ഒറ്റയ്ക്ക് വിടാൻ തോന്നിയില്ലെടി, നീ എന്റെ അല്ലെ പറയുമ്പോൾ…

Uncategorized

രചന: ലക്ഷ്മി ലച്ചു

വിനയേട്ടാ… ഞാൻ പറഞ്ഞ കാര്യം എന്തായി, വല്ലതും നടക്കുവോ?

നടത്തിക്കാടി കൊച്ചേ, നാളെ രാവിലെ 11 മണിക്ക് വരാം ഒപ്പം നീ പറഞ്ഞ കാര്യവും സാധിച്ചുതരാം , സ്‌ഥലം എവിടെ വേണമെന്ന് നീ പറഞ്ഞാൽ മതി

ഈവ്സ് കഫെയിലേക്ക് വന്നാൽ മതി, ഞാൻ അവിടെ ഉണ്ടാകും, ഫോണിലൂടെ മറുപടി പറയാൻ അവൾക്ക് മറ്റൊന്നാലോചിക്കേണ്ടി വന്നില്ല, കാൾ കട്ടായപ്പോൾ അവളിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു, പ്രണയമല്ല, കുറച്ചുനാളുകളായി തേടിയത് ഉടനെ കാണാൻ കഴിയുമെന്ന സന്തോഷമായിരുന്നു അവളിൽ.

നാളെയാണ് മീറ്റപ്പ്, നിരഞ്ജൻ എന്ന പേരിലേക്ക് അവൾ വാട്സാപ്പ് സന്ദേശമയച്ചു.

തിരികെ റിപ്ലൈ ആയി ഒരു ഓൾ ദി ബെസ്റ്റും കിട്ടി

ശ്രേയ, എല്ലാപേരിലും പുഞ്ചിരി പകർത്തുന്നവൾ, അവൾക്ക് ചുറ്റിലുമുള്ള എല്ലാപേരും എപ്പോഴും സന്തോഷമായിരിക്കണം എന്ന ആഗ്രഹമുള്ളവൾ, നാളെ കഴിഞ്ഞാൽ അവൾ പറക്കുകയാണ്, ഓസ്ട്രേലിയയിലേക്ക്, അവളുടെ സ്വപ്ന ജോലിയിലേക്ക് അവളുടെ പ്രാണനോടൊപ്പം, അതിന് മുൻപ് ഇടയ്ക്കിടെ വരാറുള്ള കാരണമറിയാത്ത ദേഷ്യവും സങ്കടവും ചില സമയങ്ങളിൽ അവളെ മാറ്റി കൊണ്ടിരുന്നു, ആരോടും ഒന്നും പറയാതെ, എടുത്തു പറയാൻ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നോ, മനസാക്ഷി സൂക്ഷിക്കാൻ കണക്കിനുള്ള സൗഹൃദമോ അവൾക്കില്ല, പക്ഷെ കൂടെ കൂടുന്ന എല്ലാപേരും അവൾക്ക് നല്ല സൗഹൃദങ്ങളാണ്.

കുറച്ചു നാൾ മുൻപ് ഒരിക്കൽ ദേഷ്യം വന്നപ്പോൾ ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്, ” irritated mode with no reason” പലരും കാരണമറിയാൻ അവളെ വിളിച്ചെങ്കിലും അറിയാത്ത കാരണം എങ്ങനെ പറയാനാണ്, പെട്ടെന്നാണ് ഇൻബോക്സിൽ മെസേജ് വന്നത്, നിരഞ്ജൻ, അവളുടെ സൗഹൃദങ്ങളിൽ ഒന്ന് , സിവിൽ സർവീസ് കഴിഞ്ഞ് സെൻട്രൽ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്,നാട്ടിലേക്ക് വരുമ്പോൾ കാണണം എന്ന് പറഞ്ഞാണ് ആ ചാറ്റ് അവസാനിച്ചത്

കഴിഞ്ഞ വരവിൽ അവനോട്‌ സംസാരിച്ചിരുന്നു പല സാഹചര്യങ്ങൾ അവളോട് ചോദിച്ചു,പ്രിയപ്പെട്ടവരുടെ മരണം,വിവാഹം, കുഞ്ഞിന്റെ ജനനം, , ജോലി അങ്ങനെ പല സന്ദർഭങ്ങളും അവൻ വിവരിക്കാൻ ആവശ്യപെട്ടു,അതിൽ നിന്നും കാരണം കിട്ടാതെ ഇരിക്കെയാണ് പ്രണയം എന്ന വിഷയത്തിലേക്ക് അവൻ വന്നത്, ജിതിനു മുൻപ് നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യമായി അവളുടെ തല താണു, അവിടെ നിന്നും നിരഞ്ജൻ കണ്ടുപിടിച്ചിരുന്നു കാരണം അറിയാതെ അവളുടെ മനസ് അസ്വസ്‌ഥമാകുന്ന, ദേഷ്യപെടുന്ന കാരണത്തെ, അതിനുള്ള പരിഹാരം നാളെ ഉണ്ടാകും എന്ന വിശ്വാസത്തിൻമേലാണ് ശ്രേയ

ശ്രീ, നാളെ ഞാൻ ഡ്രോപ്പ് ചെയ്യാം, മോനെ അമ്മ നോക്കും, പിന്നെ അവിടെ പിള്ളേരൊക്കെ ഉണ്ടല്ലോ, അവനും ഹാപ്പി ആയിക്കോളും.

