മിഴികൾ പറഞ്ഞ കഥ…

Uncategorized

രചന: രാജേഷ് ദീപു

“നീ ഉറങ്ങുന്നില്ലേ.. രമേ.. ”

മറുപടി പറയാതെ തിരിഞ്ഞു കിടന്ന രമയുടെ അടുത്തേയ്ക്ക് വിനോദ് ചേർന്ന് കിടന്നു..

“എനിയ്ക്ക് ഒന്നും പറയാനില്ല. നാളെത്തന്നെ ഞാൻ മോളേയും കൂട്ടി എന്റെ വീട്ടിലേയ്ക്ക് പോവാ.. ഏട്ടന് ഇഷ്ടമുള്ളവരുടെ കൂടെ പൊറുത്തോ.. ഞാനും എന്റെ മോളും ഏട്ടന് ഇനി ഒരു ഭാരമാവുന്നില്ല.”

“രമേ.. നീയെന്തൊക്കെയാണ് ഈ പറയുന്നത് ..”

“ഞാൻ ഒരു പൊട്ടിയാണന്ന് വിചാരിക്കരുത്.. അത്യാവശ്യം വിദ്യാഭ്യാസമെല്ലാം എനിയ്ക്കുണ്ട് ..”

അവളുടെ തേങ്ങലിൽ വിനോദ് തന്റെ ചോദ്യങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ടു. എത്ര ആലോചിട്ടും അവൾ പിണങ്ങിയതിന്റെ കാരണം അവനു മനസ്സിലായില്ല.. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ അമ്മ അറിയും പ്രശ്നം വഷളാവും നേരം വെളുക്കട്ടെ കാരണം അറിയണം. ഏറെ നേരത്തെ ചിന്തകൾക്കൊടുവിൽ അവൻ നിദ്രയെ അഭയം പ്രാപിച്ചു .. പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവായി കിട്ടാറുള്ള കാപ്പി ടേബിളിൽ കണ്ടില്ല .. പകരം രൗദ്രഭാവത്തിലുള്ള തന്റെ ശ്രീമതിയുടെ കരഞ്ഞു കലങ്ങിയ മുഖമാണ് അവൻ കണ്ടത്.. അവൻ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് ചെന്നു .. അമ്മ അമ്പലത്തിൽ പോയിട്ട് വന്നിട്ടില്ല. അച്ഛൻ പറമ്പിലേയ്ക്കും പോയി ..തിരികെ മുറിയിലേയ്ക്ക് വന്നപ്പോൾ ഒരു ബാഗിൽ അവൾ തുണികൾ കുത്തി നിറയ്ക്കുന്നതാണ് കണ്ടത്….

അവൻ വാതിലടച്ച് കുറ്റിയിട്ടു. രമയെ അവന് അഭിമുഖമായി ചേർത്തു നിർത്തി..

“എന്താണ് നിന്റെ പ്രശ്നം..”

അവൾ മറുപടി പറയാതെ അവനെ രൂക്ഷമായി ഒന്നു നോക്കി..

“ടീ നീ ഇങ്ങിനെ മിണ്ടാതിരുന്നാൽ എനിയ്ക്ക് എങ്ങിനെ അറിയാനാ..”

“ഇനി ഞാനെന്തിനാ ഈ വീട്ടിൽ എന്റെ സ്ഥാനം കഴിഞ്ഞുവല്ലോ..അവളെ പോയി കൂട്ടികൊണ്ടു വന്നോളൂ.. അയൽപക്കത്തെ ഈ ഒളിച്ചുകളി ഇനി വെളിച്ചത്തിൽ വെച്ച് ആകാമല്ലോ..”

“രമേ.. നിനക്ക് വട്ടായോ.. നീ ആരുടെ കാര്യമാണ് പറയുന്നത് ..”

“എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ മുന്നിൽ നില്ക്കുന്ന എന്റെ ഭർത്താവെന്ന നിങ്ങളുടെ തന്നെ”

“രമേ.. വാക്കുകൾ സൂക്ഷിച്ചു വേണം. നാക്കിന് എല്ലില്ലാന്ന് കരുതി. എന്തും വിളിച്ചു പറയാം എന്ന് കരുതരുത്..”

“ഏട്ടൻ ആരെയാ വിഡ്ഢിയാക്കുന്നത് എന്നെയോ. ഞാൻ ഒന്നും അറിയില്ല .. എന്നു കരുതിയോ..”

“നീ എന്തു കണ്ടെന്നാ.”

