ഞാൻ നിന്നോട് കുറച്ച് സീരിയസ്സായ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനായിട്ടാണ് വന്നത്…

Uncategorized

രചന: സജി തൈപ്പറമ്പ്

രാജൻ സാറേ … ഞാൻ കുറച്ച് നേരത്തെ ഇറങ്ങുവാണ് , അപ്പോൾ നാളേ കാണാം,

കമ്പ്യൂട്ടർ ,ഷഡ് ഓൺ ചെയ്ത് വച്ചിട്ട് ,സതീഷ് പോകാനായി എഴുന്നേറ്റു .

അല്ല സതീഷേ… നമുക്കൊരുമിച്ചിറങ്ങിയാൽ പോരെ? എന്താ ഇത്ര ധൃതി?

രാജൻ ജിജ്ഞാസയോടെ ചോദിച്ചു.

അതല്ല സർ ,എനിക്കൊരു, ഐ സ്പെഷ്യലിസ്റ്റിനെ കാണണം, എന്താന്നറിയില്ല, രണ്ട് ദിവസമായി , കണ്ണിനൊരു മങ്ങല്

ഓഹ്, അത് ഈ കമ്പ്യൂട്ടറിൻ്റെ മുന്നിൽ കുത്തിപ്പിടിച്ചിരിക്കുന്നത് കൊണ്ടായിരിക്കും, എന്നാലുമൊന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്, അപ്പോൾ ശരി, പോയിട്ട് വാ …

ഏഎസ് ഐ ആയ രാജൻതമ്പിയോട് യാത്ര പറഞ്ഞ് ,സതീഷ് DySP ഓഫീസിൻ്റെ പടിക്കെട്ടുകളിറങ്ങി..

കമ്പ്യൂട്ടറിൽ ,ms office course പഠിച്ചിട്ടുള്ളത് കൊണ്ടാണ്, ആംഡ് ബെറ്റാലിയനിലെ കോൺസ്റ്റബിൾ സതീഷിനെ താല്കാലികമായി Dyspഒഫീസിലേക്ക് ഡ്യൂട്ടി അറേഞ്ചിൽ, കുറച്ച് ദിവസത്തേക്ക് മാറ്റി നിയമിച്ചത് . ###################

വീക്കെൻഡായത് കൊണ്ട്, ഡോക്ടറുടെ വീട്ടിൽ, സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.

കൺസൾട്ടിങ്ങ് റൂമിന് മുന്നിലെ, സ്റ്റൂളിന് മുകളിൽ മടക്കി വച്ചിരുന്ന ,നോട്ട് ബുക്ക് നിവർത്തി വച്ച് , അതിൽ ഇരുപത്തിമൂന്നാം നമ്പറായി തൻ്റെ പേരെഴുതിയിട്ട്, സതീഷ് ആകാംക്ഷയോടെ കാത്ത് നിന്നു.

നേരം വൈകുന്തോറും, വീട്ടിൽ അമ്മ തനിച്ചാണല്ലോ ?എന്ന ചിന്ത അയാളെ ആശങ്കപ്പെടുത്തി .

ഇന്ന് അമ്മയെയും കൂട്ടി രഥോത്സവത്തിന് പോകാമെന്ന് പറഞ്ഞിരുന്നു ,കഴിഞ്ഞ രഥോത്സവത്തിന്, ട്രെയിനിങ്ങിൻ്റെ ഭാഗമായി താൻ തിരുവനന്തപുരത്തായിരുന്നത് കൊണ്ട്, പോകാൻ കഴിഞ്ഞിരുന്നില്ല, അതിന് മുമ്പും രഥോത്സവങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അമ്മ പോകാൻ കൂട്ടാക്കിയിട്ടില്ല ,അതിനൊരു കാരണമുണ്ടായിരുന്നു , തന്നെ പഠിപ്പിച്ച് ഒരു സ്ഥിരവരുമാനമുള്ള ജോലിക്കാരനാക്കുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം,

പ്ളസ് റ്റു കഴിഞ്ഞപ്പോൾ, തനിക്കൊരു പോലീസുകാരൻ ആകണമെന്നാണ് ആഗ്രഹമെന്ന്, അമ്മയോട് താൻ പറഞ്ഞിരുന്നു ,

ആദ്യം അമ്മ എതിർത്തു , അത് മറ്റൊന്നുമല്ല , നിരപരാധിയായിരുന്ന തൻ്റെ അച്ഛനെ, ഒരു കൂട്ടം പോലീസുകാർ ചേർന്ന്, മൂന്നാം മുറയിലൂടെ, ലോക്കപ്പിലിട്ട് കൊന്ന് കളയുകയായിരുന്നു,

പക്ഷേ, എല്ലാവരും അങ്ങനെയല്ലെന്ന്, അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോൾ, അമ്മ പച്ചക്കൊടി കാണിച്ചു.