ശ്രേയ അവന് മാത്രം ശ്രീ ആണ്

ചിന്തയിലായിരുന്ന ശ്രെയയെ ഉണർത്തിയത് ജിതിന്റെ വാക്കുകൾ ആയിരുന്നു. കണ്ണിൽ നോക്കി കള്ളത്തരവും, മനസും കണ്ടുപിടിക്കുന്ന മായാജാലം ഉള്ളവൻ,അവളുടെ നല്ല പാതി, ജിതിൻ , അവളുടെ മാത്രം ജിത്തു ,അവന്റെ വാക്കുകളിൽ തന്നെ ചിലപ്പോഴൊക്കെ ദേഷ്യത്തിനെ ഒരു മൂടൽ മഞ്ഞുപോലെ തഴുകി ഒളിപ്പിക്കാറുണ്ട്, ഒരിക്കൽ മനസ്സ് കൈവിടുമെന്ന അവസ്‌ഥയിൽ കൂടെ കൂടിയതാണ്, പിന്നെ അങ്ങോട്ട് ജീവിതം അത്രയും മനോഹരമായിരുന്നു,

ഒന്ന് ചിരിക്കടി എന്റെ ഭാര്യേ…

അറിയാതെ തന്നെ അവളും ചിരിച്ചുപോയി.

രാത്രി അവനോട് ചേർന്ന് തോളിൽ തലചായ്ചിരിക്കുമ്പോൾ അവനും ചേർത്തുപിടിച്ചിരുന്നു, ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്ന വാഗ്ദാനം കൂടി അതിലുണ്ടായിരുന്നു

പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും തയാറായി, കാറിലെ സ്റ്റീരിയോയിൽ നിന്നും ഒഴുകിയ പാട്ടുകളിൽ ലയിച്ചിരിക്കുകയായിരുന്നു ശ്രേയ

ശ്രീ, ഞാൻ ഉച്ചക്ക് ശേഷം വന്നു പിക്ക് ചെയ്യാം, അതിനുമുൻപ് വരണമെങ്കിൽ നീ വിളിച്ചാൽ മതി,

മറുപടിയായി എന്തോ പറയാനൊരുങ്ങിയ അവളെ അതിനനുവദിക്കാതെ വീണ്ടും അവൻ തുടർന്നു,

പിന്നെ ടെൻഷൻ ഒന്നും വേണ്ട, എന്റെ പെണ്ണ് കൂൾ ആയി ഇരുന്നാൽ മതി, നിനക്കൊപ്പം, ഞാനും മോനും ഉണ്ട്, സാധാരണ ഒരു ഭർത്താവിനും ഇഷ്ടപെടുന്ന കാര്യമല്ല, നിനക്ക് ഇനി അതുകാരണം ആണ് മനസിന്‌ സന്തോഷമില്ലാത്തതെങ്കിൽ അത് മാറണം, അത്രേ ഉള്ളു, എന്നോട് നിരഞ്ജൻ പറയേണ്ടതെല്ലാം പറഞ്ഞു, അതുകൊണ്ട് ഇനി പറഞ്ഞു നീ കുളമാക്കണ്ട,

അത്ഭുതം തോന്നിയില്ല, നിരഞ്ജൻ അങ്ങനെയാണ്, ഫാമിലി ലൈഫിന് പ്രാധാന്യം കൊടുക്കുമ്പോൾ അത് സുതാര്യമാകണം എന്ന് കൂടി ഓർമിപ്പിക്കുന്ന സൗഹൃദം , ഇടയ്ക്കൊക്കെ നാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്കും വരാറുണ്ട്, ഒരുപക്ഷെ ശ്രെയയെക്കാളും സൗഹൃദം ജിതിനുമായി തന്നെ അവനുണ്ട്.

ഈവ്സ് കഫെയുടെ മുൻപിൽ വണ്ടി നിർത്തുമ്പോൾ അവൾ ജിതിനെ നോക്കി, ഒന്നുമില്ലടോ എന്നും പറഞ്ഞുകണ്ണുചിമ്മികാണിച്ചുകൊണ്ട് പുഞ്ചിരി തീർക്കുന്നവനെ അവൾ നിറഞ്ഞ മിഴികളാൽ നോക്കി, മുന്നിലേക്ക് നീണ്ടുവരുന്ന ടിഷ്യൂ പേപ്പറിൽ നിന്നും മനസിലായി കണ്ണുനീർ കവിളിനെ തഴുകി തുടങ്ങിയെന്ന്,

എടൊ, കരയാനാണോ ഞാൻ ഇത്രേം ദൂരം വണ്ടിയൊടിച്ച് നിന്നെ ഇവിടെ കൊണ്ട് വന്നേ..

