വിവാഹം കഴിഞ്ഞാൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ താമസിക്കണം…

Uncategorized

രചന: Nitya Dilshe

“”ഏട്ടാ .. ഈ ആലോചന .. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ ..””

സഹോദരിയുടെ ചോദ്യത്തിന് ശ്രീനിവാസ് എന്തോ ആലോചനയോടെ ഒന്ന് മൂളി .. പിന്നെ അടുത്തിരിക്കുന്ന മകളുടെ മുഖത്തേക്ക് വേദനയോടെ നോക്കി …മുഖം കുനിച്ചിരിപ്പുണ്ട് .. ..

“” മോൾടെ അഭിപ്രായം എന്താ ..?? രാഹുലിനെ ഇഷ്ടായോ ??””

ചോദ്യം കേട്ടതും ഞെട്ടലോടെ തലയുയർത്തി .. കണ്ണുകളിൽ ഭയം നിറഞ്ഞു .. ഒന്ന് വിക്കി ..

“” അച്ഛന്റെ .. അച്ഛന്റെ ഇഷ്ടം “” ശബ്ദത്തിൽ വിറയലുണ്ടായിരുന്നു …

അവളുടെ ചിരി നഷ്ടപ്പെട്ട …ഒരിക്കലും മറക്കാത്ത ആ ദിനം അയാൾക്കോർമ്മ വന്നു .. ഓഫീസിൽ നിന്നും വരുമ്പോൾ ഉള്ള പതിവ് കളിചിരി ശബ്ദങ്ങൾ കേൾക്കാതെ തുറന്നിട്ട വാതിൽ …ഉള്ളിലൊരു അപായസൂചനഅപ്പോഴേ മുഴങ്ങി .. അകത്തു നിന്നും വരുന്ന കത്തിയ രൂക്ഷ ഗന്ധം .. ഓടിച്ചെന്നപ്പോൾ കണ്ടത് ഗ്രൈൻഡറിനടുത്ത് ഷോക്കേറ്റ് നീലിച്ചു വിറങ്ങലിച്ചു കിടക്കുന്ന തന്റെ പ്രിയപ്പെട്ടവൾ … ഒരാന്തലോടെ മകളെ തിരഞ്ഞപ്പോൾ കണ്ടു ..മുറിയിലൊരു മൂലയിൽ ചുരുണ്ടു കിടക്കുന്നവളെ …

അമ്മയുടെ മരണത്തോടൊപ്പം മരിച്ചത് ആ പതിനൊന്നുകാരിയുടെ കളിചിരികളായിരുന്നു .. ഇഷ്ടങ്ങളും സ്വപ്നങ്ങളും ആയിരുന്നു …

കുറെ നാൾ സംസാരിക്കാതെ …മുറിക്കു പുറത്തിറങ്ങാതെ …ആളുകളെ തിരിച്ചറിയാതെ …ഭീതിയോടെ കഴിഞ്ഞു … ഒരുപാട് നാളത്തെ ചികിത്സകൾക്കൊടുവിലാണ് ഇപ്പോഴത്തെ ഈ മാറ്റം …

ഇപ്പോഴും തന്റെ ചിറകിൻ കീഴിൽ .. എല്ലാം ആശ്രയിച്ച് ..മനസ്സിൽ ചെറുതായി ആശങ്ക തോന്നിയാൽ പോലും താനടുത്ത് വേണം .. എക്സാം ഹാളിനു പുറത്തുപോലും തന്റെ സാന്നിധ്യം ഉണ്ടെങ്കിലേ ശരിയായി എഴുതാൻ കഴിയു എന്ന ചിന്ത .. ആരുമായും കൂട്ടില്ലാതെ …എല്ലായ്പ്പോഴും ഒരു ഇൻസെക്യൂരിറ്റി ഫീലിംഗ്…

“” എല്ലാം അറിയാവുന്ന ആളാണെങ്കിൽ മോൾ കുറേക്കൂടി കംഫോര്ട് ആയേനെ ഏട്ടാ ….”” സഹോദരിയുടെ സംസാരത്തിനു അയാൾ ചെറുതായൊന്നു മൂളി ..

സ്വത്തു മോഹിച്ചാണ് ഇവ വിവാഹമെന്ന് അയാൾക്കറിയാമായിരുന്നു … അവരുടെ ഡിമാന്റുകൾ മുഴുവൻ തടസ്സം പറയാതെ സമ്മതിക്കുകയായിയുന്നു…

“”നമ്മുടെ മാധവൻ ആയാലോ ഏട്ടാ …””

അവരൊന്നു നിർത്തി ..അയാൾ ഞെട്ടലോടെ സഹോദരിയെ നോക്കി…

“” അവനാണെങ്കിൽ നമുക്കറിയുന്ന കുട്ടിയല്ലേ ..അവനും മോളെക്കുറിച്ചു എല്ലാം അറിയാം ..””

“” ചെയ്ത സഹായങ്ങൾക്ക് വിലയിടുന്നത് പോലെയാവില്ലേ അത് ..അയാൾ പറ്റില്ലെന്ന് പറഞ്ഞാൽ …ഏയ് .. അത് ശരിയാവില്ല ..””അയാൾ കൈയുയർത്തി വിലക്കി ..

“” അവനത് പറയില്ലേട്ടാ .. വന്ന വഴികൾ മറക്കാത്തവനാണ് .. ഏട്ടനാണ് ജീവിതമുണ്ടാക്കി കൊടുത്തതെന്ന് എപ്പോഴും പറയുന്നവനാണ് .. നമ്മടെ കുഞ്ഞിന് വേണ്ടിയല്ലേ …””

ശരിയാണ് .. സഹപ്രവർത്തകന്റെ മകൻ …. അവന്റെ മരണത്തോടെ മറ്റാരും സഹായിക്കാനില്ലാത്ത കുടുംബം … വളരെ ചെറിയ കുട്ടികളായിരുന്നു മാധവനും സഹോദരിയും .. ഒരു സാധു സ്ത്രീയായിരുന്നു ‘അമ്മ .. ഒരുപാട് സഹായിച്ചിട്ടുണ്ട് .. ഒന്നും പ്രതീക്ഷിച്ചല്ല എല്ലാം ചെയ്തത് ..അവനൊരു ജോലിയാവുന്നത് വരെ താങ്ങായി ഒപ്പം നിന്നു …

പലപ്പോഴും അവനോടിത് പറയാനായി വിളിച്ചു .. എന്തോ ചോദിക്കാനുള്ളത് നാവിൻ തുമ്പിൽ മടിച്ചുനിന്നു …

അവൻ തന്നെ ഒരിക്കൽ ചോദിച്ചു “” സാറിനെന്തെങ്കിലും എന്നോട് പറയാനുണ്ടോ ..”” എന്തോ പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ പറയാനുള്ളത് മുഴുവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ..

നിശ്ശബ്ദനായി അവൻ നിന്നപ്പോൾ നെഞ്ചിടിപ്പ് കൂടി .. വേണ്ടിയിരുന്നില്ല എന്ന് തോന്നി .. ആത്മാഭിമാനത്തിനു മുറിവേറ്റ പോലെ …

“” നന്നായി ആലോചിച്ചു മതി .. വീട്ടുകാരുമായും ആലോചിക്കൂ … പൂർണ്ണസമ്മതമെങ്കിൽ മാത്രം .. ഇല്ലെങ്കിൽ ഇങ്ങനെയൊന്നു ഞാൻ ചോദിച്ചത് മറന്നേക്കൂ ..””

“” എനിക്ക് സമ്മതമാണ് ..”” മറുതലക്കൽ നിന്നും ആ ശബ്ദം കേട്ടപ്പോൾ നെഞ്ചോന്നു വിറച്ചു ..കണ്ണുകൾ നിറയുന്നുണ്ട് .. മുന്പിലുണ്ടായിരുന്നെങ്കിൽ കൈകൂപ്പി പോയേനെ …

“” സാറിന്റെ മോളെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് …ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത് .. വിവാഹം കഴിഞ്ഞാൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ താമസിക്കണം .. സാറിനറിയാലോ അമ്മയ്ക്കും അനിയത്തിക്കും ഞാൻ മാത്രേ ഉള്ളു .. സാർ ചെയ്ത സഹായങ്ങൾ മറന്നിട്ടില്ല .. ഇക്കാര്യത്തിൽ എന്റെകൂടെ നിക്കണം ..””

അറിയാതെ ദൈവത്തെ വിളിച്ചുപോയി .. ഒരു രാത്രി പോലും എന്നെ പിരിഞ്ഞു നിൽക്കാത്ത കുഞ്ഞാണ് .. ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ നിൽക്കുന്ന ഒരുവനെയാണ് തിരഞ്ഞതും … ഞാൻ അടുത്തില്ലാതെ അവൾക്കു കഴിയുമോ .. മാധവിനെ പോലൊരാൾ എന്റെ കുഞ്ഞിന്റെ ഭാഗ്യമാണ് .. അവൾക്കു കൊടുക്കാൻ കഴിയുന്ന മികച്ച ഒരാൾ .. അത്രയും അറിയുന്നവൻ … ശ്വാസമെടുത്ത് പതിയെ ഒന്ന് മൂളി .. ഒരു തളർച്ചയോടെ സോഫയിലേക്ക് ചാരി …

വിവാഹം അടുക്കുന്നുന്തോറും മനസ്സിന്റെ ആധി കൂടിക്കൂടി വന്നു .. എന്തൊക്കെ പറഞ്ഞു ആശ്വാസം കണ്ടെത്തുന്നുണ്ടെങ്കിലും അവക്കൊക്കെ ഒരു നിമിഷത്തിന്റെ ആയുസ്സേ ഉള്ളു …മോളുടെ മുഖം കാണുമ്പോൾ നെഞ്ചിലൊരു കനലാണ് .. അവൾക്കു മറ്റൊരു വീട്ടിൽ ഞാനില്ലാതെ കഴിയുമോ .. കഴിഞ്ഞില്ലെങ്കിൽ ?????

ഒരായിരം മുള്ളുകൾ നെഞ്ചിൽ കയറുന്ന വേദന .. ഒന്നുകൂടി ആലോചിച്ചു മതിയായിരുന്നു …അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ ഭയമായി തുടങ്ങി …

വിവാഹത്തിന് വേണ്ടി കഴിയാവുന്നതിൽ നല്ലതു തന്നെ ഓരോന്നും തിരഞ്ഞെടുത്തു .. അവൾക്കൊന്നിനും അഭിപ്രായമില്ലായിരുന്നു .. മോൾ നോക്കു എന്ന് പറഞ്ഞാലും എന്റെ ഇഷ്ടത്തിനായി ദയനീയമായി നോക്കി നിൽക്കും … ഈ കുഞ്ഞ് .. ഈശ്വരാ .. എങ്ങനെ മറ്റൊരു വീട്ടിൽ ..

വിവാഹത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾ മുതൽ അവളെ എപ്പോഴും കണ്മുന്നിൽ കാണണമെന്ന തോന്നലായി ..

എപ്പോഴും അവളോട് പറയാനുണ്ടായിരുന്നത് എന്റെ ഉള്ളിലെ ആധി തന്നെയായിരുന്നു ..

“” അവിടെ എല്ലാവരുമായി സംസാരിക്കണം .. അച്ഛനെപ്പോലെ അവിടെയുള്ളവരെയും സ്നേഹിക്കണം .. അവർ പറയുന്നത് അനുസരിക്കണം .. അച്ഛനെ സഹായിക്കുന്നത് പോലെ അവിടെത്തെ അമ്മയെയും അടുക്കളയിൽ സഹായിക്കണം ..മാധവ് നല്ലവനാണ് .. എന്തുണ്ടെങ്കിലും അവനോടു പറയണം …””

ഉള്ളിലെ നീറ്റൽ അവളറിയാതെ നോക്കുന്നുണ്ടെങ്കിലും നിഷ്കളങ്കതയോടെയുള്ള തലയാട്ടൽ കാണുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ് ..ശ്വാസം വിലങ്ങുന്നത് പോലെ തോന്നും .. നെഞ്ചോടവളെ ചേർത്ത് പിടിക്കുമ്പോൾ അവൾ വലുതാവേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോവും …

ലക്ഷ്മി ദേവിയെപ്പോലെ ഒരുങ്ങി അവൾ സുമംഗലിയായപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചെത്തി .. അവളെ മാധവിന്റെ കൈയ്യിലേൽപ്പിക്കുമ്പോൾ എന്റെ ജീവനെയാണ് ഏൽപ്പിക്കുന്നത് എന്ന് ഹൃദയം മുറവിളി കൂട്ടി .. അവനോടൊപ്പം അവൾ യാത്രയായപ്പോൾ ആദ്യമായ് തളർച്ചയറിഞ്ഞു .. ശ്വാസം കിട്ടാതെ പിടഞ്ഞു .. ആശ്വാസവാക്കുകൾ ചുറ്റും കേൾക്കുന്നുണ്ടെങ്കിലും കണ്ണിൽ ഇരുട്ട് കയറി …

പിന്നെ കാത്തിരിപ്പായിരുന്നു .. അവളുടെ വിളികൾക്കു .. മനസ്സെപ്പോഴും അവൾക്കു ചുറ്റും വട്ടമിട്ടു പറന്നു ..

ഒരു പിഞ്ചുകുഞ്ഞിനെ എന്നപോലെ പിന്നേറ്റവളെയും ചേർത്ത് പിടിച്ചു അവൻ കാണാൻ വന്നപ്പോൾ ഉള്ളം നിറഞ്ഞിരുന്നു .. കാണാതായ കുഞ്ഞിനെ കണ്ടെത്തിയ സന്തോഷമായിരുന്നു …അവളുടെ ഇഷ്ടങ്ങൾ ..ചെറിയ ചെറിയ കാര്യങ്ങൾ പോലും എന്നേക്കാൾ ശ്രദ്ധയോടെ അവൻ ചെയ്യുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ തണുപ്പ് വീഴുന്നതറിഞ്ഞു .. പോകെ പോകെ പതിനൊന്നു വയസ്സിൽ നിന്ന് പോയ പഴയ ചിരി വീണ്ടും അവളിൽ വിടർന്നപ്പോൾ മനസ്സ് നിറഞ്ഞു ഞാനും ചിരിച്ചു …

എല്ലാ തവണയും കാണാൻ വരുമ്പോൾ അവൾക്കു പറയാനും ഒരുപാടുണ്ടായിരുന്നു … അച്ഛാ .. ഇന്ന് ഞാൻ അവിടെ അമ്മയോടും അനിയത്തിയോടുമൊപ്പം കൃഷി ചെയ്യാൻ കൂടി .. അനിയത്തിയുടെ കുറുമ്പുകൾ .. അമ്മയെ കിട്ടിയ സന്തോഷം .. തനിയെ സൂപ്പർമാർക്കെറ്റിൽ പോയത് .. അവളുടെ മാറ്റം ഞാൻ അറിയുകയായിരുന്നു …

മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞു അവിടെ വെയിൽ തെളിയുന്നതും മഴവില്ലു വിരിയുന്നതും കൗതുകത്തോടെ അറിഞ്ഞു .. ഒപ്പം ഒരു മകനെകിട്ടിയ സന്തോഷവും …

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Nitya Dilshe

Leave a Reply

Your email address will not be published. Required fields are marked *