോലെ തോന്നി.അനിലേട്ടന്റെ മുഖത്തെ പതർച്ച വ്യക്തമായിരുന്നു. ചുറ്റും പരിഹാസം നിറഞ്ഞ, പുച്ഛം നിറഞ്ഞ മുഖങ്ങൾ. ബീന തന്നെ പതറി പതറി നോക്കുന്നുണ്ടായിരുന്നു. മോന്റെ കൈ പിടിച്ചു അവൾക്കു നേരെ ചെന്നു. “ഞാൻ കേട്ടതൊക്കെ സത്യം ആണോ “. അവൾ മുഖം കുനിച്ചു നിന്നു. കരണത്തൊന്നു കൊടുത്തിട്ടു മോനെ കൂട്ടി വീട്ടിലേക്കു വന്നു. തകർന്നുപോയ ചീട്ടുകൊട്ടാരങ്ങളെ യോർത്തു ഹൃദയം പൊട്ടിക്കരഞ്ഞു. മോനെയും കൊണ്ട് കേറി ചെല്ലാൻ ഒരിടമില്ല. താലി വലിച്ചു പൊട്ടിച്ചു ഇറങ്ങി പോയാലും നഷ്ടം തനിക്കു മാത്രം.എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാത്ത ദിനരാത്രങ്ങൾ. ആ തീച്ചൂളയിൽ ഉരുകിയൊലിച്ചു ഹൃദയം പാറപോലെ ഉറച്ചു. ന്യായീകരണ ങ്ങളുമായി പലവട്ടം വന്നെകിലും ഒന്നിനും ചെവി കൊടുത്തില്ല.

സാമ്പത്തിക സ്വാതന്ത്ര്യം ആണ് ആദ്യം നേടിയത്. പുതിയൊരു അക്കൗണ്ട് തുറന്നു സാലറി അതിലേക്കാക്കി. അത് തന്നെയായിരുന്നു അയാൾക്കേറ്റ ആദ്യത്തെ അടിയും. ഒരുപാട് ഭീഷണികളും സമ്മർദ്ദങ്ങളും പയറ്റി നോക്കി. എന്തിനെയും നേരിടാനുള്ള കരുത്താർജിച്ചിരുന്നു. ഒരു ജോലിക്കാരിയെ വെക്കാനും വീട്ടിൽ അയച്ചു കൊടുക്കാനും സ്വന്തമായി ഒരു സാരി വാങ്ങിക്കാനോ ആരുടെയും മുന്നിൽ കൈനീട്ടേണ്ടതില്ല. എല്ലാ ആവശ്യങ്ങൾ കഴിഞ്ഞാലും നല്ലൊരു തുക അക്കൗണ്ടിൽ മിച്ചം വരുന്നുണ്ട്. തന്റെ സ്വന്തം അധ്വാനത്തിന്റെ പ്രതിഫലം. ഇങ്ങോട്ടെങ്ങനെ പെരുമാറുന്നുവോ അങ്ങനെ തന്നെ തിരിച്ചും പെരുമാറാൻ പഠിച്ചു. തീരുമാനങ്ങൾ സ്വയം എടുക്കാൻ തുടങ്ങി. അനുവാദത്തിനു വേണ്ടി കാത്ത് നിൽക്കാറില്ല. കാര്യങ്ങൾ അറിയിക്കാറുണ്ട് അതും മോന്റെ മുന്നിൽ വച്ച് തന്നെ. മുറുമുറുപ്പും പ്രതിഷേധങ്ങളും ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ തള്ളും. മോന് വേണ്ടി പോകേണ്ടടിത്തൊക്കെ ഒപ്പം ചെല്ലാറുണ്ട്, നല്ലൊരു ഭാര്യയായി അഭിനയിക്കാറുണ്ട്.