കണ്ണ് തുടയ്ക്കെടി ഭാര്യേ… പറഞ്ഞുതീരും മുൻപ് തന്നെ അവളുടെ നെറ്റിത്തടത്തിൽ സ്നേഹമുദ്രണം ചാർത്തികൊണ്ട് അവൻ ആ ടിഷ്യൂ വാങ്ങി തുടച്ചുകൊടുത്തു.

കാറിൽ നിന്നിറങ്ങിയപ്പോഴേക്കും അവൻ പോകാൻ തയ്യാറായി, ചുണ്ടുകൊണ്ട് ഉമ്മ കാണിച്ചിട്ട് പോകാൻ തുടങ്ങിയപ്പോഴേക്കും അവൾ വീണ്ടും ആ ഇരുപത് വയസ്സ്കാരിയിലേക്ക് മാറിയത് പോലെ…

കഫെയിലേക്ക് ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് തന്നെ എല്ലാപേരെയും പരിചിതമാണ്.. നേരെ പോയി ലൈബ്രറി ഷെൽഫിലെ മഞ്ഞവെയിൽ മരണങ്ങൾ എന്ന ബുക്കിലേക്ക് കൈ അറിയാതെ നീണ്ടു, അതും എടുത്തിട്ട് ഒതുക്കി ഇട്ടിരുന്ന ബീൻ ബാഗിലേക്ക് പോയിരുന്നു,

ഫോണിലേക്ക് വന്ന മെസേജ് ആണ് അവളെ വായനയിൽ നിന്നും പുറത്തേക്കെത്തിച്ചത്

ജസ്റ്റ്‌ റീച്ച്ഡ്..

ടൈം നോക്കിയപ്പോൾ 11 മണി കഴിഞ്ഞു.. അവിടെ സ്റ്റാഫിനോട് പറഞ്ഞപ്പോൾ റിസേർവ്ഡ് സീറ്റ് ചൂണ്ടികാണിച്ചു, അവിടെ ബാൽക്കണി ഭാഗത്തായി ഒരുക്കിയിരിക്കുന്ന ടേബിളിനരികിലേക്ക് അവൾ നടന്നു, പുറത്തേക്ക് നോക്കുമ്പോൾ കഫെയുടെ ബാക്ക് സൈഡ് ആണ്, വലിയ മാവും, ഊഞ്ഞാലും, ചെറിയ കൂടുകളിലായി നിറയെ പക്ഷികളും ഭംഗിയായി വളർത്തിയ ചെടികളും ഒക്കെയായി പ്രകൃതിയോട് ഇണങ്ങിയ അന്തരീക്ഷം,അവളുടെ പ്രിയ ഇരിപ്പിടവും അതാണ്.

വീണ്ടും ഫോണിലേക്ക് കാൾ വന്നു,

അഹ് വിനയേട്ടാ, ഞാൻ മുകളിൽ ഉണ്ട്, ബാൽക്കണി സീറ്റിൽ ആണ് ,

ഓക്കേ പറഞ്ഞു കാൾ കട്ടായി, പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, പുഞ്ചിരിയോടെ തന്നെ വരുന്ന നിമിഷങ്ങൾക്കായി അവൾ തയാറായി.

ഗുഡ് മോർണിങ്, വിനയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ തിരിഞ്ഞുനോക്കി, നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കുമ്പോഴേക്കും പുറകിലായി വരുന്നവനിലേക്ക് അവളുടെ കണ്ണുകൾ വഴിമാറി, അമൽ , അവളുടെ ആദ്യ പ്രണയം, അവൻ പോലും അറിയാതെ, ആളെ അറിയാതെ കൂട്ടുകാരുടെ വാക്കിലൂടെ മാത്രം തുടങ്ങിയ ഇഷ്ടം,

വർഷങ്ങൾ പുറകിലേക്ക്…

കോളേജിലെ ഫസ്റ്റ് ഇയറിൽ സർവീസ് ക്യാമ്പ് തുടങ്ങിയപ്പോൾ മുതൽ എല്ലായിടത്തും കേൾക്കുന്ന പേരാണ്, അമൽ ഉണ്ടായിരുന്നേൽ അത് ചെയ്തേനെ, ഇത് ചെയ്തേനെ എന്നൊക്കെ, ആരെന്നറിയാനുള്ള വ്യഗ്രത കൂടി വന്നപ്പോഴാണ് അറിയുന്നത് ക്യാമ്പിന് പുള്ളി വന്നിട്ടില്ല, സ്റ്റേറ്റ് ക്യാമ്പിൽ പോയിരിക്കുവാണെന്ന്.

