അവൾക്കു പരിഭവങ്ങൾ ഏതുമിലായിരുന്നു…

Uncategorized

രചന; Susmitha Subramanian

ഇതിഹാസം മറക്കുന്നവർ

” അമ്മേടെതായിട് എന്തെങ്കിലും ഉണ്ടെങ്കിൽ , അത് ഞാൻ നശിപ്പിച്ചാൽ ഇങ്ങനെ കിടന്നു ഉച്ചവെച്ചാൽ മതി. ”

ഇത് കേട്ടതോടു കൂടി അത്രയും നേരം അച്ഛന്റെ കണ്ണട പൊട്ടിച്ചതിനു എന്നെ വഴക്കുപറഞ്ഞുകൊണ്ടിരുന്ന അമ്മ പെട്ടെന്ന് നിശബ്ദയായി തിരിഞ്ഞു നടന്നു. അബദ്ധത്തിൽ കൈയിൽ നിന്ന് വീണു പൊട്ടിയതിനാണ് അമ്മ ഇത്രയും നേരം വഴക്കുണ്ടാക്കിയത് . പുതിയതൊരെണ്ണം വാങ്ങിച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളൂ . അമ്മ മിണ്ടാതെ പോകുന്നത് കണ്ടപ്പോൾ എനിക്ക് നല്ല വിഷമം തോന്നി. എങ്കിലും അമ്മയോട് പോയി ക്ഷമ ചോദിക്കാനുള്ള താഴ്മ എനിക്ക് തോന്നിയില്ല .

” കുഞ്ഞാ , നിയിങ്ങോട്ടൊന്നു വന്നേ . ” അച്ഛമ്മയാണ്.

” മോനെ , ഞാൻ ഒരു കഥപറഞ്ഞു തരട്ടെ ? ” കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അച്ഛമ്മ ചോദിച്ചു .

‘ എന്ത് കഥയാ ഇപ്പൊ ‘ എന്ന് മനസിലേയ്ക് വന്നെങ്കിലും ഞാൻ ഒന്നും മിണ്ടാതെ അച്ഛമ്മയുടെ അടുത്തുപോയി ഇരുന്നു .

” നിനക്കു ഊർമിളയെ അറിയില്ലേ ? രാമായണത്തിലെ ? ”

” ആം , ലക്ഷ്മണന്റെ ഭാര്യയല്ലേ . ” ഞാൻ അലസമായി പറഞ്ഞു .

” അതിലും കൂടുതലായി എന്തറിയാം ? ”

എന്റെ മൗനം കൊണ്ടാകണം അച്ഛമ്മ തന്നെ പറഞ്ഞു തുടങ്ങിയത് .

” ജനക മഹാരാജാവിന് സ്വന്തം ര ക്തത്തിൽ ജനിച്ച ഒരേയൊരു പുത്രി , മിഥിലയുടെ യഥാർത്ഥ അവകാശി , ജാനകിയെന്നും മൈഥിലിയെന്നും വിളിക്കപെടേണ്ടി ഇരുന്നവൾ , പക്ഷെ ഈ വിശേഷങ്ങളൊക്കെ സീതയ്ക്കാണ് കിട്ടിയത് . എവിടെയും നിഴലായി മാറേണ്ടി വന്നവളാണ് ഊർമിള. എന്നിട്ടും അവൾക്കു പരിഭവങ്ങൾ ഏതുമിലായിരുന്നു.”

അച്ഛമ്മ കഥപറഞ്ഞു തുടങ്ങിയാൽ ഞാൻ വർഷങ്ങൾ പുറകോട്ടു പോകും , പഴയ കുഞ്ഞനാകും . കഥകൾ ഒക്കെ കേൾക്കാൻ ഇഷ്ടമുള്ള സന്ധ്യകഴിഞ്ഞു അച്ചമ്മേടെ അടുത്തുന്ന മാറാത്ത കുഞ്ഞൻ .

