ഭാവിയിൽ എന്താകണമെന്നാണ് നിങ്ങളുടെയെല്ലാം സ്വപ്നവും ആഗ്രഹവുമെന്ന്…

Uncategorized

രചന: സാദിഖ് എറിയാട്

ഭൂമിയിലെ മാലാഖമാർ

s s l c പരീക്ഷക്ക് മുന്നോടിയായ് ക്ലാസെടുക്കുന്നതിനിടയിലാണ് മേരി ടീച്ചർ. തന്റെ ക്ലാസ്സിലെ കുട്ടികളോട് ചോദിച്ചത് ഭാവിയിൽ എന്താകണമെന്നാണ് നിങ്ങളുടെയെല്ലാം സ്വപ്നവും ആഗ്രഹവുമെന്ന്…

പല കുട്ടികളും ഡോക്ടറും.വക്കീലും എഞ്ചിനിയറും ആകണമെന്ന് പറഞ്ഞപ്പോൾ സാറ മാത്രമാണ്. എനിക്കൊരു നേഴ്സ് ആയാൽ മതിയെന്ന് പറഞ്ഞത്.

ക്ലാസ്സിലെ മറ്റു കുട്ടികൾ പരിഹാസത്തോടെ സാറയെ നോക്കിയപ്പോൾ.

മേരി ടീച്ചർ അവൾക്കരികിൽ ചെന്ന് സ്നേഹത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. കർത്താവ് നിന്റെ ആഗ്രഹം പൂവണിയിക്കട്ടെ എന്ന്…

പഠിക്കാൻ മിടുക്കിയായിരുന്ന അനാഥയായ സാറ. ഡിഗ്രി കഴിഞ്ഞപ്പോൾ തിരഞ്ഞെടുത്തതും നഴ്സ്സിങ് പഠനം തന്നെയായിരുന്നു..

…………….

വർഷങ്ങൾ കുറെ കൊഴിഞ്ഞു പോയപ്പോൾ പഠനമെല്ലാം കഴിഞ്ഞ് വന്ന സാറയും ഇന്നൊരു നേഴ്സാണ്. അവൾ വളർന്ന അനാഥാലയത്തിൽ പെട്ടതന്നെ ഹോസ്പിറ്റലിൽ.

ഹോസ്പിറ്റലിൽ നേഴ്സായ് ജോലിക്ക് കയറിയ നാൾ മുതൽ. സാറ അവിടെ കണ്ട് തുടങ്ങിയതാണ് ആന്റണിയെന്ന ഡ്രൈവറെ. അവിടുത്തെ സീനിയർ ഡോക്ടറായ. തോമസ് ഡോക്ടറുടെ ഡ്രൈവറായ ആന്റണിയെ..

രാവിലെ ഡോക്ടറെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്ന് കഴിഞ്ഞാൽ. വൈകീട്ട് ഡോക്ടർ തിരിച്ചു പോകും വരെ ഹോസ്പിറ്റലിൽ പറന്ന് നടക്കുന്നൊരാൾ.. അറ്റന്റർ മാരെ സഹായിച്ചും. ഹോസ്പിറ്റലിലെ ചെറിയ ചെറിയ ജോലികൾ ചെയ്തും. അവിടെയെല്ലാം ഓടിനടക്കുന്ന ഒരു പ്രത്യേക മനുഷ്യൻ..

ഹോസ്പിറ്റലിലെ ജോലിക്കാരുടെ ആവശ്യങ്ങൾ വരെ. ഒരു മടിയും കൂടാതെ ചെയ്തു കൊടുക്കുന്ന ആന്റണിയെ എല്ലാവർക്കും വലിയ കാര്യമായിരുന്നു…

താൻ എല്ലാ ദിവസവും കൺ മുന്നിൽ കാണുന്ന ആന്റണിയെന്ന ഡ്രൈവറെ കുറിച്ചുള്ള വിവരങ്ങൾ കൂടെയുള്ള സിസ്റ്റർ മാരിൽ നിന്ന് സാറയും അറിയുകയായിരുന്നു…

കുടുംബമൊ ബന്ധുക്കളൊ ഇല്ലാത്ത അനാഥൻ. സംസാരിക്കാൻ കഴിയാത്തവൻ..