അതോടെ തൻ്റെ ആഗ്രഹ പൂർത്തീകരണത്തിനായി, അമ്മ കൂടുതൽ ജോലികൾ ചെയ്യാൻ തുടങ്ങി.

നിലവിലുള്ള തുന്നൽ പണികൾക്കൊപ്പം, ടൗണിലെ കടകളിൽ നിന്നും ബൽക്കായിട്ട് ,ഓർഡർ പിടിച്ച് നൈറ്റികളും‌ മറ്റും തുന്നിക്കൊടുക്കാമെന്നേറ്റു.

രാവും പകലുമുള്ള അമ്മയുടെ കഷ്ടപ്പാട് കണ്ട് ,എന്തെങ്കിലും പാർട്ട് ടൈം ജോബിനായി പോകാനൊരുങ്ങിയ തന്നെ, അമ്മ തടഞ്ഞു.

ഇപ്പോൾ എൻ്റെ മോൻ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതി ,നിന്നെ ഒരു ജോലിക്കാരനാക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോഴെനിക്കുണ്ട്,

അന്ന് തനിക്ക് ,അമ്മയുടെ നിലപാടിനൊപ്പം നില്ക്കേണ്ടി വന്നു.

പക്ഷേ, തൻ്റെ പാസ്സിങ്ങ് ഔട്ട് നടക്കുന്ന ദിവസം ,വരെ മാത്രമേ , അമ്മയെ ജോലി ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നും അതിന് ശേഷം അമ്മ, പൂർണ്ണ വിശ്രമത്തിലായിരിക്കണമെന്നും ,താനന്ന് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.

സതീഷ് ,പാലക്കാട് …

കൺസൾട്ടിങ്ങ് റൂമിലെ പുറംചുമരിൽ ഉറപ്പിച്ചിരുന്ന, ചെറിയ സ്പീക്കറിലൂടെ തൻ്റെ പേര് വിളിക്കുന്നത് കേട്ടാണ് , സതീഷ്,ചിന്തകളിൽ നിന്നുണർന്നത്.

അടഞ്ഞ് കിടന്ന വാതില് തള്ളിത്തുറന്ന്, സതീഷ് വേഗം ഡോക്ടറുടെ മുറിയിലേക്ക് കയറി .

ഇരിക്കു ,എന്ത് പറ്റി?

തൻ്റെ തൊട്ട് മുന്നിലെ കസേരയിലേക്ക് ചൂണ്ടിയിട്ട് ഡോക്ടർ സതീഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഡോക്ടർ ..,രണ്ട് ദിവസങ്ങളായി, കണ്ണിന് ചെറിയ മങ്ങല് പോലെ തോന്നുന്നു,

ഓഹോ, എന്താ തൻ്റെ പേര് ?എത്ര വയസ്സുണ്ട്?

പേര് സതീഷ് ,എനിക്ക് ഇരുപത്തിയൊന്ന് വയസ്സുണ്ട്,

ഡോക്ടർ, മേശപ്പുറത്തിരുന്ന ലെറ്റർപാഡിലേക്ക് സതീഷിൻ്റെ പേരും വയസ്സും കുറിച്ചിട്ടു

പിന്നെ രണ്ട് കണ്ണുകളും ടെസ്റ്റ് ചെയ്തു

പ്രത്യേകിച്ചൊന്നും കാണുന്നില്ല ,ഒരു കാര്യം ചെയ്യാം തത്ക്കാലം ,ഞാനൊരു തുള്ളിമരുന്ന് എഴുതി തരാം ,രണ്ട് ദിവസം ഓരോ തുള്ളി വച്ച് രണ്ട് കണ്ണുകളിലുമൊഴിക്കണം, എന്നിട്ട് വരുമ്പോൾ ബ്ളഡ് കൂടി ഒന്ന് ടെസ്റ്റ് ചെയ്തിട്ട് വേണം വരാൻ,

ഡോക്ടറെഴുതിയ പ്രിസ്ക്രിപ്ഷനും വാങ്ങി പുറത്തിറങ്ങുമ്പോൾ ഇരുള് വീണ് തുടങ്ങിയിരുന്നു.