ഒരു തിരിച്ചറിവായിരുന്നു കാലം തന്നത്. എന്റെചിറകുകൾ ആരും ബന്ധിച്ചിരുന്നില്ല , ഞാൻ സ്വയം തീർത്തൊരു കെട്ടായിരുന്നു അത്. ഒന്ന് ആഞ്ഞു ചിറകു കുടഞ്ഞാൽ അഴിഞ്ഞുപോവാൻ മാത്രം ദുർബലമായിരുന്നു അവ. ഞാൻ എന്റെ ഉള്ളിലേക്ക് നോക്കാൻ തുടങ്ങി. എന്നെ ആനന്ദിപ്പിക്കുന്നതൊക്കെയും സ്വയം കണ്ടെത്തി. ഈ യാത്ര പോലും എനിക്ക് വേണ്ടിയാണു.

ഫ്ലൈറ്റ് ലാൻഡിംഗ് അന്നൗൺസ്‌മെന്റ് മുഴങ്ങി. വിമാനം കേരളത്തിന്റെ മണ്ണിലേക്കിറങ്ങി. ഫോൺ ഓണാക്കി ഉണ്ണിയെ വിളിച്ചു. അവൻ പുറത്തു കാത്ത് നിൽക്കുന്നുണ്ട്. ലഗ്ഗേജ് കലക്റ്റ് ചെയ്തു പുറത്തിറങ്ങി. കാര് സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ തിരക്കി. “ചേച്ചി വല്ലതും കഴിച്ചതാണോ. ഊണിന്റെ സമയം ഒക്കെ കഴിഞ്ഞു. പൊറോട്ടയോ മറ്റോ കിട്ടും.”

“ഇപ്പോൾ ഒന്നും വേണ്ട , വഴിയിൽ എവിടെ നിന്നെങ്കിലും ചായ കുടിക്കാം. തല വേദനിക്കുന്നുണ്ട്.”

അമ്മയെ വിളിച്ചു പറഞ്ഞു, ആൾ കാത്തുകാത്തിരിപ്പാണ്. രണ്ടുമണിക്കൂർ എടുക്കും വീടെത്താൻ. ഉണ്ണിയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞുമിരുന്നു. പ്രളയം നാടിനെ വിഴുങ്ങിയ ദിവസങ്ങളിലെ കഥകൾ. ഞങ്ങളുടെ ചെറുഗ്രാമത്തിനെ പ്രളയം അധികം ബാധിച്ചിരുന്നില്ല. ഇടക്കൊരു തട്ടുകടയിൽ നിന്നും ചായയും പഴംപൊരിയും കഴിച്ചു. നാടെത്തുമ്പോൾ സന്ധ്യ ആയിരുന്നു. കാലം അധികം മാറ്റമൊന്നും വരുത്താത്ത ചെറിയ നാട്ടിൻപുറം. അമ്മ ഗേറ്റിൽത്തന്നെ കാത്ത് നില്പുണ്ടായിരുന്നു. ഉണ്ണി ബാഗും മറ്റുമെടുത്തു വരാന്തയിൽ കൊണ്ട് തന്നു.

“പിന്നെയും മെലിഞ്ഞോ നീയ്. രാധേടെ മൊബൈലിൽ ഫോട്ടോ കണ്ടപ്പോള് കുറച്ചൂടെ തടിയുണ്ടായിരുന്നല്ലോ “.

“ഏയ് അമ്മക്ക് തോന്നുന്നതാ . വെയിറ്റ് നല്ലതു പോലെ കൂടിയിട്ടുണ്ട്. വല്യമ്മ ഇല്ലേ.”

“ഉണ്ട് . സീരിയൽ കാണുന്നു. നീ വാ.”

വല്യമ്മ സംസാരംകേട്ട് പൂമുഖത്തേക്കു വന്നു .”രോഹിണിക്കുട്ടി വന്നോ . മുടിയൊക്കെ മുറിച്ചിട്ട് ഒരു കോലമായി പെണ്ണ്. ആ നീണ്ടമുടി എന്തൊരു ഐശ്വര്യം ആയിരുന്നു. മോനും അനിലും ഒക്കെ വരുമോ ഉത്സവത്തിന്.”

“ഇല്ല വല്യമ്മേ. മോന് ക്ലാസുണ്ട് . ഏട്ടന് ലീവ് കിട്ടിയില്ല. ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ. നല്ല വിശപ്പുണ്ട്. അമ്മെ ചോറ് വിളമ്പിക്കോ” ഞാൻ ബാഗുകൾ എടുത്ത് മുറിയിലേക്ക് നടന്നു.