തോമസ് ഡോക്ടറുടെ വീട്ടിൽ ചെറുതിലെ വന്ന് കൂടിയതാണ്. ഡോക്ടറുടെ വീട്ടിലെ തോട്ടം നനയും കാറ് കഴുകലും ഒക്കെയായിരുന്നു ആദ്യ ജോലി..

വലുതായപ്പോൾ ഡോക്ടർ ഡ്രൈവിംഗ് പഠിപ്പിച്ച് ഡോക്ടറുടെ തന്നെ ഡ്രൈവറായ് ജോലിയും കൊടുത്തു..

പയ്യെ പയ്യെ ആന്റണിയുമായി സാറയും അടുക്കുകയായിരുന്നു..

…………………

ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്ക് പെട്ടന്ന് തന്നെ സാറയൊരു സ്നേഹമാലാഖയായ് മാറി.. രോഗികളോട് കനിവും ദയയുമുള്ള രോഗികളുടെ പ്രിയപ്പെട്ട സാറസിസ്റ്റർ..

കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ഹോസ്പിറ്റലിലെ സീനിയർ ഡോക്ടറായ. തോമസ് ഡോക്ടർ അമേരിക്കയിലെ അദ്ദേഹത്തിന്റെ മകന്റെ അരികിലേക്ക് പോയത്..

തോമസ് ഡോക്ടർ നാട്ടിൽ നിന്ന് പോയപ്പോൾ. വീടൊ നാടൊ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവറായ ആന്റണിക്ക് ഹോസ്പിറ്റലിലെ ആംബുലൻസ് ഓടിക്കുന്ന ജോലിയും വാങ്ങി കൊടുത്തിട്ടാണ്. അദ്ദേഹം പോയത്.

പിന്നീട് ആന്റണിയുടെ ലോകം ആ ഹോസ്പിറ്റലായിരുന്നു..

മിണ്ടാൻ കഴിയില്ലെങ്കിലും മനസ്സിനും ശരീരത്തിനും വലിയ കരുത്തുള്ളവനായിരുന്നു ആന്റണി.

ഏത് അപകടങ്ങളിലും പെട്ട് ചതഞ്ഞരഞ്ഞ ശരീരങ്ങളായാലും പൊള്ളി വെന്ത്‌ പോയ ശരീരങ്ങളായാലും. മടിയേതും കൂടാതെയാണ് ആന്റണി ആംബുലൻസിനുള്ളിലേക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്..

ആംബുലൻസിൽ രോഗികളുമായ് ഹോസ്പിറ്റലിന് മുന്നിലെത്തുമ്പോൾ. അറ്റന്റർമാർ സ്ട്രക്ച്ചറുമായ് വരാൻ താമസിച്ചാൽ രോഗിയേയും എടുത്തുകൊണ്ട് അത്യാഹിത റൂമിലേക്ക് ഓടി കയറുമായിരുന്നു.

മനുഷ്യ ജീവന് വലിയ വില നൽകുന്ന ആളായിരുന്നു ആന്റണി.. താൻ ചെയ്യുന്നത് ജോലിയായ് ആ മനുഷ്യൻ കണ്ടിട്ടില്ലായിരുന്നു..

ഓടി നടന്ന് മെയ് മറന്ന് പണിയെടുക്കുന്ന പൊട്ടൻ ആന്റണിയുടെ പല പ്രവർത്തികൾക്കും. ഹോസ്പിറ്റൽ മാനേജ് മെന്റും അവിടുത്തെ ഡോക്ടർ മാരും മൗനാനുവാധം കൊടുത്തിരുന്നു..

സാറയും മറ്റു സിസ്റ്റർമാരും പലപ്പോഴും ആന്റണിയെ കുറിച്ച് പറയുമായിരുന്നു. തരിമ്പ് പോലും മനസ്സിൽ പേടിയില്ലാതെ കാളയെ പോലെ പണിയെടുത്ത് നടക്കുന്ന പൊട്ടനാണ് ആന്റണിയെന്ന്..