പത്തുദിവസത്തെ ക്യാമ്പ് കഴിഞ്ഞ് തിരികെ കോളേജിലേക്ക് പോകുമ്പോൾ അവളുടെ കണ്ണുകളും, ചെവിയും പരതിയത് അവനെ തന്നെ ആയിരുന്നു.. ക്ലാസ്സിലേക്ക് കയറുന്ന കൊറിഡോറിൽ എത്തിയപ്പോഴാണ് കൂട്ടുകാരി ആരോടോ സംസാരിച്ചുനിൽക്കുന്നത് കണ്ടത്, എന്നെ കണ്ടതും അവൾ അങ്ങോട്ടേക്ക് കൈകാട്ടി, ചെന്നപാടെ അവൾ പിടിച്ചുവലിച്ചു അടുത്ത് നിർത്തി,

ശ്രേയ , ഇതാണ് നീ അന്വേഷിച്ച അമൽ ചേട്ടൻ, നമ്മുടെ സീനിയർ ആണ്, അത് കേട്ട നിമിഷം അവളുടെ കണ്ണുകൾ പിടയ്ക്കുന്നുണ്ടായിരുന്നു,

ആഹാ താനാണോ എന്നെ അന്വേഷിച്ചുനടന്നെ,അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ മാറിൽ കൈപിണച്ചുവച്ച് അവളെ നോക്കുന്നുണ്ടായിരുന്നു,

അത് ചേട്ടാ, അവിടെ ക്യാമ്പിൽ എപ്പോഴും കേൾക്കുന്ന പേരായിരുന്നു അതാണ് ഞാൻ അന്ന് അന്വേഷിച്ചത്,

പുഞ്ചിരിയായിരുന്നു മറുപടി,

അവിടെ നിന്നും തിരിഞ്ഞുനടന്നപ്പോഴും ആ പുഞ്ചിരി അവനെ വിട്ട് മാറിയിട്ടില്ലായിരുന്നു, പ്രണയം അങ്ങനെയാണ്, എപ്പോഴാണ് എങ്ങനെയാണ് എന്നൊന്നും ചിന്തിക്കാൻ പോലും സമയം തരാതെ മനസിലേക്ക് തിരയിളക്കം സൃഷ്ടിക്കും, അവനും പ്രണയിച്ചു തുടങ്ങി നിശബ്ദമായി,

പക്ഷെ അവളിൽ അത് നിശബ്ദമായിരുന്നില്ല, വീണ്ടും കൂട്ടുകാരിയോട് അന്വേഷണം തുടങ്ങി, വീട്, ഫാമിലി, പഠിച്ച സ്കൂൾ, വിനോദങ്ങൾ അങ്ങനെ പലതും അവൾ അന്വേഷിച്ചു.. ഒടുവിൽ ഇനിയും പറയാതിരുന്നാൽ ശരിയാവില്ല എന്നതോർത്തതോടെ അവൾ അവനോട് തന്നെ പറഞ്ഞു, അന്നും ലൈബ്രറിയായിരുന്നു സാക്ഷി ..

പിന്നീടവിടുന്ന് പ്രണയകാലമായിരുന്നു, അധികമാരും അറിയാത്ത പ്രണയകാലം, ലൈബ്രറിയിലും ഫോണിലെ മെസ്സജിലും,ദിവസത്തിൽ ഒരു തവണ മാത്രം ഉള്ള ഫോൺ വിളികളിലും ആ പ്രണയം പൂത്തു.. അവളുടെ ഇഷ്ടങ്ങളെയും, അവന്റെ ഇഷ്ടങ്ങളെയും മാത്രം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകൊണ്ട് കോളേജ് ജീവിതത്തിലെ അവളുടെ പ്രണയം, ഒരിക്കലും മറ്റൊരു രീതിയിലേക്കോ, അവളെ ഒന്ന് ചേർത്തുപിടിക്കുന്നതിലേക്കോ ആ പ്രണയം പോയില്ല, ദൂരങ്ങളിൽ കണ്ണിലൂടെ മാത്രം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിച്ച പ്രണയം,

പെട്ടെന്നൊരുനാൾ മുതൽ അവളുടെ ഫോൺ നിശബ്ദമായി, അവന്റെ കാൾ അവളെ തേടി വന്നില്ല, മെസേജ് വന്നില്ല, ലൈബ്രറിയിൽ ഒരിടവും കണ്ടില്ല, കോളേജ് ക്യാമ്പസ്സിൽ കണ്ടില്ല, അവന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ നമ്പർ നിലവിൽ ഇല്ല എന്നു കേൾക്കെ അവളുടെ മനസും കൈവിട്ടുപോകാൻ തുടങ്ങി, ആറുമാസത്തോളം നീണ്ട പ്രണയം, അവന്റെ സുഹൃത്തുകളോട് എന്നും പോയി അന്വേഷിക്കാൻ തുടങ്ങി, ഒരു ഭ്രാന്തിയെ പോലെ എന്നും പോയി അന്വേഷണം നടത്തിയ ആ പെണ്ണിനോട് അവർക്ക് പോലും സിംപതി തോന്നിപോയി,

നാളുകൾ കടന്നപ്പോൾ അവളെ കോളേജിൽ കാണാതെ ആയി, എക്സാം എഴുതാൻ മാത്രം അവൾ വന്നുപോയത് കണ്ടു. ആരോടും ഒന്നും മിണ്ടാതെ കണ്ണുകൾ തടാകമായതുപോലെ…ദിനവും വരുമായിരുന്ന ലൈബ്രറിയിൽ അന്ന് അവൾ നോക്കിയില്ല.. എക്സാം കഴിഞ്ഞ് അവൾ നടന്നകന്നു,

