ദിവസമാണേലും ദിവസങ്ങളോളം ഉള്ള സ്നേഹം അവിടെ നിന്ന് കിട്ടുമ്പോൾ

Uncategorized

രചന: എ കെ സി അലി

ഞങ്ങളീ ചില ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ അവളുടെ വീട്ടിലൊന്നും പോയി അതികം നിൽക്കാറില്ല..

കാര്യം ഇത്തിരി അഹങ്കാരമായിട്ടൊക്കൊ ചിലപ്പോൾ തോന്നും എന്നാൽ അതിലൊന്നും ഒരു സത്യവുമില്ല…

“ഏയ് എന്താ നിങ്ങൾക്ക് രണ്ടു ദിവസം വന്നെന്റെ വീട്ടിൽ നിന്നാൽ” എന്നവൾ ചോദിച്ചാൽ… ഉത്തരം എന്തേലും പറഞ്ഞൊഴിയും അവൾക്കറിയാം കല്ലു വെച്ച നുണയാണതെന്ന്…

കാരണമെന്നും ഇല്ല എന്നാലും അവളുടെ വീട്ടിലെത്തിയാൽ അവളെ “ടീ” എന്നൊന്നും വിളിക്കാനാവില്ല വിനയപൂര്‍വ്വം സ്നേഹം കൂട്ടി അവളെ വിളിക്കണം.. അത് കേട്ടാൽ അവളറിയാതെ അന്തം വിടും..

“അതെടുക്കെടി ” ഇതെടുക്കെടീ.. എന്നൊന്നും പറയാനേ ആവില്ല.. ഇനി അവളെ എങ്ങാനും വായിൽ വന്ന വല്ലതും വിളിച്ചാൽ അതവളുടെ അമ്മ കേട്ടാലോ അഛനറിഞ്ഞാലോ.. ഉള്ള വില പോയില്ലേ…

വലിയും കുടിയുമൊന്നും ഇല്ലാ എന്ന് പറഞ്ഞു കെട്ടിയവർ ഭാര്യ വീട്ടിലെത്തിയാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും ഇടക്കാരും കാണാതെ ഒരു പുകയെടുത്ത് തലയുടെ പെരുപ്പ് മാറ്റും.. അവളുടെ അമ്മയോ അഛനോ കണ്ടാൽ തീർന്നില്ലേ ഉണ്ടാക്കിയെടുത്ത വില പോകില്ലേ..

അളിയന്റെ സ്നേഹമൊക്കെ കാണുമ്പോൾ തോന്നും അളിയനൊത്ത് ഒന്നു കറങ്ങാൻ പിന്നെ അവനെ നശിപ്പിച്ചു എന്ന പേര് കേൾക്കണ്ടല്ലോ എന്ന് വെച്ച് അതെല്ലാം ആസ്വദിച്ചങ്ങനെ ഇരിക്കും…

ഈ കെട്ടിയവൾ കൊച്ചു കുട്ടിയാവുന്നത് കാണണേൽ അവളുടെ വീട്ടിൽ തന്നെ എത്തണം.. അങ്ങോട്ടൊന്ന് പറഞ്ഞ് ഇങ്ങോട്ട് പത്ത് കേട്ടില്ലേൽ അവർക്കും ഉറങ്ങാനാവില്ല..

മോള് തടി കുറഞ്ഞല്ലോ??….. എന്നവളുടെ അമ്മ അവളോട് ചോദിക്കുമ്പോൾ ഞങ്ങൾ എങ്ങോട്ടേലും നോക്കി ഇതൊന്നും കേട്ടില്ലേ എന്ന മട്ടിൽ ഇരിക്കും…. അന്നേരം അവൾ പറയും“` ഞാൻ തടി കുറയ്ക്കാണമ്മേ.. ഇത് കേട്ട് അമ്മ അവളെ ശാസിക്കും… അത് കേട്ടിരിക്കാൻ തന്നെ രസമാണ്..

ചെന്നു കയറുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷമാണ്.. കാരണം ഇന്ന് അവിടത്തെ താരം ഞങ്ങളാകും.. മോളെ അവിടെ തന്നെ നിർത്തി ഞങ്ങളെ ഇരുത്തും.. ഇഷ്ട വിഭവങ്ങൾ നിരത്തി അവർ “കഴിക്ക് മോനെ “കുറച്ചു കൂടി കഴിക്ക് മോനെ എന്ന് പറഞ്ഞ് സ്നേഹം കൂട്ടി വിളമ്പി സന്തോഷിപ്പിക്കും അന്നേരം വയറിനിത്തിരി ഇടം കൂടി ഞങ്ങൾ തേടും..

ഞങ്ങളതികം അവിടം നിൽക്കാൻ ഇഷ്ടമില്ലാഞ്ഞല്ല ഇഷ്ടമാണേറെ കാരണം അവളുടെ അഛന്റെയും അമ്മയുടെയും സ്നേഹം അത് ഞങ്ങളെ തോൽപ്പിക്കാറുണ്ട് ആ സ്നേഹം ഇടക്കേറ്റു വാങ്ങി മനസ്സ് നിറയ്ക്കാനാണ് ഞങ്ങൾക്കതികം ഇഷ്ടം……

ഞങ്ങൾ പോകും നിൽക്കും ഒരു ദിവസമാണേലും ദിവസങ്ങളോളം ഉള്ള സ്നേഹം അവിടെ നിന്ന് കിട്ടുമ്പോൾ ഞങ്ങളൊത്തിരി സന്തോഷിക്കും.. അവിടെ ഞങ്ങളുടെ മനസ്സുണ്ട്.. ഞങ്ങളുടെ പ്രാർത്ഥനയുമുണ്ട്..

ഇതെല്ലാം പറയാതറിഞ്ഞത് അവരായിരിക്കും അവരുമാത്രം..

ചെന്നാലും നിന്നാലും… അവളുടെ വീടും സ്നേഹ വീടാണേ..

രചന: എ കെ സി അലി

Leave a Reply

Your email address will not be published. Required fields are marked *