പഴയ നാലുകെട്ടാണ്. ഇടയ്ക്കു അമ്മ കുറി ചേർന്ന പൈസയും ചേച്ചിയും താനും കൊടുത്ത പൈസയും ഒക്കെ കൂട്ടി വച്ചു കുറച്ചു നവീകരിച്ചിട്ടുണ്ട്. തറയൊക്കെ ടൈൽസ് ആക്കി, അറ്റാച്ഡ് ബാത്രൂം ഉണ്ടാക്കി. മച്ചിന്റെ കേടുപാടുകൾ ഒക്കെ മാറ്റി. അടുക്കളയും കുറച്ചു മോടിയാക്കി.പെയിന്റൊക്കെ അടിച്ചപ്പോൾ വീട് മൊത്തത്തിൽ മാറി പോയി. കുളിച്ചു വന്നപ്പോൾ നടുമുറ്റത്തോട് ചേർന്ന തളത്തിലെ ഊണ് മേശയിൽ അമ്മ ഒക്കെ വിളമ്പി കാത്തിരിപ്പുണ്ടായിരുന്നു. ചോറും ചക്കപ്പുഴുക്കും തീയലും പുഴമീൻ തോരനും ഒക്കെയായി എന്റെ പ്രിയവിഭവങ്ങൾ.

“അമ്മയും വല്യമ്മയും കഴിക്കുന്നില്ലേ”.

“ഇപ്പോൾ ഇല്ല , കുറേക്കൂടി കഴിയട്ടെ . ഒമ്പതിന്റെ സീരിയലും കഴിഞ്ഞേ കഴിക്കാറുള്ളൂ.” അമ്മ ഞാൻ കഴിക്കുന്നതും നോക്കിയിരുന്നു .

“വല്യമ്മ ഇപ്പൊ അങ്ങോട്ട് പൂവാറില്ലേ.”

“ഇടയ്ക്കു പോകും. പോയാലും അന്ന് തന്നെ ഇങ്ങു വരും.”.

അമ്മയുടെ മൂത്ത ഏട്ടത്തിയാണ് . അച്ഛൻ മരിച്ചതിൽ പിന്നെ അമ്മക്കൊരു കൂട്ടായി തറവാട്ടിൽ ഉണ്ട് . വലിയമ്മക്ക് ഒരു മോൾ മാത്രമേയുള്ളു. അവരോടാപ്പം അങ്ങനെ നിൽക്കാറില്ല. ഒരു മോൻ ഉണ്ടായിരുന്നത് നന്നേ ചെറുപ്പത്തിലേ നാട് വിട്ടുപോയി.

ചാർജിങ്ങിൽ കിടന്ന ഫോൺ എടുത്തു നോക്കി. അനിലേട്ടന്റെ വാട്സ്ആപ് മെസ്സേജ് ഉണ്ട് “എത്തിയോ”. എത്തിയെന്നു മറുപടി കൊടുത്തു . മോനെ വിളിച്ചു പറഞ്ഞു. ചേച്ചിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. രേവുവിനെ വിളിച്ചു. അവൾ നാളെ വരുന്നുണ്ട്. അമ്മയോടും വല്യമ്മയോടും ഉമ്മറത്ത് കഥ പറഞ്ഞു ഇരിക്കുമ്പോൾ ആണ് മുറ്റത്തു സ്‌കൂട്ടറിന്റെ ശബ്ദം കേട്ടത്. ചേച്ചിയും സതീശേട്ടനും. ചേച്ചി ഓടി വന്നു കെട്ടി പുണർന്നു.

“നിൻറെ ചേച്ചിക്ക് അനിയത്തിയെ ഇന്ന് തന്നെ കാണാഞ്ഞിട്ട് ഉറക്കം വരത്തില്ല പോലും.” സതീശേട്ടൻ കളിയാക്കി.

“നിങ്ങൾ ഇന്ന് പോകുന്നുണ്ടോ ” ‘അമ്മ ചോദിച്ചു,

“ഞാൻ പോകുന്നില്ല. ഏട്ടന് പോണം,” ചേച്ചി പറഞ്ഞു് .