സാറസിസ്റ്റർ അത്യാഹിത വിഭാഗത്തിൽ ഡ്യുട്ടിക്കുണ്ടായൊരു ദിവസമാണ്. അപകടത്തിൽ പരിക്ക് പറ്റിയ ഒരു കൊച്ചു കുഞ്ഞിനേയും കൊണ്ട് അത്യാഹിത റൂമിലേക്ക് ആന്റണി ഓടി കയറി ചെന്നത്. കുഞ്ഞിനെ സാറസിസ്റ്ററുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ നിറുത്താതെ കരയുകയായിരുന്നു ആ മനുഷ്യൻ..

കരുത്തനായ ആന്റണി ആദ്യമായ് കരയുന്നത് കണ്ട സിസ്റ്റർ മാർക്കും ഡോക്ടെഴ്സിനും അത്ഭുതം തോന്നിയിരുന്നു..

കുഞ്ഞിന്റെ ദേഹത്തെ ചെറിയ ചെറിയ മുറിവുകളിലെ ഡ്രസ്സിങ്ങെല്ലാം കഴിഞ്ഞ്. സാറസിസ്റ്റർ പുറത്തിറങ്ങുമ്പോൾ പുറത്തൊരു മൂലയിലിരുന്ന്.കുഞ്ഞുങ്ങളെ പോലെ ഏങ്ങി ഏങ്ങി കരയുകയായിരുന്നു ആന്റണി.

സമാധാനിപ്പിക്കാൻ വേണ്ടി അരികിലേക്ക് ചെന്ന സാറസിസ്റ്ററിനോട് ആംഗ്യഭാഷയിൽ ആന്റണി പറഞ്ഞു. ആ കുഞ്ഞിന്റെ അപ്പനും അമ്മയും അപകടം നടന്ന സ്ഥലത്ത് തന്നെ മരിച്ചു പോയെന്ന്… അവൻ എന്നെ പോലെ അനാഥനായെന്നും..

അന്ന് മുതലാണ് മിണ്ടാൻ കഴിയാത്ത നിഷ്കളങ്കനായ ആന്റണിയെന്ന നന്മയോട് സാറ സിസ്റ്ററുടെ മനസ്സിൽ വലിയ സ്നേഹവും ബഹുമാനവും തോന്നി തുടങ്ങുന്നത്…

എല്ലാ ദിവസവും തന്നെ മുൻപിൽ കാണുമ്പോൾ ആംഗ്യഭാഷയിൽ തമാശ കാണിച്ച് ചിരിപ്പിക്കുന്ന. പൊട്ടൻ ആന്റണിയോട് എപ്പഴോ മനസ്സിൽ തോന്നി തുടങ്ങിയ സ്നേഹം.പതുക്കെ പതുക്കെ സാറ സിസ്റ്ററുടെ ഉള്ളിൽ കടുത്ത പ്രണയമായ് മാറുകയായിരുന്നു..

ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത രണ്ട് പേരെയുമൊരുനാൾ കാലം ഒരുമിച്ചു ചേർത്തു..

വിവാഹ ശേഷം ചെറിയൊരു വീട് വാങ്ങി രണ്ട് പേരും ഒരുമിച്ചുള്ള ജീവിതയാത്രയും തുടങ്ങിയിരുന്നു..

ഓർമ വച്ച നാൾ മുതൽ ഹോസ്റ്റൽ ജീവിതം മാത്രം കണ്ടിട്ടുള്ള സാറസിസ്റ്ററും.

വീടോ നാടൊ ഇല്ലാതെ ഹോസ്പിറ്റലിലെ ജനറേറ്റർ റൂമിനോട് ചേർന്ന ഷെഡ്ഢിൽ കഴിഞ്ഞിരുന്ന. ഡ്രൈവർ ആന്റണിക്കും കുടുംബമായിരിക്കുന്നു..