അവളെ ഒരു നോക്ക് നോക്കാതെ, അവൾ വന്നുവോന്ന് പോലും അന്വേഷിക്കാതെ മറ്റൊരു ക്ലാസ്സിൽ അവനും ഉണ്ടായിരുന്നു എക്സാം എഴുതാൻ, അവൾ വന്നുവെന്ന് കൂട്ടുകാരൻ പറഞ്ഞിട്ട് പോലും അവൻ മൈൻഡ് ചെയ്തില്ല, അവനിലെ ആ ഭാവം അവർ മനസിലാക്കിയത് ഒരു ചതിയൻ എന്നത് മാത്രമായിരുന്നു . ഓർമകളിൽ നിന്ന് അവൾ ഉണരുമ്പോൾ അവൻ അവളെ തന്നെ നോക്കി കാണുകയായിരുന്നു, രണ്ടുപേരും ഒരേ ചിന്തയിൽ നിന്നും തിരികെ വന്നു

ശ്രേയ , ഞാനിറങ്ങുവാ, ഷോപ്പിൽ ഒരു ക്ലയിന്റ് ഉണ്ട്, അമൽ നീ വണ്ടിഎടുത്തിട്ട് വന്നാൽ മതി, ഇതാ കീ, ഞാൻ യൂബർ ബുക്ക്‌ ചെയ്തിട്ടുണ്ട്, അതിൽ പൊയ്ക്കോളാം,

വിനയേട്ടാ.. ഒരു കോഫി?

വേണ്ടടി ചിലവൊക്കെ നീ പോയിട്ട് വരുമ്പോൾ ഞാൻ വാങ്ങിക്കോളാം, നല്ല തിരക്കാണെടാ.. ഞാൻ വിളിക്കാം , ബൈ,അതും പറഞ്ഞവൻ നടന്നകന്നു..

ഇവിടെ ഇരിക്കാം , ഇരിപ്പിടം ചൂണ്ടി അവൾ അമലിനോടായി പറഞ്ഞു,ഓപ്പോസിറ്റായി അവളും ഇരുന്നു, ടേബിളിൽ ഇരുന്ന ബുക്കിലേക്ക് അവന്റെ കൈ നീണ്ടു, ഇപ്പോഴും മാറ്റം ഇല്ലല്ലേ, മഞ്ഞവെയിൽ മരണങ്ങൾ മറിച്ചുനോക്കെ അമൽ അവളോടായി ചോദിച്ചു.

മാറേണ്ടതെല്ലാം മാറി, ചിലത് മാറ്റം ഇല്ലാത്തതാണല്ലോ, അതിലൊന്നാണ് ഈ പുസ്തകങ്ങൾ,

കുടിക്കാൻ എന്താണ് പറയേണ്ടത്? കോഫി?

മ്മ്, ഒരു മൂളലിൽ അവനൊതുക്കി

ചേട്ടാ, ഒരു കോഫി, ഒരു സ്പെഷ്യൽ ടീ , അവിടെ നിന്ന സ്റ്റാഫിനോട് അവൾ പറഞ്ഞു

താൻ ചായ കുടിച്ചുതുടങ്ങിയോ, അതിശയത്തോടെ അവൻ ചോദിച്ചു, പണ്ടെന്നോ സംസാരിച്ചപ്പോൾ ചായ ഇഷ്ടമല്ല എന്ന അവളുടെ വാക്കുകൾ അവനിൽ ഉണ്ടായിരുന്നു

അതേ, ഇപ്പോൾ ഞാൻ കോഫി കുടിക്കാറില്ല, ചായയോടാണ് പ്രിയം..

അതൊക്കെ പോട്ടെ, സുഖമായിരിക്കുന്നോ? ഫാമിലി ഒക്കെ? അവൾ അമലിനോടായി ചോദിച്ചു,

സുഖം, ഇപ്പോൾ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു, വിവാഹം കഴിഞ്ഞു,

വൈഫ്‌ എന്ത് ചെയ്യുന്നു?

അവൾ ഒരു ഐടി കമ്പനിയിൽ അനലിസ്റ്റ് ആണ്, വലിയ താല്പര്യം ഇല്ലാത്തത് പോലെ അവൻ പറഞ്ഞു,

കുഞ്ഞുങ്ങൾ?

ആയിട്ടില്ല, ഇനി ചിന്തിക്കാനും ഇല്ല, ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തിട്ടുണ്ട്, പറയുമ്പോൾ അവന്റെ മുഖം താണിരുന്നു..

അപ്പോഴേക്കും കോഫിയുമായി അവിടുത്തെ ചേട്ടൻ വന്നിരുന്നു, മോളെ ഇതാ കോഫി… ജിതിൻ മോൻ വന്നില്ലേ ടേബിളിലേക്ക് കോഫി പകരവേ അയാൾ ചോദിച്ചു,

ഇല്ല, ചേട്ടാ , നല്ല തിരക്കുണ്ട്, വിളിക്കാൻ വരും , രണ്ടുദിവസം കൂടിയല്ലേ ഉള്ളു അതിന്റെ തിരക്കാണ്.

