ഭാര്യയ്ക്കുള്ള സ്നേഹ സമ്മാനം വീടിനുള്ളിൽ ഭദ്രമായ് വെച്ചിരുന്നു…

Uncategorized

രചന: ഷെർബിൻ ആൻ്റണി

അളിയൻ്റെസർപ്രൈസ്

ഭാര്യയ്ക്ക് ബർത്ത് ഡേ സമ്മാനമായി വാച്ച് വാങ്ങി ആരും കാണാതെ ഒളിപ്പിച്ച് വെച്ചിരിക്കുവായിരുന്നു ചുള്ളനിതുവരെ.ഗൾഫിലേക്ക് പോകുന്നതിൻ്റെ തലേ നാൾ ഒരു പൂച്ചക്കുഞ്ഞ് പോലുമറിയാതെ തൻ്റെ ഭാര്യയ്ക്കുള്ള സ്നേഹ സമ്മാനം വീടിനുള്ളിൽ ഭദ്രമായ് വെച്ചിരുന്നു. ത്രികാല ജ്ഞാനികൾ വരെ ഇത്തരമൊരു മൂവ്മെൻ്റ് സ്വപ്നത്തിൽ പോലും കണ്ടുകാണില്ല.

ഗൾഫിൽ നിന്ന് ഗൃഹ പ്രേവശനത്തിന് ലീവിൽ വന്നതായിരുന്നു കക്ഷി.ലീവ് നീട്ടി കിട്ടാത്തതിനാൽ ഉടനെ തന്നെ ഗൾഫിലേക്ക് തിരിച്ച് പോകേണ്ടതായ് വന്നു. ആ തിരക്കിനിടയിലും ബർത്ത് ഡേ ഗിഫ്റ്റ് വാങ്ങി സേഫായി വീടിനുള്ളിൽ തന്നെ വെയ്ക്കാൻ മറന്നില്ല നല്ലവനായ അളിയൻ!

ഇന്നലെ ആയിരുന്നു ദീപചേച്ചിയുടെ പിറന്നാൾ ദിനം.രാവിലെ തന്നെ അളിയൻ വൈഫിനെ വിളിച്ച് ഞെട്ടിക്കാൻ തീരുമാനിച്ചു. കൊച്ചുവെളുപ്പാൻ കാലത്തേ അളിയൻ വിളി തുടങ്ങി….

മൊബൈലിൻ്റ റിംഗ്ടോൺ കേട്ട് ഉറക്കത്തിൽ നിന്ന് എണീറ്റ ദീപചേച്ചി ചെറിയൊരു കലിപ്പോടേ ഫോണെടുത്ത് നോക്കി. ഡിസ്പ്ലേയിൽ അളിയൻ്റെ പേര് കണ്ടതും ഇങ്ങേർക്ക് ഈ നേരത്ത് ഇത് എന്തിൻ്റെ കേടാണെന്ന് പിറുപിറുത്ത് കൊണ്ട് കോൾ അറ്റൻഡ് ചെയ്തു.

ഹാപ്പി ബർത്ത്ഡേ ഡീയർ…. അളിയൻ സന്തോഷത്തിൽ വിളിച്ച് കൂകി.

അയ്നാര്ന്നോ…. കുറേ കഴിഞ്ഞ് വിളിച്ചാ പോരായിരുന്നോ. മനുശ്ശൻ്റെ ഉറക്കോം കളഞ്ഞു പണ്ടാരടങ്ങാനായിട്ട്….

ങേ…. മറുപുറത്ത് അളിയൻ അന്ധാളിച്ചെങ്കിലും സർപ്രൈസ് കൊടുക്കുമ്പോൾ അവൾ തുള്ളിച്ചാടുമെന്ന് ഓർത്തുകൊണ്ട് നിരാശനാവാതെ പറഞ്ഞു എടീ നമ്മുടെ വാഷ് ബെയ്സൻ്റ അടീല് വെള്ളം ലീക്കാവുന്നുണ്ടല്ലോ…. നീയതൊന്ന് നോക്കിയേ….

വാഷ് ബെയ്സനടിയിലായിരുന്നു അളിയൻ വാച്ച് ഒളിപ്പിച്ച് വെച്ചിരുന്നത്. അത് കാണുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷമോർത്തപ്പോൾ അളിയന് ഇരിക്കപ്പൊറുതി ഇല്ലാതായി.

ഗൾഫിലിരിക്കുന്ന ഇങ്ങേരിതെങ്ങനെ ഇവിടത്തെ വെള്ളം ലീക്കായതറിഞ്ഞു. വീടിൻ്റെ പണി കഴിഞ്ഞ് അധികം നാളായില്ലല്ലോ അപ്പഴേക്കും റിപ്പയറും തുടങ്ങിയോ…? ദീപചേച്ചി സംശയത്തോടേ ഹാളിലെ വാഷ് ബെയ്സനിനടുത്തേക്ക് ഫോണും കൊണ്ട് നീങ്ങി.

ഇവിടെങ്ങും ഒരു ലീക്കുമില്ല ഒരു കേക്കുമില്ല ഷിജുവേട്ടാ… നിങ്ങക്കിത് എന്നാത്തിൻ്റെ കേടാ….

എടീ നീയാ വാഷ് ബെയ്സൻ്റെ അടിയിലൊന്ന് കൈ ഇട്ട് നോക്കിയേ ലീക്കുണ്ടോന്ന്… വാ പൊത്തിപിടിച്ച് ചിരിച്ചോണ്ടാണ് അളിയനത് പറഞ്ഞൊപ്പിച്ചത്.

