ശിക്ഷ, മാധവ് അവളുടെ മുടിയിൽ തലോടി അഴിഞ്ഞു കിടന്ന ഇഴകളോരോന്നായി പിരിച്ചു കെട്ടാനൊരുങ്ങി…

Uncategorized

രചന: ലച്ചൂട്ടി ലച്ചു

“അവളെന്താണ് അമ്മേ താഴേയ്ക്ക് ഇറങ്ങി വരാത്തത് … ?” മുൻപിൽ വച്ച പാത്രത്തിലേക്ക് അത്താഴം വിളമ്പുമ്പോഴും അമ്മയുടെ കണ്ണ് കോണിപ്പടി കയറി മുകളിലേയ്ക്ക് പോകുന്നത് മാധവ് ശ്രദ്ധിച്ചു …

മറുത്തൊന്നും പറയാതെ അവർ അടുത്ത കസേര വലിച്ചു നീക്കി അവനോടു ചേർന്നിരുന്നു… ” ഇല്ലാത്ത അവധിയെടുത്ത് ഒന്നോടി വരുന്നത് അവളെ കാണാനല്ലേ അമ്മേ…. വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു …. ഉമ്മറത്ത് കൊണ്ടു വച്ച ബാഗെടുക്കാൻ വെട്ടത്തോട്ട് വന്ന പെണ്ണാണ് അതിനു ശേഷം കണ്ണിനു നേരെ കണ്ടിട്ടില്ല… ” അയാളുടെ വാക്കുകളിൽ സ്ഫുരിക്കുന്ന ദുഃഖം കണ്ണുകളിൽ പ്രതിധ്വനിയ്ക്കുന്നുണ്ടായിരുന്നു… “എനിയ്ക്കറിയില്ല മധൂ … നിലം തൊടാതെ നടന്ന പെണ്ണാണ് …

പാതിരാ കഴിഞ്ഞാലും കാവിൽ നിന്നു കയറാത്തവളായിരുന്നു… അവൾ വിളക്ക് വച്ചിട്ടെത്ര ദിവസായി.. !! ഉസ്കൂളിലെയും ട്യൂഷൻ സെന്ററിലെയും പോക്ക് അവസാനിപ്പിച്ച മട്ടാണ് … നേരാം വണ്ണം ഒന്നു ഭക്ഷണം കഴിച്ചിരുന്നെങ്കിൽ കൂടി വേണ്ടിയിരുന്നില്ല …” വാക്കുകളോടൊപ്പം അവരുടെ കവിളുകളും നനഞ്ഞിരുന്നു… “ഇതൊക്കെ ഇപ്പോഴാണോ അമ്മ പറയുന്നത് …!!

രണ്ടു ദിവസവും അവൾ അടുത്ത് വരാഞ്ഞപ്പോൾ ഞാൻ കരുതിയത് അവൾക്ക് വയ്യായ്കയോ മാസമുറയോ വല്ലതും കാണുമെന്നു കരുതിയിട്ടാണ്… അവൾക്കായി കൊണ്ടുവന്നതിന് വേണ്ടി ബാഗ് തട്ടിക്കുടഞ്ഞൊന്നു നോക്കിയിട്ടില്ല … ഇത്ര ദിവസമായിട്ടും ഒരുമിച്ചിരുന്നു ആഹാരം കഴിച്ചിട്ടില്ല … അമ്മ ഒരു പാത്രത്തിൽ കൂടി വിളമ്പി വയ്ക്ക് … ഞാൻ മിഴിയെ കൊണ്ടു വരാം…”

ഈർപ്പം പറ്റിയ കൈപ്പത്തി തുടച്ചുകൊണ്ടു മാധവ് മുകളിലേക്ക് കയറി … “കൊച്ചേ…. !!” തോളിൽ കരമമർന്നതും മിഴി ഞെട്ടിപ്പിടഞ്ഞു കൊണ്ടു എഴുന്നേറ്റു … മാധവ് അവളെ ആകമാനം ഒന്നു നോക്കി കിടക്കയിൽ ഇരുന്നു… പതിയെ തന്റെ കയ്യിൽ തൊടാതെ തന്നെ തോളടർത്തി മാറ്റി അവൾ ജനൽ ചാരി നിൽക്കുന്നത് മാധവ് ശ്രദ്ധിച്ചു…