ആഹാ, അതും ശരിയാണല്ലോ, അല്ല ഇതാരാ മോളെ,?

ഇതെന്റെ സുഹൃത്താണ് ചേട്ടാ, പറയാൻ ഒരല്പം പോലും അവൾ വൈകിയില്ല,

അവനും കാണുകയായിരുന്നു അവളിലെ മാറ്റം, പണ്ട് ഒന്ന് നേരെ സംസാരിക്കാത്ത പെൺകുട്ടിയിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു..

ശരി മോളെ, മോൾക്കുള്ള ചായ ഞാൻ എടുക്കാം, അവിടെ ഒരല്പം തിരക്കാണ്,

. അത് സാരമില്ല ചേട്ടാ, പയ്യെ മതി

ആശ്വാസത്തോടെ അയാൾ താഴേക്ക് പോയി,

ശ്രേയ, താൻ ഒരുപാട് മാറിപ്പോയി, അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

തിരികെ ഒരു പുഞ്ചിരി അവൾ നൽകി, ഈ മാറ്റത്തിന് വലിയൊരു പങ്ക് അമലും വഹിച്ചിട്ടുണ്ട്,

അവനെതൊരു ഷോക്ക് ആയിരുന്നു ഒന്നാമത് അവൾ പേര് പറഞ്ഞുവിളിച്ചിട്ടില്ല, രണ്ടാമത് അവളുടെ മാറ്റങ്ങളിൽ അവനും കാരണമാണെന്നത് അറിയവേ എന്തോ ഒരു വിഷമം അവനിൽ പൊതിഞ്ഞു.

കുറച്ചു നേരത്തെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൾ സംസാരിച്ചുതുടങ്ങി,

ഞാൻ ഒരു കാര്യം ചോദിക്കട്ടെ, എനിക്കതിന് സത്യമായ മറുപടി തരാമോ? വർഷങ്ങളായി ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങളിലേക്ക് അവൾ അവനെ കൊണ്ടുപോകാൻ തയ്യാറായി

അവൾ ചോദിക്കാൻ പോകുന്നത് അവനും അറിയാമായിരുന്നു.. പറയണം ഇന്ന് എല്ലാം.. കഴിയുമെങ്കിൽ അവളെ കൂടെ കൂട്ടണം, ഭർത്താവില്ലാതെ അവൾ എന്നെ തേടി വന്നിട്ടുണ്ടെങ്കിൽ അത് എന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്, ഇനിയും നഷ്ടപ്പെടുത്താൻ കഴിയില്ല, അവനായി തട്ടിതെറിപ്പിച്ചത് തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ തയാറായി അവന്റെ മനസ് നിന്നു. സത്യങ്ങൾ പറയണം, അവൾ അതിന് വില കൊടുക്കും, സാഹചര്യങ്ങൾ പറയണം, അവളെ തിരികെ നേടണം എന്നൊക്ക അവന്റെ മനസ് മന്ത്രിക്കാൻ തുടങ്ങി.

ഞാൻ ചോദിച്ചോട്ടെ? വീണ്ടും അവളുടെ ശബ്ദം..

മ്മ് ചോദിക്കു,

എന്തിനായിരുന്നു ഒരു വാക്കുപോലും പറയാതെ എന്നെ ഉപേക്ഷിച്ച്, കോളേജും ഉപേക്ഷിച്ചു പോയത്?

അവന്റെ നെറ്റിത്തടങ്ങൾ വിയർത്തു … അവൾ ചോദിക്കുന്നത് ഇത് തന്നെയാകുമെന്ന ഉറപ്പുണ്ടായിട്ടും അവനിൽ ടെൻഷനുളവായി.

അവൻ പറഞ്ഞു തുടങ്ങി, ഒരിക്കൽ സഹോദരി ഫോൺ നോക്കിയപ്പോൾ കണ്ട ചാറ്റും, ഫോൺ കോൺടാക്ടിലെ സേവ് ചെയ്ത പേരും കാൾ സമ്മറിയുമൊക്കെ അമ്മയുടെയും അച്ഛന്റെയും മുൻപിൽ നിരത്തിയതും, ഇനിയൊരിക്കലും കാണില്ലെന്ന് അവർക്ക് വാക്ക് കൊടുത്തതും ഒക്കെ,

അപ്പോഴും മനസ്സിൽ നീ ഉണ്ടായിരുന്നു, നീ കാത്തിരിക്കുമെന്ന് അറിയാമായിരുന്നു, പക്ഷെ ഒരു ദിവസം കോളേജിൽ നിന്നെ കാണാൻ വന്നപ്പോൾ നിന്റെ ക്ലാസ്സിലെ ഷംസു വന്ന് നിന്നെ പറ്റി മോശമായി പറഞ്ഞതും കുറച്ചു ഫോട്ടോസ് കാണിച്ചതുമൊക്കെ കണ്ടപ്പോൾ ഞാനും തകർന്നു, നിന്നെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തത് അവിടെ എന്തോ മോശമായി നിന്നെ പറ്റി കണ്ടുവെന്ന് ഒക്കെ പറഞ്ഞിട്ടാണ്.. ഞാൻ അന്വേഷിച്ചപ്പോൾ നീ സസ്പെൻസ് ആയത് കാരണം കോളേജിൽ വരാറില്ല എന്ന് പറഞ്ഞു. ഷംസു പറഞ്ഞതെല്ലാം ശരിയാണെന്ന് ഞാനും കരുതി, അവിടെ നിന്നും വീണ്ടും ഒരു അന്വേഷണത്തിനു മുതിരാതെ ഞാനും നിന്നെ വെറുത്തു.