സംശയം തീർക്കാനായ് ദീപചേച്ചി കൈ ഇട്ടതും എൻ്റമ്മേന്നും പറഞ്ഞ് പുറകോട്ട് ചാടിയതും ഒപ്പമായിരുന്നു. വാച്ചിൻ്റെ ചെയിനിൽ തൊട്ടതും പാമ്പാണെന്ന് കരുതിയാണ് മൂപ്പത്തി ഒച്ചയുണ്ടാക്കിയത്.

സൗണ്ട് കേട്ട അളിയൻ കരുതിയത് വാച്ച് കണ്ട സന്തോഷത്തിൽ അവൾ തുള്ളിച്ചാടുകയാണെന്നാണ്.

ഫോൺ കട്ട് ചെയ്തിട്ട് ദീപചേച്ചി ടോർച്ചടിച്ച് നോക്കി.പാമ്പിനെ കൊണ്ട് ഭാര്യയെ കൊന്ന കഥ കഴിഞ്ഞ ദിവസോം പേപ്പറിലൊക്കെ വായിച്ചതാണ്.പാമ്പിനെ ഒളിപ്പിച്ചിട്ട് അതിയാൻ പിടിക്കപ്പെടാതിരിക്കാൻ ഗൾഫിലേക്ക് കടന്നതാണോയിനി!

പക്ഷേ അതിനടിയിലിരിക്കുന്ന വാച്ച് കണ്ടതും ദീപചേച്ചിക്ക് ആശ്ചര്യമായി.

മറുപുറത്ത് ഭാര്യയുടെ വിളിയും കാത്ത് അളിയൻ ഫോണില് നോക്കി ഇരിക്കുകയായിരുന്നു. മിക്കവാറും തുരുതുരേ ഉമ്മയായിരിക്കും അവള് തരുന്നത് ഓർത്തപ്പോഴേ അളിയന് കുളിര് കോരി. ഉമ്മ വെക്കുന്ന ഒച്ച കേട്ട് പിള്ളേര് എഴുന്നേൽക്കുമോ? ആ പല്ലി ചിലക്കുന്ന പോലത്തെ ശബ്ദം കേട്ട് അച്ഛനെങ്ങാനും ഉണർന്ന് ലൈറ്റിടുമോ….? എല്ലാം കൂടി ഓർത്തപ്പോൾ അളിയന് തന്നെ നാണം വന്നു…

ചുംബന രംഗം മനസ്സിൻ്റെ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോൾ അളിയൻ്റെ മൂഡ് റൊമാൻ്റിക്ക് ഗീയറിലേക്ക് മാറി. ഇന്ന് ലീവെടുത്ത് പുതപ്പിനുള്ളിൽ ചുരുണ്ട് കൂടിയാലോന്നുള്ള ചിന്തയും അറബിയുടെ കണ്ണ് പൊട്ടുന്ന രീതിയിലുളള തെറി വിളികളും ഓർത്തപ്പോൾ മൂഡ് ഓട്ടോമാറ്റിക്കലി മാറി തുടങ്ങി.

നേരം കുറേ ആയിട്ടും വിളിയൊന്നും കാണാതായപ്പോൾ അളിയന് ദേഷ്യം കയറി തിരിച്ച് വിളിച്ചു. കുറേ നേരം ബെല്ലടിച്ചതിനു ശേഷം കോളെടുത്തത് മകളായിരുന്നു.

അമ്മ എന്തിയേടീ….

അമ്മ കക്കൂസിലാ അച്ഛാ…

ങേ… മനുഷ്യനിവിടെ ഗിഫ്റ്റ് കൊടുത്തതിൻ്റെ ത്രില്ലിൽ ഇരിക്കുമ്പോൾ അവളവിടെ ഒരു താങ്ക്സ് പോലും പറയാതെ കക്കൂസിനകത്ത് തപസ്സിരിക്കുകയാണോ….? അളിയൻ പിറുപിറുത്ത് കൊണ്ടിരുന്നപ്പോൾ ദീപ ചേച്ചി വന്ന് ഫോൺ വാങ്ങി.

മനുഷ്യാ നിങ്ങള് വല്ലതു മറിഞ്ഞോ… നമ്മുടെ വാഷ് ബെയ്സനടിയില് ഒരു വാച്ച് ഇരിപ്പുണ്ടായിരുന്നു.

ആണോ…. ഒന്നുമറിയാത്ത പോലേ അളിയൻ ആക്ട് ചെയ്തു.

ആന്നേ…. എന്നിട്ട് ഞാനാ പ്ലംബറെ വിളിച്ച് പറഞ്ഞു നിങ്ങടെ വാച്ച് ഇവിടെ വെച്ച് മറന്ന് പോയിട്ടുണ്ട് വന്ന് എടുത്തോണ്ട് പൊക്കോളാൻ….

ങേ… ഒരു വാച്ച് അത് ലേഡീസാണോ ജെൻ്റ്സിൻ്റയാണോന്ന് പോലും തിരിച്ചറിയാത്ത ഇവൾക്കാണല്ലോ തമ്പുരാനേ ഞാൻ സർപ്രൈസ് കൊടുത്തത് ….!

രചന: ഷെർബിൻ ആൻ്റണി

Leave a Reply

Your email address will not be published. Required fields are marked *