അമ്മ എല്ലാവർക്കും ഊണെടുത്തു. ഊണ് കഴിഞ്ഞു ഏട്ടൻ പോയി .ചേച്ചിയും ഞാനും ഒരു മുറിയിൽ കൂടി. ചേച്ചിയുടെ മുഖത്തെപ്പോഴും ചിരിയാണ്. എത്ര പ്രശ്നങ്ങൾ ഉണ്ടങ്കിലും അവൾ കൂളായിരിക്കും. ചേച്ചി ഓരോന്ന് ചോദിച്ചും പറഞ്ഞുമിരുന്നു. രേവുവിന്റെ അവസ്‌ഥ വളരെ മോശം ആണ് . ശ്യാമിന് ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട് , പക്ഷെ ഇവിടുത്തെ കട ബാധ്യതകൾ തീർക്കാതെ പോവാൻ പറ്റില്ല. അവസാനത്തെ കച്ചിത്തുരുമ്പാണ്. ഞാൻ അറിയാത്ത കുറച്ചു സംഭവങ്ങൾ നടന്നിരുന്നു. പണം അറേഞ്ച് ചെയ്യാൻ മറ്റൊരു നിവർത്തിയും ഇല്ലാതെ വന്നപ്പോൾ രേവുവും ശ്യാമും അമ്മയെ കാണാൻ വന്നിരുന്നു. അവൾക്കു അവകാശപ്പെട്ട ഈ വീടും പറമ്പും വിൽക്കണമെന്ന് പറയാൻ. എന്നിട്ടു അമ്മ ശ്യാമിന്റെ വീട്ടിലേക്കു ചെല്ലണം. അവിടെ ശ്യാമിന്റെ അച്ഛനും അമ്മയും ഉണ്ട് . അമ്മ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. വേണമെങ്കിൽ ശ്യാമിന്റെ വീട് വിറ്റിട്ട് എല്ലാവരും കൂടെ ഇങ്ങോട്ടു വരണം എന്നാണ് അമ്മയുടെ അഭിപ്രായം. അത് ശ്യാമിൻ്റെ അച്ഛനും അമ്മയ്ക്കും സമ്മതമല്ല. പാവം രേവു, അവൾ രണ്ടുകൂട്ടരുടെയും ഇടയിൽ കിടന്നു ഞെരുങ്ങുകയാണ്. എനിക്കാകെ തലപെരുക്കുന്നത് പോലെ തോന്നി. അമ്മയുടെ മൂന്നു പെണ്മക്കൾക്കും സന്തോഷവും മനസ്സമാധാനവും വിധിച്ചിട്ടില്ലേ. വർത്തമാനം പറഞ്ഞു കിടന്നു രണ്ടാളും ഉറങ്ങിപ്പോയി.

പുലർച്ചെ ചേച്ചിയാണ് ഉണർത്തിയത്. “എഴുന്നേറ്റ് പെട്ടെന്ന് പോയി കുളിച്ചിട്ടു വാ. കാവിൽ പോയിട്ട് വരാം. ”

‘അമ്മ തന്ന കട്ടന് കാപ്പി കുടിച്ചു പെട്ടെന്ന് പോയി കുളിച്ചു റെഡിയായി വന്നു. ചേച്ചി മുറ്റത്തെ പൂക്കൾ പൊട്ടിച്ചു ദേവിക്ക് ചാർത്താൻ മാല കൊരുത്തിരുന്നു. ഞങ്ങളിരുവരും കാവിലേക്കു നടന്നു. വഴിയേറെയുണ്ട് നടക്കാൻ. ഈ വഴികളിലൂടെ നടന്നു തീർത്ത ബാല്യവും കൗമാരവും അയവിറക്കി ഞങ്ങൾ നടന്നു. അരയാൽത്തറ പിന്നിട്ടപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു “പണ്ട് മുരളിയേട്ടൻ ഇവിടെ കാത്തിരിക്കുമായിരുന്നു .ഓർക്കുന്നുണ്ടോ .”

“പണ്ടല്ല, ഇപ്പോഴും. ഞാൻ വന്നാൽ കാവിൽ വരാതിരിക്കില്ല എന്നറിയാം “.ചേച്ചി പുഞ്ചിരിച്ചു.