മുടി പകുതിയും ചെമ്പിച്ചിരിയ്ക്കുന്നു… കണ്ണിന്റെ തടങ്ങളിൽ കറുപ്പു കെട്ടിയിട്ടുണ്ട്… കൈമുട്ട് വരെയുള്ള പട്ടുടുപ്പിന്റെ പകുതിയും അയഞ്ഞു പോയിരിക്കുന്നു …. എല്ലുന്താറായ കവിളും കഴുത്തും … ” എന്തു കോലമാണ് കൊച്ചേ…!! നീ ശരിയ്ക്കൊന്നു കുളിച്ചിട്ടെത്ര നാളായി…? ഭക്ഷണം കൂടി കഴിയ്‌ക്കണില്ലെന്നു

അമ്മ പറഞ്ഞല്ലോ …” അവൾ കാൽനഖങ്ങളിലേക്ക് മുഖം താഴ്ത്തി… എന്തുപറ്റി ഏട്ടന്റെ മിഴികൊച്ചിന്….? എട്ടനറിയാം അമ്മയ്ക്ക് നിന്നെ വഴക്ക്പറയൽ അൽപ്പം കൂടുതലാണെന്ന്… അതിനാണോ ഈ നിരാഹാരം… അമ്മയ്ക്ക് നീ വലിയ പെണ്ണായിരിക്കും ഏട്ടനിപ്പോഴും നീയ് എന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്ന കൊച്ചു മിഴി പെണ്ണാണ് …

എന്തു പ്രശ്നമാണെങ്കിലും ഏട്ടനോട് തുറന്നു പറയടോ…” മാധവ് അവളുടെ മുടിയിൽ തലോടി അഴിഞ്ഞു കിടന്ന ഇഴകളോരോന്നായി പിരിച്ചു കെട്ടാനൊരുങ്ങി… തീപ്പൊള്ളലേറ്റ പോലെ അവൾ വെട്ടിത്തിരിഞ്ഞു മാറിയപ്പോൾ വെള്ളിടി വെട്ടിയത് അയാളുടെ നെഞ്ചിലായിരുന്നു … “എന്തുപറ്റിമോളെ… ?”

അയാൾ വേദനയോടെ ചോദിച്ചു… “പുറത്തു പോ……!!” അഴിഞ്ഞു പോയ കേശഭാരം പിന്നെയും മുഖത്തേയ്ക്കെടുത്തിട്ടു കൊണ്ട് അവൾ ഭ്രാന്തിയെപോലെ അലറി… “നിനക്കെന്താ മോളെ…??

താഴേയ്ക്ക് വാ നമുക്ക് ഒരുമിച്ച് ആഹാരം കഴിയ്ക്കാം…” വീണ്ടും സംയമനം പാലിച്ചു കൊണ്ടു മാധവ് മിഴിയ്ക്കരികിലേക്ക് നടന്നു … ടേബിളിനു മുകളിലിരുന്ന വെയ്സ് അയാളുടെ നെറ്റിമേൽ ഊക്കോടെ വീശിയടിച്ചതും അവളുടെ ബോധം മറഞ്ഞതും ഒരുമിച്ചായിരുന്നു ….

നിലവിളി കേട്ട് അമ്മ ഓടിയെത്തുന്നതിനു മുൻപേ മാധവ് അവളെ താങ്ങിയെടുത്തു ബെഡിൽ കിടത്തി … മുഖത്തു വെള്ളം തളിയ്ക്കുന്നതിനു മുൻപേ അവളുടെ പകുതി മുറിഞ്ഞു കരിഞ്ഞ ചുണ്ടുകളും കഴുത്തിനു കുറുകെ വരഞ്ഞു കിടന്ന ചുവന്ന പോറലുകളും അയാൾ ശ്രദ്ധിച്ചിരുന്നു… !! അമ്മ കാണാതിരിക്കാൻ അയാൾ വലിയൊരു ഷീറ്റെടുത്ത് അവളെ പുതപ്പിച്ചു … മുഖത്തു വെള്ളം തളിച്ചു ബോധം വീഴുമ്പോഴും അവളുടെ വലിഞ്ഞു മുറുകിയ മുഖഭാവത്തിനു മാറ്റം ഉണ്ടായിരുന്നില്ല……