“കുറച്ചു നാളായി.. ഞാൻ ശ്രദ്ധിക്കുന്നു. കുട്ടിയുടെ കാര്യം നോക്കാൻ ഏട്ടന് സമയമില്ല.. എന്നോട് സ്നേഹത്തോടെ ഒരു വാക്കു പോലും പറയാറില്ല. സാധാരണ ഗൾഫിൽ നിന്ന് വന്ന് കഴിഞ്ഞാൽ ഭാര്യമാരെ കണ്ടാൽ ഭർത്താക്കൻമാർക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .. വന്നിട്ട് ഇരുപതു ദിവസമായി .. എന്നെങ്കിലും ഒരു ദിവസമെങ്കിലും എന്റെ അടുക്കൽ വന്നിട്ടുണ്ടോ.. നാണം മറന്ന് ഞാൻ വന്നാലും വയ്യ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറും..എന്തിനാ ഏട്ടാ എന്നോട് ഈ ചതി .. ഒരാണി നെപ്പോലും നേരിട്ടു നോക്കാതെ എന്റെ ഏട്ടനാണ് എനിക്ക് എല്ലാം എന്ന് നൂറിന് നൂറ്റമ്പത് പ്രാവശ്യം എല്ലാവരോടും പറയുന്ന എന്നോട് തന്നെ വേണമായിരുന്നോ..” ഏട്ടന് അറിയോ. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി.. നെഞ്ചിൽ തീയാണ്.. ഏട്ടൻ എന്നെ വിട്ടു എങ്ങോട്ടോ പോയ പോലെ.. അതിനു മാത്രം ഒന്നും കൊള്ളാത്തവളായി പോയോ.. ഞാൻ എട്ടന്റെ കണ്ണില് ..

“രമേ.. നീ പറയുന്നത് ഒന്നും എനിയ്ക്ക് മനസ്സിലാകുന്നില്ല ..”

“മനസ്സിലാവില്ല ഇനിയും എന്നെ ഭ്രാന്തിയാക്കരുത് ഞാൻ ആർക്കും ശല്യമാകാതെ എവിടേയെങ്കിലും പോയി സ്വസ്തമായി ജീവിച്ചോളാം വീനിത ഏട്ടന് ചേർന്ന പെണ്ണാണ്. ഞാൻ ഒട്ടും ചേർച്ചയില്ല.””

“നമ്മുടെ വിനീതയോ.. രമേഷിന്റെ ഭാര്യയെ കുറിച്ചാണോ .. നീ ഈ അനാവശ്യം പറയുന്നത്”

“ഏട്ടന് അനാവശ്യം കാണിക്കാം ഞാൻ പറയുന്നതാണ് പ്രശ്നം അല്ലേ..”

“രമേ… നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്..”

“ഇനി തെറ്റിദ്ധരിക്കാൻ ഒന്നുമില്ല.. എല്ലാം ഞാൻ നേരിട്ട് കണ്ടതാണ്..”

“നീ എന്തുകൊണ്ടാണ് എന്റെ ഭാഗത്തുനിന്ന് സംസാരിക്കാത്തത് നിനക്കറിയില്ല എന്റെ പ്രശ്നങ്ങൾ..ഒരു പാട് പ്രശ്നങ്ങൾക്കു നടുവിലാണ് ഞാൻ ഇപ്പോൾ ജീവിയ്ക്കുന്നത് .. അല്ലങ്കിലും പ്രവാസികളുടെ മനസ്സ് കാണാൻ ആരും ശ്രമിക്കാറില്ല….”

“സ്വന്തം ഭാര്യവീട്ടിലുണ്ടായിട്ടും വേറൊരുത്തിയുടെ കൂടെ നാടുചുറ്റുന്നത് ഞാൻ കണ്ടില്ലെന്ന് നടിക്കണം എന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത്. മതി എനിയ്ക്ക് ഒന്നും കേൾക്കണ്ട..”

“പാവം ഒന്നും അറിയാത്ത ആ കുട്ടിയെ പറ്റി ഇല്ലാ വചനം പറഞ്ഞു പരത്തരുത്.”

“പാവം അവളിപ്പോൾ ഏട്ടന് പാവമാണല്ലേ.. എന്റെ കുടുംബം തകർത്ത അവൾ ഒരു കാലത്തും ഗുണം പിടിക്കില്ല. നെഞ്ചുരുകിയാണ് ഞാൻ പറയുന്നത് ..”

“മതീ നീറുത്തൂ.”

“ഞാൻ പറയുന്നത് കേൾക്കാനുള്ള സൻമനസെങ്കിലും നീ കാണിക്കൂ എന്നിട്ട് തീരുമാനിക്കാം ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ..നിന്നോട് പറഞ്ഞില്ല എന്നുള്ളൂ… നിന്നെയും കൂടി വിഷമപ്പെടുത്തേണ്ട എന്നു കരുതി പറഞ്ഞില്ല എന്നു മാത്രം.. എല്ലാം നീ അറിയണം. ഞാനിനി ഒന്നും ഒളിച്ചുവയ്ക്കുന്നില്ല.”

അവൻ തന്റെ കഥ അവളോട് പറഞ്ഞു ..