ഞാൻ ഒന്ന് ഞെട്ടി എന്ന് തന്നെ പറയാം. ചേച്ചിയുടെ കവിളിൽ പഴയ ദാവണിക്കാരിയുടെ നാണം.

“ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, നഷ്ടപ്പെട്ടാലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ എതിരുട്ടിലും വഴി കാണിക്കും . നീയോർക്കുന്നുണ്ടോ, സതീഷേട്ടനുമായി പിണങ്ങി ഞാൻ തിരിച്ചു വന്നു വീട്ടിൽ വീട്ടിൽ നിന്നത്. എല്ലാര്ക്കും ഒരു ഭാരമായപ്പോൾ മോളെയും കൊണ്ട് ആത്‍മഹത്യ ചെയ്യണം എന്ന് വരെ ചിന്തിച്ചിട്ടുണ്ട് . അന്നത്തെ അവസ്ഥയിൽ നിന്നും കൈ പിടിച്ചു കയറ്റിയത് മുരളിയേട്ടൻ ആണ്. പഠിത്തം തുടരാൻ സഹായിച്ചത്, ഒരു പരിചയക്കാരന്റെ സ്‌കൂളിൽ ജോലി വാങ്ങി തന്നത്. പിന്നെയും പഠിക്കാനും ഒരു സർക്കാർ ജോലി നേടിയെടുക്കാനും ഒക്കെ പ്രചോദനം തന്നത്. അങ്ങേയറ്റം ടൂവീലർ ഓടിക്കാൻ പഠിക്കാൻ വരെ പ്രോത്സാഹിപ്പിച്ചത്. ” ഞാൻ ചേച്ചിയെ മിഴിച്ചു നോക്കി.

“നീ നോക്കേണ്ട. അരുതാത്ത ഒരു ബന്ധവും ഞങ്ങൾക്കിടയിൽ ഇല്ല. ഭാര്യയെന്ന നിലയിൽ സതീശേട്ടനെ ഇന്നോളം വഞ്ചിച്ചിട്ടില്ല, ഇനിയും വഞ്ചിക്കുകയുമില്ല. എൻറെ ഹൃദയത്തിലെ മൺചെരാതാണ് മുരളിയേട്ടൻ. എന്റെ മരണം കൊണ്ടു മാത്രം അണയുന്നൊരു നറുതിരി വെട്ടം “. ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഞാൻ ഒരു സ്ത്രീ ആയിരുന്നുവോ, ഇന്നോളം പ്രണയത്തിന്റെ നിറത്തിനെ സുഗന്ധ ത്തിനെ ഒന്നും അറിയാത്തൊരു മൃതശരീരം. എനിക്ക് വല്ലാതെ കൊതി തോന്നി സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ. ആരെങ്കിലും ഒന്ന് ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു നീ എന്റെ മാത്രമാണെന്ന് പറഞ്ഞിരുന്നെങ്കിൽ.

ഞങ്ങൾ നടയ്ക്കൽ എത്തിയിരുന്നു. ചെമ്പട്ട് ഉടയാടയിൽ സർവ്വാഭരണ വിഭൂഷിതയായി ദേവി.ഒന്നും പ്രാർത്ഥിക്കാൻ തോന്നിയില്ല. കൺ‌തുറന്നു എന്റെ ഹൃദയത്തിലേക്ക് ദേവിയെ ആവാഹിച്ചു. ചുറ്റി തൊഴുതു വന്നപ്പോൾ ചേച്ചി പോയി പായസം വാങ്ങിക്കൊണ്ടു വന്നു. തേക്കിലയിലെ ചൂട് ശർക്കരപായസത്തിൻറെ രുചി, അതിനു പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല. തിരികെ വന്നപ്പോൾ അരയാൽ തറയിൽ മുരളിയേട്ടൻ ഉണ്ടായിരുന്നു. ഞാൻ അല്പം മാറി നിന്നു. അല്പം കഴിഞ്ഞപ്പോൾ ഏട്ടൻ എന്റടുത്തേക്കു വന്നു. “രോഹിണിക്കുട്ടി ഓർക്കുന്നുണ്ടോ എന്നെ.”. ഞാൻ ചിരിച്ചു, വിശേഷങ്ങൾ ചോദിച്ചു. ഏട്ടന്റെ തല മുഴുവൻ കഷണ്ടി ആയിരിക്കുന്നു. താടിയും മീശയും നരച്ചിരിക്കുന്നു. കണ്ണുകളിലെ പ്രകാശം ഇപ്പോഴും അങ്ങനെ തന്നെ.