” കുഞ്ഞാ , വനവാസത്തിനു പോകാൻ ഇറങ്ങിയപ്പോൾ ലക്ഷ്മണനോട് ‘ഞാൻ കൂടി വരട്ടെ’ എന്ന് ചോദിച്ചപ്പോൾ കർത്തവ്യ നിർവഹണത്തിന് ഭംഗം വരുമെന്ന് പറഞ്ഞു അവൾ അവിടെയും തഴയപ്പെട്ടു . സീതയുടെ ആവശ്യം അംഗീകരിക്കപ്പെട്ടപ്പോൾ സ്വന്തം ഭർത്താവിനാൽ പോലും മനസിലാക്കപ്പെടാതെ പോയി ഊർമിളയെ .. നിനക്കറിയുമോ , നിന്റെ വല്യച്ഛൻ ഗൾഫിലേയ്ക് പോയപ്പോൾ വല്യമ്മയെയും കൂടെ കൂട്ടി . എന്നാൽ നിന്റെ അച്ഛന് സ്ഥലം മാറ്റം കിട്ടി പോയപ്പോൾ നിന്റെയും എന്റെയും പേര് പറഞ്ഞു നിന്റമ്മയെ കൂടെ കൂട്ടിയില്ല . ഞാൻ പറഞ്ഞതാണ് എനിക്ക് കുഴപ്പമില്ല അവളെയും കൂടെ കൂട്ടാൻ. പക്ഷെ അവനതു കേട്ടില്ല . അന്ന് നിന്റെ അമ്മയിൽ ഞാൻ ഊര്മിളയെ ആണ് കണ്ടത് . ”

” നീ പലപ്പോഴും വല്യച്ചനും വല്യമ്മയും അച്ഛനുമൊക്കെ ഈ വീട്ടിൽ ചെയ്ത കാര്യങ്ങളെ കുറിച്ച് അഭിമാനത്തോടെ പറയുമ്പോൾ നിന്റെ അമ്മ അവർക്കൊക്കെ വേണ്ടി ത്യജിച്ചത് എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ ? സീതയുടെ പതിവ്രതവും പതീസ്നേഹവും വാഴ്ത്തിയർ പോലും, ചിത്രകാരിയായ ജഞാനിയായ പതി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച ഊർമിളയെ മറന്നു. ഉറക്കം കൂടി വേണ്ടെന്നു വച്ച് ജേഷ്ഠന് കാവൽ നിന്നപ്പോൾ നിദ്രാദേവിയുടെ അഭ്യർത്ഥന മാനിച്ചു ലക്ഷ്മണന്റെ ഉറക്കം കൂടി ഊർമിള ഉറങ്ങി തീർത്തെന്നും , ഉറക്കത്തെ ജയിച്ചതുകൊണ്ടാണ് ലക്ഷ്മണന് മേഘനാഥനെ വധിക്കാൻ സാധിച്ചതെന്നും കഥയുണ്ട്. നിന്റെ അച്ഛന് വേണ്ടി അമ്മയും പലതും സഹിച്ചിട്ടുണ്ട് . നിനക്കും അതൊക്കെ അറിവുള്ളതാണല്ലോ. ”

“സീത സ്വയം അന്തർദ്ധാനം ചെയ്തപ്പോൾ ലവകുശന്മാർക്ക് ഊർമിള അമ്മയായതു പോലെ നിന്റെ വല്യമ്മയുടെ തിരക്കുകളിൽ കുട്ടുവിനെയും ചക്കിയെയും നോക്കിയതും നിന്റെ അമ്മയാണ് . ”

