മനസ്സറിഞ്ഞു സ്നേഹിക്കാനും, കളങ്കമില്ലാതെ സ്നേഹിക്കപ്പെടാനും കൂട്ടിനൊരാളുണ്ടെങ്കിൽ….

Uncategorized

രചന: Saran Prakash

ഗണം.. ദൈവ ഗണം തന്നെ.. പക്ഷേ…

മുറുക്കാൻ നിറഞ്ഞ വായ അരികിലെ കോളാമ്പിയിലേക്കടുപ്പിച്ചു, പണിക്കരാശാൻ നീട്ടിയങ്ങു തുപ്പി…

“എന്താ പണിക്കരെ ഒരു പക്ഷേ..??”

ക്ഷമ തെല്ലോളമില്ലാത്ത അമ്മ ആവേശത്തോടെ കണ്ണുമിഴിച്ചു…

“ജാതകവശാൽ ഈ ജാതകന് രാജയോഗം എഴുപതാം വയസ്സിലാണ്..”

കയ്യിലെ പനയോലയിലേക്കും, മുൻപിലെ കവിടി നിരത്തിയ രാശി പലകയിലേക്കും പരസ്പരം മാറി നോക്കി പണിക്കരാശാൻ പറയുമ്പോൾ, പതിനാറ് പോലും തികയാത്ത എന്നെ നോക്കി കളിയാക്കി ചൂളം വിളിച്ചൊരു തീവണ്ടി പാടത്തിനക്കരയിലൂടെ കടന്നുപോയി…

അയലത്തെ ത്രേസ്സ്യാമേടത്തിയുടെ മകൻ ഗൾഫീന്നു കൊണ്ട് വന്ന പട്ടുസാരി കണ്ടതുമുതൽ, എന്നെ നോക്കുന്ന അമ്മയുടെ കണ്ണുകളിൽ പതിവില്ലാത്തൊരു തിളക്കം ഞാനറിയുന്നുണ്ടായിരുന്നു…

കുടിച്ചു മദോന്മത്തനായി നടക്കുന്ന അച്ഛനിൽ നിന്നും പണ്ടേക്ക് പണ്ടേ അമ്മ വലിച്ചെറിഞ്ഞ മോഹങ്ങൾ ഓരോന്നായി എന്നിലൂടെ നേടിയെടുക്കാമെന്ന അമ്മയുടെ തിരിച്ചറിവിന്റെ പൊൻതിളക്കം…

“ഭാവിയും ഭൂതവും പണിക്കരാശാൻ ഗണിച്ചെടുത്താൽ,, അത് അച്ചട്ടാ..”

ആ തിളക്കത്തിന്റെ മാറ്റുരച്ചുറപ്പുവരുത്താനുള്ള ക്ഷമകെട്ട അമ്മയുടെ നേട്ടോട്ടമായിരുന്നു,, ഭവാനിയമ്മാമയുടെ ആ വാക്കുകളിൽ ഇന്ന് പണിക്കരാശാന്റെ മുൻപിലെത്തി നിൽക്കുന്നത്..

“മറ്റെന്തെങ്കിലുമൊരു യോഗം കാണുന്നുണ്ടോ പണിക്കരെ..??”

അണഞ്ഞുതുടങ്ങിയ തിരിനാളത്തിലെ അവസാന തിരിയും കെട്ടടങ്ങും മുൻപേ പ്രതീക്ഷയോടെ അമ്മ പണിക്കരാശാനെ നോക്കി…

മുറുക്കാൻ നിറഞ്ഞ വാ അടച്ചുപിടിച്ച്, തന്റെ മൂക്കിൻത്തുമ്പിലെ വട്ടക്കണ്ണടക്ക് മുകളിലൂടെ പണിക്കരാശാൻ എന്നെ അടിമുടി നോക്കി…

“ഇത്തിരിപ്പോന്ന ഇവനിൽ ഞാനൊരു യോഗവും ഇപ്പൊ കാണുന്നില്ല്യ..”