തിരികെ വീട്ടിൽ എത്തുമ്പോൾ മുറ്റത്തു നിന്ന് തന്നെ കേട്ട് അമ്മയും രേവുവും തമ്മിൽ ഉള്ള വഴക്കിന്റെ ഒച്ച. ചേച്ചി ചെന്ന് രണ്ടാളെയും വഴക്കു പറഞ്ഞു. അമ്മ ദേഷ്യം കൊണ്ട് വിറക്കുന്നു.

“നിങ്ങളുടെ അച്ഛനായിട്ടു സർവ്വതും നശിപ്പിച്ചപ്പോഴും നിധി കാക്കുന്നപോലെ സൂക്ഷിച്ചതാ ഈ വീടും ഒരു തുണ്ടു പറമ്പും. അത് ആരുടെ എന്താവശ്യത്തിനാണെങ്കിലും വിറ്റു തുലക്കാൻ ഞാൻ സമ്മതിക്കില്ല. അതിനു വേണ്ടി ആരും വക്കാലത്ത് പറയേണ്ട.”

രേവു വിങ്ങിക്കരഞ്ഞു “വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാ ചേച്ചി. നമ്മുടെ കുടുംബം വിൽക്കാൻ എനിക്കും ആഗ്രഹം ഉണ്ടായിട്ടല്ല.”

ഞാൻ അവളെ പുറത്തേക്കു കൊണ്ട് പോയി. ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു. “സാരമില്ല. നമുക്ക് മറ്റെന്തെകിലും വഴി നോക്കാം.നീ സമാധാനിക്ക് “. അവളുടെ കരച്ചിൽ ഒന്നടങ്ങി.

“ഈ വീടും സ്ഥലവും നോക്കാൻ ആരെങ്കിലും വന്നിരുന്നോ ”

“ഉവ്വ് ”

“എത്രയാ വില പറഞ്ഞത് ”

“ഇരുപത്തഞ്ചു വരെ പറഞ്ഞു. മുപ്പതാണ് ചോദിക്കുന്നത് , ഇരുപത്തെട്ടെങ്കിലും കിട്ടണം. ഇരുപതു കൊണ്ട് ഞങ്ങളുടെ ആവശ്യങ്ങൾ നടക്കും. ബാക്കി അമ്മയുടെ പേരിൽ ബാങ്കിൽ ഇടാം. വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാ. ചേച്ചി ഒന്ന് പറഞ്ഞു സമ്മതിപ്പിക്കണേ അമ്മയെ.”

“ശരി ഞാൻ ചോദിച്ചു നോക്കട്ടെ”,

അവൾ പ്രാതൽ കഴിക്കാൻ നിൽക്കാതെ പോയി. ചേച്ചിയും പോകാനൊരുങ്ങുന്നു, അടുക്കളയിൽ അമ്മയും വല്യമ്മയും കൂടി എന്തൊക്കെയോ പിറുപിറുക്കുന്നു. വീട്ടിലെ അന്തരീക്ഷം ആകെ പുകഞ്ഞു നിൽക്കുന്നു. ആശിച്ചു മോഹിച്ചു ഉത്സവം കൂടാൻ വന്നതാണ് പാവം ഞാൻ. റൂമിൽ പോയി മൊബൈൽ എടുത്തു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല , അനിലേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. തിരികെ വിളിച്ചു, കാൾ എടുത്തില്ല. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ തിരികെ വിളിച്ചു. പതിവില്ലാതെ രണ്ടു മൂന്നു മിനുട്ടു സംസാരിച്ചു. മനസിനാകെയൊരു സന്തോഷം തോന്നി.

രേവുവിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം. കുറച്ചു രൂപ അക്കൗണ്ടിൽ ഉണ്ട്. അനിയത്തിയാണെങ്കിലും ഒന്നും കാണാതെ അതെടുത്തു കൊടുക്കാൻ പറ്റില്ല. ഇത്രയും വർഷത്തെ ആകെ സമ്പാദ്യം ആണ് . പ്രാക്ടിക്കൽ ആയി വേണം ചിന്തിക്കാൻ. തന്റെ ഇപ്പോഴത്തെ സാലറിയും പൊസിഷനും വച്ച് ബാക്കി എമൗണ്ട് ഒരു ലോൺ കിട്ടാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ എന്തിനും തിരിച്ചു മുംബൈയിൽ ചെല്ലണം. പോയിട്ട് ഉടൻ തിരിച്ചു വരവ് പറ്റില്ല. രേവുവിന് എത്രയും പെട്ടെന്ന് പണം കിട്ടുകയും വേണം.

ചേച്ചി പോവാൻ റെഡി ആയി വന്നു. “അമ്മ പറയുന്നതിലും കാര്യമുണ്ട്. വല്ല വീട്ടിലും ചെന്ന് താമസിക്കുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് അറിയൂ.”.

“ഞാൻ അമ്മയെ എന്റൊപ്പം മുംബൈക്ക് കൊണ്ട് പോയാലോ എന്ന് വിചാരിക്കുവാ “. ചേച്ചി നിഷേധാർത്ഥത്തിൽ തലയാട്ടി.

“അമ്മ ഈ മണ്ണ് വിട്ടു എങ്ങോട്ടും വരില്ല. നീ അത് നോക്കണ്ട”.

“പിന്നെന്താ വഴി. ചേച്ചിക്ക് ഈ വീടും സ്ഥലവും വാങ്ങിച്ചു കൂടെ.” ചേച്ചി എന്നെ അന്തംവിട്ടു നോക്കി.

“രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിൽ മോൾക്ക് കല്യാണം നോക്കണം. അതിന്റെ ഓട്ടത്തിലാ ഞങ്ങൾ. അതിനിടയിൽ ഇത്രയും പണം കൊടുത്തു എങ്ങനെ വാങ്ങിക്കാനാ ഞാൻ “. ചേച്ചി പറഞ്ഞു.

“ഇനിയുള്ള അവസാനത്തെ ഓപ്ഷൻ ഇത് ഞാൻ വാങ്ങിക്കുക എന്നതാണ്. എന്റെ കൈയ്യിലും അത്രയും പണമില്ല. മുംബൈയിൽ പോയി ഒരു ലോൺ സാങ്ക്ഷൻ ആകാനുള്ള ടൈം കിട്ടിയാൽ പിന്നെയും നോക്കാം”. ചേച്ചി എന്നെ ഉറ്റു നോക്കി.

“നീ സീരിയസ് ആയിട്ടുപറഞ്ഞതാണോ.”

“അതെ “.

“നിനക്ക് മാക്സിമം എത്ര പൈസ ഒപ്പിക്കാൻ പറ്റും എന്ന് നോക്ക്. ബാക്കി നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാമോ എന്ന് നോക്കട്ടെ”. ചേച്ചി പോയി.

ഞാൻ അകൗണ്ടിലെ തുകകൾ കൂട്ടി നോക്കി. കമ്പനിയിൽ വിളിച്ചു ഒരു ലോണിന്റെ അത്യാവശ്യം അറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബോസിന്റെ ഫോൺ വന്നു. ആവശ്യമുള്ള പണം അദ്ദേഹം കടമായി തരാൻ സന്നദ്ധത അറിയിച്ചു. ലോൺ പാസാവുമ്പോൾ തിരികെ കൊടുത്താൽ മതി. ഞാൻ അദ്ദേഹത്തിന് സഹപ്രവർത്തക മാത്രമല്ല, എല്ലാ വർഷവും രക്ഷാബന്ധന് രാഖി കെട്ടുന്ന സഹോദരി കൂടിയാണ്. രക്തബന്ധത്തിനേക്കാൾ ഉറച്ച ചില മൂല്യങ്ങളും മനുഷ്യർക്കിടയിൽ ഉണ്ട് . അങ്ങനെ പണത്തിന്റെ പ്രശ്‍നം സോൾവായി.