################

നല്ല പുകച്ചിലുണ്ടോ കണ്ണാ ….?

തൻ്റെ മടിയിൽ തല വച്ച് കിടക്കുന്ന സ്തീഷിൻ്റെ കണ്ണുകളിൽ തുള്ളിമരുന്നൊഴിച്ചിട്ട്, ശ്രീദേവി ചോദിച്ചു.

ഉം ചെറുതായിട്ട്,

ങ്ഹാ സാരമില്ല ,എന്തായാലും നാളെ കഴിഞ്ഞ് ബ്ളഡ് ടെസ്റ്റ് ചെയ്തിട്ട് കൊണ്ട് കാണിക്ക്

ഉം ശരിയമ്മേ…

##############

ലാബിൽ നിന്നും റിസൾട്ട് വാങ്ങി ഡോക്ടറുടെ വീടിന് മുന്നിലെത്തിയപ്പോൾ സതീഷിന് ആശ്വാസമായി

ഭാഗ്യം, ഇന്ന് തീരെ തിരക്കില്ല

തനിക്ക് മുമ്പേ ഡോക്ടറുടെ മുറിയിൽ കയറിയിരുന്നയാൾ, തിരിച്ചിറങ്ങി വന്നപ്പോൾ, സതീഷ് അകത്തേയ്ക്ക് കയറി,

ഉം … ഞാൻ സംശയിച്ചത് ശരിയായിരുന്നു, കിഡ്നിയുടെ ഫങ്ഷൻ അപ്നോർമലാണ്, ഒരു കാര്യം ചെയ്യാം, ഒരു നെഫ്റോളജി ഡോക്ടർക്ക് ഞാൻ തന്നെ റഫറ് ചെയ്യാം ,ഈ റിസൾട്ടുമായി താൻ അയാളെ പോയൊന്ന് കാണ്,

സതീഷ് കാണിച്ച റിസൾട്ട് വാങ്ങി നോക്കിയിട്ട്, ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു.

ഡോക്ടറുടെ, റഫറിങ്ങ് ലെറ്ററുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ സതീഷിൻ്റെ മനസ്സിൽ, ആശങ്കയുടെ ഇരുള് പടർന്ന് തുടങ്ങിയിരുന്നു.

####################

മറിയാമ്മ സാറേ … സതീഷിൻ്റെ കാര്യം കുറച്ച് പരുങ്ങലിലാണല്ലോ ? ഒരു കിഡ്നിയെങ്കിലും മാറ്റിവച്ചേ പറ്റുവെന്നാണ് ഡോക്ടർ പറഞ്ഞത് ,കഷ്ടം അവൻ്റെ അമ്മയുടെ കരച്ചില് കണ്ട് നില്ക്കാൻ വയ്യ

സതീഷിനെ കാണാൻ പോയിട്ട് തിരിച്ച് സ്റ്റേഷനിലെത്തിയ , വനിതാ കോൺസ്റ്റബിൾ, ശ്രീരഞ്ജിനിയാണ് ,ഹെഡ് കോൺസ്റ്റബിളായ മറിയാമ്മയോടത് പറഞ്ഞത്.

കാര്യങ്ങളൊക്കെ ഞാനറിഞ്ഞടോ… , അമ്മ, വൃക്ക കൊടുക്കാമെന്ന് പറഞ്ഞിട്ട് ,അവൻ സമ്മതിക്കുന്നില്ലന്ന് ,ഇത്രയും നാളും അവന് വേണ്ടി കഷ്ടപ്പെട്ട അമ്മയെ, ഇനിയെങ്കിലും പൂർണ്ണാരോഗ്യത്തോടെയും ദീർഘായുസ്സോടെയും എന്നും കാണണമെന്നാണ് ,അവൻ്റെ ആഗ്രഹമെന്ന് ,പ്രായമായ അമ്മയുടെ ഒരു കിഡ്നി എടുത്താൽ, പിന്നീടുള്ള അവരുടെ ആരോഗ്യത്തെ കുറിച്ചും, ആയുസ്സിനെക്കുറിച്ചും അവന് ആശങ്കയുണ്ടത്രേ,

ഈശ്വരാ .. പിന്നെ എന്ത് ചെയ്യും? വേറെ ആരെങ്കിലും അതിന് തയ്യാറായി വരുമോ?