മുറുകി പിടിച്ചിരുന്ന മാധവിന്റെ കൈകൾ അവൾ പേടിയോടെ അടർത്തിമാറ്റി അമ്മയിലേക്ക് ചൊതുങ്ങി… തന്റെ കൂടെ കിടക്കാൻ വാശി പിടിക്കുന്ന പെണ്ണാണ്….!! വായിൽ ഒരുരുള നൽകാതെ എന്നെ ഉണ്ണാൻ സമ്മതിയ്ക്കാത്തവളാണ്…!! മാധവ് മൗനത്തിലാണ്ടു……

” എത്ര നാളായി പറയുന്നു ഞാൻ ആ സർപ്പക്കാവ് ഒന്നു വൃത്തിയാക്കിയിടാൻ… ഇപ്പോൾ കണ്ടില്ലേ.. ദോഷം ആണ്… പോരാത്തതിന് കുട്ടിയ്ക്കിപ്പോ ദശ ശനിയും… അന്ന് കാവില് പോയതിനു ശേഷമാണ് ഇവൾക്ക് ആവിശ്യമില്ലാത്ത പേടിയും സ്വപ്നം കാണലും… നീയറിഞ്ഞാൽ വഴക്ക് പറയുമെന്ന് കരുതി പറയാതെ ഇവിടൊരു പൂജ നടത്തിയിരുന്നു ഞാൻ… അന്ന് മാത്രം അനങ്ങാതെ കിടന്നുറങ്ങി…

നീ താഴത്തു ഉറങ്ങുന്നോണ്ട് അറിയാത്തതാവും ഇന്നലെയും നിലവിളിച്ചു … എന്നെ തൊടാൻ സമ്മതിയ്ക്കില്ല്യ … ” കുറ്റം സമ്മതിയ്ക്കുന്ന കണക്കെ അമ്മയുടെ മുഖം താഴ്ന്നു… ” പേടി തട്ടിയിട്ടുണ്ട് …!!

കഴിഞ്ഞ ദിവസവും അറിഞ്ഞു …ചിത്രകൂടത്തിനവിടെ ചുറ്റിവരിഞ്ഞുന്നു ഒന്ന്…” “പേടി തട്ടിയത് അവൾക്കല്ല …അമ്മയ്ക്കാണ്….!!” ഒന്നു ബലപ്പിച്ചു പറഞ്ഞു കൊണ്ട് അയാൾ ഉറങ്ങിത്തുടങ്ങിയ മിഴിയ്ക്കു മേലെ വിരൽ വച്ചു….. “എനിയ്ക്ക് നീറുന്നുണ്ട് ഏട്ടാ…”

ഷവറിന് താഴെ നിന്നു തണുത്ത വെള്ളം ദേഹത്തേൽക്കുമ്പോഴൊക്കെയും അവൾ പുളഞ്ഞു നിലവിളിച്ചു… ഒന്നുമറിഞ്ഞുകൂടാത്ത അഞ്ചുവയസ്സുകാരിയെപോലെ അവൾ ഇരുന്നുകൊടുത്തപ്പോൾ പിൻ കഴുത്തിലും കാലിലും തിണർത്തു കിടന്ന പാടുകൾ കണ്ടു മാധവിന്റെ ഉള്ളം നീറി… “എത്ര ദിവസായി വെള്ളം കണ്ടിട്ട് നീയ് ….??” കൃത്രിമമായി വരുത്തിയ ചിരിയോടെ അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി.. “മോൾക്ക് സ്കൂളില്ലേ നാളെ…

ഹയർ സെക്കന്ഡറിയാണ്… നന്നായി പഠിച്ചു മാർക്ക് വാങ്ങിയാലേ ഏട്ടൻ എൻട്രൻസിന് വിടുള്ളൂ…. നമുക്ക് ഡോക്ടർ ആവണ്ടേ…” അവൾ നിഷേധത്തോടെ തലയാട്ടി… “പിന്നെ…..??” അയാൾ ആന്തലോടെ ചോദിച്ചു