സത്യമറിയാൻ ഞാനും വൈകി എന്റെ വിവാഹത്തിനുമുന്നത്തെ ദിവസം സുഹൃത്തുക്കൾക്ക് വേണ്ടി ഒരുക്കിയ പാർട്ടിയിൽ ആയിരുന്നു നീ എന്നും വന്ന് ക്ലാസിൽ അന്വേഷിച്ചതിനെ പറ്റിയൊക്കെ അഖിൽ പറഞ്ഞത്, അഖിലുമായി കൂടാനാണെങ്കിലും ബെസ്റ്റ് ഫ്രണ്ട് അല്ലാത്തത് കൊണ്ട് കോളേജ് കഴിഞ്ഞതിനുശേഷം കണ്ടത് ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ്, അന്നാണ് ഞാനും അറിഞ്ഞത് ഷംസു പറഞ്ഞ കെട്ടിച്ചമച്ച കഥയാണെന്ന്, അവൻ എന്തോ മോശമായി നിന്നോട് പെരുമാറിയതിന് നീ തല്ലിയതിന്റെ ദേഷ്യം തീർത്തതാണ് എന്ന് കേൾക്കെ ഞാനും തളർന്നുപോയി, നാട്ടുകാരെ ഒക്കെ വിളിച്ചുകൂട്ടിയ വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞാൽ വീട്ടുകാർ അനുഭവിക്കേണ്ടി വരുന്ന നാണക്കേടിനെ ഭയന്ന് ഞാൻ വൃന്ദയെ വിവാഹം ചെയ്തു, കഴിഞ്ഞിട്ട് രണ്ടുവർഷം ആകുന്നു, പക്ഷെ ദാമ്പത്യം അത്രേം സുഖകരമായിരുന്നില്ല, മനസ്സിൽ നിന്നോട് ചെയ്ത തെറ്റ് തല പൊക്കിയപ്പോൾ പിന്നെ അവളെ സ്നേഹിക്കാൻ കഴിഞ്ഞില്ല, അവൾക്കും മടുത്തു ഈ ജീവിതം അങ്ങനെ ഞങ്ങൾ പിരിയാമെന്ന തീരുമാനവുമായി. ഇതാണ് എന്റെ ജീവിതം,…

കേട്ടപ്പോൾ ഒരു വിഷമം തോന്നിയെങ്കിലും ഇപ്പോൾ ഒരു സന്തോഷം തോന്നിതുടങ്ങി അവൾക്ക്, വര്ഷങ്ങളായി കാരണം അറിയാതെ ചിത്താലരിക്കാതെ ഓർമ്മക്കൂടിനുള്ളിൽ നിന്ന വിങ്ങലിന് ഇന്ന് അവസാനമായി..

അവന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു,അമൽ ചെയ്ത തെറ്റ് എന്താണെന്ന് അറിയാമോ? ഒന്നും തുറന്നുപറഞ്ഞില്ല എന്നത് മാത്രമാണ്, എനിക്കറിയേണ്ടത് പറഞ്ഞപ്പോൾ ഇപ്പോൾ നിങ്ങൾ ഇപ്പോൾ മുക്തനാണ്,

എന്റെ ഓർമകൂട്ടിൽ നിന്നും നിനക്കൊരു മോചനമുണ്ടായി … തിരിച്ചുവരാൻ കഴിയാത്തൊരു മോചനം..

ഇനി നമ്മൾ കാണുമോ എന്നറിയില്ല, നാളെ കഴിഞ്ഞ് ഞാങ്ങൾ പോകുവാണ്.. ഒരുപക്ഷെ ഇന്ന് ഞാൻ ഇതറിയാതെ പോയിരുന്നെങ്കിൽ ഇടയ്ക്കെങ്കിലും സമാധാനം എന്നെ വിട്ടുപോയേനെ, ചിലത് അങ്ങനെയാണ്, നഷ്ടപെട്ടത് അംഗീകരിക്കുന്നതിലുപരി അതെന്തിനാണ് നഷ്ടപെട്ടത് എന്നറിയാതെ ഇരിക്കുമ്പോഴാണ് ഏറ്റവും വിഷമിക്കുന്നത്.. ഞാൻ ഇപ്പോൾ ആ വിഷമത്തിൽ നിന്നും മോചിതയായി.. ഒരുപാട് സന്തോഷത്തോടെ തന്നെ അവൾ അത് പറഞ്ഞു നിർത്തുമ്പോൾ അവനിൽ നഷ്ടബോധം ഉണ്ടായി…