“നിനക്കറിയാലോ.. വീനിതയുടെ ഭർത്താവും ഞാനും കൂടി അവിടെ ഒരു ബിസ്സിനസ്സ് തുടങ്ങിയ കാര്യം.ആദ്യമെല്ലാം ലാഭത്തിലായിരുന്ന കമ്പനിയിൽ ഒരു വലിയ തുകയുടെ ചെക്ക് അവന്റെ പേരിൽ അവൻ കൈപ്പറ്റി ..കള്ളചെക്ക് കൊടുത്ത് .അവനെ വഞ്ചിക്കുകകായിരുന്നു. പാവം.അവിടുത്തെ നിയമപ്രകാരം അവനിപ്പോൾ ജയിലിലാണ്.. ഒരു മാസത്തിനുള്ളിൽ പൈസ തിരികെ ഏൽപ്പിച്ചില്ലെങ്കിൽ പാട്ണർ എന്ന നിലയിൽ എന്നെയും അകത്തിടും.നാട്ടിൽ വന്ന് പൈസ റെഡിയാക്കി എത്രയും വേഗം എനിക്ക് തിരിച്ചു പോകണം. അവരുടെ വീടിന്റെ ആധാരം ബാങ്കിൽ വെച്ച്.പൈസ എടുക്കുവാൻ വേണ്ടിയാണ് ഞാനവളെയും കൂട്ടി ബാങ്കിൽ പോയത്.. അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും എനിയ്ക്കും അവൾക്കും തമ്മിൽ ഇല്ല ..

“ഉള്ളിൽ എരിയുന്ന വിഷമങ്ങൾ മാറ്റി വെച്ച് സന്തോഷത്തോടു കൂടി.. നിന്നെ സ്നേഹിക്കാൻ എനിയ്ക്കു കഴിയുന്നില്ല.രമേ… എന്നോട് ക്ഷമിക്കൂ ..”

“ഏട്ടാ ഏട്ടൻ പറയുന്നത് സത്യമാണോ.. നമ്മുടെ മോളാണേ സത്യം ..”

തന്റെ അറിവില്ലായ്മ കൊണ്ട് എഴുതാപ്പുറം വായിച്ച .. അവളുടെ നാവിനെ അവൾ പഴി ചൊല്ലി..

“ഏട്ടാ.. “”

വിതുമ്പി കൊണ്ടവൾ വിളിച്ചു.

“എന്നോട്‌ ക്ഷമിക്കൂ.”

“രമേ.. ഈ ലോകത്ത് നീയും മോളും കഴിഞ്ഞേ ഉള്ളൂ.. എനിയ്ക്കല്ലാം .. എന്റെ മരണം വരെ ഞാൻ നിന്നെ വഞ്ചിക്കുകയില്ല. ഒറ്റ രാത്രി കൊണ്ട് നീ നൽകിയ അകൽച്ച എനിയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ..ഒരു നല്ല ഭാര്യ ഭർത്താവിന് എന്നും ആശ്വാസവും അനുഗ്രഹവുമാണ്. നീ എന്റെ ഭാര്യയാണ്! അതിലുപരി ഈ വീടിന്റെ വിളക്കും. നിന്നെ വേദനിപ്പിച്ച് എനിയ്ക്ക് ഒന്നും നേടണ്ട..”

മറുപടിയ്ക്ക് കാത്തുനിൽക്കാതെ രമ വിനോദിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. കണ്ണുനീർ കൊണ്ടു തനിക്ക് പറ്റിയ തെറ്റുകൾ അവൾ കഴുകി കളഞ്ഞു. “എന്നെ വെറുക്കരുത് ഏട്ടാ.. ”

അവന്റെ കരവലയത്തിനുള്ളിൽ ഇളം ചൂടുള്ള മാറിൽ മുഖം ചേർത്തുവെച്ച് ഒരു പൂച്ചകുട്ടിയെപ്പോലെ അവൾ പറ്റിച്ചേർന്ന് നിന്നു…..

NB: പല കുടുംബങ്ങളും തെറ്റിപ്പിരിയുന്നത് തെറ്റിദ്ധാരണയുടേയും .പരസ്പരം തുറന്നു പറയാതെ വിഷമങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നതു കൊണ്ടാണ് ..ചെറിയ തെറ്റുകൾ പോലും മനസ്സിലാക്കി മാപ്പു കൊടുക്കുന്ന വളാണ് നല്ല ഭാര്യമാർ.. ഭാര്യമാരിൽ നിന്ന് ഒളിച്ചു വയ്ക്കാതെ എല്ലാം തുറന്നു പറയുന്നവനാണ് നല്ല ഭർത്താക്കൻമാർ .. എല്ലാം പരസ്പരം പങ്കുവെച്ചുള്ള ജീവിതം എന്നും ഐശ്വര്യവും, സമാധാനവും, സന്തോഷമുള്ളതാണെന്ന് പലർക്കും തിരിച്ചറിയാത്ത പരമസത്യം ….

എന്ന് നിങ്ങളുടെ സ്വന്തം ദീപു …

രചന: രാജേഷ് ദീപു

Leave a Reply

Your email address will not be published. Required fields are marked *