ഒരു ചെറു മന്ദഹാസത്തോടെ പണിക്കരാശാൻ കോളാമ്പിയിലേക്ക് മുഖം തിരിച്ചു…

പാടവരമ്പിലൂടെ തിരികെ വീട്ടിലേക്ക് നടന്നകലുമ്പോൾ, അമ്മയുടെ മനസ്സും കൊയ്ത്തുകഴിഞ്ഞ ആ പാടം പോലെ ഇളകി മറിഞ്ഞിരുന്നു… ഒരു പുൽനാമ്പുപോലുമില്ലാതെ…

പക്ഷേ എന്റെ മുഖത്തപ്പോഴും ഒരു നേർത്ത പുഞ്ചിരി മായാതെ നിലനിന്നിരുന്നു…

പാടത്തിനൊത്ത നടുക്കെത്തിയതും, തലയെത്തിച്ചു ഞാനാ പടിപ്പുരയിലേക്ക് നോക്കി..

ഉമ്മറത്തെ പൊടിമണലിൽ ഒത്താം കല്ല് കൊത്തിയവൾ ചാടികടക്കുമ്പോൾ,, അവളുടെ കാലിലെ പാദസര കിലുക്കം, എന്റെ കാതിലൊരു സംഗീത വിരുന്നു തന്നെയൊരുക്കി…

ഇതിലും വലിയൊരു രാജയോഗം എനിക്കിനി വന്നുചേരാനില്ല….

“നീ ഒന്നു വരണുണ്ടോ.. പോയിട്ട് വേറെ പണിയുള്ളതാ…”

മുൻപേ നടന്നിരുന്ന അമ്മയുടെ ആക്രോശം ഒരു നീളൻ ഹോൺ മുഴക്കമായി കാതിൽ നുഴഞ്ഞു കയറി…

ഓർമ്മകളിൽ നിന്നും കണ്ണുമിഴിച്ചു ഞാൻ വാച്ചിലേക്ക് നോക്കി..

ഈ യാത്ര തുടങ്ങിയിട്ട് രണ്ടര മണിക്കൂർ പിന്നിട്ടിരിക്കുന്നു…

“എത്താറായോ??”

“ഇല്ലാ.. കുറച്ചുകൂടിയുണ്ട്..”

മുഖത്ത് നോക്കാതെ മകൻ മറുപടി നൽകി…

സീറ്റിലേക്ക് തല ചേർത്ത് ഞാൻ പുറത്തേക്ക് നോക്കി.. ഒരു നേർത്ത തണുത്തകാറ്റ് എന്നെ പതിയെ പുണർന്നു..

വീണ്ടും ഓർമ്മകളിലേക്ക്…

“എല്ലാം എന്റെ മകന്റെ യോഗമാണ്..”

കതിർമണ്ഡപത്തിൽ എനിക്കരികിലായിരിക്കുന്നവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തുമ്പോൾ, പുറകിൽ അമ്മ ആത്മ നിർവൃതിയടയുന്നുണ്ടായിരുന്നു…

ചുറ്റിലും കൂടി നിന്നിരുന്ന കാരണവന്മാർ കുരവയിട്ട് ആ നിമിഷങ്ങൾ ആഘോഷിക്കുന്നുണ്ടായിരുന്നു…

പക്ഷേ…

എന്റെ ഹൃദയത്തുടിപ്പിനപ്പോഴും ആ പാദസരകിലുക്കത്തിന്റെ താളമായിരുന്നു…

നേടിയെടുക്കാൻ പലവുരു ശ്രമിച്ചെങ്കിലും, പണക്കാരനായ അമ്മാവന്റെ ഒരേയൊരു സന്തതിയെ കൈപ്പിടിയിലൊതുക്കി,, കണിയാൻ നിഷേധിച്ച രാജയോഗം വീണ്ടെടുക്കാനുള്ള ചരടുവലികൾ അമ്മ പണ്ടേക്കു പണ്ടേ തുടങ്ങി വെച്ചിരുന്നു…. അതിന്റെ പര്യവസാനമായിരുന്നു ആ കല്യാണവും…

പിന്നീടൊരു യുദ്ധമായിരുന്നു… പൊട്ടിയ പാദസരത്തിന്റെ കിലുക്കവും, കെട്ടിയ താലി ചരടിന്റെ ഞെരുക്കവും തമ്മിൽ…

കുമിഞ്ഞുകൂടിയ സ്വത്തുവകകളിൽ,, അമ്മയുടെ കണ്ണുകൾക്ക് വീണ്ടും തിളക്കമേറി..