വിവാഹമെന്ന രണ്ടിണകൾ കൂടി ചേർന്ന് ഒന്നാകുന്ന. ലോകത്തിലെ ഏറ്റവും വലിയ മഹത്വമുള്ള ബന്ധത്തിലൂടെ ആന്റണിയും സാറയും ഒന്നായിരിക്കുന്നു..

കാലങ്ങൾ നീങ്ങവെ സന്തോഷമായിരുന്നു രണ്ടു പേരുടെയും ജീവിതം. രണ്ട് പേർക്കും ഹോസ്പിറ്റലിൽ നിന്നും കിട്ടുന്ന ശമ്പളം ധാരാളമായിരുന്നു സന്തോഷത്തോടെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ..

അവരുടെ ജീവിതത്തിലേക്ക് ഇരട്ടിമധുരമായാണ് രണ്ട് മക്കൾ കൂടി കടന്ന് വന്നത് ആൻസിയും. ആൽവിനും..

തന്റെ ഭാര്യ സാറക്ക് നേഴ്സിങ് ജോലിയോടുള്ള സ്നേഹവും ആത്മാർതയും തിരിച്ചറിഞ്ഞ ആന്റണിക്ക്. നേഴ്സിങ് ജോലിയോട് അടങ്ങാത്ത ബഹുമാനവും സ്നേഹവുമായിരുന്നു.

നേഴ്സിങ് എന്ന നന്മ. ലോകത്തിലെ ഏറ്റവും വലിയ പുണ്ണ്യങ്ങളിൽ ഒന്നാണെന്ന് മനസിലാക്കിയിരുന്ന ആന്റണിക്ക്. ആ പുണ്ണ്യമുള്ള ജോലിയെയും ജീവനായിരുന്നു…

അത് കൊണ്ട് തന്നെ അദ്ദേഹം തന്റെ ഭാര്യയോട് എപ്പോഴും പറയുമായിരുന്നു നമ്മുടെ മകൾ ആൻസിയെയും നമുക്കൊരു നേഴ്സ് ആക്കിയാൽ മതിയെന്ന്..

അത് കൊണ്ട് തന്നെയാണ്. തന്റെ ഭർത്താവിന്റെ ഒരിഷ്ടത്തിനും എതിര് നിൽക്കാത്ത സാറസിസ്റ്റർ. മകളുടെ പ്ലസ് ടു പഠനം കഴിഞ്ഞപ്പോൾ.. തമിഴ് നാട്ടിലെ സേലത്ത് വിട്ട് മകളെ നേഴ്സിങ് പഠിപ്പിച്ചത്..

……………..

നേഴ്സിങ് പഠനം കഴിഞ്ഞ് വന്ന്. ജോലിക്ക് വേണ്ടി കാത്തിരുന്ന ആൻസിയുടെ ഏറ്റവും വലിയ മോഹമായിരുന്നു. വിദേശത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി ചെയ്യുക എന്നുള്ളത്..

അങ്ങനെയൊരു മോഹം ആൻസിയിൽ ഉണ്ടാകാൻ കാരണം. അവളുടെ അപ്പനും അമ്മച്ചിയും വർഷങ്ങളോളം രാപകലില്ലാതെ ഹോസ്പിറ്റലിൽ ജോലിചെയ്ത് ഉണ്ടാക്കിയതും. ആകെയുള്ള അവരുടെ കൊച്ചു വീടിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി.തന്റെ പഠനത്തിനായ് എടുത്ത ലോൺ പെട്ടന്ന് അടച്ചു തീർക്കണമെന്ന അവളുടെ മോഹവുമായിരുന്നു..

നാട്ടിൽ വർഷങ്ങളോളം ജോലി ചെയ്താലും തന്റെ കുടുംബത്തിന്റെ കടങ്ങൾ തീരില്ല എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു..

ആൻസിയുടെ പ്രയാസങ്ങൾ മനസിലാക്കിയിരുന്ന അവളുടെ കൂട്ട് കാരി ആൻസിക്ക് വേണ്ടി ദുബായിലെ ഹോസ്പിറ്റലിൽ ജോലിയും ശരിയാക്കിയിരുന്നു..