“എനിയ്ക്കവന്മാരെ കൊന്നാൽ മതി ഏട്ടാ….!!” ഒരേ സമയം ജ്വലിയ്ക്കുകയും നിറയുകയും ചെയ്യുന്ന അവളുടെ മിഴികളിൽ നിന്ന് പുറത്തേക്ക് വന്ന ലാവയുടെ ചൂട് അയാളെ വേവിലാഴ്ത്തി … സ്ക്കൂളിലേക്കുള്ള ഗേറ്റ് കടക്കുമ്പോഴും അവൾ ഭയത്തോടെ ചുറ്റും ആരെയൊക്കെയോ തിരക്കുന്നത് മാധവ് ശ്രദ്ധിച്ചിരുന്നു…..

മതിൽകെട്ടിന് ചുറ്റുമിരുന്നു ഒരുകൂട്ടം ആണ്കുട്ടികൾ ഗേറ്റ് കടന്നു പോകുന്ന പെണ്കുട്ടികളെ നോക്കി പറഞ്ഞു ചിരിയ്ക്കുന്നുണ്ട്… മിഴിയെ ക്ലാസ്സിലേക്ക് കൊണ്ടു വിട്ട് വരുമ്പോഴും അവന്മാർ സഭ്യമല്ലാത്ത ഭാഷയിൽ എന്തൊക്കെയോ അനാവിശ്യങ്ങൾ ഒരു പെണ്കുട്ടിയുടെ നേർക്ക് നോക്കി പറയുമ്പോഴേയ്ക്കും മാധവ് ഇടപെട്ടിരുന്നു … ഒട്ടൊരു മൽപ്പിടുത്തിലൂടെ അവന്മാരെ ഓടിയ്ക്കുമ്പോഴും ചില കണ്ണുകൾ മാധവിനെ തീക്ഷ്ണമായി നോക്കുന്നുണ്ടായിരുന്നു…

“പറഞ്ഞാൽ കേൾക്കില്ല സാറേ…!! സ്കൂളിന്ന് സസ്പെൻഷൻ കൊടുത്തു പറഞ്ഞു വിട്ടാലും കയറി വരും… നല്ല കുടുംബത്തിൽ പിറക്കാത്ത കുറെ ജാതികൾ…” അവന്മാരോടുള്ള അമർഷവും മാധവിനോടുള്ള ബഹുമാനവും കലർന്ന സ്വരത്തിൽ ഒരു മധ്യവയസ്കൻ സെക്യൂരിറ്റി യൂണിഫോമിൽ വന്നു നിന്നു…. മാധവ് പുഞ്ചിരിച്ചു… ” എക്സ്‌മിലിട്ടറിയാ സാറേ … പറഞ്ഞിട്ടെന്താ വിരമിച്ചതിൽ പിന്നെ വയറ്റിൽപിഴപ്പിന് വേണ്ടി ഈ വടിയും കുത്തി ഇവിടെ ഇരിയ്ക്കണം…” ‘സ്കൂളിൽ ഒരു സെക്യൂരിറ്റിയെ ഉള്ളോ..?” മാധവ് ആരാഞ്ഞു… “ഞാൻ അടുത്ത ട്യൂഷൻ സെന്ററിലെ സെക്യൂരിറ്റിയാ സാറേ… ഇവിടെ ഒരു സ്കൂളിലെ കുട്ടികൾ മാത്രമല്ലേയുള്ളൂ…

ചുറ്റുവട്ടത്തുള്ള എല്ലാ സ്കൂൾ കുട്ട്യോളും അവിടെ സെന്ററിൽ വരുമ്പോൾ ഇവിടുത്തേക്കാൾ സെക്യൂരിറ്റി അവിടെ വേണ്ടായോ…. പാവപ്പെട്ട പെങ്കൊച്ചുങ്ങൾക്ക് ഇതുവഴി നടക്കാനുള്ളതല്ലയോ… രണ്ടു പെണ്കുട്യോൾ ആണേ എനിയ്ക്കും… ” അയാൾ നെഞ്ചു തിരുമ്മി വിഷമത്തോടെ പറഞ്ഞു… “രാത്രിയെന്നില്ലാതെ കാവൽ നിന്നെ പറ്റുള്ളൂ…