ആഹ്, അങ്ങനെ ആരെങ്കിലും വരുന്നത് വരെ ,ഡയാലിസിസ് തുടരാമെന്നാണ് അവൻ്റെ തീരുമാനം

എന്നാലും, ആ ചേച്ചീടെ വല്ലാത്തൊരു വിധിയായി പോയി ,പ്രായമേറെ ചെന്നിട്ടാണ് അവരുടെ വിവാഹം തന്നെ നടന്നത് ,സതീഷിനെ പ്രസവിക്കുമ്പോൾ അവർക്ക് മുപ്പത്തിയൊൻപത് വയസ്സുണ്ടായിരുന്നെന്ന് , അമ്മയുടെ ഷഷ്ടിപൂർത്തി നമ്മളെയെല്ലാവരെയും വിളിച്ചാഘോഷിക്കണമെന്ന്, അമ്മയോട് എപ്പോഴും പറയുമായിരുന്നത്രെ

നമുക്ക് പ്രാർത്ഥിക്കാം ,അല്ലാതെന്ത് ചെയ്യാൻ പറ്റും

#################

ദിവസങ്ങൾക്ക് ശേഷം ,സതീഷിനെ കാണാൻ രാജൻ തമ്പി , അയാളുടെ വീട്ടിലെത്തി .

സാറിന് ഞാൻ, കുടിക്കാനെന്തേലും എടുത്തിട്ട് വരാം,

ശ്രീദേവി ,ബഹുമാനത്തോടെ രാജൻതമ്പിയോട് പറഞ്ഞു .

എനിക്ക് കുറച്ച് കട്ടൻ കാപ്പി മതി ,മധുരം തീരെ വേണ്ട

അത് കേട്ട് തല കുലുക്കിക്കൊണ്ട് ശ്രീദേവി അടുക്കളയിലേക്ക് പോയി.

സതീഷേ … ഞാൻ നിന്നോട് കുറച്ച് സീരിയസ്സായ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനായിട്ടാണ് വന്നത് ,അമ്മയത് കേൾക്കേണ്ടെന്ന് കരുതിയാണ് ചായ എടുക്കാൻ ഞാൻ സമ്മതിച്ചത് ,

എന്താണ് സർ ,എന്താണെങ്കിലും പറഞ്ഞ് കൊള്ളു

വർഷങ്ങൾക്ക് മുമ്പ് ,നിർഭാഗ്യവശാൽ നിൻ്റെ അച്ഛൻ, ടൗൺ സ്റ്റേഷനിൽ വച്ച് കൊല്ലപ്പെടുകയുണ്ടായി , അതിന് കാരണക്കാരായ പോലീസുകാരെയൊക്കെ കോടതി ശിക്ഷിക്കുകയും ചെയ്തു ,സത്യത്തിൽ നിൻ്റെ അച്ഛനെ സ്റ്റേഷനിലെത്തിച്ചത് അന്ന് ഡ്രൈവറായിരുന്ന ഞാനായിരുന്നു …,

ങ് ഹേ, സാറെന്താണീ പറയുന്നത്?

വിശ്വാസം വരാതെ സതീഷ് കട്ടിലിൽ നിന്ന് പതിയെ എഴുന്നേറ്റിരുന്നു.

അതെ സതീഷ് ,അന്ന് ജീപ്പില് ഡീസലടിക്കാൻ പമ്പിലേക്ക് പോയതായിരുന്നു ഞാൻ, അവിടെ വച്ചാണ് ,പമ്പിലെ ജീവനക്കാരുമായി വഴക്കടിക്കുന്ന തൻ്റെ അച്ഛനെ ഞാൻ കാണുന്നത് ,

രാജൻ തമ്പി,സതീഷിനെ തൻ്റെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.

സാറേ … ഇയാള് മദ്യപിച്ച് ഞങ്ങടെ ജീവനക്കാരോടൊക്കെ വെറുതെ തട്ടിക്കയറുവാണ് , കുറച്ച് മുമ്പേ ദേ ആ തീയണയ്ക്കാൻ വച്ചിരിക്കുന്ന കുറ്റിയെടുത്ത് ,ഓഫീസിൻ്റെ ഗ്ളാസ്സ് തല്ലിപ്പൊട്ടിക്കാൻ നോക്കി ,ശല്യം സഹിക്കാൻ വയ്യാതെ ഞാൻ കൺട്രോൾ റൂമിലേക്ക് വിളിക്കാനൊരുങ്ങിയപ്പോഴാണ്പോലീസ് ജീപ്പ് വരുന്നത് കണ്ടത് ,സാറേ ..എങ്ങനെയെങ്കിലും ഇയാളെ ഒന്ന് ഒഴിവാക്കി താ സാറേ …