മകൾ കണ്ണെത്താ ദൂരത്തേക്ക് മറയുന്നതിലുള്ള വിഷമം കൊണ്ട്. ആൻസിയുടെ മോഹത്തിന് തടയിടാൻ ശ്രമിച്ച അവളുടെ അപ്പന്.. മകളുടെ പിടിവാശിക്ക് മുന്നിലൊരുനാൾ . സമ്മതം നൽകേണ്ടിവന്നു…..

……………….

ആൻസി വിദേശത്തേക്ക് ജോലിക്ക് പോകേണ്ട രണ്ട് ദിവസം മുൻപാണ്. അവരുടെ ജീവിതത്തിലേക്ക് ആ കറുത്ത ദിവസം വന്നെത്തിയത്..

ഒരു ക്രിട്ടിക്കൽ കേസുമായി ഹോസ്പിറ്റലിലേക്ക് പാഞ്ഞ് വന്ന് കൊണ്ടിരുന്ന ആന്റണിയുടെ ആംബുലൻസിന് മുന്നിലേക്ക്. സിഗ്നൽ തെറ്റിച്ച് കയറിവന്ന നാഷ്ണൽ പെർമിറ്റ് ലോറി ഇടിച്ചു കയറുമ്പോൾ.അത് കണ്ട് നിന്നവർ പോലും പ്രാർത്ഥിച്ചു പോയി മനുഷ്യരുടെ ജീവനും കൊണ്ടോടുന്ന ആംബുലൻസ് ഡ്രൈവർക്ക് ഒന്നും സംഭവിക്കരുതെ എന്ന്..

അ-ത്യാഹിത വിഭാഗത്തിലെ icu വിലേക്ക് സ്ട്രക്ച്ചറിൽ കൊണ്ട് വന്ന തന്റെ ഭർത്താവിനെ അവസാനമായ് ഡോക്ടർക്കൊപ്പം നിന്ന് പരിചരിച്ചതും സാറസിസ്റ്റർ തന്നെയായിരുന്നു..

സാറസിസ്റ്ററുടെ കൈകളിൽ കിടന്ന് അവസാനമായ്. ആന്റണി പിടയുമ്പോൾ അദ്ദേഹം പറയാൻ കൊതിച്ചത് ശബ്‌ദം പുറത്തേക്ക് വരാത്ത. ആ നാവിൽ നിന്നും സാറസിസ്റ്റർ വായിച്ചെടുത്തിരുന്നു…

എന്റെ സാറക്കൊച്ചെ. നിന്റെയും മക്കളുടെയും കൂടെ ജീവിച്ച് എനിക്ക് കൊതി മാറിയില്ലല്ലൊ എന്ന്…

തന്റെ കൈകളിൽ കിടന്ന് ആ അവസാന വാക്കുകൾ പറഞ്ഞ് തന്റെ പ്രിയതമൻ പിടഞ്ഞു വീണപ്പോൾ… മുപ്പത് വർഷത്തെ നേഴ്സിങ് ജോലിക്കിടയിലാദ്യമായ് icu വിനുള്ളിൽ സാറസിസ്റ്റർ ബോധമറ്റ് വീണു….

അപ്പോൾ icu വിന് പുറത്ത് ആന്റണിയെന്ന ആംബുലൻസ് ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നവർ പറയുന്നുണ്ടായിരുന്നു..

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ബന്ധുക്കളെയും രക്ഷിക്കാൻ വേണ്ടി ഡ്രൈവർ സ്വന്തം ജീവൻ കൊടുത്താതാണെന്ന്…

അന്ന് ബോധമറ്റ് വീണ സാറസിസ്റ്റർ പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല.. അത്രക്ക് ജീവനായിരുന്നു സാറസിസ്റ്റർക്ക്.. നന്മ മാത്രം മനസ്സിലിട്ട് ജീവിച്ച. തന്റെ ജീവന്റെ പാതിയായ ആ മിണ്ടാപ്രാണിയെ….