ശ്രേയ, ഞാൻ തനിക്ക് വേണ്ടി കാത്തിരിക്കട്ടെ…മനസിന്റെ പിടിവള്ളി നഷ്ടപ്പെടുത്തി അവൻ ചോദിക്കുമ്പോൾ വേണ്ട എന്നൊരു വാക്കുപറയാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല അവൾക്ക്

അമലിന് അറിയോ ജിതിൻ എങ്ങനെയാ എന്റെ ലൈഫിലേക്ക് വന്നതെന്ന്? ഒരിക്കൽ നഷ്ടപെട്ട മനസുമായി നടക്കുമ്പോൾ അപകടത്തിലേക്കാണെന്ന് മനസിലാക്കി ചേർത്തുപിടിച്ചു കൂടെ ചേർത്തതാണ്.. അന്നുമുതൽ ഇന്നുവരെയും ഒപ്പം നിന്നിട്ടെ ഉള്ളു, ഞാൻ ഇപ്പോഴും പ്രണയിനിയാണ്, ജിതിൻ എന്ന പ്രണയചൂടിൽ മാത്രം നാളമാകാനും, അവനിൽ തന്നെ അലിഞ്ഞുതീർന്നു ചാരമാകാനും മാത്രം കഴിയുന്നൊരു പ്രണയിനി..

വാക്കുകളിലൂടെ തന്നെ അറിയുകയായിരുന്നു അവളിലെ പ്രണയം.. അവിടെ ഒരിക്കലും ഇനി അമൽ എന്നൊരു പേര് ഉണ്ടാവില്ല, അതും അവന് ബോധ്യമായിരുന്നു…

ഒരു കാര്യം കൂടി പറഞ്ഞോട്ടെ, ഒന്ന് നിർത്തി അവൾ തുടർന്നു, വൃന്ദ ആഗ്രഹിക്കുന്നുണ്ടാവും നിങ്ങളുടെ സ്നേഹവും സാമിപ്യവും, നഷ്ടമായതിന് ശേഷം പറയുന്നതിനേക്കാൾ നല്ലത് നഷ്ടപ്പെടാതെ പൊതിഞ്ഞു പിടിക്കുന്നതിലാണ്..

നിറഞ്ഞു വന്ന കണ്ണുനീരിനെ മറച്ചുകൊണ്ട് അവളുടെ യാത്രയ്ക്കായി ഓൾ ദി ബെസ്റ്റ് പറഞ്ഞു അവൻ മടങ്ങാൻ തുടങ്ങി.. അടുത്ത ജന്മമെങ്കിലും അവളെ നൽകണമെന്ന് മനസാൽ പ്രാർത്ഥിച്ചുകൊണ്ട്..

അവർക്ക് പിന്നിലായി ഇട്ടിരിക്കുന്ന ബീൻ ബാഗിൽ ന്യൂസ്‌ പേപ്പർ പിടിച്ചിരിക്കുന്ന ജിതിനെ അവൻ കണ്ടില്ല, ഒരു ജന്മത്തിലും അവൾ എന്നെ വിട്ട് വരില്ല മൂകമായി മറുപടിയായി പറയുകയിരുന്നു അവനും..

അമൽ പോയതിന് ശേഷം ജിതിൻ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് പുറകിൽ നിന്നും ഒരു കൈതലം തോളിൽ അമർന്നത്, ഞാൻ അറിഞ്ഞിരുന്നു, ഇവിടെ വന്നിരുന്നതുമുതൽ,അത് പറഞ്ഞതും കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ തല താഴ്ത്തുമ്പോൾ അവൾ അവനെ പുണർന്നിരുന്നു,

ഒറ്റയ്ക്ക് വിടാൻ തോന്നിയില്ലെടി, നീ എന്റെ അല്ലെ പറയുമ്പോൾ അവളുടെ നെറ്റിയിൽ സ്നേഹമുദ്രണം ചാർത്തിയിരുന്നു..

അന്നേരം തന്നെ അവളുടെ ഫോണിൽ നിന്നും രണ്ടു മെസേജ് പോയി – thank you, എന്നെ തിരിച്ചു നൽകിയതിന്, വായിക്കുമ്പോൾ വിനയുടെയും നിരഞ്ജന്റെയും മുഖത്ത് ഒരുപോലെ പുഞ്ചിരി വിടർന്നു..

അവളെയും കൊണ്ട് ജിതിൻ പൊന്മുടിയിലേക്ക്… കാറിലെ സ്റ്റീരിയോയിൽ നിന്ന് ഒഴുകി വരുന്ന ഗാനങ്ങൾക്കൊപ്പം അവന്റെ കണ്ണുകൾ കുസൃതി കാണിക്കാൻ തുടങ്ങി.. അപ്പോഴും അവളുടെ വലം കൈ അവന്റെ ഇടംകൈയിൽ ഭദ്രമായിരുന്നു…

രചന: ലക്ഷ്മി ലച്ചു

Leave a Reply

Your email address will not be published. Required fields are marked *