പമ്പിലെത്തിയ എന്നോട് മാനേജര് വന്ന് സങ്കടം പറഞ്ഞപ്പോൾ ഞാൻ സ്‌റ്റേഷനിലേക്ക് വിളിച്ച് എസ് ഐ യോട് കാര്യം പറഞ്ഞു

താൻ അയാളെ പൊക്കി ജീപ്പിലിട്ടോണ്ട് ഇങ്ങോട്ട് വാടോ, ഒരു രാത്രി അയാളിവിടെ കിടക്കട്ടെ ,രാവിലെ കെട്ട് വിടുമ്പോൾ പറഞ്ഞ് വിടാം

അന്ന് എസ് ഐ പറഞ്ഞതനുസരിച്ചാണ്, ഞാൻ സതീഷിൻ്റെ അച്ഛനെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വന്നത് ,അതോടെ എൻ്റെ ഡ്യൂട്ടി ടൈം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ച് പോകുകയും ചെയ്തു ,പക്ഷേ പിറ്റേന്നാണ് ആ ഞെട്ടിക്കുന്ന വാർത്ത ഞാനറിയുന്നത് ,ലോക്കപ്പ് മർദ്ദനത്തിൽ ,തൻ്റെ അച്ഛൻ മരിച്ചെന്ന് ,നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ ചിലർക്ക്, തൻ്റെ അച്ഛനോടുണ്ടായിരുന്ന മുൻ വൈരാഗ്യത്തിൻ്റെ പേരിൽ, അവർ ചെറുതായൊന്ന് പെരുമാറിയതായിരുന്നു, പക്ഷേ ,അസ്ഥാനത്ത് കൊണ്ട ചവിട്ടായിരുന്നു അച്ഛൻ്റെ മരണകാരണം ,അതറിഞ്ഞ നിമിഷം മുതൽ, ഞാനനുഭവിച്ച വേദന ,എനിക്കും എൻ്റെ ഭാര്യക്കും മാത്രമേ അറിയു ,മനപ്പൂർവ്വമല്ലെങ്കിലും തൻ്റെ അച്ഛനെ, മരണത്തിൻ്റെ വക്ക് വരെയെത്തിക്കാൻ, ഞാനുമൊരു കാരണക്കാരനായല്ലോ? എന്ന കുറ്റബോധം, എന്നെ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു ,താനാദ്യമായി Dyspഓഫീസിൽ വന്നപ്പോൾ മുതൽ, തന്നോടെല്ലാം തുറന്ന് പറയണമെന്ന് കരുതിയെങ്കിലും ,തൻ്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം ഇല്ലാതായിപ്പോകുമോ ?എന്ന ആശങ്കയാണ്, എന്നെ ആ ഉദ്യമത്തിൽ നിന്ന് പിൻവലിച്ചത്, പക്ഷേ, ഇനിയെങ്കിലും തന്നോട് നീതി കാണിച്ചില്ലെങ്കിൽ , മനസ്സമാധാനത്തോടെ എനിക്ക് മരിക്കാൻ പോലും കഴിയില്ല ,അത് കൊണ്ട് ഞാനൊരു തീരുമാനമെടുത്തിട്ടാണ് വന്നത്, സതീഷിന് ആവശ്യമായ കിഡ്നി നല്കാനുള്ള സമ്മതപത്രം, തൻ്റെ ഡോക്ടർക്ക് ഒപ്പിട്ട് കൊടുത്തിട്ടാണ് ,ഞാനിപ്പോൾ ലവലേശം പോലും കുറ്റബോധമില്ലാതെ തന്നെ കാണാനായി വന്നിരിക്കുന്നത്,

രാജൻ തമ്പി പറഞ്ഞ് നിർത്തുമ്പോൾ ,അയാളുടെ കണ്ഠമിടറുന്നുണ്ടായിരുന്നു.

എന്നോട് ക്ഷമിച്ചെന്ന് പറയെടാ …

എല്ലാം കേട്ട് നിശ്ചലനായിരിക്കുന്ന സതീഷിൻ്റെ കൈകളിൽ കൊരുത്ത് പിടിച്ച് കൊണ്ട് അയാൾ യാചിച്ചു.

വികാരധീനനായി ,സതീഷ് രാജൻ തമ്പിയെ കെട്ടിപ്പിടിക്കുന്നത് കണ്ട് ,കട്ടൻ കാപ്പിയുമായി വന്നു നിന്ന, ശ്രീദേവിയുടെ കണ്ണുകളും ഈറനണിഞ്ഞു.

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *