അവള്‍ക്ക് അറിയാം ഭര്‍ത്താവ് എന്നാല്‍ എന്താണ് ജീവിതം എന്നാല്‍ എന്താണ് എന്ന്.

Uncategorized

രചന: ഷാൻ കബീർ

” രമ്യാ സത്യം പറ, നീ ആരുമായാ രാത്രിയില്‍ ചാറ്റുന്നത്”

ഹരിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് രമ്യ ഒന്ന് ഞെട്ടി

” ഹരിയേട്ടൻ എന്താ ഈ പറയണേ, നമ്മള്‍ രണ്ടു പേരും ഒരുമിച്ചല്ലേ എന്നും കിടക്കാറ്, പിന്നെ ഞാന്‍ എപ്പോ ചാറ്റാനാ”

അവള്‍ ഒന്നു നിറുത്തിയിട്ട് ഹരിയെ നോക്കി കണ്ണുരുട്ടി

” ഹും… ഇപ്പോ സംശയ രോഗവും തുടങ്ങിയോ”

ഹരി അവളുടെ കണ്ണിലേക്ക് നോക്കി

” എന്റെ രമ്യ നന്നായി അഭിനയിക്കാനൊക്കെ പഠിച്ചല്ലോ”

രമ്യയുടെ മുഖം ചുവന്നു

” ദേ ഹരിയേട്ടാ, എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ”

രമ്യ അടുക്കളയിലേക്ക് വേഗത്തില്‍ പോകാനൊരുങ്ങി. അവളെ തടഞ്ഞ് ഹരി

” വേണ്ട… അഭിനയം ഇനി വേണ്ട. ഞാന്‍ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഞാന്‍ ഉറങ്ങി എന്ന് കരുതി രാത്രിയില്‍ നീ നിന്റെ കള്ള കാമുകനുമായി ചാറ്റുന്നതും, അശ്ലീല സംഭാഷണങ്ങൾ നടത്തുന്നതും കുറച്ച് ദിവസങ്ങളായി ഞാന്‍ കേൾക്കുന്നുണ്ട്. അതുകൊണ്ട് അഭിനയം വേണ്ട”

രമ്യ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരിയുടെ കാൽകൽ വീണു

” ഹരിയേട്ടാ മാപ്പ്. നമ്മളുടെ മക്കളെ കരുതിയെങ്കിലും എനിക്ക് മാപ്പ് തരണം. ഞാന്‍ ചെയ്ത മഹാപാപത്തിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാന്‍ ചെയ്യാം”

ഹരി അവളെ പിടിച്ചുയർത്തി

” ഈ കണ്ണുനീര്‍ മതി നീ ചെയ്ത തെറ്റ് കഴുകി കളയാൻ. പക്ഷെ നീ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യണം”

ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു

” എന്നെക്കാള്‍ നിനക്ക് സന്തോഷം തരുന്ന, എന്നെക്കാള്‍ കൂടുതല്‍ നിന്നെ സ്നേഹിക്കുന്ന ആ രസികനായ കാമുകന്റെ ഭാര്യയെ നീ നിന്റെ കൂട്ടുകാരിയാക്കണം. അവളുടെ സുഖവും, ദുഃഖവും, സന്തോഷവും എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ഒരു കൂട്ടുകാരിയായി നീ മാറണം. ഇനി അതിന് ശേഷമേ നമ്മള്‍ തമ്മില്‍ കാണൂ. എന്നോട് കൂടുതലൊന്നും ചോദിക്കരുത്”

രമ്യ ഹരി പറഞ്ഞത് തലയാട്ടി സമ്മതിച്ചു.

ദിവസങ്ങള്‍ക്ക് ശേഷം. ഇന്ന് ഹരിയും രമ്യയും ഹാപ്പിയാണ് അവര്‍ക്കിടയില്‍ കള്ളവുമില്ല ചതിയുമില്ല.

” രമ്യാ, നിന്റെ കാമുകനെ ഇന്ന് ഞാന്‍ കാണാന്‍ പോവാ”

അവള്‍ ഒന്ന് പുഞ്ചിരിച്ചു.

ഹരി കാമുകന്റെ ഓഫീസില്‍ പോയി അയാളെ കണ്ടു. രമ്യയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അയാളൊന്ന് പരുങ്ങി

” എന്റെ ഭാര്യ ഒരു തെറ്റ് ചെയ്തു. പക്ഷെ ഞാന്‍ അവളെ വഴക്ക് പറയുകയോ, ഇട്ടിട്ട് പോവുകയോ ഒന്നും ചെയ്തില്ല. പകരം ഞാന്‍ അവളോട് ഒരു കാര്യം ആവശ്യപ്പെട്ടു. നിങ്ങളുടെ ഭാര്യയുമായി അടുക്കാൻ, അത് എന്റെ ഭാര്യ ഭംഗിയായി ചെയ്തു. നിങ്ങളുടെ ഭാര്യയിൽ നിന്നും അവള്‍ മനസ്സിലാക്കി അവളുടെ കാമുകന്റെ യഥാര്‍ത്ഥ മുഖം. സ്വന്തം ഭാര്യയെ മൃഗീയമായി തല്ലുന്ന, സ്നേഹത്തോടെ ഒരു വാക്ക് പോലും സംസാരിക്കാത്ത നിങ്ങള്‍ മറ്റുള്ള സ്ത്രീകളുമായി കൊഞ്ചുന്നതും കുഴയുന്നതും അവരെ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിക്കാം. പക്ഷെ അവിടെ തകരുന്നത് ഒരു കുടുംബമാണ്, ഒരുപാട് പ്രതീക്ഷകളാണ്. തന്റെ ഭര്‍ത്താവിനെ കുറിച്ച് എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത്, എപ്പോഴും കൂടെ വേണമെന്നും കൊഞ്ചണമെന്നും എന്നൊക്കെതന്നെയാണ് പക്ഷെ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ ചിലപ്പോള്‍ ഞങ്ങള്‍ ഭര്‍ത്താക്കൻമാർ അത് അങ്ങ് മറക്കും. ആ അവസരം നിന്നെപ്പോലെയുള്ള കള്ള കാമുകാൻമാർ വളരെ തന്ത്രപരമായി ഉപയോഗിക്കും”

ഒന്നു നിറുത്തിയിട്ട് ഹരി തുടര്‍ന്നു

” ഇതൊക്കെ നിങ്ങളോട് ഞാന്‍ പറയുന്നത്, ഇനിയെങ്കിലും തമാശകളും എളിമയും കാണിച്ച് ഏതെങ്കിലും വീട്ടില്‍ സമാധാനത്തോടെ ജീവിക്കുന്ന സ്ത്രീകളുടെ പിറകെ പോകാതെ സ്വന്തം വീട്ടിലുള്ള ഭാര്യയെ ഒന്ന് സ്നേഹിക്കാൻ ശ്രമിക്കൂ. സ്വന്തം മക്കളെ ലാളിക്കാൻ ശ്രമിക്കൂ. അത് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എവിടെയും പോകില്ല. ഈ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം നാലു കാലുള്ള കട്ടിലിന്റെ മുകളില്‍ മാത്രമല്ല ”

ഇത്രയും പറഞ്ഞ് ഹരി തിരിഞ്ഞു നടന്നു, കുറച്ച് ദൂരം കഴിഞ്ഞ് ഒന്നു നിന്നു

” ആ പിന്നെ, ഞാന്‍ എന്റെ ഭാര്യയെ വഴക്ക് പറയുകയോ , ഉപേക്ഷിക്കുകയോ ചെയ്തിരുന്നെങ്കിൽ അവള്‍ നിന്റെ ചിലന്തി വലയിൽ എളുപ്പത്തില്‍ കുടുങ്ങിയേനേ. ഇപ്പോള്‍ അവള്‍ക്ക് അറിയാം ഭര്‍ത്താവ് എന്നാല്‍ എന്താണ് ജീവിതം എന്നാല്‍ എന്താണ് എന്ന്. അവളെ എന്റെ കാല്‍ കീഴില്‍ അല്ല എനിക്ക് വേണ്ടത്, എന്റെ തോളോട് തോൾ ചേര്‍ന്ന് നടക്കാനാ അവളെ എനിക്ക് വേണ്ടത്”

രചന: ഷാൻ കബീർ

Leave a Reply

Your email address will not be published. Required fields are marked *