പത്തിലെയും പന്ത്രണ്ടിലെയും കുട്ടികൾക്ക് നൈറ്റ് ക്ലാസ്സ് വച്ചിട്ടുണ്ടല്ലോ…… നിന്നെ പറ്റതുള്ളു സാറേ …അല്ലെങ്കിൽ..” അയാൾ എന്തോ ഓർത്ത പോലെ വിറച്ചു … “അല്ലെങ്കിൽ …??” മാധവ് ചോദ്യം എടുത്തു ചോദിച്ചു… ഒട്ടൊരു വിമ്മിഷ്ടത്തോടെ അയാൾ തുടർന്നു “ആരോടും പറയണ്ട സാറേ.. രണ്ടു ദിവസം മുൻപേ ഇവമാരുടെ കൂട്ടത്തിലുള്ള മൂന്ന് പയ്യന്മാർ ഒരു പെങ്കൊച്ചിനെ …. ഞാൻ എങ്ങനെയാ പറയേണ്ടേ…

ഞാൻ ഓടിച്ചെല്ലുമ്പോഴേക്കും അതിനെ പാതിജീവനിട്ടു വിട്ടിട്ടു പോയിരുന്നു … ഞാൻ നിലവിളിച്ചപ്പോഴാ ട്യൂഷൻ സെന്ററിലെ സർമാർ ഓടിവന്നത് …വെള്ളം കൊടുത്തു അതിനെ ഹോസ്പിറ്റലിലാക്കി നേരെയാക്കി എടുത്തപ്പോഴേക്കും ആ കൊച്ചു കരഞ്ഞു കാലു പിടിച്ചിരുന്നു ആരോടും പറയാതിരിക്കാൻ …

അതിനു ശേഷം ആ കുട്ടിയെ കണ്ടിട്ടില്ല…” ഹൃദയത്തിൽ വലിയൊരു മുറിപ്പാട് വീശി ആരോ ചാട്ടുളിയെറിഞ്ഞത് പോലെ തോന്നി മാധവിന്… തന്നെ ഉന്നം വച്ച കണ്ണുകളെ അയാൾ പിന്നെയും മനസാൽ തിരഞ്ഞു നോക്കി … പോകെപ്പോകെ കഴിഞ്ഞതൊക്കെ ദുഃസ്വപ്നം പോലെ മറന്നു കളയാൻ പഠപുസ്തകങ്ങളോടൊപ്പം മാധവും അവളെ പഠിപ്പിച്ചു…

ചെറിയ ചിരിയോടെ എന്നും സ്കൂളിലേക്ക് പോകുമ്പോഴും വൈകുന്നേരം അതു പോലും വറ്റിയ വരണ്ട മുഖവുമായി അവൾ കയറി വരുന്നത് അയാൾ വേദനയോടെ നോക്കി നിന്നു.. ഒരുക്കിവച്ച ആയുധങ്ങൾ മിനുക്കിയെടുക്കുവാനുള്ള മാധവിന്റെ ശ്രമങ്ങളെ അയാൾ ഒരു മുറിയ്ക്കുള്ളിൽ ബന്ധിച്ചു…. മുടങ്ങിയ ജോലി മകനും പഠനം മകളും പുനരാരരംഭിച്ച സമാധാനത്തിൽ അമ്മയുറങ്ങുമ്പോൾ ഏട്ടൻ തന്റെ അനുജത്തി യ്ക്കായി മനസ്സും ശരീരവും ഒരുപോലെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു … “മോളുടെ സ്കൂളിലെയായിരുന്നു ….