യോഗമാണെല്ലാം എന്നമ്മ അഭിമാനത്തോടെ പറഞ്ഞുകൊണ്ടേയിരുന്നു…

സത്യത്തിൽ അതെന്റെ രാജയോഗമായിരുന്നുവോ…!!

ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു വലിയ വീടിനുമുൻപിലായി ആ യാത്ര അവസാനിച്ചു…

കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ സഹതാപം നിറഞ്ഞ ഒരുപാട് കണ്ണുകൾ എന്നെ മിഴിച്ചുനോക്കി…

രജിസ്റ്ററിൽ പേരെഴുതി ഒപ്പിട്ട്, എണ്ണിത്തിട്ടപ്പെടുത്തിയ തുക അവിടെ ഏൽപ്പിച്ചുകൊണ്ട്, എല്ലാവരുമുണ്ടായിട്ടും, ആരോരുമില്ലാത്തവരായി ജീവിക്കേണ്ടിവരുന്നവർക്കിടയിലേക്ക് എന്നെയും തള്ളി വിട്ട്,, മകൻ പടിയിറങ്ങുമ്പോൾ, ജീവിതത്തിന് അവിടെ തിരശീല വീഴുകയാണെന്നു തോന്നി…

പക്ഷേ,,,

പെയ്യാൻ കൊതിച്ചിരുന്ന കണ്ണീരിനെ പോലും വകഞ്ഞുമാറ്റിക്കൊണ്ട്,, ആ നാലുകെട്ടിന്റെ അകത്തളത്തിൽ നിന്നും ഒരു നേർത്ത പാദസരകിലുക്കം എന്റെ കാതിൽ നുഴഞ്ഞു കയറി….

പണ്ട്,, പാടത്തിനക്കരെ നിന്നും, ഒത്താംകല്ല് കൊത്തികളിച്ചിരുന്നവളിലെ കാലിലെ അതേ പാദസരകിലുക്കം…

തുറന്ന ജനല്പാളികൾക്കിടയിലൂടെ ആവേശത്തോടെ ഞാൻ എത്തിനോക്കുമ്പോൾ, പ്രായം വകവെക്കാതെ അവൾ ഇന്നും ചാടുകയാണ്.. ആ ഒത്താംകല്ലിലേക്ക്….

നെഞ്ചിൽ അതുവരെ ഏറിയിരുന്ന ഭാരം വീണുടഞ്ഞതുപോലെ….

ചിരിക്കാൻ മറന്ന ചുണ്ടുകൾ,, ചിരി ഓർത്തെടുക്കുന്ന പോലെ….

അരികിലെ ചുമരിലെ കലണ്ടറിലേക്ക് ഞാൻ പതിയെ കണ്ണോടിച്ചു…

കുംഭമാസത്തിലെ തിരുവോണം… എന്റെ പിറന്നാൾ ദിനം…

വിദൂരതയിൽ നിന്നും ആ വാക്കുകൾ എന്റെ കാതിലേക്കൊഴുകിയെത്തി…

“ഈ ജാതകന്റെ രാജയോഗം… എഴുപതാം വയസ്സിലാണ്..”

അതെ.. രാശിപലകയിൽ പണിക്കരാശാൻ ഗണിച്ചെടുത്തത് അച്ചട്ടായിരുന്നു…

മനസ്സറിഞ്ഞു സ്നേഹിക്കാനും, കളങ്കമില്ലാതെ സ്നേഹിക്കപ്പെടാനും കൂട്ടിനൊരാളുണ്ടെങ്കിൽ,, അതല്ലേ രാജയോഗം….!!!!!

രചന: Saran Prakash

Leave a Reply

Your email address will not be published. Required fields are marked *