ഭാര്യമാരാവുമ്പൊ അത്യാവശ്യം കുറച്ചു സ്വാർത്ഥത കാണിക്കാം…

Uncategorized

രചന: Lincy Retheesh

ഒരു ചാറ്റിങ് അപാരത……
—————————————–

വീണ്ടും വിരസമായ ഒരു പകൽ….. അടുക്കളയിൽ മല്ലടിച്ചും, പിള്ളേരോട് അലച്ചും, ഒരേ ദിനചര്യ…

സമയാ സമയത്ത് കസ്റ്റമർ കെയർകാര് വിളിച്ചു ഞാൻ ജീവനോടൊണ്ടോന്ന് തിരക്കാറുണ്ട്…അതു കേൾക്കുന്നത് മറ്റുള്ളോർക്ക് ഈർഷ്യയാണെങ്കിലും എനിക്കാണെങ്കിൽ അത് അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് വയ്ക്കുമ്പോൾ ആരെക്കൊയോ എന്നെക്കുറിച്ച് തിരക്കാനുണ്ടെന്നൊരു തോന്നലാ….

വല്ലപ്പോഴും വരുന്ന മെസ്സേജ് ടോൺ വൊഡാഫോൺകാരുടെ മെസ്സേജ് ആണെങ്കിലും വെറുതെ ഞാൻ വാട്സ്ആപ്പും തുറന്നു നോക്കാറുണ്ട്.. എങ്ങാനും വഴി തെറ്റി വല്ല മെസ്സേജും വന്നാലോ..?? എവിടെ..??

എത്രെന്ന് വച്ചാ ഫേസ്ബുക്കും നോക്കിയിരിക്കുന്നത്?? എങ്കിൽ പിന്നെ ഒരു കഥയെങ്കിലും എഴുതി പോസ്റ്റാമെന്ന് വച്ചാൽ ഞാനേതാണ്ട് പ്രേമലേഖനം എഴുതുന്ന ലക്ഷണമാ ഇവിടുള്ളോർക്ക്….

അങ്ങനെ ആ പകലിൽ ഉച്ചയോടടുത്ത സമയത്ത് പതിവില്ലാതെ എന്റെ ഫോണിൽ ചറപറാന്ന് രണ്ടു മൂന്നു മെസ്സേജ് ഒരുമിച്ചു വന്ന ശബ്ദം കേട്ടു..ആകാംഷ അടക്കാനാവാതെ ഞാൻ അപ്പൊത്തന്നെ ഫോൺ എടുത്തു നോക്കി….

പരിചയമില്ലാത്ത നമ്പറിൽ നിന്നാണല്ലോ മെസ്സേജ്… ‘ഹായ്.. ടീ..’ ‘സുഖമാണോ നിനക്ക് ‘ ‘എവിടെയാ ഇപ്പൊ ‘

ഇതാരാ??? ഞാനപ്പോൾ തന്നെ പ്രൊഫൈൽ ഫോട്ടോ എടുത്തു നോക്കി…

‘ങ്ങേ…ഇതവനല്ലേ.. വിവേക്..’

പഠിക്കുന്ന സമയത്ത് എന്നോടൊരു ഇഷ്ടമുണ്ടായിരുന്ന അല്ല തെറ്റിപ്പോയി എനിക്കൊരു ഇഷ്ടമുണ്ടായിരുന്ന…തെറ്റിദ്ധരിക്കണ്ട.. വൺ സൈഡ് ആരുന്നു… ഒരാളോട് ഇഷ്ടം തോന്നുന്നത് ഒരു തെറ്റാണോ?? പിന്നെ ഈ പ്രേമമൊന്നും നമുക്ക് സെറ്റാവൂലാന്ന് തോന്നി, വിട്ടു…ഇഷ്ടം പറഞ്ഞത് പോലുമില്ലാരുന്നു…

ആ അതൊക്കെ പോട്ടെ… ഇവനെന്തിനാ എനിക്ക് മെസ്സേജ് അയച്ചത്.. ഇനി നമ്പർ തെറ്റി അയച്ചത് വല്ലതും ആണോ?? ഏയ്… ഒള്ളതിൽ കൊള്ളാവുന്നൊരു സ്വന്തം ഫോട്ടോയാണ് പ്രൊഫൈൽ പിക്ചർ ആക്കിയിരിക്കുന്നത്… അപ്പൊ തെറ്റി അയയ്ക്കാൻ വഴിയില്ല…

‘ടീ നിന്റെ കഥകളൊക്കെ ഞാൻ ഫേസ്ബുക്കിൽ വായിക്കാറുണ്ട് കേട്ടോ… സൂപ്പറാകുന്നുണ്ട്..’