അമ്മയോടു അഭിപ്രായം ചോദിച്ചപ്പോൾ സന്തോഷം കൊണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞു്. കാവിൽ ഉത്സവത്തിന് കൊടിയേറി. കൂട്ടത്തിൽ വസ്തു കൈമാറ്റ ഉടമ്പടിയും വേഗം നടന്നു. ശ്യാമിന് ഗൾഫിൽ പോകാനുള്ള വിസയും ടിക്കറ്റും വന്നു. ഇക്കൊല്ലത്തെ പൂജയും ആറാട്ടും ഗംഭീരമായി നടന്നു. ഒരുപാടു വര്ഷങ്ങള്ക്കു ശേഷം മനസു നിറഞ്ഞു എല്ലാത്തിലും പങ്കു ചേർന്നു.

അനിലേട്ടൻ ഇടക്കൊക്കെ വിളിക്കും. വീടും പറമ്പും എൻറെ പേരിലേക്ക് കൂട്ടിയെന്നു പറഞ്ഞു. നല്ല റെസ്പോൺസ് അല്ല പ്രതീക്ഷിച്ചത്. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് “നന്നായി” എന്ന് പറഞ്ഞു. തിരിച്ചു പോവാനുള്ള ദിവസം ആയി.

ലാപ്‌ടോപ്പിൽ തിരക്കിട്ടു പണി ചെയ്യുന്ന എന്റെ മുൻപിലായി വല്യമ്മ വന്നു നിന്നു. വല്യമ്മക്കെന്തോ പറയാനുണ്ടെന്ന് തോന്നി .

“എന്താ വല്യമ്മേ ”

“രോഹിണിക്കുട്ടി, നിന്റെ ഈ കുന്ത്രാണ്ടത്തില് കാണാതെ പോയ ആൾക്കാരെ കണ്ടെത്താൻ പറ്റ്വോ ” ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ ആദ്യം ചിരി വന്നു . വല്യമ്മയുടെ കുഴിഞ്ഞ കണ്ണുകളിൽ പ്രതീക്ഷയുടെ നേർത്ത നനവ്.

“എൻറെ കൃഷ്ണൻകുട്ടീനെ ഇതില് പരസ്യം കൊടുത്താല് കണ്ടുപിടിക്കാൻ പറ്റുമോ മോളെ. പത്രത്തിലൊക്കെ അങ്ങനെ ആള്ക്കാര് അച്ഛനേം അമ്മേം കണ്ടു പിടിച്ചൂന്നൊക്കെ വരാറുണ്ടല്ലോ.”

ഏട്ടന്റെ പേര് കൃഷ്ണകുമാർ എന്നായിരുന്നു. വല്യമ്മ ഒരു പഴയ ബ്ലാക്ക് & വൈറ്റ് ഫോട്ടോ വച്ച് നീട്ടി.

“അവൻ പുറപ്പെട്ടു പോയ കാലത്തെയാ. ഇപ്പോൾ നിന്റെ വേണുമാമനെ പോലൊക്കെ ഉണ്ടാവും.” അമ്മയുടെ ഏറ്റവും ഇളയ സഹോദരനാണ് വേണു മാമൻ.

ഞാൻ ആ. മെല്ലിച്ച കൈകളിൽ തെരുപ്പിടിച്ചു. “നമുക്ക് കണ്ടു പിടിക്കാൻ പറ്റുവോന്നു നോക്കാം വല്യമ്മേ. ഒന്ന് ശ്രമിച്ചു നോക്കട്ടെ.”

ഒന്നും ചെയ്യാൻ ഇല്ലാതെയാണ് ഇങ്ങോട്ടു വന്നത് . ഇപ്പോൾ ഒരു വലിയ ദ്വൈത്യം എന്നെ കാത്തിരിക്കുന്നു. പ്രതീക്ഷകളുടെ ഒരു പുതുനാമ്പുമായി സ്നേഹത്തിന്റെ നുറുങ്ങുവെട്ടം തേടിയുള്ളൊരു പുതുയാത്ര ഇവിടെ തുടങ്ങുന്നു.

രചന: സജിത അഭിലാഷ്

Leave a Reply

Your email address will not be published. Required fields are marked *