………………

അമ്മച്ചിയെ ഞാൻ ഇറങ്ങുവാണ് ട്ടൊ.

ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം ഞാൻ ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട്.. കിടന്ന് കൊണ്ട് ഒന്നും എടുക്കാൻ വേണ്ടി അമ്മച്ചി ശ്രമിക്കണ്ടാട്ടോ അമ്മച്ചിക്ക് എന്ത്‌ വേണേലും ആൽവി മോനെ വിളിച്ചാൽ അവൻ എടുത്ത് തരും…

ആൽവി മോനെ ഇച്ചേച്ചി ഇറങ്ങുവാണെ. നിന്റെ ഫോൺ ഇച്ചേച്ചി ചാർജിലിട്ടിട്ടുണ്ട്. മോന്റെ ഓൺ ലൈൻ ക്ലാസ് തുടങ്ങുമ്പോൾ അമ്മച്ചിക്കരികിൽ തന്നെ ഇരുന്ന് ക്ലാസ് കണ്ടാൽ മതിട്ടൊ…

എന്തേലും ആവശ്യം വന്നാൽ തെക്കേപേരെലെ ക്ലാരേച്ചിയെ വിളിച്ചാ മതിട്ടൊ…

അനിയൻ ആൽവിനെ അരികിൽ വിളിച്ച് അമ്മച്ചിയുടെ കാര്യങ്ങളെല്ലാം ഏൽപ്പിച്ച് കൊണ്ട്. തന്റെ ബാഗുമെടുത്ത് ഓടുകയായിരുന്നു ആൻസി..

മരിച്ചു പോയ ഡ്രൈവർ ആന്റണിയുടെയും തളർന്ന് കിടക്കുന്ന സാറസിസ്റ്ററുടെയും മൂത്ത മകളായ ആൻസിയും. ഇന്നൊരു നേഴ്സാണ്..

സാറയെന്ന അമ്മച്ചിയെ പോലെ തന്നെ. രോഗികൾക്ക് മുന്നിലെത്തിയാൽ പുഞ്ചിരിക്കുന്ന മുഖമുള്ള. ആൻസിയെന്ന നേഴ്സ് മാലാഖ…

………………

എന്തിനാണല്ലെ നന്മയിൽ വിരിഞ്ഞ ആന്റണിയും സാറയുമെന്ന സ്നേഹ ഇണകൾക്ക് ഇങ്ങനെയൊരു വേർപാട് വന്ന് പോയത്….

ലോകത്തിലെ ഏറ്റവും വലിയ നന്മയായ രോഗപരിപാലനം ചെയ്യുന്ന. പല മാലാഖമാർക്കുമുണ്ട് ഇത് പോലെ സഹിക്കാനും മറക്കാനും കഴിയാത്ത കുറെയേറെ ഓർമ്മകൾ..

എത്ര വലിയ വിഷമവും നേഴ്സിന്റെ നെഞ്ചിനുള്ളിൽ കത്തിയെരിഞ്ഞാലും രോഗികൾക്കരികിൽ അവർ ചെല്ലുമ്പോൾ.

പുഞ്ചിരിക്കുന്ന മുഖവുമായ് അവരുടെ മുന്നിൽ നിൽക്കുന്ന മാലാഖയാവാനാണ് ഏതൊരു നേഴ്‌സും കൊതിക്കുന്നത്.

കാരുണ്ണ്യത്തിന്റ.. സഹനത്തിന്റെ.. നന്മയുടെ.. മാലാഖമാർ ആകാൻ…

ഭൂമിയിലെ എല്ലാ നേഴ്സ്മാലാഖമാർക്കും എന്റെ ഈ കഥ സമർപ്പിച്ചു കൊണ്ട്…

ഒത്തിരി ഒത്തിരി സ്നേഹത്തോടെ..

രചന: സാദിഖ് എറിയാട്

Leave a Reply

Your email address will not be published. Required fields are marked *