സത്യം പറയാലോ അത് വായിച്ചതും എന്നോടുള്ള ബഹുമാനം കൊണ്ടാവണം എന്റെ രോമം മൊത്തം ഒരു നിമിഷം എഴുന്നേറ്റു നിന്നു…

പിന്നെ ഞാനും മടിച്ചില്ല… വിശേഷങ്ങളൊക്കെ തിരക്കി ഞാനും അങ്ങോട്ട്‌ റിപ്ലൈ ചെയ്തു… പിന്നങ്ങോട്ട് ചാറ്റിങ്ങിന്റെ മേളമാരുന്നു… അവന്റെ വീട്ടു വിശേഷത്തിൽ തുടങ്ങി രണ്ടാമത്തെ കുഞ്ഞിന്റെ വിശേഷം എന്നു വേണ്ട അവൻ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജരിന്റെ ക്രൂരത വരെ ഞങ്ങൾ ചർച്ച ചെയ്തു… നമ്മളും പിന്നെ ചളിയടിക്കാൻ തീരെ മോശമല്ലല്ലോ…

ചാറ്റിങ് നീണ്ടു നീണ്ട് രാത്രിയായി.. ജോലി കഴിഞ്ഞു വന്ന കെട്ടിയോന് ഞാൻ മൊബൈലിൽ ചാറ്റ് ചെയ്യുന്നത് കണ്ടിട്ടും വല്യ മൈൻഡൊന്നും ഇല്ല… എനിക്കാണേൽ അത് കണ്ടിട്ട് എന്തോപോലെ.. അല്ല ഈ ഭാര്യയും ഭർത്താവും ആവുമ്പോ അല്പസ്വല്പം പൊസ്സസ്സീവ്നെസ്സ് വേണമല്ലോ.. അതാണല്ലോ അതിന്റെ ഒരിത്..

“ഇച്ചായോ.. ഞാനിങ്ങനെ ചാറ്റ് ചെയ്തോണ്ടിരിക്കുന്നത് കണ്ടിട്ട് നിങ്ങൾക്കെന്താ ഒരു മൈൻഡും ഇല്ലാത്തത് ” അവസാനം സഹികെട്ടു ഞാൻ ചോദിച്ചു..

” നീ ആരോട് ചാറ്റ് ചെയ്താലും എനിക്കെന്താ?? എനിക്കി ലോകത്ത് ഏറ്റവും വിശ്വാസം നിന്നെയല്ലേ ”

ആ മറുപടി കേട്ടതും എന്റെ രണ്ടു കണ്ണും ബുൾസൈ പോലെ പോലെ തള്ളിപ്പോയി..

“ശരിക്കും???”

“മ്മ്… ടീ ഈ ലോകത്ത് ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാകുന്ന ഒരു കാര്യമാണ് സംശയരോഗം… പക്ഷെ എനിക്കതില്ല.. എനിക്കറിഞ്ഞൂടെ നിന്നെ..”

അതു കേട്ടതും എന്റെ ഉള്ളിൽ കുളിരു കോരി.. ശ്ശോ… ഇങ്ങേരു ഇത്ര വിശാല മനസ്കനാരുന്നോ.. ഞാനറിഞ്ഞില്ലല്ലോ ദൈവമേ… സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു…

എത്രയും പെട്ടന്ന് ഗുഡ് നൈറ്റ്‌ പറഞ്ഞു ചാറ്റിങ് അവസാനിപ്പിച്ചു ഞാൻ കിടക്കാനായി ഒരുങ്ങി..

കെട്ടിയോൻ ഇപ്പഴും മൊബൈലിൽ ആർക്കോ അർജന്റായി മെസ്സേജ് അയയ്ക്കുവാണ്..

‘വീട്ടിൽ വന്നാലും അങ്ങേർക്ക് ജോലിതിരക്ക് തന്നെ.. പാവം..’

ഇങ്ങനൊക്കെ മനസ്സിൽ വിചാരിച്ചു തലയിലൊന്ന് തലോടി, ബാത്‌റൂമിലേക്ക് തിരിയവേ, അറിയാതെ എന്റെ കണ്ണ് മൊബൈൽ സ്ക്രീനിലേക്ക് പാളി വീണു… കണ്ണിന്റെ സ്ഥാനത്തു ലവ് ചിഹ്നമുള്ള അഞ്ചാറ് ഇ – മോജി ദേണ്ടേ കിടക്കുന്നു…

‘ങേ… ഇതാർക്കാ ഇങ്ങേരു ലവ് ഇമോജി ഒക്കെ അയക്കുന്നെ?’

മുകളിൽ എഴുതിയിരുന്ന പേര് വായിച്ചു…’മീര..’ ഈ പേര് ഞാൻ ഒരുപാട് കേട്ടിട്ടുണ്ടല്ലോ..