എന്തായിപ്പോൾ സംഭവിച്ചതെന്നറിയില്ലല്ലോ എന്റെ നാഗരെ…രാത്രി നടുവഴിയിലിട്ടു വെട്ടി തുണ്ടമാക്കിയെന്നാണ്… ഏതു ദുഷ്ടമനസ്സുകൾക്കണോ ഇങ്ങനെ ചെയ്യാൻ തോന്നിയത്…” രാവിലെ ദിനപത്രവും എടുത്ത് അമ്മ മാധവിനെ നോക്കി ആവലാതിപ്പെടുമ്പോൾ അറിയാതെ മിഴിയുടെ ചുണ്ടിൽ വിരിഞ്ഞ ഗൂഢ സ്മിതം മാധവിന്റെ നെഞ്ചു നിറച്ചു… ” ഞങ്ങൾ കണ്ടതാണ് സാർ…

അയാളും രണ്ടു പേരും കൂടി ചേർന്നു മിഴിയെ…. !! അവളെ രക്ഷിക്കാനായി ഇരുമ്പു വടി കൊണ്ട് അടിച്ചപ്പോഴായിരുന്നു കള്ളപ്പേരിൽ ഞങ്ങൾക്ക് എതിരെ പരാതി നൽകി സസ്പെന്ഷൻ കിട്ടിയത് … ” തന്റെ കൈക്കുള്ളിൽ നിന്നു പിടഞ്ഞു കരഞ്ഞ ആ ചെറുപ്പക്കാരുടെ വാക്കുകൾ വീണ്ടും അയാളിൽ ഓർമ്മയുടെ അഗ്നി നിറച്ചു ….

” എനിയ്ക്ക് രണ്ടു പെണ്മക്കളാ സാറേ ….” വീണ്ടും ആ വാചകം ദണ്ഡ് കണക്കെ അവന്റെ ശിരസ്സിൽ വന്നിടിച്ചു… ” നിനക്ക് രണ്ടു പെണ്മക്കളാകാം… എനിയ്ക്ക് ഒരേയൊരു പെങ്ങളാണ് അവളാണെന്റെ മകളും…!! എന്റെ കൂടെ കിടക്കാൻ വാശി പിടിച്ചു കരയുന്ന അവൾ ഇന്ന് എന്റെ നോട്ടത്തെ പോലും ഭയക്കുന്നെങ്കിൽ അവൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം എനിക്ക് … എല്ലാ പുരുഷന്മാരും ഒന്നല്ലെന്ന് … നിന്നെപോലുള്ള നപുംസകങ്ങളും ഈ വർഗ്ഗത്തിൽ ഉണ്ടെന്നു…!!

കാത്തുസൂക്ഷിക്കേണ്ട കൈ അരുത്താത്തതിനിടയായാൽ ആ കയ്യിങ്ങെടുക്കണം …അതാണ് നിയമം …!!” അറക്കവാൾ കൊണ്ടു ആ ശരീരങ്ങളിൽ ഓരോ മുറിവുകൾ വർജ്ജിക്കുമ്പോഴും മിഴിയുടെ ദേഹത്തെ തിണർത്ത പാടുകളോർത്ത് മാധവ് പൊട്ടിക്കരഞ്ഞിരുന്നു… “ഇരട്ടിയായി തിരിച്ചു കൊടുത്തല്ലേ …?”

തോളിൽ പതിഞ്ഞ മുഖം ഉയർന്നപ്പോൾ മാധവ് സ്തബ്ധനായി നിന്നു പോയി… ” അമ്മയാണെടാ ഞാൻ …നിങ്ങളെന്റെ മക്കളും…!! സർപ്പ ദോഷം മൂടുപടമാക്കി ഞാൻ നടന്നത് എന്റെ മോൾ തകരാതിരിക്കാൻ ആയിരുന്നെടാ…” പൊട്ടിക്കരഞ്ഞു കൊണ്ടു നെഞ്ചിലൊട്ടിയ അമ്മയുടെ പുറത്തു തട്ടി മാധവ് മെല്ലെ പറയുന്നുണ്ടായിരുന്നു…. ” മനുഷ്യരോളം വിഷം സർപ്പങ്ങൾക്കില്ലമ്മേ…!!

അവളുടെ ദോഷം തീർന്നിരിക്കുന്നു … ഈ എട്ടനുള്ളിടത്തോളം അവൾക്കിനിയൊരു ദംശനമേൽക്കില്ല…..!!!”

രചന: ലച്ചൂട്ടി ലച്ചു

Leave a Reply

Your email address will not be published. Required fields are marked *