” കുഞ്ഞാ എനിക്ക് നിന്റെ അമ്മയെ കാണുമ്പോൾ ഊർമിളയെ ആണ് ഓര്മവരുന്നത് . മറ്റുള്ളവർക്ക് വേണ്ടി പരാതികൾ ഇല്ലാതെ ജീവിച്ചവൾ. അത് വ്യക്തിത്വം ഇല്ലാത്തതു കൊണ്ടല്ല . അവൾ സഹിച്ചില്ലായിരുന്നെങ്കിൽ താളം തെറ്റുന്ന കുടുംബമായിരുന്നു ഇത് . അവൾ സ്വയം സമ്പാദിച്ചില്ല ശെരി തന്നെ, പക്ഷെ അവൾ കാരണമാണ് പലർക്കും പലതും നേടാനായത് . നിയിപ്പോൾ കുറെയായി അമ്മയെ പലകാര്യങ്ങൾക്കും കുറ്റപ്പെടുത്തുന്നത്. ജോലി കിട്ടി, സ്വയം സമ്പാദിച്ചു തുടങ്ങിയതിന്റെ അഹങ്കാരത്തിൽ ആണ് പലതും പറയുന്നതെങ്കിൽ വേണ്ട. രാമായണം ഊർമിളയ്ക്കു നീതി കൊടുത്തില്ലെങ്കിലും ഈ വീട്ടിൽ ഞാനുള്ള കാലത്തോളമെങ്കിലും നിന്റെ അമ്മയ്ക്ക് നീതി കിട്ടണം . അതൊരു ചെറിയ കാര്യത്തിനാണെങ്കിൽ പോലും . എനിക്കെന്റെ സ്വന്തം മക്കളെക്കാൾ പ്രിയം അവളോടാണ് . അവളെനിക് മകൾ തന്നെയാണ് നീ അവളെ വാക്കുകൾ കൊണ്ട് നോവിക്കരുതിനി . ”

അച്ഛമ്മയ്ക്കു വാക്കുകൊടുത് , അവിടുന്നെഴുനേറ്റു അമ്മയുടെ അടുത്തേയ്ക്കു പോകാൻ തുടങ്ങിയപ്പോൾ അച്ഛമ്മ ഒന്നുകൂടി പറഞ്ഞു ” ആ കണ്ണട നിന്റച്ഛന് അവന്റെ ആത്മാർത്ഥ സുഹൃത്ത് മാധവൻ കൊടുത്തതാണ് , അതാണ് അവൾ നിന്നെ അത്രയും വഴക്കു പറഞ്ഞത് . കാശ്കൊണ്ട് തിരിച്ചു പിടിക്കാൻ പറ്റാത്തത് പലതുമുണ്ട്.”

മാധവൻ അങ്കിൾ കഴിഞ്ഞ മാസം മരിച്ചു പോയി . അച്ഛനും അങ്കിളും തമ്മിലുണ്ടായിരുന്ന ആത്മബന്ധം എനിക്കും അറിവുള്ളതാണല്ലോ .

ഞാൻ അമ്മയുടെ അടുത്ത് പോയി അമ്മയെ കെട്ടിപിടിച്ചു , ക്ഷമ ചോദിച്ചു . ‘ സാരില്ലെടാ , എനിക്ക് വിഷമമൊന്നും ആയില്ല ‘ അമ്മ എന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു . അപ്പോൾ ഞാൻ കേട്ട കഥകളിലെ ഊർമിളയുടെ കഥാപാത്രത്തിന് അമ്മയുടെ മുഖം തെളിഞ്ഞു വരുന്നത് എനിക്ക് അറിയാൻ സാധിച്ചു .

അല്ലെങ്കിലും എല്ലാ വീട്ടിലും സീതയുണ്ടായില്ലെങ്കിലും ഊർമിളമാർ ഉണ്ടാകുമെന്ന് ഞാൻ ഓർത്തു . ആരാലും പരിഗണിക്കപ്പെടാതെ പോകുന്ന, എന്നാൽ അവളില്ലെങ്കിൽ പൂർണമാവാത്ത, അഭാവത്തിൽ മാത്രം ഇങ്ങനൊരാൾ ഉണ്ടായിരുന്നില്ലെങ്കിൽ എന്ന് ചിന്തിപ്പിക്കുന്ന ഒരാൾ …

രചന; Susmitha Subramanian

Leave a Reply

Your email address will not be published. Required fields are marked *