‘അയ്യോ.. മീര.. ഇങ്ങേരു ഡിഗ്രിക്ക് പഠിക്കുമ്പോൾ മൂന്നു വർഷം പ്രേമിച്ച അതേ മീര ”

ടോ ചതിയാ.. എന്നോട് ഈക്കണ്ട ഫിലോസഫിയൊക്കെ പറഞ്ഞത് പൂർവ കാമുകിയുമായിട്ട് ചാറ്റാനാരുന്നോ..???
ഞാനങ്ങേരുടെത്രെയും വിശാലമനസ്ക അല്ലാത്തതിനാലാവണം എന്റെ ഉള്ളിലെ ഭാര്യാ പദവിയും സ്വല്പം സ്വാർത്ഥതയും കുശുമ്പും ചാടി പുറത്തു വന്നു…

“ഡോ മനുഷ്യ.. നിങ്ങളെന്തിനാ ഇപ്പൊ ഇവൾക്ക് മെസ്സേജ് അയയ്ക്കുന്നത്? സത്യം പറ എത്ര നാളായി നിങ്ങളീ ബന്ധം തുടങ്ങിയിട്ട് ”

“ഒന്നു പോടീ.. നീ ആ വിവേകിന് മെസ്സേജ് അയച്ചത് പോലെയുള്ളു..”

“ആഹാ.. എന്നിട്ട് ഞാനവന് ലവിന്റെ ഇ മോജി ഒന്നും അയച്ചില്ലല്ലോ..”

“അത് എന്റെ കുഴപ്പമല്ലല്ലോ??”

ശ്ശെടാ ഇങ്ങേരു അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ… അവസാനത്തെ അടവെടുക്കാം…

ഞാൻ ഓടിച്ചെന്നു എന്റെ ഫോൺ എടുത്തോണ്ട് വന്നു..

“ദേ.. ഞാൻ വിവേകിനേ ബ്ലോക്ക്‌ ചെയ്യാൻ പോവാ.. നിങ്ങള് ആ മീരയെയും ബ്ലോക്ക്‌ ചെയ്തേക്ക് ”

“എനിക്ക് എന്നെ നല്ല വിശ്വാസമാ… നിനക്ക് നിന്നെ വിശ്വാസമില്ലെങ്കിൽ അവനെ ബ്ലോക്ക്‌ ചെയ്തേരെ..”

‘നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ ‘ എന്ന മോഡിലുള്ള ആ ഡയലോഗ് കേട്ട് ഞാൻ സ്തംഭിച്ചു നിന്നുപോയി…

പിന്നെ ഒട്ടും കളിച്ചില്ല, മോന്തേം വീർപ്പിച്ചു ഞാൻ കട്ടിലിൽ കേറി തിരിഞ്ഞങ്ങു കിടന്നു… അപ്പുറത്ത് മെസ്സേജ് ടൈപ്പ് ചെയ്യുന്നതിന്റെ കുഞ്ഞു ടിക് ടിക് ശബ്ദം കേൾക്കുന്തോറും തിരിഞ്ഞു നോക്കാനൊരു ടെൻഡൻസി… അങ്ങനെ നോക്കിയാൽ ചിലപ്പോൾ എന്നെ കളിയാക്കിയാലോ….

അല്പസമയത്തിനകം എന്നെ ചേർത്തുപിടിക്കുന്ന ആ കൈകളുടെ ചൂട് ഞാനറിഞ്ഞു…

പിന്നെ പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും, ഇനി എന്തൊക്കെ ഭൂകമ്പം സംഭവിച്ചാലും നീ എന്റേതും ഞാൻ നിന്റേതും മാത്രമാണെന്ന ധ്വനി ആ ചേർത്തുപിടിക്കലിനുണ്ടായിരുന്നു..

അതിനപ്പുറം വേറെന്ത് വേണം ….

പിന്നെ എന്തിനാരുന്നു ഈ പ്രകടനമൊക്കെ കാണിച്ചതെന്ന് ചോദിച്ചാൽ…

‘ഞാനൊരു ഭാര്യയല്ലേ… ഭാര്യമാരാവുമ്പൊ അത്യാവശ്യം കുറച്ചു സ്വാർത്ഥത കാണിക്കാം… അത് വേറൊന്നും കൊണ്ടല്ല നമ്മുടെ സ്വന്തമായതിനോടല്ലേ നമ്മൾക്ക് സ്വാർത്ഥത കാണിക്കാൻ പറ്റു…!!!!’😍😍😍

രചന: Lincy Retheesh

Leave a Reply

Your email address will not be published. Required fields are marked *